പലിശ കൂടുമ്പോൾ എന്ത് ചെയ്യണം ?

Gambinos Ad
ജോർജ് ജോസഫ് പറവൂർ
തുടർച്ചയായി രണ്ടാം തവണ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തി. ബുധനാഴ്ച 0 .25 ശതമാനം ഉയർത്തി നിരക്ക്  6.5 ശതമാനമാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ റിപ്പോ എത്തിയിരിക്കുന്നത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാണ്.  ഇത് സാധാരണക്കാരെ, പ്രത്യേകിച്ച് ലോൺ എടുക്കുന്നവരെ എങ്ങനെ ബാധിക്കും ?
റിപ്പോ നിരക്ക് ബാങ്കുകളുടെ വായ്പ പലിശ നിരക്കുകളെ ബാധിക്കുന്ന നിർണായക ഘടകമാണ്. റിസർവ് ബാങ്ക് ബാങ്കുകൾക്ക് ലോൺ അനുവദിക്കാറുണ്ട്.  ഇതിനു റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകൾക്ക്  കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഫണ്ട് ആർ ബി ഐയിൽ നിന്ന് ലഭിക്കുന്ന വായ്പകളാണ്.  സ്വാഭാവികമായും റിപ്പോ നിരക്ക് കൂടുമ്പോൾ ബാങ്കുകളുടെ പലിശ ഭാരം ഏറുന്നു. അതുകൊണ്ട് ഈ ഭാരം വായ്പയെടുക്കുന്നവരിലേക്ക് ബാങ്കുകൾ കൈമാറും. അതായത്,  വായ്പകളുടെ പലിശ കൂടുമെന്ന് സാരം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ തത്കാലത്തേക്ക് പലിശ നിരക്കുകൾ കൂടി നിൽക്കാനാണ് സാധ്യത. ആഭ്യന്തര, അന്താരാഷ്ട്ര  സാമ്പത്തിക    സാഹചര്യങ്ങൾ അത്തരത്തിലുള്ള സൂചനകളാണ് നൽകുന്നത്. ക്രൂഡ് ഓയിൽ വില ഉയരുന്നതും രൂപയുടെ വിലത്തകർച്ചയും
പണപ്പെരുപ്പം രൂക്ഷമാക്കും. ഉയരുന്ന പണപ്പെരുപ്പമാണ്
 ഉയർന്ന പലിശ തുടരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്. 2019 മാർച്ചിന് മുൻപായി ഒരു തവണ കൂടി പലിശ നിരക്ക് കൂട്ടുന്നതിനുള്ള സാധ്യത ഒരു വിഭാഗം വിദഗ്ദർ കാണുന്നു. എന്നാൽ മറ്റൊരു വിഭാഗം ഇനി ഒരു റേറ്റ് വർധനയ്ക്ക് സ്കോപ്പ് കാണുന്നില്ല. അതുകൊണ്ട് വായ്പ എടുക്കുന്നത് അത്യാവശ്യമാണെങ്കിൽ താമസിയാതെ എടുക്കുന്നതായിരിക്കും നല്ലത്. പലിശ കുറയുമെന്ന പ്രതീക്ഷയിൽ മാറ്റി വയ്ക്കുന്നതിൽ അർത്ഥമില്ല.
റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ എം സി എൽ ആർ അഥവാ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ടസ്  ബേസ്ഡ് ലെൻഡിങ് റേറ്റ് നിശ്ചയിക്കുന്നത്.  വിവിധ   വായ്പകളുടെ പലിശ നിരക്കുകൾ എം സി എൽ ആറിനെ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്. റിപ്പോ ഉയരുമ്പോൾ പലിശ നിരക്കുകൾ കൂടുമെന്ന് പച്ച മലയാളം.
പലിശ ഭാരം ഏറ്റവും കൂടുതൽ ബാധിക്കുക ഭവന വായ്പകളെയാണ്. കാരണം തിരിച്ചടവിന് കൂടുതൽ കാലം എടുക്കുന്ന ലോണാണ് ഇത്. അതുകൊണ്ട് ഹൗസിങ് ലോണുകൾക്ക് പലിശ ഭാരം കൂടുതലായിരിക്കും. നിലവിൽ ഹോം ലോൺ എടുത്തിട്ടുള്ളവരെ  പലിശ വർധന പൊടുന്നനെ ബാധിക്കില്ല. എന്നാൽ ഹോം ലോണുകൾ റീ സെറ്റ് ചെയ്യുമ്പോൾ നിരക്ക് എം സി എൽ ആറിനെ അടിസ്ഥാനപ്പെടുത്തി മാറും. ഇ എം ഐ ഉയരുമെന്ന് സാരം. ഈ ഘട്ടത്തിൽ പലിശ നിരക്ക് കുറവായ ബാങ്കിലേക്ക് ലോൺ ഷിഫ്റ്റ് ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് അത്തരം ഓപ്‌ഷൻ തേടാവുന്നതാണ്. എന്നാൽ  ഒരു ബാങ്കിലെ ലോൺ ക്ലോസ് ചെയ്യുമ്പോഴുള്ള ചെലവും ബാങ്ക് മാറുമ്പോൾ ഉണ്ടാകാവുന്ന  നേട്ടവും താരതമ്യം ചെയ്തു വേണം ഇക്കാര്യത്തിൽ ഒരു    തീരുമാനമെടുക്കാൻ.
ഭവന വായ്പ എടുത്തിട്ടുള്ളവർ പലിശ വർധന ഭയന്ന് ഉടൻ ക്ളോസ് ചെയ്യുന്നത് ബുദ്ധിയല്ലെന്നാണ് വിദഗ്ദർ പറയുന്നത്. ലോൺ ലൈവായി തുടരുന്നത് ആദായ നികുതിയിൽ കൂടുതൽ ഇളവിന് വഴിയൊരുക്കും. ഇ എം ഐ കൂടുമ്പോൾ അത്രയും തുകയ്ക്കും  ആദായ നികുതി ഇളവ് ലഭിക്കും.
പലിശ നിരക്കുകൾ കൂടുന്നതിനാണ് സാധ്യത. സാമ്പത്തിക സാഹചര്യം പലിശ കുറയ്ക്കുന്നതിനുള്ള വാതിലുകൾ അടയ്ക്കുന്നു. സാമ്പത്തിക വ്യാപാരത്തെ ഉത്തേജിപ്പിക്കുന്ന ഘടകമല്ല റിപ്പോ ഉയർത്തൽ. അത് പണപ്പെരുപ്പത്തെ നിയന്ത്രിക്കാനുള്ള ഒരു ടൂൾ ആണ്. അതുകൊണ്ട് വായ്പയെടുക്കൽ അനിവാര്യമാണെങ്കിൽ പലിശ മാത്രം പരിഗണിച്ച് മാറ്റിവയ്‌ക്കേണ്ടതില്ല.