ഓഹരി നിക്ഷേപത്തിലൂടെ സാധാരണക്കാർക്കും നേട്ടം കൊയ്യാം

Gambinos Ad
ഡോ. വി. കെ വിജയകുമാര്‍
സാധാരണക്കാരന്റെ സമ്പാദ്യമാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും. ഓരോ മാസവും 500 രൂപ നിക്ഷേപിച്ചുകൊണ്ട് മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ [എസ് ഐ പി ]  തുടങ്ങാം.   ഓഹരിവിപണി താരതമ്യേന വലിയ റിസ്‌കുള്ളതാണെന്നും സാധാരണക്കാര്‍ക്ക് പറ്റുന്നതല്ല എന്നുമുള്ള തോന്നലാണ് പൊതുവില്‍ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. ഓഹരി വിപണിയെക്കുറിച്ചും മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചും വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. ‘മ്യൂച്വല്‍ ഫണ്ട് സഹീ ഹൈ’ എന്ന ക്യാമ്പെയിന്‍ ജനങ്ങളില്‍ വളരെയധികം സ്വാധീനമുണ്ടാക്കി. ഓഹരി, മ്യൂച്വല്‍ ഫണ്ടുകള്‍, ബാലന്‍സ് ഫണ്ടുകള്‍, ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍ ഇവയെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചു കൊണ്ടിരിക്കുന്നുണ്ട്.
നിക്ഷേപം രണ്ടു രീതിയില്‍ നടത്താം. ഒന്ന് ഭൗതിക സ്വത്തുക്കളായ ഭൂമി, സ്വര്‍ണം തുടങ്ങിയവയില്‍. മറ്റൊന്ന് ധനകാര്യ നിക്ഷേപ മാര്‍ഗങ്ങളായ ഓഹരി, മ്യൂച്വല്‍ ഫണ്ട്,  ബാങ്ക് ഡെപ്പോസിറ്റ് എന്നിവയില്‍. ഭൗതിക സ്വത്തുക്കളില്‍ നടത്തുന്ന നിക്ഷേപത്തില്‍ നിന്ന് ധനകാര്യ നിക്ഷേപ പദ്ധതികളിലേക്കുള്ള മാറ്റമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പുതിയ ട്രെന്‍ഡ്. റിയല്‍ എസ്‌റ്റേറ്റ് വിപണിക്ക് ചാക്രികമായ ഉയര്‍ച്ചതാഴ്ചകളുണ്ട്. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് വലിയ കുതിച്ചു കയറ്റത്തിന് ശേഷം മന്ദഗതിയിലാണ്. ഇതൊക്കെ ആളുകള്‍ ഓഹരിയിലേക്കും മ്യൂച്വല്‍ ഫണ്ടുകളിലേക്കും തിരിയാന്‍ കാരണമാണ്.
ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ഓഹരികളിലേക്കും മ്യൂച്വല്‍ ഫണ്ടുകളിലേക്കുമുള്ള കാര്യമായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു. ബാങ്കുകളുടെ പലിശ നിരക്ക് ആകര്ഷകമല്ലാത്തതാണ്   ഇതിന് ഒരു കാരണം.  കഴിഞ്ഞ നാല്‍പതു വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ ശരാശരി ബാങ്ക് പലിശ നിരക്ക് 9 ശതമാനമാണ്. ഇപ്പോള്‍ അത് ഏഴ് ശതമാനമേയുള്ളൂ. ഏഴ് ശതമാനം പലിശ കിട്ടുമ്പോള്‍ അഞ്ച് ശതമാനം വിലക്കയറ്റമുണ്ടെങ്കില്‍ അത് കഴിഞ്ഞുള്ള രണ്ടു ശതമാനമായിരിക്കും യഥാര്‍ഥ റിട്ടേണ്‍. അതായത് നമ്മള്‍ വാങ്ങുന്ന  സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കില്‍ വരുന്ന വര്‍ധന കണക്കാക്കുമ്പോള്‍ രണ്ടു ശതമാനത്തിന്റെ നേട്ടമേ ബാങ്ക് പലിശയില്‍ നിന്ന് ലഭിക്കൂവെന്ന് സാരം. ഓഹരിയിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കുന്നതിന് നികുതി ഇളവുകളുണ്ട്. ബാങ്ക് നിക്ഷേപത്തില്‍ അത് ലഭിക്കില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരികളില്‍ നേരിട്ടോ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി പരോക്ഷമായോ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ ലാഭകരമെന്ന മനസിലാക്കിയാണ് കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് വരുന്നത്.
അതേസമയം ഓഹരി, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള റിട്ടേണ്‍ വളരെയധികം ആകര്‍ഷകമാണ്. ഹ്രസ്വകാല നിക്ഷേപങ്ങളേക്കാളും ദീര്‍ഘകാല സമ്പാദ്യ നിക്ഷേപ പദ്ധതികള്‍ അസാധാരണ നേട്ടങ്ങളാണ് കൈവരിച്ചത്.  ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ  അടിസ്ഥാന വര്‍ഷമായ 1979 വെച്ച് കണക്കാക്കിയില്‍ കഴിഞ്ഞ 39 വര്‍ഷം കൊണ്ട് സെന്‍സെക്‌സില്‍ 350 ഇരട്ടി വര്‍ധനയാണുണ്ടായത്. 1979ല്‍ 100 ഉണ്ടായിരുന്ന സെന്‍സെക്‌സ് ഇപ്പോള്‍ 37,000 പോയിന്റിന്  മുകളിലാണ്.  ഇതനുസരിച്ച് ശരാശരി വാര്‍ഷിക റിട്ടേണ്‍ 16 ശമതാനം വരും. ഇപ്പോള്‍ ലഭിക്കുന്ന ബാങ്ക് പലിശയുടെ ഇരട്ടി.
[പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് സെക്യൂരിറ്റീസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ.  വിവിധ നിക്ഷേപ രീതികളെ സംബന്ധിച്ച് വായനക്കാർക്കുള്ള ചോദ്യങ്ങളും സംശയങ്ങളും [email protected]  എന്ന ഇ – മെയിൽ വിലാസത്തിലേക്ക് അയക്കുക. ]