പരിവര്‍ത്തനമായാലും വിവാഹമായാലും സ്വാതന്ത്ര്യം പരിമിതപ്പെടുത്തരുത്

സെബാസ്റ്റ്യൻ പോൾ

കുടുംബത്തിന്റെ തടവില്‍നിന്ന് അടര്‍ത്തിയെടുത്ത് സുപ്രീം കോടതിയിലെത്തിച്ച ഹാദിയയെ കോടതി സ്വതന്ത്രയാക്കി സേലത്തെ കൂട്ടിലടച്ചു. അവള്‍ തള്ളിപ്പറഞ്ഞ അച്ഛനുമാത്രമാണ് അവളെ കാണുന്നതിന് അനുവാദമുള്ളത്. സ്വന്തം ഇഷ്ടം പോലെ ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഇരുപത്തിയഞ്ചുകാരിയായ ആ യുവതിക്ക് കോടതി നല്‍കേണ്ടിയിരുത്. ഇഷ്ടമുള്ള ജീവിതവും ജീവിത രീതിയും മതവും വേഷവും തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് അവകാശപ്പെട്ടതാണ്. ഇഷ്ടമുള്ള ഭര്‍ത്താവിനെയും തെരഞ്ഞെടുക്കാം. കാനനച്ചോലയില്‍ ആടു മേയ്ക്കാന്‍ കൊതിയുണ്ടെങ്കില്‍ അതുമാകാം. ഏറെക്കുറെ ഈ തത്വങ്ങള്‍ക്ക് അനുസൃതമായ നിര്‍ദേശങ്ങളാണ് സുപ്രീം കോടതി നല്‍കിയത്. ആടു മേയ്ക്കാന്‍ അനുവാദമില്ല. ഭർത്താവെന്ന് പറയുന്നയാളെ കാണുന്നതിനും അനുവാദമില്ല. പകരം ഹോമിയോ കോളജിലെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

രണ്ടു വര്‍ഷം മുമ്പുവരെ അഖില എന്ന പേരില്‍ ഹിന്ദു സമൂഹത്തില്‍ ജീവിച്ചിരുന്ന പെൺകുട്ടി ഇസ്‌ലാമിലേക്കാണോ ഇസ്‌ലാമിക് സ്‌റ്റേറ്റിലേക്കാണോ ആകൃഷ്ടയായത് എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. സങ്കീര്‍ണമായ ആ പ്രഹേളികയിലേക്ക് കോടതി ഇപ്പോള്‍ കടന്നിട്ടില്ല. കേരള ഹൈക്കോടതി നല്‍കിയ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ഒരു വര്‍ഷം മുമ്പേ ഹാദിയയ്ക്ക് സേലത്തെ പഠനം തുടരാമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഇന്ന് കൂടുതല്‍ ഇച്ഛാശക്തിയോടെ അവള്‍ക്ക് അവളുടെ ഇഷ്ടങ്ങൾ നടപ്പാക്കാന്‍ കഴിയുമായിരുന്നു. ഇപ്പോഴത്തെ സുപ്രീം കോടതി ഉത്തരവിനു സമാനമായ ഉത്തരവ് ഹൈക്കോടതി പാസാക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഷെഫിന്‍ ജഹാനുമായുള്ള വിവാഹബന്ധം ഹാദിയ വെളിപ്പെടുത്തിയത്. ആചാരവും നടപടികളും അനുസരിച്ചല്ലാതെയുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കി.

വിവാഹം അസാധുവാക്കുന്നതിന് ഹൈക്കോടതി കണ്ടെത്തിയ ന്യായങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. പ്രായപൂര്‍ത്തിയായെങ്കിലും കാലിടറാന്‍ സാധ്യതയുള്ള പെൺകുട്ടിക്ക് മാതാപിതാക്കളുടെ താങ്ങും തണലും ആവശ്യമാണെന്ന തീര്‍ത്തും യാഥാസ്ഥിതികമായ നിലപാടാണ് ഹൈേക്കാടതി സ്വീകരിച്ചത്. അതിനോടുള്ള മുസ്‌ലീം തീവ്രവാദികളുടെ നിലപാടിനോട് വിയോജിച്ചവരും ഹൈക്കോടതി നിലപാടിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടി.
കറുത്തമ്മയ്ക്ക് പരീക്കുട്ടിയെയോ പരീക്കുട്ടിക്ക് കറുത്തമ്മയേയോ സ്വന്തമാക്കുന്നതിന് നിയമം തടസം നില്‍ക്കരുത്. ഹിന്ദു യുവതി മുസ്‌ലീമാകുമ്പോള്‍ മുസ്‌ലീങ്ങള്‍ അമിതമായി ആഹ്‌ളാദിക്കുകയോ ഹിന്ദുക്കള്‍ വല്ലാത്ത നഷ്ടബോധം അനുഭവിക്കുകയോ ചെയ്യേണ്ട കാര്യമില്ല. അറിഞ്ഞും അറിയാതെയും അങ്ങോട്ടും ഇങ്ങോട്ടും ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു . ഒരു മുസ്‌ലീം പെൺകുട്ടി ക്രിസ്ത്യാനിയെയോ, ഹിന്ദുവിനെയോ കല്യാണം കഴിക്കുമ്പോഴും ആരും അസ്വസ്ഥരാകേണ്ടതില്ല. ലൈലയും മജ്‌നുവും തമ്മില്‍ ചേരുമ്പോള്‍ മാത്രമല്ല മനോഹരമായ പ്രണയമുണ്ടാകുന്നത്. യഥാര്‍ത്ഥ പ്രണയം മതത്തിലോ പേരിലോ മാറ്റം ആവശ്യപ്പെടുന്നില്ല. വ്യക്തിയുടെ ഹിതത്തില്‍ ആരുടെയും ഇടപെടല്‍ ഉണ്ടാകരുത്. നിബന്ധനകള്‍ക്ക് വിധേയമായാണെങ്കിലും ഹാദിയയുടെ കാര്യത്തില്‍ സുപ്രീം കോടതി ഈ സ്വാതന്ത്ര്യപ്രഖ്യാപനമാണ് നടത്തിയത്.

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി [എൻ. ഐ. എ] നടത്തുന്ന അന്വേഷണം തുടരുന്നതിന് സുപ്രീം കോടതി ഉത്തരവ് തടസമല്ല. മതംമാറ്റത്തിനുവേണ്ടിയുള്ള മസ്തിഷ്‌കപ്രക്ഷാളനം, നിര്‍ബന്ധിത മതംമാറ്റം, ഭീകരപ്രവര്‍ത്തനത്തിലേക്കുള്ള റിക്രൂട്ടിങ് തുടങ്ങിയ ആക്ഷേപങ്ങള്‍ എന്‍.ഐ. എ അന്വേഷിക്കട്ടെ. വ്യക്തിയുടെ സ്വയംനിര്‍ണയാവകാശം പരിമിതപ്പെടുത്തുന്നതിന് ഇത്തരം ആക്ഷേപങ്ങള്‍ കാരണമാകരുത്. വ്യക്തിയുടെ സ്വാതന്ത്ര്യം എല്ലാറ്റിനും ഉപരിയായി സംരക്ഷിക്കപ്പെടണം.