ഗൗരി ലങ്കേഷ് അവസാനമെഴുതിയ എഡിറ്റോറിയല്‍

ഗൗരി ലങ്കേഷ് പത്രികയുടെ പുതിയ ലക്കത്തില്‍ എന്റെ സുഹൃത്ത് ഡോ.വാസു, ഗീബല്‍സ് മാതൃകയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വാര്‍ത്താ ഫാക്ടറികളെക്കുറിച്ച് എഴുതിയിരുന്നു. അത്തരം നുണഫാക്ടറികളുടെ നടത്തിപ്പുകാര്‍ പ്രധാനമായും മോഡിഭക്തരാണ്. ഇത്തരം ഫാക്ടറികളു ണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് ഞാന്‍ ഈ മുഖപ്രസംഗത്തില്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്, ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നവമാധ്യമങ്ങളില്‍ സംഘികള്‍ ഒരു വാര്‍ത്ത പ്രചരിപ്പിച്ചു. അതു പ്രകാരം കര്‍ണാടക ഗവണ്‍മെന്റ് അനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഗണേശവിഗ്രഹം സ്ഥാപിക്കാന്‍ പാടുള്ളൂ; കൂടാതെ പത്തു ലക്ഷം രൂപ ഈ അനുമതിക്കായി നല്‍കുകയും വേണം. വിഗ്രഹത്തിന്റെ ഉയരം കണക്കാക്കിയാണ് അനുമതി ലഭിക്കുക. വിഗ്രഹം കൊണ്ടു പോകുന്ന വഴി അന്യമതസ്ഥര്‍ താമസിക്കുന്ന സ്ഥലങ്ങളാകരുതെന്നും പടക്കം പൊട്ടിക്കരുതെന്നും നിഷ്‌കര്‍ഷയുള്ളതായി പറഞ്ഞിരുന്നു.
രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്)ആണ് വ്യാപകമായി ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചത്. അവസാനം കര്‍ണ്ണാടക പോലീസ് മേധാവി ശ്രീ.ആര്‍.കെ.ദത്ത പത്രസമ്മേളനം വിളിച്ച് സര്‍ക്കാര്‍ ഇത്തരം ചട്ടങ്ങള്‍ നടപ്പിലാക്കിയിട്ടില്ലെന്ന് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായി. ഇതു മുഴുവന്‍ കള്ളമായിരുന്നു. ഇത്തരമൊരു ഊഹാപോഹത്തിന്റെ പ്രഭവം തേടിയ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്, ഇത്തരം കള്ളവാര്‍ത്തകള്‍ പടച്ചുണ്ടാക്കി നിത്യേന സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റ്കാര്‍ഡ് ന്യൂസ് എന്ന തീവ്രഹിന്ദുത്വ ബ്രിഗേഡിന്റെ വെബ്സൈറ്റിലാണ്.

ഓഗസ്റ്റ് പതിനൊന്നിന് പോസ്റ്റ് കാര്‍ഡ്.ന്യൂസില്‍ ‘കര്‍ണ്ണാടകയില്‍ താലിബാന്‍ ഭരണം’ എന്നൊരു തലക്കെട്ട് പ്രത്യക്ഷപ്പെട്ടു. ഗണേശചതുര്‍ത്ഥി കാലത്തെ സര്‍ക്കാര്‍ ഇടപെടലുകളെ കുറിച്ചായിരുന്നു ഈ വാര്‍ത്ത. ഈ കള്ളം സംസ്ഥാനം മുഴുവന്‍ പ്രചരിപ്പിക്കുന്നതില്‍ സംഘികള്‍ വിജയിച്ചു. സിദ്ധരാമയ്യ സര്‍ക്കാരിനോട് വിയോജിപ്പുള്ളവര്‍ ഈ വാര്‍ത്തയെ രാഷ്ടീയായുധമാക്കി. ചിന്തിക്കാതെ, തലച്ചോര്‍ അടച്ചുപൂട്ടി, കണ്ണും കാതുമടച്ച് ജനം ഈ വാര്‍ത്ത സ്വീകരിച്ചു എന്നതാണ് ഏറ്റവും സങ്കടകരം. കഴിഞ്ഞ വാരം, വ്യാജഗുരു ഗുര്‍മീത് റാം റഹീം ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോള്‍ ഇദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന നിരവധി ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും നിരവധി ഹരിയാന ബിജെപി നേതാക്കളും ഗുര്‍മീതിനൊപ്പം നില്‍ക്കുന്ന വീഡിയോകളും ഫോട്ടോകളും പ്രചരിച്ചു.

വസ്തുത എന്താണെന്നുവച്ചാല്‍, കഴിഞ്ഞ വര്‍ഷം വരെ ഈ വ്യാജപ്രചാരണത്തെ തുറന്നു കാണിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ധാരാളം പേര്‍ ഈ വാര്‍ത്തകള്‍ തുറന്നു കാണിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. തുടക്കത്തില്‍ വ്യാജവാര്‍ത്തകള്‍ക്കായിരുന്നു മേല്‍ക്കൈ. ഇപ്പോള്‍ ശരിയായ വാര്‍ത്തകള്‍ പുറത്തുവരികയും അതിന് നല്ല പ്രചാരം കിട്ടുകയും ചെയ്യുന്നു. ഉദാഹരണത്തിന് മോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗം അപഗ്രഥിച്ച് അതിലെ കള്ളങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ധ്രുവ് രതി ഓഗസ്റ്റ് 17ന് ഒരു വീഡിയോ അപ്ലോഡ് ചെയ്തു. കഴിഞ്ഞ കുറേ മാസങ്ങളായി രതി മോദിയുടെ കള്ളങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നുകാണിച്ചു കൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ രതിയുടെ വീഡിയോകള്‍ കുറച്ചു പേര്‍ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ വീഡിയോ വൈറലാവുകയും യൂ ട്യൂബില്‍ ഒരു ലക്ഷത്തിലധികം പേര്‍ കാണുകയുമുണ്ടായി.

ഒരു മാസം മുമ്പ് നോട്ടുനിരോധനത്തിനുശേഷം മുപ്പത്തിമൂന്നു ലക്ഷം പുതിയ ആളുകള്‍ നികുതിവലയില്‍പെട്ടതായി ഈ ‘ബസി ബസിയ’ (കള്ളം പറയുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഗൗരി മോഡിക്കെതിരെ പ്രയോഗിച്ച വാക്ക്) ഗവണ്‍മെന്റ് രാജ്യസഭയില്‍ പ്രഖ്യാപിച്ചതായി രതി പറയുന്നു. മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെട്ടത് നോട്ടുനിരോധനത്തിനുശേഷം തൊണ്ണൂറ്റിയൊന്ന് ലക്ഷം പേര്‍ നികുതിവലയത്തില്‍ വന്നു എന്നാണ്. എന്നാല്‍ സാമ്പത്തിക സര്‍വ്വെ വെളിപ്പെടുത്തുന്നത് 5.4 ലക്ഷം പുതിയ നികുതിദായകര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു എന്നു മാത്രമാണ്. ഇതില്‍ ഏതു കണക്കാണ് സത്യമെന്ന് രതി തന്റെ വീഡിയോയില്‍ ചോദിക്കുന്നു.

മുഖ്യധാരാമാധ്യമങ്ങള്‍ സര്‍ക്കാരും ബിജെപിയും നല്‍കുന്ന വിവരങ്ങള്‍ ചോദ്യം ചെയ്യാതെ വിശുദ്ധസത്യങ്ങളായി അംഗീകരിക്കുകയാണ് ഇന്ന്. ടെലിവിഷന്‍ ചാനലുകളിലെത്തുമ്പോള്‍ അവര്‍ ഇക്കാര്യത്തില്‍ ഒരു പത്തു ചുവടുകൂടി മുന്നിലാണ്. ഉദാഹരണത്തിന്, രാംനാഥ് കോവിന്ദ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ജനകീയത ഉയരുന്നതായി കാണിക്കുന്നതിന് ചാര്‍ജെടുത്ത് മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ അദ്ദേഹത്തിന് മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായതായി ദിവസം മുഴുവന്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നു.
നിരവധി ടി.വി വാര്‍ത്താ സംഘടനകള്‍ ഇക്കാലത്ത് ആര്‍എസ്എസുമായി ഒത്തുകളിക്കുകയാണ്. ഈ വാര്‍ത്തയുടെ സത്യമെന്താണെന്ന് വച്ചാല്‍, സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പുതിയ പ്രസിഡണ്ടിനു കൈമാറുകയായിരുന്നു. ഈ കൈമാറ്റത്തോടെ പ്രണബ്മുഖര്‍ജിയുടെ ഫോളോവേഴ്സ് പുതിയ പ്രസിഡന്റിന് പകര്‍ന്നുകിട്ടുകയായിരുന്നു. പ്രണബ് മുഖര്‍ജിയ്ക്കു മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മിത്ത് പൊളിയ്ക്കുന്നവരും വസ്തുതാന്വേഷകരും ഇപ്പോള്‍ ആര്‍എസ്എസ് പ്രചാരണം ഏറ്റെടുത്ത് യഥാര്‍ത്ഥ വസ്തുതകള്‍കൊണ്ട് അത് തുറന്നുകാണിക്കുന്നുണ്ട്. ധ്രുവ് രതി വീഡിയോകളിലൂടെയാണ് ഇത് ചെയ്യുന്നതെങ്കില്‍ പ്രതീക സിന്‍ഹ ഇക്കാര്യ ത്തിനായി altnews.in എന്ന വെബ്സൈറ്റ് സ്ഥാപിച്ചിരിക്കുകയാണ്.

SM Hoax Slayer and Boom FactCheck എന്നിവയാണ് മറ്റുള്ളവ. ന്യൂസ് പോര്‍ട്ടലുകളായ The Wire, Sroll, News laundry, The Quint എന്നിവ തെറ്റായ വാര്‍ത്തകളെ പുറത്തിടുന്നതില്‍ ചടുലത കാണിക്കുന്നവയാണ്. ഞാനിവിടെ പരാമര്‍ശിച്ച വ്യക്തികളും സംഘടനകളും സമീപകാലത്തായി ആര്‍എസ്എസ് നടത്തിയ കള്ളപ്രചാരണങ്ങളെ പൊളിച്ചവയും കാവിപ്രസ്ഥാനത്തെ ചൊടിപ്പിച്ചവരുമാണ്. പ്രധാനകാര്യമെന്താണെന്നു വച്ചാല്‍ ഈ മനുഷ്യരൊന്നും പണത്തിനുവേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത് എന്നതാണ്. അവരുടെ ആത്യന്തികലക്ഷ്യം ഫാസിസ്റ്റുകളെയും അവരുടെ കള്ളപ്രചാരണങ്ങളെയും തുറന്നുകാണിക്കുക എന്നതാണ്.

ഇതുപോലെ ബംഗാളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇവര്‍ രണ്ടു പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുകയുണ്ടായി. കത്തുന്ന ഒരു വീട് കാണിച്ച് ബംഗാള്‍ കത്തുന്നു എന്നായിരുന്നു അതിലൊന്ന്. നിരവധി പേര്‍ നോക്കിനില്‍ക്കുമ്പോള്‍ ഒരു സ്ത്രീയുടെ സാരി ഒരാള്‍ വലിക്കുന്നതായിരുന്നു അടുത്തത്.’ബാദുരിയയില്‍ ഹിന്ദുസ്ത്രീ അപമാനിക്കപ്പെടുന്നു എന്നായിരുന്നു ഇതിന്റെ തലക്കെട്ട്. പെട്ടെന്നു തന്നെ ഈ ചിത്രങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ വെളിപ്പെട്ടു.

ഒന്നാമത്തെ ചിത്രം 2002ല്‍ മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന കലാപദൃശ്യമായിരുന്നു. രണ്ടാമത്തേത് ഒരു ഭോജ്പുരി സിനിമയില്‍നിന്നുള്ള നിശ്ചലദൃശ്യവും. മുതിര്‍ന്ന ബിജെപിനേതാവായ വിജേത മാലിക് വരെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയുണ്ടായി. ആര്‍എസ്എസിന്റെ മാത്രമല്ല ബിജെപിയുടെ നേതാക്കളും കിംവദന്തികളുടെയും വ്യാജവാര്‍ത്തകളുടെയും പ്രചാരകരാവുന്നു. ഉദാഹരണത്തിന്, റിപ്പബ്ളിക് ‘ദിനത്തില്‍ ഹൈദരാബാദില്‍ ത്രിവര്‍ണ പതാക കത്തിക്കുന്നു’ എന്ന അടിക്കുറിപ്പോടെ മുസ്ലീങ്ങള്‍ ദേശീയ പതാക കത്തിക്കുന്ന ഒരു ചിത്രം നിതിന്‍ ഗഡ്കരി ഷെയര്‍ ചെയ്യുകയുണ്ടായി. ഗൂഗിളില്‍ പുതുതായി ഒരു ഇമേജ് സേര്‍ച്ച് ആപ്പുണ്ട്. ഈ ആപ്പില്‍ ഒരു ഇമേജ് പരതുകയാണെങ്കില്‍ എവിടെ എപ്പോഴാണ് ഈ ചിത്രം രൂപപ്പെട്ടത് എന്ന് കണ്ടെത്താനാകും. ഒരു പ്രതിഷേധത്തിനിടെ പാക്കിസ്ഥാനിലെ നിരോധിത സംഘടനകളാണ് ഈ പടമെടുത്തതെന്ന് പ്രതീക സിന്‍ഹ ഈ ആപ്പുപയോഗിച്ച് കണ്ടെത്തുകയുണ്ടായി.

ഒരു പ്രൈംടൈം ചര്‍ച്ചയ്ക്കിടെ ബിജെപി വക്താവായ സാംബിറ്റ് പാട്ര ആറു പട്ടാളക്കാര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തുന്നതിന്റെ ചിത്രം കാണിച്ച് ജെഎന്‍യു പോലുള്ള യൂണിവേഴ്സിറ്റികളില്‍ പതാക ഉയര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് വാചാലനാകുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍നിന്നു പിടിച്ചെടുത്ത ഇവോ ജിമാ ദ്വീപില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ പതാക ഉയര്‍ത്തുന്ന ചിത്രമായിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി പാട്ര ഈ കൃത്രിമ ചിത്രം ബോധപൂര്‍വ്വം ഉപയോഗിക്കുകയായിരുന്നു. കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് കനത്ത വില നല്‍കേണ്ടിവന്നു. സമൂഹമാധ്യമങ്ങള്‍ അദ്ദേഹത്തെ പരിഹാസം കൊണ്ടു മൂടി. ഈയിടെ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഇന്ത്യയിലാകെ 50,000 കിലോമീറ്ററില്‍ 30,00,000 എല്‍ഇഡി വിളക്കുകള്‍ വെളിച്ചം പരത്തുന്നതായി തട്ടിവിടുകയുണ്ടായി. ഈ ചിത്രവും വ്യാജമായിരുന്നു. ഈ ചിത്രം 2009ല്‍ ജപ്പാനില്‍ എടുത്തതായിരുന്നു. 25900 കോടി മിച്ചമുണ്ടാകുന്ന വിധത്തില്‍ ആഭ്യന്തര കല്‍ക്കരി വിതരണം ഉയര്‍ന്നതായി മറ്റൊരു അവകാശവാദവും ഗോയല്‍ ഈയിടെ നടത്തുകയുണ്ടായി. ഇക്കാര്യത്തിലേക്ക് അദ്ദേഹം പുറത്തുവിട്ട ചിത്രവും വ്യാജമാണെന്ന് പിന്നീട് വെളിപ്പെടുകയുണ്ടായി.

ചത്തീസ്ഗഡ് ബിജെപി പൊതുമരാമത്തു വകുപ്പുമന്ത്രി രാജേഷ് മുനാട്ട് തന്റെ സര്‍ക്കാറിന്റെ ഭരണനേട്ടമായി ഒരു പാലത്തിന്റെ ചിത്രം പ്രചരിപ്പിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇത് വിയറ്റ്നാമില്‍ നിന്നുള്ളതായിരുന്നു. 2000 ലൈക്ക് കിട്ടിയ ഈ പോസ്റ്റ് പിന്നീട് ഡിലീറ്റു ചെയ്തു. നമ്മുടെ സ്വന്തം കര്‍ണ്ണാടകത്തിലും കിംവദന്തികള്‍ പരത്തുന്നതില്‍ ആര്‍എസ്എസുകാര്‍ പിന്നിലല്ല. കര്‍ണ്ണാടകയില്‍നിന്നുള്ള ബിജെപി എംപിയായ പ്രതാപ് സിംഹ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നതായി അവകാശപ്പെട്ടുകൊണ്ട് ഒരു റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തു. ഒരു ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്ലീം കുത്തിക്കൊന്നു എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ സാരം. ഒരിക്കല്‍പ്പോലും ആ റിപ്പോര്‍ട്ടിന്റെ സാധുത പരിശോധിക്കാന്‍ മിനക്കെടാതെ അദ്ദേഹം ലോകത്തോട് മൊറാലിറ്റിയ്ക്കുവേണ്ടി അപേക്ഷിച്ചു. ഒരു പത്രവും അത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നില്ല. വാസ്തവത്തില്‍ തലക്കെട്ട് ഫോട്ടോ ഷോപ്പു ചെയ്ത് വാര്‍ത്ത കമ്യൂണല്‍ ആംഗിളില്‍ കൊടുക്കുകയായിരുന്നു. ഇതിനുമേല്‍ ജനരോഷമുയര്‍ന്നപ്പോള്‍ അദ്ദേഹം വ്യാജവാര്‍ത്ത ഡിലീറ്റ് ചെയ്തെങ്കിലും വര്‍ഗീയത ഇളക്കിവിടാനുള്ള ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തിയില്‍ ഖേദം രേഖപ്പെടുത്തുകയോ മാപ്പു പറയുകയോ ചെയ്തില്ല.

സുഹൃത്ത് വാസു അദ്ദേഹത്തിന്റെ കോളത്തില്‍ എഴുതിയ പോലെ വ്യാജവാര്‍ത്ത ഷെയര്‍ ചെയ്ത് ഒരബദ്ധം എനിക്കും സംഭവിച്ചിട്ടുണ്ട്. പാട്നയില്‍ ലാലുപ്രസാദ് യാദവ് നടത്തിയ റാലിയുടെ ഫോട്ടോയായി അദ്ദേഹം ഇട്ട ഒരു ഫോട്ടോ ഞാന്‍ ഷെയര്‍ ചെയ്തിരുന്നു. ശശിധര്‍ ഹെമ്മാദി ഓര്‍മ്മിപ്പിച്ചതനുസരിച്ച് ഉടന്‍ തന്നെ ഞാന്‍ എന്റെ തെറ്റ് സമ്മതിക്കുകയും ഒറിജിനലും വ്യാജവുമായ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
സാമുദായികമായ പ്രതികരണങ്ങളോ വാര്‍ത്താപ്രചാരണങ്ങളോ ഉദ്ദേശമേയല്ല. ജനങ്ങള്‍ ഒറ്റക്കെട്ടായി ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മുന്നോട്ടു വരുന്നുണ്ട് എന്ന സന്ദേശം മുന്നോട്ടു വെക്കുക മാത്രമാണ് എന്റെ ഉദ്ദേശം. വ്യാജവാര്‍ത്തകളെ തുറന്നുകാണിക്കുന്ന എല്ലാവരെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. കൂടുതലാളുകള്‍ ഈ രംഗത്തേക്കു വരുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

വിവര്‍ത്തനം: വി.അബ്ദുള്‍ ലത്തീഫ് (പ്രോഗ്രസ് ബുക്സ് പ്രസിദ്ധീകരിച്ച തോക്കാണ് ആയുധം, ഗോഡ്സെയാണ് ഗുരു എന്ന ഗൗരി ലങ്കേഷ് അനുസ്മരണ പുസ്തകത്തില്‍ നിന്നുള്ളതാണ് എഡിറ്റോറിയല്‍.)