സൈന്യത്തിനും സിനിമയ്ക്കും പറ്റിയ ആളായിരുന്നില്ല രാജു

Gambinos Ad
ript>

സെബാസ്റ്റ്യന്‍ പോള്‍

Gambinos Ad

സൈന്യത്തിനും സിനിമയ്ക്കും പറ്റിയ ആളായിരുന്നില്ല രാജു. അതുകൊണ്ട് രണ്ടിടത്തു നിന്നും ക്യാപ്റ്റന് അകാലത്തില്‍ പിരിയേണ്ടി വന്നു. സിനിമയില്‍ ക്യാപ്റ്റന് സമശീര്‍ഷരായി അധികം പേരുണ്ടായിരുന്നില്ല — ഒരു പക്ഷേ ആരുംതന്നെ. സ്ത്രീകളെ ഉപദ്രവിക്കുന്ന ദുഷ്ടകഥാപാത്രങ്ങളെയാണ് ക്യാപ്റ്റന്‍ സിനിമയില്‍ കൂടുതലായി അവതരിപ്പിച്ചത്. കാണികളുടെ ക്രോധം നെഗറ്റീവ് എനര്‍ജിയായി തന്നെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ആത്മീയമായ ചൈതന്യം പ്രാര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം സിനിമയില്‍ നിന്നകന്നു.

1981ല്‍ രക്തം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് പ്രവേശിച്ച രാജു എല്ലാ തെന്നിന്ത്യന്‍ പടങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ അഭിനയം ക്യാമറയ്ക്കു മുന്നില്‍ മാത്രമായിരുന്നു. ജീവിതത്തില്‍ ചമയവും അഭിനയവും ഇല്ലായിരുന്നു. വര്‍ത്തമാനത്തില്‍ ആര്‍ദ്രതയും പെരുമാറ്റത്തില്‍ സൗമ്യതയും രാജുവിനെ വേറിട്ട് നിര്‍ത്തുന്ന പ്രത്യേകതയായിരുന്നു. തമിഴിനെപ്പോലെ ഉപചാരപൂര്‍വം സംസാരിക്കാന്‍ പ്രാപ്തിയില്ലാത്ത ഭാഷയാണ് മലയാളമെന്ന് പലരും സംസാരിക്കുമ്പോള്‍ തോന്നാറുണ്ട്. പക്ഷേ രാജുവിന്റെ സവിശേഷമായ മലയാളത്തില്‍ സ്‌നേഹവും വാത്സല്യവും കരുണയുമുണ്ടായിരുന്നു. അത് അനനുകരണീയമായിരുന്നു. അനുകരിക്കാന്‍ കഴിയുമെങ്കില്‍ നന്ന്. ആള്‍ തന്നെയാണ് ശൈലി എന്നത് രാജുവിന്റെ കാര്യത്തില്‍ ശരിയായിരുന്നു. മനസിലെ നന്മയാണ് ഭാഷയിലെ വിശുദ്ധിയായത്.

പവനായി ശവമായി എന്ന ഡയലോഗ് മലയാളത്തിലെ ശൈലിയായി മാറിയത് അറിയപ്പെടുന്ന വില്ലന്‍ ആ റോളില്‍ വന്നതു കൊണ്ടാണ്. ആലപ്പി വിന്‍സെന്റ് മുതല്‍ ക്യാപ്റ്റന്‍ രാജു വരെ അവിസ്മരണീയരായ വില്ലന്മാരുടെ ഒരു നിര മലയാളസിനിമയിലുണ്ട്. ഗോവിന്ദന്‍കുട്ടിയും ജോസ്പ്രകാശും ടി ജി രവിയും ബാലന്‍ കെ നായരും അക്കൂട്ടത്തില്‍ പെടുന്നു. വെള്ളിത്തിരയിലെ പ്രതിച്ഛായ ആയിരുന്നില്ല അവരുടെ യഥാര്‍ത്ഥ പ്രതിച്ഛായ. പ്രാണ്‍ ഉള്‍പ്പെടെയുള്ള വില്ലന്മാരുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. ജീവിതത്തില്‍ നന്മയും അഭിനയത്തില്‍ മേന്മയുമുള്ള കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജു. എല്ലാം നിശ്ചയിക്കപ്പെട്ടതു പോലെ നടക്കും എന്ന വിശ്വാസക്കാരനായിരുന്നു തികഞ്ഞ ഈശ്വരവിശ്വാസിയായ രാജു. നിശ്ചയിക്കപ്പെട്ടതു പോലെയായിരിക്കാം സംഭവിച്ചത്. അമേരിക്കയിലേക്കുള്ള യാത്ര മുടങ്ങി നാട്ടിലേക്ക് മടങ്ങിയത് അന്ത്യയാത്രയ്ക്കു വേണ്ടിയായിരുന്നു. അതിലുള്ള ദു:ഖവും കുടുംബാംഗങ്ങളോടുള്ള അനുശോചനവും രേഖപ്പെടുത്തുന്നു.