സിദ്ദിഖ് കാപ്പന്‍ സംഭവം ചില യാഥാര്‍ത്ഥ്യങ്ങള്‍

വിജു വി.വി

സിദ്ദിഖ് കാപ്പനെ കാര്യമായ പരിചയമൊന്നുമില്ല. ഡല്‍ഹിക്കാലത്ത് ഒന്നു രണ്ടു പ്രതിഷേധങ്ങളില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ നേരിട്ട് സംസാരിക്കുകയോ പൊതുനിലപാടുകളില്‍ ഐക്യപ്പെടുകയോ ഒന്നുമുണ്ടായിട്ടില്ല. മാധ്യമ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം സാധാരണ പൗരന്‍ എന്ന നിലയിലെങ്കിലും അദ്ദേഹത്തിന് നീതി ലഭ്യമാകേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലും മറ്റും വളരെ ആത്മാര്‍ത്ഥമായി പോസ്റ്റിടുന്ന ആളുകളുണ്ട്. അവരുടെ നിഷ്‌കളങ്കതയും ശുഭാപ്തിവിശ്വാസവുമൊക്കെ കാണുമ്പോള്‍ നമുക്കും വിഷമം തോന്നും. കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ ഭാര്യ പത്രസമ്മേളനം നടത്തിയ വാര്‍ത്തയും കണ്ടു. എന്നാല്‍ വ്യക്തിപരമായി ഇതില്‍ പലപ്പോഴും ഇടപെടുന്ന ആളുകള്‍ എന്താണ് ചെയ്യുന്നതെന്നത് സംശയദൃഷ്ടിയോടെയാണ് കാണുന്നത്. അത്രയൊന്നും നിഷ്‌കളങ്കമായി കാര്യങ്ങള്‍ കാണാനുള്ള സാമൂഹിക ബോധമല്ല, ഉള്ളതെന്ന് കണക്കാക്കിയാല്‍ മതി. കാപ്പന്റെ കസ്റ്റഡിയിലും ജാമ്യപ്രശ്‌നത്തിലും പലതരം താത്പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആദ്യത്തേത്, സിദ്ദിഖിന്റെ ജാമ്യാപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെ.യു.ഡബ്ല്യു.ജെ) നടത്തുന്ന മെല്ലെപ്പോക്കോ മുതലെടുപ്പോ ആണ്. നിയമപ്രക്രിയയെ കുറിച്ച് സാമാന്യധാരണയുള്ളവര്‍ ചെയ്യേണ്ട കാര്യം ആദ്യം ജയിലില്‍ കിടക്കുന്നയാളെ മോചിപ്പിക്കാനായി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കുകയാണ്. എന്നാല്‍ കെ.യു.ഡബ്ല്യു.ജെ ആദ്യം തന്നെ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയാണ് ചെയ്തത്. അത് പരിഗണിച്ച്, വിചാരണ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഞാന്‍ മനസിലാക്കിയതനുസരിച്ച്, കെ.യു.ഡബ്ല്യു.ജെയുടെ അഭിഭാഷകന്‍ സിദ്ദിഖിനെ കാണാന്‍ ശ്രമിച്ചെങ്കിലും ജയിലധികൃതരോ പ്രാദേശിക കോടതിയോ ഈ അപേക്ഷ സ്വീകരിച്ചില്ല എന്നാണ്. ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. എന്നാല്‍ ഇതിനുശേഷം, ഇതേ ആവശ്യം ഉന്നയിച്ച് ഉത്തര്‍പ്രദേശിലെ ഹൈക്കോടതിയെ സമീപിക്കുകയാണ് അടുത്തതായി വേണ്ട നടപടി. ഇത് ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്. അടുത്തിടെ കണ്ട ഏതോ പോസ്റ്റില്‍ വക്കീല്‍ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ പോകുന്നു എന്നോ മറ്റോ ആണ് കണ്ടത്. ഈ ബൈപ്പാസ് ചെയ്യല്‍ ജാമ്യനടപടികളെ വീണ്ടും വീണ്ടും വൈകിപ്പിക്കും. ഇത് കെ.യു.ഡബ്ല്യു.ജെയ്‌ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ അറിയാഞ്ഞിട്ടായിരിക്കില്ല. കാരണം, ലീഗല്‍ റിപ്പോര്‍ട്ടിംഗ്- കോടതി റിപ്പോര്‍ട്ടിംഗ് എന്നത് ഒരു വിഷയമായി തന്നെ പഠിക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. പക്ഷേ, സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമ്പോള്‍ ഹര്‍ജിക്കാരനും അഭിഭാഷകനും കൂടുതല്‍ ശ്രദ്ധ കിട്ടുമെന്നതിനാല്‍ ഒരുതരം സ്വാര്‍ത്ഥതാത്പര്യം ഇതില്‍ കയറിക്കൂടാന്‍ സാദ്ധ്യതയുണ്ട്. മാത്രവുമല്ല, ഈ വിഷയം കുറച്ചുകാലം നീണ്ടുപോകട്ടെയെന്ന് വിചാരിക്കുന്ന ഒരു വിഭാഗം ഉണ്ടാകാം. യൂണിയന്റെ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് കാപ്പന്‍ എന്നതിനാല്‍, ഇതുവഴി ലഭിക്കുന്ന പരിവേഷം നിലവിലെ യൂണിയനെ സഹായിക്കുമായിരിക്കും. ചെയ്യേണ്ടിയിരുന്നത്, ഉത്തര്‍പ്രദേശില്‍ തന്നെയുള്ള, ഇടയ്ക്കിടെ കേസില്‍ ഹാജരാകാന്‍ കഴിയുന്ന ഒരഭിഭാഷകനെ ചുമതലപ്പെടുത്തുകയാണ്. പ്രാദേശികമായ ഹിന്ദി പരിജ്ഞാനവും കേസില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകാന്‍ സഹായിച്ചേക്കാം.

സിദ്ദിഖിനെ ഒറ്റുകൊടുത്തതില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് കെ.യു.ഡബ്ല്യു.ജെയിലെ സംസ്ഥാന നിര്‍വാഹകസമിതിയിലുള്ള ഒരംഗം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്ത ഒരാള്‍ക്ക് ഇങ്ങനെയൊരു ആരോപണം മണ്ടത്തരമായേ കാണാനാകൂ. ഒരു മലയാളി പത്രപ്രവര്‍ത്തകന്‍ യു.പി പൊലീസിനെ വിളിച്ച് പറഞ്ഞിട്ട് നാലുപേരെ അറസ്റ്റു ചെയ്യലൊന്നും സാധാരണഗതിയില്‍ നടക്കില്ല. പക്ഷേ, ഇതിന്റെ പിറകിലുള്ളവരുടെ ചില രാഷ്ട്രീയചായ്‌വുകള്‍ കൊണ്ട് അങ്ങനെ പറയുന്നു. അതേസമയം, സിദ്ദിഖ് തന്നെ സെക്രട്ടറിയായ ഡല്‍ഹി ഘടകം യൂണിയനിലെ എട്ടംഗങ്ങളുള്ള നിര്‍വാഹകസമിതിയിലെ ജനം ടി.വി അംഗം, സിദ്ദിഖ് തീവ്രവാദിയാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും പരസ്യമായി പോസ്റ്റ് ഇടുന്നു. ജനം ടി.വിയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ഇത്തരം നുണകള്‍ വാര്‍ത്തയായി വരികയും ചെയ്യുന്നു. സാമാന്യമായ രീതിയില്‍, ഞാനാണെങ്കില്‍, കമ്മിറ്റി ചേര്‍ന്ന് പോസ്റ്റിട്ടയാളെ നിര്‍വാഹകസമിതിയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യുക. യൂണിയന്‍ സെക്രട്ടറിക്കെതിരെ വ്യാജവാര്‍ത്തയെഴുതുന്ന നിര്‍വാഹക സമിതിയംഗത്തെ അംഗത്വത്തില്‍ നിന്നു തന്നെ പുറത്താക്കണമെന്നാണ് എന്റെ അഭിപ്രായം. പുറത്താക്കിയോ എന്നെനിക്കറിയില്ല. ഇതുസംബന്ധിച്ച് പലതരം രാഷ്ട്രീയതാത്പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു വ്യക്തമാണ്.

രണ്ടാമത്തെ കാര്യം പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തു നിന്നുള്ളതാണ്. സിദ്ദിഖിന് വേണ്ടി ജാമ്യത്തിന് ശ്രമിക്കുന്നത് കെ.യു.ഡബ്ല്യു.ജെയാണ്. ബാക്കി മൂന്നുപേര്‍ക്കു വേണ്ടി പോപ്പുലര്‍ ഫ്രണ്ടും. സംഘടനയെന്ന നിലയില്‍ ഇങ്ങനെയുള്ള കേസുകളിലെ വിചാരണ കാലാവധിയിലുണ്ടാകുന്ന ദൈര്‍ഘ്യത്തെക്കുറിച്ചും രീതികളെക്കുറിച്ചുമൊക്കെ പോപ്പുലര്‍ ഫ്രണ്ടിന് കുറെക്കൂടി ധാരണുയുണ്ടാകുമായിരിക്കും. അവരുടെ ഭാഗത്ത് ശരിയായ രീതിയില്‍ ആണ് നിയമനടപടികള്‍ നടത്തുന്നത്. അവരുടെ സംഘടനയില്‍ അംഗമാണ് സിദ്ദിഖ് എന്ന് പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞിട്ടില്ല. കേസ് ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടുമില്ല.  മാധ്യമ പ്രവർത്തകന്‍ അറസ്റ്റിലായി എന്ന രീതിയില്‍ കിട്ടുന്ന വാര്‍ത്താമൂല്യം, വെറും പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളായവര്‍ക്ക് കിട്ടില്ല എന്നതുകൊണ്ടാകാം, അവര്‍ സിദ്ദിഖിന്റെ കേസില്‍ ഇടപെടാനേ വരുന്നില്ല. ഇതിനിടെ, പോപ്പുലര്‍ ഫ്രണ്ടിന്റെ മനുഷ്യാവകാശ സംഘടനയായ എന്‍.സി.എച്ച്.ആറിന്റെ ഡല്‍ഹി ഓഫീസിലാണ് സിദ്ദിഖ് താമസിക്കുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം പ്രസിഡന്റ് മീഡിയവണ്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞുവെന്നത് മറ്റൊരു കാര്യം. അതുകൊണ്ട് അദ്ദേഹം പോപ്പുലര്‍ ഫ്രണ്ടില്‍ അംഗമാകണമെന്നില്ല. സംഭവിക്കാവുന്നത്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക്, ചുരുങ്ങിയത് വണ്ടി ഓടിച്ച ഡ്രൈവര്‍ക്കെങ്കിലും, ജാമ്യം ലഭിക്കും. സിദ്ദിഖിന്റെ ജാമ്യം നീണ്ടുപോകും. അദ്ദേഹത്തിന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം നിസ്സഹായമായ അവസ്ഥയാണിത്. ഒരാള്‍ നിസ്സഹായമായിരിക്കുമ്പോള്‍, അവരവരുടെ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുക എന്നത് അവരോടു ചെയ്യുന്ന ക്രൂരതയും മനഃസാക്ഷിയില്ലായ്മയുമാണ് എന്നേ പറയാനുള്ളൂ. അംഗമല്ലെങ്കിലും, അറസ്റ്റു ചെയ്യപ്പെട്ട സാധാരണ പൗരന്‍ എന്ന നിലയിലെങ്കിലും അദ്ദേഹത്തിനുവേണ്ടി പോപ്പുലര്‍ ഫ്രണ്ടിന് ശ്രമിക്കാവുന്നതേയുള്ളൂ.

മൂന്നാമത്തെ കാര്യം, മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സിദ്ദിഖിന്റെ അസ്തിത്വമാണ്. ആദ്യം തേജസ്, പിന്നീട് തത്സമയം, ഒടുവില്‍ അഴിമുഖം അങ്ങനെ വളരെ സാമ്പത്തികമായി വള്‍നറബിള്‍ ആയ സ്ഥാപനങ്ങളിലാണ് അദ്ദേഹം ജോലി ചെയ്തത്. തങ്ങളുടെ ലേഖകനാണ് എന്ന് അഴിമുഖം പറഞ്ഞിട്ടുണ്ടോ എന്നത് എനിക്കറിയില്ല. സാന്ദര്‍ഭികമായി റിപ്പോര്‍ട്ടുകള്‍ സംഭാവന ചെയ്യുന്നയാളാവാം. അങ്ങനെയുള്ളവര്‍ സ്റ്റാഫ് ആകണമെന്നില്ല. റിപ്പോര്‍ട്ടിങ്ങിനിടെ എന്തെങ്കിലും അത്യാഹിതങ്ങളോ അനഭിലഷണീയമായ സംഭവങ്ങളോ ഉണ്ടായാല്‍ തന്നെ ജീവനക്കാരനെ സംരക്ഷിക്കേണ്ട പ്രാഥമികമായ ചുമതല ആ മാധ്യമ സ്ഥാപനനത്തിനാണ്. യൂണിയന്‍ രണ്ടാമതേ വരുന്നുള്ളൂ. ലേഖകന്‍ ആണെങ്കില്‍, സ്ഥാപനവുമായി ഏര്‍പ്പെട്ട തൊഴില്‍ കരാര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സിദ്ദിഖിന് നല്‍കിയിട്ടുണ്ടാകും. കേസിന്റെ വിചാരണവേളയില്‍ ഇത് സമര്‍പ്പിക്കാനായില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന വാദം പൊളിഞ്ഞു വീഴാനാണ് സാദ്ധ്യത. പൊതുവെ, കേരളത്തിലെ മാധ്യമരംഗത്ത് ചുരുക്കം സ്ഥാപനങ്ങളില്‍ ഒഴികെ രേഖകള്‍ ഇല്ലാതെ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. ഫോണിലൂടെ വിളിച്ച് ഇന്ന തിയതി ജോയിന്‍ ചെയ്‌തോളൂ എന്നു പറയാറാണ് പതിവ്. തൊഴില്‍ കരാര്‍ ഉണ്ടാക്കി ജോലി ചെയ്യുന്നവര്‍ക്ക് പോലും ഒരു കാലഘട്ടം വരെ കെ.യു.ഡബ്ല്യു.ജെ അംഗത്വം നല്‍കിയിരുന്നില്ലെന്നത് മനസിലാക്കിയാല്‍, യൂണിയന്‍ സെക്രട്ടറിയായിരുന്നത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള രേഖ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരിക്കുമെന്ന് ആശ്വസിക്കാം. എന്റെ അഭിപ്രായം, ജോലി ചെയ്യുന്ന സ്ഥാപനം വാഹനമോ കാശോ നല്‍കുന്നില്ലെങ്കില്‍, സ്വന്തം ഓഫീസ് പരിധിക്കപ്പുറത്ത് ഒരിടത്തും മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനായി പോകരുത് എന്നാണ്. ഇത് തൊഴില്‍ നിയമങ്ങളെ കുറിച്ചുള്ള ധാരണയില്‍ നിന്നും യൂണിയന്‍ ബോധത്തില്‍ നിന്നും ഒക്കെയുണ്ടാകേണ്ടതാണ്. ഇടക്കാലത്ത് ട്രേഡ് യൂണിയന്‍വത്കരണത്തിന് തീവ്രമായ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും പൂര്‍ണമായി വര്‍ഗബോധമുള്ള സംഘടനയല്ല അതിപ്പോഴും.

അറസ്റ്റു ചെയ്തു എന്ന അനീതിയാണ് സംഘപരിവാര്‍ ഭരണകൂടം ചെയ്തതെങ്കില്‍ അതിനനുകൂലമായ സാഹചര്യം നടപ്പിലാക്കുകയാണ് അവരെ എതിര്‍ക്കുന്നവര്‍ എന്ന് നടിക്കുന്നവര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളൊക്കെ അറിയാവുന്ന നിരവധി പേര്‍ മാധ്യമങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിലുമൊക്കെ ഉണ്ടായിരിക്കും. പക്ഷേ, പലപ്പോഴും സൗഹൃദങ്ങള്‍ ഇല്ലാതായിപ്പോകുമോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമോ എന്ന് ഭയന്ന് പലരും സ്വന്തം അഭിപ്രായം മൂടിവെയ്ക്കും. അങ്ങനെ മൂടിവെയ്ക്കുന്നുവെന്നത്, ആ സാഹചര്യം മുതലെടുക്കാനുള്ള അവസരമായി മാറ്റിക്കൂടാ. സൗഹൃദം സൗഹൃദമായും യൂണിയന്‍ പ്രവര്‍ത്തനം അതുതന്നെയായും നിലനിര്‍ത്തിക്കൊണ്ടു തന്നെ അഭിപ്രായ പ്രകടനം നടത്താനും നിയമപോരാട്ടം നടത്താനും സാഹചര്യം ഉണ്ടാകണമല്ലോ.

(ലേഖകൻ ഐഐടി മദ്രാസിലെ ഗവേഷകനും എഴുത്തുകാരനുമാണ്)