രാഷ്ട്രീയ ഹിന്ദുത്വം: വിഷയം സാമ്പത്തികമാണ്, പരിഹാരവും സാമ്പത്തികമായിരിക്കണം

ഡോ.അന്‍വര്‍ ഷെരീഫ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തുന്ന വിഭാഗീയ ഇടപെടലുകള്‍ക്കും ഒരു വര്‍ഷം മുമ്പ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന്റെ മകന്‍ കനിഷ്‌ക് തരൂര്‍ എഴുതിയ ആ ലേഖനത്തില്‍ കോണ്‍ഗ്രസിന് ഇന്ത്യയില്‍ രക്ഷപെടണമെങ്കില്‍ ഒരേ ഒരു പോംവഴിയേ ഉള്ളു എന്ന് അടിവരയിടുന്നു. തത്വാധിഷ്ഠിതമായ ഒരു ഇടതുപക്ഷ സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റത്തിന് മാത്രമെ ഇന്ത്യയിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനാവു എന്നദ്ദേഹം പറയുന്നു.

സാര്‍വ ദേശീയ സംഭവവികാസങ്ങളെ വിശദമായി പ്രതിപാദിച്ചു കൊണ്ട് ഇടതു സാമ്പത്തിക നയം ശരിയായി നടപ്പിലാക്കുക മാത്രമാണ് ഇന്ത്യയിലെ കോണ്‍ഗ്രസിനുള്ള ഏക പോംവഴിയെന്നും ഇക്കാര്യത്തില്‍ മധ്യഇടതുനയം പോലും ഫലപ്രദമാകില്ലെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

(A principled economic left turn could right the Congress shipþAugust 26,2017)
ഒരു മാര്‍ക്സിസ്റ്റ് അല്ലാതിരുന്നിട്ടു കൂടി അനുഭവസമ്പത്തില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിച്ച് അവതരിപ്പിക്കുകയാണ് ലേഖകന്‍ ചെയ്തത്. വിഭാഗീയതയുടെ വിത്തുപാകി രാജ്യം മുഴുവന്‍ പടര്‍ന്നു കയറുന്ന ബിജെപിയെ ചെറുക്കാന്‍ ശരിയായ സാമ്പത്തിക നയങ്ങള്‍ക്കേ കഴിയു എന്നാണ് ലേഖകന്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറുന്ന “അസ്തിത്വ പ്രശ്ന”ത്തില്‍ നിന്ന് രക്ഷപെടാന്‍ ബദല്‍ ഹിന്ദുത്വവാദങ്ങള്‍ കൊണ്ടാവില്ലെന്നും അദ്ദേഹം പറയാതെ പറയുന്നു.

സാമ്പത്തിക നയങ്ങളിലൂടെയായിരിക്കണം രാഷ്ട്രീയ ഹിന്ദുത്വത്തെ നേരിടേണ്ടതെന്ന തികച്ചും പ്രായോഗികമായ വസ്തുത നമ്മുടെ എത്ര ഇടതു നേതാക്കള്‍ക്ക് നിശ്ചയമുണ്ട് എന്നതൊരു വലിയ ചോദ്യമാണ്. അതുകൊണ്ടാണ് കേരളത്തിലെമ്പാടും നവോത്ഥാന സദസുകള്‍ വിളിച്ചുകൂട്ടി മലയാളിയുടെ ഓര്‍മ്മയെ തിരുത്തുന്ന പണിയിലാണിലിപ്പോള്‍ സിപിഎം ഏര്‍പ്പെട്ടിരിക്കുന്നത്. വില്ലുവണ്ടി സമരം, ചാന്നാര്‍ ലഹള, വൈക്കം സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം, ഗുരുവായൂര്‍ സത്യഗ്രഹം, മാറുമറയ്ക്കാനുള്ള സമരം തുടങ്ങിയ ചരിത്രസംഭവങ്ങളെ കേരളീയരുടെ മുമ്പില്‍ തുറന്നു വെച്ചാല്‍ ആളുകള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു കിട്ടുമെന്നാണ് പാര്‍ട്ടി കരുതുന്നതെന്ന് തോന്നും.

യഥാര്‍ത്ഥത്തില്‍ ഇതൊരു മാര്‍ക്സിസ്റ്റ് സമീപനമാണോ? അല്ല, കാരണം കേരളീയ നവോത്ഥാനം ജന്മി നാടുവാഴിത്തത്തിനെതിരും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ളതും ആയിരുന്നു. ഇന്ന് സ്ഥിതി മാറി. ജന്മി നാടുവാഴിത്തം ഇന്നില്ല. നാം കൈവരിച്ചു പോന്നിട്ടുള്ള നവോത്ഥാന മൂല്യങ്ങളെ ഇന്ന് അട്ടിമറിക്കുന്നത് മൂലധന താത്പര്യങ്ങളാണ്. അതുകൊണ്ട് തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ ഫിനാന്‍സ് മൂലധന വിരുദ്ധമായി നവോത്ഥാനത്തെ വികസിപ്പിക്കേണ്ടതുണ്ട്. അതിന് ശാസ്ത്രീയമായ ഒരു ഇടതു സാമ്പത്തിക പരിപാടി മുന്നോട്ട് വെയ്ക്കാന്‍ ഇടത് പക്ഷത്തിനാവണം. അതില്ലാതെ പഴമ്പുരാണം പറഞ്ഞ് കാര്യങ്ങളെ നേരെയാക്കാമെന്ന ധാരണ മൗഢ്യമാണ്. അഥവാ അത് മാര്‍ക്സിസ്റ്റ് സമീപനവുമല്ല.

ആര്‍ എസ് എസ് ഫാസിസ്റ്റാണോ അല്ലയോ എന്ന തര്‍ക്കത്തിന് 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ശരിയായ ഒരു നിലപാടിലെത്തിയത് തന്നെ വളരെ പണിപ്പെട്ടിട്ടാണ്. കേരള നേതൃത്വവും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ആര്‍ എസ് എസും ബിജെപി സര്‍ക്കാരും സമഗ്രാധിപത്യ പ്രവണതയുള്ളത് മാത്രമാണെന്നും ഫാസിസ്റ്റ് പാര്‍ട്ടി അല്ലെന്നുമുള്ള നിലപാടിലായിരുന്നു. രാജ്യത്തെ മൂര്‍ത്ത സാഹചര്യം ഇത്തരം ഒരാശയത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്നതു കൊണ്ടാണ് ഏറ്റവും പ്രബലമായ കേരള ഘടകത്തിന്റേയും അഖിലേന്ത്യ നേതൃത്വത്തിലെ ശക്തമായ ഒരു വിഭാഗത്തിന്റെയും ഈ നിഗമനം പാര്‍ട്ടി കോണ്‍ഗ്രസ് തള്ളിക്കളഞ്ഞത്.

ഫാസിസം ഒരു മതവിശ്വാസത്തിന്റെയോ, വര്‍ഗീയതയുടെയോ, വിദ്യാഭ്യാസമില്ലായ്മയുടെയോ പ്രശ്നമല്ല. മറിച്ച് അത് ഫിനാന്‍സ് ക്യാപ്പിറ്റലിന് സാക്ഷാത്കാര പ്രതിസന്ധി നേരിടുമ്പോള്‍ അതിലെ ഒരു വിഭാഗത്തിന് സംഭവിക്കുന്ന അക്രമോത്സുകതയാണ്. പ്രശ്നം സാമ്പത്തികമാണ്. പരിഹാരവും അതില്‍ ഊന്നിയുള്ളതായിരിക്കണം.

ധനമൂലധനത്തിന്റെ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ഫാസിസ്റ്റ് അപായത്തെ കുറിച്ച് മാര്‍ക്സിസ്റ്റുകള്‍ മനസ്സിലാക്കുക. ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന തന്റെ പേപ്പര്‍ ജോര്‍ജ് മിഖായിലോവിച്ച് ദിമിത്രോവ് തുടങ്ങുന്നത് തന്നെ സാമ്പത്തിക വ്യവസ്ഥകള്‍ക്ക് ഫാസിസത്തെ കുറിച്ചുള്ള മുന്നറിയിപ്പോടെയാണ്. ഫാസിസത്തിനെതിരായ ചെറുത്തു നില്‍പ്പിനെ കുറിച്ച് കമ്മ്യൂണിസത്തിന്റെ ആധികാരിക രേഖയാണ് ദിമിത്രോവ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്. ഭരണകൂടവും മൂലധന ശക്തികളും കൂടുതല്‍ കൂടുതല്‍ കൊള്ളയടിക്കാനായി ഫാസിസ്റ്റ് പാത തിരഞ്ഞെടുക്കുന്നതെങ്ങിനെയെന്നും അത് ജനജീവിതത്തെ എത്രകണ്ട് ഭയപ്പെടുത്തുമെന്നും ഇതില്‍ അദ്ദേഹം പറഞ്ഞു വെയ്ക്കുന്നു.

കനിഷ്‌ക് തരൂരിന്റെ ലേഖനത്തിലേക്ക് തന്നെ മടങ്ങിയാല്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഫിനാന്‍സ് മൂലധന നയ നടത്തിപ്പുകാരാണെങ്കിലും ഇതിന്റെ അടുത്ത ഘട്ടം കൂടുതല്‍ കര്‍ഷക-തൊഴില്‍-തൊഴിലാളി വിരുദ്ധവും അതിജിവനം തന്നെ അപകടപ്പെടുത്തുന്നതുമായിരിക്കും. ഫിനാന്‍സ് ക്യാപിറ്റലിന് വേണ്ടി ഇത് നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് എന്ന ബൂര്‍ഷ്വാ മതേതര ജനാധിപത്യ പാര്‍ട്ടിക്കാവില്ല. മറിച്ച് ഹിന്ദു വര്‍ഗീയതയെ ഇളക്കി വിടാന്‍ പര്യപ്തമായ ആര്‍ എസ് എസ്/ ബിജെപി യ്ക്കാണ് കഴിയുക. അതിനാല്‍ തന്നെ വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസിനെ മൂലധന ശക്തികള്‍ക്ക് ഇനി ആവശ്യമില്ല. അത് ബിജെപിയ്ക്കാണ് നിര്‍വഹിക്കാനാവുക എന്നതു കൊണ്ടാണത്.

ശബരിമല ഒറ്റപ്പെട്ട സംഭവമല്ല

ശബരിമലയിലേക്ക് വന്നാല്‍,രാജ്യത്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാണാം. ശബരിമലയിലെ സ്ത്രീപ്രവേശനം മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റ് പല പ്രശ്നങ്ങളും ജനങ്ങളില്‍ ഭീതിയും വിഭാഗീയതയും ഉണ്ടാക്കാനായി ഉയര്‍ന്നു വരുന്നുണ്ട്. അസമില്‍ പൗരത്വ പ്രശ്നം, ത്രിപുരയില്‍ ട്രൈബല്‍-നോണ്‍ ട്രൈബല്‍ വിഷയങ്ങള്‍, ഗുജറാത്തിലെ ബിഹാറില്‍ നിന്നുള്ള തൊഴിലാളികളുടെ പ്രശ്നം, മഹാരാഷ്ട്രയിലെ മണ്ണിന്റെ മക്കള്‍ വാദം, അയോദ്ധ്യ, കശ്മീര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്ന പ്രചരിപ്പിച്ച് മറ്റ് ദേശങ്ങളില്‍ നിന്ന് വരുന്നവരെ കൂട്ടത്തോടെ ആക്രമിക്കുന്ന സംഭവപരമ്പരകള്‍ ഇങ്ങനെ വിവിധ വിഷയങ്ങള്‍.

കേരളത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവിധിയുമായി ബന്ധപ്പെട്ട് ഒരു പുതിയ പരീക്ഷണത്തിന് സംഘപരിവാര്‍ തുടക്കമിട്ട് കഴിഞ്ഞു. ഇതരസംസ്ഥാനങ്ങളിലേതു പോലെ തന്നെ ഈ വിഷയത്തെയും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേരിടാന്‍ ഇടതുപക്ഷ നിലപാടിലൂന്നിയുള്ള സാമ്പത്തിക പരിപാടിയിലൂടെ മാത്രമെ കഴിയു. ഭരണമുണ്ടായിട്ടു കൂടിയും വലതുപക്ഷ നിലപാടുകളാണ് സര്‍ക്കാരിന് പഥ്യം. പ്രളയക്കെടുതി നേരിടാന്‍ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചത് ബഹുരാഷ്ട്ര കമ്പനിയായ കെപിഎംജി യെയാണ്.

ജിഎസ്ടി വന്നപ്പോള്‍ കേരളത്തിന് ലാഭകരമാകുമെന്ന ന്യായവാദമുയര്‍ത്തി, പിന്താങ്ങുകയായിരുന്നു ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥ് നിയമിക്കപ്പെട്ടതും ഇക്കാരണം കൊണ്ടു തന്നെ. ദേശീയതലത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള തൊഴിലാളി-കര്‍ഷക സമരങ്ങളെ ഫലപ്രദമായി നയിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് മുന്നേറാനും ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനും കഴിയു. ശബരിമല എന്ന ഒറ്റപ്പെട്ട പ്രശ്നത്തിന് പരിഹാരം തേടുകയല്ല മറിച്ച് ഇത്തരം പ്രതിലോമ ചിന്തകള്‍ വിളയാത്ത മണ്ണായി കേരളത്തെ മാറ്റിയെടുക്കുകയാണ് വേണ്ടത്. ന്യായമായ ആവശ്യത്തിന് വേണ്ടി സമരം ചെയ്ത തോട്ടം തൊഴിലാളികളെ പെമ്പിളൈ ഒരുമൈ എന്ന സംഘടനയുണ്ടാക്കേണ്ട ഗതികേടിലേക്ക് തള്ളി വിടുമ്പോള്‍, നഴ്സുമാരുടെ സമരത്തോട് മുഖം തിരിക്കുമ്പോള്‍, ക്ഷേത്രപ്രവേശന വിളംബരത്തെ കുറിച്ച് ബോധവത്കരണം നടത്തി ശബരിമലയിലെ സംഘപരിവാരങ്ങളെ നേരിടാനാവില്ല.

കടുത്ത തൊഴില്‍ ചൂഷണം സമസ്തമേഖലയിലും നില നില്‍ക്കുമ്പോള്‍ അതൊഴിച്ച് ബാക്കി സമൂഹത്തില്‍ മതേതരത്വവും സംസ്‌കാരവും പൂത്തുലയുന്ന ഒരു സ്വപ്നലോകം സാധ്യമല്ല. വര്‍ഗീയ ഫാസിസത്തിനെതിരെ, സാമ്പത്തിക അടിത്തറയെ പറ്റി പരിശോധിക്കാതെ അതിനെതിരായ ബദല്‍ ഇക്കണോമിക് പരിപാടി മുന്നോട്ട് വെയ്ക്കാതെ, നവോത്ഥാന ഓര്‍മ്മപ്പെരുന്നാളുകള്‍ മാത്രം നടത്തി വര്‍ഗീയ ഫാസിസം അഴിച്ചുവിടുന്ന അപായകരമായ വര്‍ഗീയ ഭ്രാന്തിനെ തോല്‍പ്പിക്കാനാവില്ല.

കാലിക പ്രസക്തി നിലനില്ക്കുന്നതിനാല്‍ 2018 നവമ്പറില്‍ കൊടുത്ത “ശബരിമല: നവോത്ഥാന തിരുനാളുകളല്ല വേണ്ടത്, അത് മാര്‍ക്‌സിസവുമല്ല” എന്ന ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു