ഇരിപ്പ് അവകാശമാകുന്നു, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇനി ‘നടു നിവര്‍ത്താം’

Gambinos Ad
ript>

ആര്യ പത്മ

Gambinos Ad

തുണിക്കടകളില്‍ ആകര്‍ഷകമായ വസ്ത്രങ്ങളണിഞ്ഞ് നില്‍ക്കുന്ന ബൊമ്മകള്‍ ‘മാന്‍ക്വിനുകള്‍’ എന്നാണ് അറിയപ്പെടുന്നത്. ചുളിവില്ലാത്ത സാരിയില്‍ ചിരിയൊട്ടും മായാതെ എത്രനേരം വേണമെങ്കിലും നമുക്ക് മുന്നില്‍ വസ്ത്രങ്ങള്‍ നിരത്തുന്ന സെയില്‍സ് ഗേള്‍സിനെ ‘ചലിക്കുന്ന മാന്‍ക്വിനു’കളെന്ന് വിളിക്കുന്നതില്‍ അതിശയോക്തിയില്ല. തൊഴില്‍ സുരക്ഷയോ സാമൂഹ്യ സുരക്ഷയോ ഇല്ലാതെ പന്ത്രണ്ട് മണിക്കൂറിലധികം നിന്ന നില്‍പ്പില്‍ ജോലി ചെയ്യുന്ന ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ കേരളം അഭിമുഖീകരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. കുടുംബപ്രാരാബ്ധങ്ങളുടെ അച്ചുതണ്ടില്‍ തങ്ങളുടെ മനസിന്റേയും ശരീരത്തിന്റേയും വേദനകളെ മറന്ന് നമുക്കു മുന്നില്‍ നില്‍ക്കുന്ന അവരുടെ മായാത്ത ചിരിക്ക് ഇനി തിളക്കമേറും.

തുണിക്കടകളില്‍ തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം നിയമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഭരണകൂടവും നീതിന്യായവ്യവസ്ഥയും അതിനുള്ള നിയമനിര്‍മാണം നടത്തണമെന്നതും നമുക്കറിവുള്ള കാര്യങ്ങളാണ്. എന്നാല്‍ ഈ നിയമനിര്‍മാണ ഭേദഗതി നിലവില്‍ വരുമ്പോള്‍ ചില ചോദ്യങ്ങളാണുയരുന്നത്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയുള്ള ഇന്ത്യയില്‍ ഇരിക്കാന്‍ ഒരാള്‍ക്ക് പ്രത്യേക നിയമത്തിന്റെ പിന്‍ബലം ആവശ്യമുണ്ടോ? ഭരണഘടനയില്‍ അനുശാസിക്കുന്ന പ്രകാരം സ്വാതന്ത്ര്യം മൗലികാവകാശമായിട്ടുള്ള ഇന്ത്യന്‍ പൗരന് ഇരിക്കാനും നടക്കാനും കിടക്കാനുമൊക്കെ സ്വാതന്ത്ര്യമില്ലേ?

തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടേണ്ടവരാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടേണ്ടവയാണെന്നുമുള്ള പൊതുബോധമാണ് മുതലാളിത്തത്തിന് കരുത്തേകുന്നത്. രാജ്യ പുരോഗതിയ്ക്കെന്ന പേരില്‍ സ്വന്തം കീശ വീര്‍പ്പിക്കാനായി മുതലാളിത്ത കുത്തകകളോട് കൈകോര്‍ക്കുന്ന ഏതൊരു ഭരണകൂടത്തിനും തൊഴിലാളികള്‍ ശത്രുക്കളാകുന്നു. അതുകൊണ്ടാണ് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും സംരക്ഷണം നല്‍കേണ്ട ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് തൊഴിലാളികള്‍ക്ക് സമരങ്ങള്‍ ചെയ്യേണ്ടി വരുന്നത്. എന്നാല്‍ സംഘടിത പ്രവര്‍ത്തനത്തിലൂടെയും പതറാത്ത സമരവീര്യത്തിലൂടെയും തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുത്തിട്ടുണ്ടെന്നതാണ് ചരിത്രം.

മറ്റേതു തൊഴിലാളി സമരത്തില്‍ നിന്നും ഇരിപ്പു സമരം വ്യത്യസ്തമാകുന്നത് അത് ഉന്നയിക്കുന്ന പ്രശ്നം നിയമങ്ങള്‍ക്കുമപ്പുറം മനുഷന്റെ നിലനില്‍പ്പിന് തന്നെ അപകടപ്പെടുത്തുന്നത്  എന്നതിനാലാണ്. രാവിലെ മുതല്‍ രാത്രി വരെ ഒരേ നില്‍പ്പില്‍ നിന്നിട്ടാണ് തുണിക്കടകളിലെ തൊഴിലാളികള്‍ പണിയെടുക്കുന്നത്. ഒറ്റ മുറി കട മുതല്‍ നാലും അഞ്ചും നിലകളുള്ള കെട്ടിടങ്ങളില്‍ വരെ സ്ഥിതി വ്യത്യസ്തമല്ല. സ്ത്രീകളാണ് തുണിക്കടകളില്‍ തൊഴിലെടുക്കുന്നവരിലേറെയും. പുരുഷന്‍മാരേക്കാള്‍ കുറവ് ശമ്പളം, സ്ത്രീ ശരീരത്തിലുടക്കുന്ന കണ്ണുകളുടെ കച്ചവട തന്ത്രം, ലൈംഗിക ചൂഷണങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഈ രംഗത്തെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. ആര്‍ത്തവ കാലഘട്ടത്തില്‍ പോലും ഒരു നിമിഷം ഇരിക്കാനാവാതെ എത്രയോ പേരാണ് കഷ്ടപ്പെടുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലും മിക്ക വ്യാപാര സ്ഥാപനങ്ങളിലുമില്ല. ദിവസക്കൂലി നിരക്കിലും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണമൊന്നും ലേബര്‍ വകുപ്പിന്റെ രേഖകളില്‍ പോലുമില്ല.

മിക്ക തുണിക്കടകളിലും സ്ത്രീകളെ സെയ്ല്‍സ് തൊഴിലാളികളാക്കുന്നതിന് പിന്നില്‍ സ്ത്രീ വിരുദ്ധമായ ലിംഗ വിവേചനമുണ്ടെന്നത് വ്യക്തമാണ്. എന്നാല് ഈ കടകളില്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് തസ്തികകളില്‍ പുരുഷന്‍മാരാണ് കൂടുതലും. തൊഴിലിടങ്ങളില്‍ ‘സ്ത്രീകളെ അടക്കി നിര്‍ത്താനും ഭരിക്കാനുമുള്ള’ തങ്ങളുടെ ‘അവകാശ’ത്തെ ഇക്കൂട്ടര്‍ നന്നായി ഉപയോഗിക്കുന്നുമുണ്ട്. ലിംഗ സമത്വം പോയിട്ട് ലിംഗനീതി പോലും സ്ത്രീകള്‍ക്ക് ഈയിടങ്ങളില്‍ ലഭിക്കുന്നില്ലെന്ന് സാരം.

ഇത്തരം സമരങ്ങള്‍ വിജയിക്കുമ്പോഴും പുനഃപരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ സമരങ്ങള്‍ക്കൊന്നും പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ തൊഴിലാളി സംഘടനകളുടെയോ പൊതുസമൂഹത്തിന്റെയോ പൂര്‍ണ പിന്തുണ കിട്ടിയിട്ടില്ല. രണ്ടു പ്രധാന കാരണങ്ങളാണ് ഇവയ്ക്കു പിന്നിലുള്ളത്. ഒന്നാമത്, കോര്‍പ്പറേറ്റ് കുത്തകകളുടെ ഊഷരഭൂമിയില്‍ താന്‍ കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന മധ്യവര്‍ഗ നിശബ്ദത. മറ്റൊരു പ്രധാന പ്രശ്‌നം ഭൂരിഭാഗം തൊഴിലിടങ്ങളും ആണിടങ്ങളാണ് എന്നതാണ്. തൊഴിലിടങ്ങള്‍ മാത്രമല്ല, പുരുഷ കേന്ദ്രീകൃതമായ ഈ സമൂഹമുള്‍പ്പെടെ ഇത്തരം സമരങ്ങളെ രണ്ടാം തരമെന്നാണ് കണക്കാക്കുന്നത്.

കല്യാണ്‍ സില്‍ക്സ്, സീമാസ് എന്നിവിടങ്ങളിലെ സ്ത്രീകള്‍ ഇരിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ സമരം, എറണാകുളം ഇന്‍ഫോപാര്‍ക്കിലെ ടിസിഎസ് ജീവനക്കാര്‍ നടത്തിയ സമരം തുടങ്ങി കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന സമരങ്ങള്‍ പരിശോധിച്ചാല്‍ ഈ വിവേചനം വ്യക്തമാകും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ വന്നപ്പോഴാണ് കേരളത്തിലെ ആദ്യത്തെ വനിതാ ട്രേഡ് യൂണിയനായ അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഇരിപ്പു സമരം നടത്തിയത്.

കാക്കനാട് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസ്മ റബര്‍ എന്ന സ്വകാര്യ സ്ഥാപനത്തില്‍ സ്ത്രീജീവനക്കാരെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധന നടത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. ശുചിമുറിയില്‍ ഉപേക്ഷിച്ച സാനിട്ടറി നാപ്കിന്റെ ഉടമയെ കണ്ടെത്തുന്നതിനായിരുന്നു സ്ത്രീ ജീവനക്കാരെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധന നടത്തിയത്. ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ ചില മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ-തൊഴിലാളി പ്രസ്ഥാനങ്ങളും പ്രതികരിക്കാന്‍ തയ്യാറായില്ല. തൃശൂര്‍ കല്യാണ്‍ സില്‍ക്‌സില്‍ നടന്ന ഇരിപ്പു സമരം 90 ദിവസത്തിനടുത്തെത്താന്‍ കാരണവും ഈ വിവേചനം കൊണ്ടു തന്നെയാണ്. സ്ത്രീകളുടെതു മാത്രം പ്രശ്‌നമായി ഇത്തരം സമരങ്ങള്‍ ഒതുങ്ങുകയും ബാക്കിയുള്ളവര്‍ കാഴ്ച്ചക്കാരായി മാറി നില്‍ക്കുകയും ചെയ്യുകയാണ്. സമരമുഖത്തേക്ക് വരുന്ന സ്ത്രീകളോട് അസഹിഷ്ണതയോടെയാണ് സമൂഹവും ഇടപെടുന്നത്.

1960ലെ കേരള കടകളും സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പുവരുത്തുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ പീഡനങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥിതികളും ബില്ലിലുണ്ട്. ലിംഗനീതിയെയും ലിംഗസമത്വത്തേയും കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും തൊഴില്‍കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക നിയമ സംവിധാനത്തിന്റെ ആവശ്യമുണ്ടാവുകയാണ് ഈ സമൂഹത്തിന്.

1955 ഡിസംബര്‍ ഒന്നിന് അമേരിക്കയിലെ മോണ്ട് ഗോമറിയില്‍ ബസില്‍ കറുത്തവര്‍ക്കും ഇരിക്കാനുള്ള അവകാശത്തിനുവേണ്ടി റോസാ പാര്‍ക്സ് എന്ന സ്ത്രീ വാദിച്ചതും പിന്നീടത് ലോകം കണ്ട വലിയ പ്രക്ഷോഭങ്ങളിലൊന്നായി മാറിയതും ചരിത്രം രേഖപ്പെടുത്തിയതാണ്. സമരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം അവകാശ ധ്വംസനം ചെറുക്കപ്പെടേണ്ടതാണ്. നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്. കോര്‍പ്പറേറ്റ് കുത്തകകളുടെ അഹങ്കാരത്തിനു മുന്നില്‍ ഇരിപ്പുറയ്ക്കാതെ നില്‍ക്കേണ്ടി വന്നേക്കാം. പക്ഷേ, അവകാശങ്ങള്‍ ആരെങ്കിലും കനിഞ്ഞു നല്‍കേണ്ടതല്ല എന്ന ബോധത്തോടെ അതിനെതിരെ ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്. മനുഷ്യാവകാശസംരക്ഷണത്തില്‍ രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ ഈ നിയമത്തെ പൊളിച്ചെഴുതാന്‍ കേരള സര്‍ക്കാരിനാകട്ടെ.