ഇന്ത്യയിലെ മതസ്വാതന്ത്ര്യവും  ക്രൈസ്തവ ന്യൂനപക്ഷവും

സാമൂഹിക സഹിഷ്ണുത, മാധ്യമങ്ങളോടുള്ള സമീപനം, മതന്യൂനപക്ഷങ്ങളോടുള്ള നിലപാട്  തുടങ്ങിയ വിഷയങ്ങളുടെയെല്ലാം അപഗ്രഥനത്തിൽ  ഫ്രീഡം ഹൗസിന്റെ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും കീഴോട്ടാണ്. മാർച്ച് 19-ന്  ഝാൻസി റെയിവേ സ്റ്റേഷനിൽ നടന്ന സംഭവവും ഈ സ്ഥിതിവിശേഷത്തെ സാധൂകരിക്കുന്നു. സേക്രഡ് ഹാർട്ട് സന്യാസസഭയിലെ അംഗങ്ങളായ രണ്ടു കന്യാസ്ത്രീകളും സന്യാസാർത്ഥികളായ രണ്ടു പെൺകുട്ടികളും ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് മതപരിവർത്തനത്തിനു ശ്രമിക്കുകയാണെന്ന ആരോപണം ഉന്നയിക്കപ്പെടുന്നത്.  എബിവിപി, ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവരോട് ഐഡന്റിറ്റി കാർഡ് ആവശ്യപ്പെടുകയും നിരന്തരമായി ചോദ്യം ചെയ്യലിനിരകളായാക്കി അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

തങ്ങൾ ക്രൈസ്തവര്‍ തന്നെയാണെന്നും കന്യാസ്ത്രീകളാകാൻ പരിശീലനം നേടുന്നവരാണെന്നും പറഞ്ഞിട്ടും വകവെയ്ക്കാത്ത സംഘം പൊലീസിനെ വരുത്തി ഇവരെ ട്രെയിനിൽ നിന്നും ബലമായിറക്കി  സ്റ്റേഷനിലെത്തിക്കുകയും ചെയ്യുകയായിരുന്നു. ബിഷപ്‌സ് ഹൗസ് ഇടപെട്ടതിനെ തുടർന്ന് പിറ്റേന്നു രാവിലെയാണ് ഇവരെ വിട്ടയച്ചത്. ദൂരയാത്ര ചെയ്യുന്ന നാലു സ്ത്രീകളോട് ഒരു സംഘം പുരുഷന്മാരും പൊലീസുകാരും ഇടപെട്ട രീതികൾ ഭയമുളവാക്കുന്നതു തന്നെയാണ്. ഒരു തെറ്റും ചെയ്യാത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ചോദ്യം ചെയ്യുകയും  കസ്റ്റഡിയിൽ വെയ്ക്കുകയും ചെയ്യുകയായിരുന്നു എന്ന്  കേരളാ കാത്തലിക് ബിഷപ്പ് സ് കോൺഫറൻസ് പറഞ്ഞു. കേരളത്തിൽ തിരഞ്ഞെടുപ്പു പര്യടനത്തിലായിരുന്ന  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട്  മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തുമെന്ന് ഉറപ്പു ലഭിക്കുകയുണ്ടായിട്ടുണ്ട്.

യുപി യിലെ മതപരിവർത്തന നിരോധന നിയമം ഉദ്ധരിച്ചു കൊണ്ട് സ്ത്രീകളെ വിരട്ടുകയായിരുന്നു എബിവിപി-ബജ്‌റംഗ്ദൾ പ്രവർത്തകർ. കഴിഞ്ഞ കുറെ വർഷങ്ങളായി ഇക്കൂട്ടർ പലയിടങ്ങളിലും അനാവശ്യമായി ഇടപെടുന്ന പ്രവണത വളരെ വർദ്ധിച്ചിരിക്കുന്നതു കാണാം. സമൂഹ വികസനത്തിന് യാതൊരു ഗുണവും ചെയ്യാത്ത ഇത്തരം “ജാഗ്രതകൾ” സൂക്ഷ്മതയോടെ  ഏറ്റെടുക്കുക മൂലം നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടാമെന്നും അഭിമതപ്പട്ടികയിൽ സ്ഥാനം പിടിക്കാമെന്നും മറ്റുമുള്ള ധൈര്യമാണ് ഇവരെ എന്തിനും പ്രേരിപ്പിക്കുന്നത്.  ഇതൊന്നും ഇവിടെ പുതിയ കാര്യമല്ല.  2019-ൽ “പേഴ്സിക്യൂഷൻ റിലീഫ്” ഇപ്രകാരം എഴുതിയിരുന്നു. ” ഞായറാഴ്ച കുർബാനയ്ക്കും ഗാർഹിക പ്രാർത്ഥനകൾക്കും മറ്റുമായി നടത്തപ്പെടുന്ന  ക്രിസ്തീയ കൂട്ടായ്മകൾ പലപ്പോഴും ഭീഷണിയുടെ നിഴലിലാകാറുണ്ട്. പാസ്റ്റർമാരും സഭാംഗങ്ങളും മതമൗലികവാദികളാൽ  മർദ്ദിക്കപ്പെടുകയും കാലുകൾ തകർക്കപ്പെടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.  ചില ചർച്ചുകൾ തകർക്കുകയും തീവെയ്ക്കുകയും ചെയ്തതിനു ശഷം മതപരിവർത്തനത്തിന് എതിരായുണ്ടായ ജനരോഷമാണെന്നു വരുത്തിത്തീർക്കുകയും അക്രമിക്കപ്പെട്ടവർ തന്നെ  ജയിലിൽ പോകേണ്ട അവസ്ഥ വരെയും  വന്നിട്ടുള്ളത് അപലപനീയമാണ്.

മുസ്ലിങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളോളം ക്രൈസ്തവ ന്യൂനപക്ഷത്തിനോടുള്ള ക്രൂരതകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നാണ് ഫ്രീഡം ഹൌസ് നിരീക്ഷിക്കുന്നത്. അവർക്കെതിരെയുള്ള അക്രമങ്ങൾ 1990- കളിലാണ് ആരംഭിക്കുന്നത്. ഗ്രഹാം സ്റ്റെയിൻസ് എന്ന ഓസ്ട്രേലിയൻ പാസ്റ്ററെയും ഫിലിപ്പ്, തിമോത്തി എന്നീ  രണ്ടു മക്കളെയും കാറിനുള്ളിലിട്ട് തീവെച്ചു കൊന്ന സംഭവമാണ് അതിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ചത്. കുഷ്ഠരോഗ വിമുക്തികേന്ദ്രത്തിന്റെ മറവിൽ ഹിന്ദുക്കളെ കൂട്ടമായി മതമേറ്റുകയാണെന്ന് ആരോപിച്ചായിരുന്നു ബജ്‌റംഗ്ദൾ പ്രവർത്തകനായ ധാരാസിംഗ് എന്ന രാജേന്ദ്രപാലിന്റെ നേതൃത്വത്തിൽ ലോകത്തെ നടുക്കിയ ആ പാതകം അരങ്ങേറിയത്.

അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലും ലാൽ കൃഷ്ണ അദ്വാനി ആഭ്യന്തരമന്ത്രിയുമായി  എൻഡിഎ കേന്ദ്രം ഭരിക്കുന്ന സമയമായിരുന്നു അത്. അദ്വാനിയുടെ ആദ്യപ്രതികരണം ഈ കൂട്ടക്കുരുതിയിൽ  ബജ്‌രംഗ്ദളിനു പങ്കില്ലെന്നും അവരെ തനിക്ക് നന്നായി്ട്ട അറിയാമെന്നുമായിരുന്നു. “ഇരുട്ടിന്റെ  ശക്തികളുടെ പ്രവൃത്തി” എന്ന്  രാഷ്ട്രപതി കെ. ആർ നാരായണന്റെ  പ്രസ്താവന വന്നതിനു ശേഷം സർക്കാർ  മുരളീ മനോഹർ ജോഷി, ജോർജ്ജ് ഫെർണാണ്ടസ്, നവീൻ പട്നായിക് എന്നിവരടങ്ങുന്ന ഒരന്വേഷണക്കമ്മീഷനെ നിയോഗിക്കുകയും അന്വേഷണം നടത്തിയ കമ്മീഷൻ പ്രസ്തുത സംഭവത്തെ ” എൻഡിഎ ഗവണ്മെന്റിനെ ശിഥിലമാക്കാനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമായി അരങ്ങേറിയ സംഭവം എന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു ! എന്നാൽ ആഭ്യന്തരകാര്യാലയം  നിയോഗിച്ച വാദ്ധ്വാ കമ്മീഷൻ കുറ്റവാളിയായ ധാരാസിംഗ് വനവാസി കല്യാൺ ആശ്രമും വിശ്വഹിന്ദു പരിഷത്തും പോലെയുള്ള സംഘടനകളിലുംകൂടി  പ്രവർത്തിക്കുന്നയാളാണെന്നും ഗ്രഹാം സ്റ്റെയിൻസ് കുഷ്ഠരോഗ വിമുക്തിക്കായി പ്രവർത്തിച്ചിരുന്ന പ്രദേശങ്ങളിൽ ക്രിസ്ത്യൻ ജനസംഖ്യ വർദ്ധിച്ചിട്ടില്ല എന്നും റിപ്പോർട്ട് നൽകി.

പിന്നീട് പലപ്പോഴായി ഗുജറാത്തിലെ ഡാങ്ങിലും  ആന്ധ്രയിലെ ജബുവയിലും ഒറീസയിലുമെല്ലാം ക്രിസ്തീയ വിരുദ്ധ ആക്രമങ്ങൾക്ക് നമ്മൾ സാക്ഷികളാകേണ്ടി വന്നു.  എല്ലാ വർഷവും ക്രിസ്മസ് ആഘോഷത്തോടടുത്ത് ആസൂത്രണം ചെയ്ത അക്രമങ്ങളിൽ ഏറ്റവും വലുത് നൂറോളം ക്രിസ്ത്യാനികൾ കൂട്ടക്കൊല ചെയ്യപ്പെടുകയും നൂറുകണക്കിനായ പള്ളികൾ തകർക്കപ്പെടുകയും ആയിരത്തിലധികമാളുകൾ ഭവനരഹിതരാകുകയും ചെയ്ത   കാണ്ഡമാലിലാണ്. റിട്ടയേർഡ് ചീഫ് ജസ്റ്റീസ് ആയ എ പി  ഷാ നേതൃത്വം കൊടുത്ത നാഷണൽ പീപ്പിൾസ് ട്രിബ്യുണൽ ” കാണ്ഡമാലിൽ നടന്നത് രാജ്യത്തെ ലോകത്തിനുമുന്നിൽ അങ്ങേയറ്റം നാണം കെടുത്തിയ സംഭവമാണ്. മാനവികതയെ വികൃതമാക്കിയ സംഭവം. അതിജീവിച്ചവർ പോലും ഭീഷണിക്കു വിധേയരാകുകയും സുരക്ഷിതത്വവും നീതിയും നിഷേധിക്കപ്പെടുകയും ചെയ്യുകയാണ്.

വിദേശത്തു നിന്നും ക്രിസ്ത്യൻ മിഷനറിമാർക്ക്  ഭീമമായ ഫണ്ട് വന്നു ചേരുന്നുണ്ടെന്നും അതുപയോഗിച്ച് വഞ്ചനാപരമായും പ്രലോഭനത്തിൽ കൂടിയും ഹിന്ദുക്കളെ കൂട്ടമായി മതം മാറ്റുകയുമാണ് എന്ന പ്രചണ്ഡമായ പ്രചാരണപരിപാടികൾ നടത്തപ്പെടുന്നുണ്ട്.  എന്നാൽ ഈ പ്രചരിപ്പിക്കപ്പെടുന്നതു പോലെ അതിന്റെ എല്ലാ ശാഖകളും അപ്രകാരമുള്ളവയല്ല.  അപൂർവ്വം ചില മതശാഖകൾക്ക് അങ്ങനെയൊരു ലക്ഷ്യമുണ്ടാകാം. എന്നാൽ എല്ലാത്തിനെയും ആ രീതിയിൽ മുദ്രയടിക്കുന്നതിലാണ് പ്രശ്നം. ഇന്ത്യയിലെ ക്രിസ്തീയ ചരിത്രം വളരെ പഴയതാണ്.  എ.ഡി. 52-ൽ തന്നെ ക്രിസ്തുശിഷ്യനായ സെന്‍റ് തോമസ് മലബാർ തീരത്തു വരികയും ചർച്ചുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീടു വന്ന പല മിഷനറിയും വിദൂരപ്രദേശങ്ങൾ തങ്ങളുടെ പ്രവർത്തനമേഖലയ്ക്കുകയുണ്ടായി. ഏറ്റവും പ്രധാനമായും അവരുടെ സംഭാവന ആരോഗ്യ -വിദ്യാഭ്യാസ മേഖലയായിരുന്നു. ഹിന്ദു നാഷണലിസത്തിന്റെ വക്താക്കളായ അദ്വാനിയും ജെയ്റ്റ്‌ലിയും അടക്കമുള്ള നിരവധി നേതാക്കൾ ക്രിസ്ത്യൻ മിഷൻ സ്‌കൂളുകളിൽ വിദ്യാഭ്യാസം നേടിയവരാണ്.

ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം ആദിവാസികളും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളും അധിവസിക്കുന്ന മേഖലയിൽ മിഷനറി നടത്തുന്ന ആരോഗ്യവിദ്യാഭ്യാസ പ്രവർത്തനങ്ങളെ തടയുക എന്നതാണ്. എൺപതുകൾ മുതൽ വനവാസി കല്യാൺ ആശ്രം ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഡാങ്ങിൽ അസീമാനന്ദയും ഒറീസയിൽ ലക്ഷ്മനാനന്ദയും മധ്യപ്രദേശിലെ ജബുവയിൽ ആസ്സാറാം ബാപ്പുവുമെല്ലാമാണ് പ്രവർത്തന മുഖങ്ങൾ. ഈ മേഖലകളിൽ ആദിവാസികളുടെ മതപരമായ അടയാളങ്ങളായി ശബരിയെയും ഹനുമാനെയുമാണവർ പ്രമോട്ട് ചെയ്യുകയും ക്രിസ്തീയ വിരുദ്ധതയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നത്.  കേന്ദ്രത്തിലെ അധികാരം നിലനിർത്തുന്നതിന് വിദ്വേഷത്തെ  ഏതെല്ലാം മേഖലകളിൽ ഏതെല്ലാം രൂപങ്ങളിൽ  വേരാഴ്ത്താം എന്നതിന്റെ പ്രയോഗമാണ് ഝാൻസി റെയിൽവേ സ്റ്റേഷനിലും കണ്ടത്.

– ഐഐടി മുംബൈയിലെ മുൻ സീനിയർ മെഡിക്കൽ ഓഫീസറും മനുഷ്യാവകാശ പ്രവർത്തകനുമായ ലേഖകൻ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.