മതേതരത്വം ഭാരതീയ പാരമ്പര്യത്തിന് ഭീഷണിയോ ? 

ഡോ: റാം പുനിയാനി

ബഹുതലങ്ങളിലൂടെ പടർന്നുപിടിച്ചതും സമഗ്രവുമായ പോരാട്ടങ്ങൾക്കും ഒടുവിലാണ് 1947 ഓഗസ്ററ് 15 –ാം തിയതി ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചത്. നമ്മുടെ ഭരണഘടനയുടെ  അടിസ്ഥാനം തന്നെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി ഇവയാണ്. മതേതരത്വത്തിന്റെ മൂല്യങ്ങൾ രൂഢമൂലമാണ് അതിൽ, പ്രത്യേകിച്ച് 14,19, 22, 25 ആർട്ടിക്കിളുകളിൽ. അത് ഏതൊരു മതത്തിൽ വിശ്വസിക്കാനും ആചരിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.

നാനാത്വത്തെയും ബഹുസ്വരതയെയും അംഗീകരിച്ചവരായിരുന്നു സർവ്വരും എന്ന് കരുതേണ്ട. ഭാരതത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യത്തെയും മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളെയും മാനിക്കുന്നില്ല എന്ന കാരണമുയർത്തി ഭരണഘടനയെ വർഗ്ഗീയശക്തികൾ തള്ളിപ്പറയുകയും ത്രിവർണ പതാകയെ പോലും അംഗീകരിക്കാതിരിക്കുകയും ചെയ്തു. ഇന്ത്യ റിപ്പബ്ലിക്കായി ഏഴു പതിറ്റാണ്ടുകൾ കഴിയുമ്പോൾ ഭരണഘടനയെ എതിർക്കുന്നവർ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി വീണ്ടും തലപൊക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഹിന്ദു ദേശീയവാദികൾ എന്ന് സ്വയം വിളിക്കുകയും അതേ സമയം തിരഞ്ഞടുപ്പ് നേരിടുമ്പോൾ ‘ഭരണഘടനയിൽ മതേതരത്വം എന്ന വാക്കുള്ളതു കൊണ്ടല്ല ഞങ്ങൾ മതേതരവാദികളായത്, മതേതരത്വം ഞങ്ങളുടെ രക്തത്തിലുണ്ട്, സർവ്വധർമ്മ സംഭവനയിലാണ് ഞങ്ങൾ വിശ്വസിക്കുന്നത് ‘ എന്നെല്ലാം അവകാശപ്പെടുകയും ചെയ്യുന്ന നരേന്ദ്രമോദിയെ പോലുള്ള ഉയർന്ന നേതാക്കളുണ്ട്.

മതേതര ആശയത്തെ അങ്ങേയറ്റം എതിർക്കുന്ന യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ പോലുള്ള വേറൊരു വിഭാഗമുണ്ട്. സമീപകാലത്ത് ഇദ്ദേഹം പ്രസ്താവിച്ചത് ഭാരതത്തിന് ലോകാംഗീകാരം നേടുന്നതിന് തടസ്സം നിൽക്കുന്നത് ഭാരതത്തിന്റെ പാരമ്പര്യത്തിന് ഭീഷണിയായി മാറിയ മതേതരത്വം ആണെന്നാണ്. മുമ്പൊരിക്കൽ യോഗി ഇറക്കിയ പ്രസ്താവന മതേതരത്വം എന്ന വാക്ക് വലിയൊരു നുണയാണെന്നും അത് പ്രചരിപ്പിച്ചവർ (കോൺഗ്രസിനെ ഉദ്ദേശിച്ച്) രാജ്യത്തോട് മാപ്പു പറയണമെന്നും ഒക്കെയാണ്.

ഇന്ത്യൻ ഭരണഘടനപ്രകാരം പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആദിത്യനാഥിന് അതിന്റെ അന്തർമൂല്യങ്ങളില്‍ ഒന്നിനെ നിരാകരിക്കുന്നതിൽ യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. ഇദ്ദേഹം സ്വയം ഗോരക്നാഥ് മഠത്തിന്റെ മുഖ്യപുരോഹിതനും പാർട്ടിയിലെ അപൂർവ്വം കഷായധാരികളിൽ ഒരാളുമാണ്.

സെക്കുലറിസം ഇന്ത്യയുടെ പാരമ്പര്യത്തിന് എങ്ങനെയാണ് തടസ്സമാകുന്നത് ? മതപാരമ്പര്യം, ഭാഷ, വംശം, ഭക്ഷണരീതി, വസ്ത്രം, ആരാധനാരീതി ഇവയിലെല്ലാം നാനാത്വമുള്ള ബഹുസ്വര പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഹിന്ദുമതത്തെ എടുത്താൽ തന്നെ അതിൽ എന്തെല്ലാം വൈവിദ്ധ്യങ്ങളുണ്ട്. ചാതുർവർണ്യത്തിലധിഷ്ഠിതമായ ബ്രാഹ്മണമതം മുതൽ തുല്യതയെ വിഭാവനം ചെയ്യുന്ന ഭക്തിപ്രസ്ഥാനം വരെ വലിയൊരു ശ്രേണിയുണ്ടതിൽ. ഈ വൈവിദ്ധ്യങ്ങൾ ഇന്ത്യയെ ലോകത്തിനു മുന്നിൽ മഹത്വപ്പെടുന്നതിന് തടസ്സമായോ ?

ഭാരതത്തിന്റെ വിലപ്പെട്ട സംഭാവനകൾ ലോകം എന്നും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ശ്രീബുദ്ധനെ പോലുള്ള തത്വജ്ഞാനികളുടെ സംഭാവനകൾ ലോകമാകെ, പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിൽ അംഗീകരിക്കപ്പെട്ടതാണ്. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി അതികായനായി വളർന്നത് നമ്മുടെ പാരമ്പര്യത്തില്‍ അധിഷ്ടിതമായ ആയുധരാഹിത്യവും സത്യാഗ്രഹവും ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള സമരത്തിലൂടെയാണ്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, നെൽസൻ മണ്ടേല തുടങ്ങിയ നിരവധി നേതാക്കൾ അവരുടെ സമരപഥങ്ങളിൽ ലക്‌ഷ്യം നേടുന്നതിനായി ഏറ്റെടുത്തത് ഗാന്ധിജി കാട്ടിക്കൊടുത്ത ഭാരതീയമായ ആ മാർഗ്ഗമാണ്. ഭാരതീയ തത്വശാസ്ത്രം ലോകത്തെ വിവിധതരത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

ലോകസംസ്കാരങ്ങളും വിഭിന്നതയും പരസ്പരം പഠിച്ചും അനുകരിച്ചുമാണ് മുന്നേറുന്നതെങ്കിലും ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും ഇന്ത്യ അതിന്റെ സ്ഥാനമലങ്കരിച്ചിട്ടുണ്ട്. ചേരിചേരാനയം എന്ന മഹത്തായ ആശയം ലോകത്തിനു സമ്മാനിച്ചത് നമ്മുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവാണ്. ലോകത്തിലെ നിരവധി രാജ്യങ്ങളാണ് അതിനു പിന്നിൽ അണിനിരന്നത്.

യോഗി ആദിത്യനാഥ്‌ പറഞ്ഞതിനു വിരുദ്ധമായി മതേതരമായൊരു സംസ്കാരം രാജ്യം നിലനിർത്തിയ ആദ്യ നാല്- അഞ്ചു പതിറ്റാണ്ടുകളിലാണ് നമ്മുടെ രാജ്യം വ്യവസായം , വിദ്യാഭ്യാസം, ജലസേചനം, ആണവോർജ്ജം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ മറ്റു രാജ്യങ്ങൾക്കൊപ്പം വിജയം കൈവരിച്ചത്. എന്നാൽ മതേതരസ്വഭാവം തിരസ്കരിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ രാജ്യപുരോഗതിയിലുണ്ടായ സ്തംഭനാവസ്ഥ നമുക്ക് കാണാൻ കഴിയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സെക്കുലറിസം എന്ന വാക്ക് ഉച്ചരിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല എന്നാണ് ഏറ്റവും വലിയ വർഗീയ പാർട്ടി ഇപ്പോൾ പറഞ്ഞ് അഹങ്കരിക്കുന്നത്.

സെക്കുലറിസം എന്ന വാക്ക് അടിയന്തരാവസ്ഥക്കാലത്ത് പരിഗണിക്കപ്പെട്ടില്ല എന്നും അതിനാലതിനെ പിൻവലിക്കണമെന്നും അതുപോലെ സെക്കുലറിസത്തിനാൽ ഭരണഘടനയാകെ ചോർന്നൊലിക്കുകയാണെന്നും മറ്റും വാദിക്കപ്പെടുന്നു. സ്റ്റെയ്റ്റിന് മതമില്ല എന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന ഇന്ത്യൻ മാതൃകയിലുള്ള മതേതരത്വം എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നതാണെന്നും വ്യക്തമാക്കുന്നുണ്ട്. കൂടാതെ അത് ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പു കൊടുക്കുന്നതാണ്. ഈ പ്രത്യേകത ഭൂരിപക്ഷ വിഭാഗത്തിനിടയിൽ ന്യൂനപക്ഷപ്രീണനം എന്ന നിലയിൽ പ്രചരിപ്പിക്കാൻ തത്പരകക്ഷികൾ ശ്രമിക്കുന്നു.

മതേതരത്തിന്റെ കുഴപ്പങ്ങളെ കുറിച്ച് വിലപിക്കുകയും ഹിന്ദുരാഷ്ട്രത്തിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്ന ആദിത്യനാഥ് ഭരണകക്ഷിക്കുള്ളിൽ ഒറ്റയ്ക്കല്ല. പലരുമിപ്പോൾ അഭിപ്രായങ്ങൾ മുന്നോട്ടു വെച്ചുകഴിഞ്ഞു. അനന്ദ്കുമാർ ഹെഗ്‌ഡെ എന്ന കേന്ദ്രമന്ത്രി ഒട്ടും മയമില്ലാതെയാണ് ബിജെപിക്ക് ഇപ്പോൾ അധികാരമുണ്ടെന്നും ഭരണഘടനയെ മാറ്റാൻ ആഗ്രഹിക്കുന്നു എന്നും തുറന്നടിച്ചത്. മുൻ സർസംഘചാലകായിരുന്ന സുദർശൻ പറഞ്ഞത് ഇന്ത്യൻ ഭരണഘടന പിന്തുടരുന്നത് പാശ്ചാത്യ സംസ്കാരമാണെന്നും അതുപേക്ഷിച്ച് ഹൈന്ദവഗ്രന്ഥങ്ങളെ ആധാരമാക്കി മറ്റൊരു ഭരണഘടന സൃഷ്ടിക്കണമെന്നുമൊക്കെയാണ്.

ഇവരുയർത്തിപ്പിടിക്കുന്ന മനുസ്മൃതിയെ എന്നപോലെ തന്നെ ലോകമെങ്ങുമുള്ള മതരാഷ്ട്രവാദികൾ അവരുടെ ഉച്ചനീചത്വനിയമങ്ങൾക്കു വിരുദ്ധമായ ഭരണഘടനകളെ എതിർക്കുന്നവരാണ്. വർഗ്ഗം, ജാതി, ലിംഗം ഇവയുടെ അടിസ്ഥാനത്തിൽ തട്ടുകൾ സൃഷ്ടിച്ച് പൂർവാധുനിക കാലത്തേതു പോലെ സമൂഹത്തെ മാറ്റാനാണ് താലിബാൻ, മുസ്ലിം ബ്രദർഹുഡ്, ബുദ്ധിസത്തിന്റെ പേരിൽ മ്യാന്മറിലും ശ്രീലങ്കയിലും പ്രവർത്തിക്കുന്നവർ ഇവരെല്ലാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

വംശീയശക്തികൾ പിടിമുറുക്കിയ പാകിസ്ഥാന്റെ ദുർഘടാവസ്ഥ നമ്മൾ കാണാതിരിക്കരുത്. അതിനൊരു സംഘടിത ഇസ്ലാമിക രാജ്യമായി നിലനിൽക്കാനോ ശാസ്ത്രം വിദ്യാഭ്യാസം ആരോഗ്യം വ്യവസായം ഈ മേഖലകളിൽ അഭിവൃദ്ധി പ്രാപിക്കാനോ കഴിയില്ല. വർഗ്ഗീയ മനസ്ഥിതികളെ തരണം ചെയ്യുകയും മതപരമായ ആഘോഷങ്ങൾക്കായി ചെലവിടുന്ന ധനം പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പോഷകാഹാരം തുടങ്ങിയ അവശ്യകാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയുമാണ് ഇന്ന് രാജ്യത്തിന്റെ ആവശ്യം.

ഐഐടി മുംബൈയിലെ മുൻ സീനിയർ മെഡിക്കൽ ഓഫീസറും മനുഷ്യാവകാശ പ്രവർത്തകനുമായ ലേഖകൻ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.