ജലീല്‍ പിണറായിക്ക് മാത്രം പ്രിയപ്പെട്ടവന്‍

പിണറായി വിജയന്‍ 1998 ല്‍ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്നില്ലങ്കില്‍ കെ ടി ജലീലിന് എത്താന്‍ കഴിയുന്ന പദവി പരമാവധി മലപ്പുറം ജില്ലാ പഞ്ചായത്തംഗമോ, അല്ലങ്കില്‍ കാലിക്കറ്റ് സര്‍വ്വകലാശാ സിന്‍ഡിക്കേറ്റംഗമോ ആയിരുന്നേനെ എന്ന് ലീഗിലെ അദ്ദേഹത്തിന്റ പഴയ സുഹൃത്തുക്കള്‍ പറയാറുണ്ട്. എന്നാല്‍ ചടയന്‍ ഗോവിന്ദന്റെ മരണശേഷം പിണറായി വിജയന്‍ സി പിഎം സംസ്ഥാന സെക്രട്ടറിയായതോടെ സി പി എമ്മില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ആ മാറ്റങ്ങളുടെ ഗൂണഭോക്താക്കളില്‍ പ്രമുഖനായിരുന്നു ഡോ കെ ടി ജലീല്‍.

മുസ്‌ളീം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത്് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിസ്ഥാനത്തിരുന്ന് കൊണ്ട് ലീഗിലെ സര്‍വ്വ ശക്തനായ പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കലാപത്തിന്റെ പേരിലാണ് ഡോ. കെ ടി ജലീല്‍ എന്ന ചരിത്രധ്യാപകന് മുസ്ലീം ലീഗ് വിടേണ്ടി വന്നത്. സുനാമി ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് എന്നൊക്കെ പറയുമെങ്കിലും പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തിനെതിരെ ഇ അഹമ്മദ് അടക്കമുള്ളവരുടെ പിന്തുണയോടെ കെ ടി ജലില്‍ നടത്തിയ കലാപമാണ് അദ്ദേഹത്തിന് ലീഗിന്റെ പുറത്തേക്കുള്ള വഴി തുറന്നത്.

ലീഗിന്റെ ആസ്ഥാന പണ്ഡിതനായ അബ്ദു സമദ് സമദാനിയപ്പോലെ തന്നെ സിമി ബന്ധമെന്ന ആരോപണം ലീഗില്‍ നില്‍ക്കുമ്പോഴേ കെ ടി ജലീലിനെതിരെയും ഉണ്ടായിരുന്നു. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി തന്റെ എതിരാളിയായി കെ ടി ജലീലിനെ കാണാന്‍ തുടങ്ങിയതോടെയാണ് ജലീലിന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടത്. ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട കെ ടി ജലീല്‍ 2006 ല്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിക്കതിരെ കുറ്റിപ്പുറത്ത് മല്‍സരിച്ചു. ആര്‍ക്കും വീഴ്ത്താനാവില്ലന്ന് കരുതിയ കുഞ്ഞാലിക്കുട്ടിയെ ജലീല്‍ വീഴ്തി.

1998 മുതല്‍ കേരളാ മുഖ്യമന്ത്രി പദം സ്വപ്‌നം കാണുന്നയാളായിരുന്നു പിണറായി വിജയന്‍. എന്നാല്‍ ആ കസേരയില്‍ പിണറായിയെ ഇരുത്തില്ലന്ന് നിര്‍ബന്ധബുദ്ധിയുള്ള ഒരാളുണ്ടായിരുന്നു, അത് മറ്റാരുമല്ല സി പി എമ്മിന്റ സ്ഥാപക നേതാവ് വി എസ് അച്യുതാനന്ദന്‍. അച്യുതാനന്ദനുമായുള്ള യുദ്ധത്തില്‍ പിണറായിയുടെ ട്രസ്റ്റഡ് ലഫ്റ്റനന്റായി ഒപ്പം നിന്നതോടെ ജലീലിന്റെ രാശി തെളിയാന്‍ തുടങ്ങി. പിണറായി നയിച്ച കേരളായാത്രയുടെ ശംഖുമുഖത്ത് നടന്ന സമാപനത്തില്‍ അച്യുതാനന്ദനെതിരെ അദ്ദേഹം പ്രയോഗിച്ച അല്ലാമാ ഇഖ്ബാലിന്റെ കവിത പോലും കെ ടി ജലീലിന്റെ സംഭാവനയായിരുന്നു. ബക്കറ്റിലെ വെളളത്തില്‍ തിരയടിക്കില്ല, കടലിലേ തിരയടിക്കൂ, കടലിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ തിര തിരയാവുകയുള്ളു, ഇതായിരുന്നു ആ കവിതാ ശകലം , ഒരു പക്ഷെ വി എസ് അച്യുതാനന്ദനെതിരെ പിണറായി വിജയന്‍ തന്റ ആയുഷ്‌കാലത്ത് ഉപയോഗിച്ച ഏറ്റവും മികച്ച വാചകവുമിതായിരിക്കും .

എന്ത് കൊണ്ടാണ് കെ ടി ജലീല്‍ പിണറായിക്ക് പ്രിയപ്പെട്ടവന്‍ ആയിത്തീര്‍ന്നത്. മലബാറിലെ മുസ്‌ളീം സമൂഹം സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ബാലികേറാമലയായിരുന്നു. 1967 ല്‍ മുസ്‌ളീം ലീഗിനെ കൂട്ടി ഇ എം എസ് കേരളത്തില്‍ സര്‍ക്കാരുണ്ടാക്കിയതിന് ശേഷം മലബാറിലെ മുസ്‌ളീം സമൂഹത്തിനെ കാര്യമായ തോതില്‍ ആകര്‍ഷിക്കാന്‍ സി പി എമ്മിന് കഴിഞ്ഞിരുന്നില്ല. ഷാബാനു കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ ഇ എം എസ് എടുത്ത നിലപാട് ആ വിടവ് കൂടുതല്‍ രൂക്ഷമാക്കിയിരുന്നു. 1980 ലെ നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് അറബി ഭാഷാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ആറ് യൂത്ത് ലീഗുകാര്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചതോടെ മലബാറിലെ മുസ്‌ളീം സമൂഹവും സി പി എമ്മും തമ്മില്‍ കൂടുതല്‍ അകന്നു. പിന്നീട് ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുണ്ടായ സംഭവവികാസങ്ങളാണ് അവരെ സി പി എമ്മിനോട് അല്‍പ്പമെങ്കിലും താല്‍പര്യമുണ്ടാക്കിയത്്.

1998 ല്‍ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം മുസ്‌ളീ ന്യുനപക്ഷത്തെ സി പി എമ്മിനോട് കൂടുതല്‍ അടുപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനെഞ്ഞു. അപ്പോഴാണ് കെ ടി ജലീലിനെ പോലൊരാളുടെ സാധ്യത പരിണിത പ്രജ്ഞനായ പിണറായി കണ്ടറിഞ്ഞത്്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റ ദിവസമാണ് എറണാകുളത്തെ ജോ ജോസഫ് സി പി എം ആകുന്നത്, എന്നിട്ടും അദ്ദേഹം മല്‍സരിച്ചത് പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലായിരുന്നു.

എന്നാല്‍ നാല് പ്രാവിശ്യം മല്‍സരിച്ചിട്ടും പിണറായി മന്ത്രി സഭയില്‍ മന്ത്രിയായിട്ടും കെ ടി ജലീല്‍ ഇന്നും സ്വതന്ത്രനായി തുടരുകയാണ്. പിണറായി വിജയന് പിന്നില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവധ മുസ്‌ളിം ഗ്രൂപ്പുകളെയും മത പണ്ഡിതരെയും ം അണി നിരത്തുക എന്ന ദൗത്യം അദ്ദേഹം നല്‍കിയത് കെ ടി ജലീലിനായിരുന്നു. കമ്യുണിസ്റ്റുകാരനായ ഒരു ജലീലിനെ യഥാസ്ഥിതിക മുസ്‌ളീം വിഭാഗങ്ങള്‍ അംഗീകരിക്കില്ലന്ന് അറിയാവുന്നത് കൊണ്ടാണ് ടി കെ ഹംസ മുതല്‍ ലോനപ്പന്‍ നമ്പാടനും വീണാ ജോര്‍ജ്ജിനും, ജോ ജോസഫിനും നല്‍കിയ അരിവാള്‍ ചുറ്റിക നക്ഷത്രം കെ ടി ജലീലിന് പിണറായി നല്‍കാതിരുന്നതും, മല്‍സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം ഇടതു സ്വതന്ത്രനായിരുന്നതും

കെ ടി ജലീലിനെ ഉപയോഗിച്ച് ലീഗിനെ മുട്ടുകുത്തിക്കാം എന്നായിരുന്നു പിണറായി കരുതിയതെങ്കിലും മുസ്‌ളീം ലീഗിന്റെ സുഭദ്രമായ അടിത്തറയില്‍ കാര്യമായ വിള്ളലുകളുണ്ടാക്കാന്‍ കെ ടി ജലീലിനും കഴിഞ്ഞില്ല. എങ്കിലും പിണറായി ഏല്‍പ്പിച്ച ദൗത്യം ജലീല്‍ ഭംഗിയായി നിറവേറ്റിക്കൊണ്ടിരുന്നു. മന്ത്രിയായപ്പോള്‍ ആദ്യം ന്യുനപക്ഷ വകുപ്പ് മാത്രമായിരുന്നു ജലീലിന്. പിന്നീട് രവീന്ദ്രനാഥില്‍ നിന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് കൂടി എടുത്ത് ജലീലിന് നല്‍കി. ജലീല്‍ വഴി സി പി എമ്മിന്റെ കയ്യിലെത്തിയ ലീഗിതര മുസ്‌ളീം സംഘടനകളെ തൃപ്തിപ്പെടുത്താനായിരുന്നു അത്.

ജലീല്‍ ആകട്ടെ പിണറായിയെ അല്ലാതെ ഒരാളെയും സി പിഎമ്മില്‍ മൈന്‍ഡ് ചെയ്തില്ല, സി പി എം സംസ്ഥാന കമ്മിറ്റിക്കൊന്നും ജലീലിന് മേല്‍ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ തനിക്ക് യാതൊരു അധികാരവുമില്ലാത്ത സര്‍വ്വകലാശാല വിഷയങ്ങളില്‍ തിരുമാനമെടുക്കാനും മാര്‍ക്ക് കൂട്ടിയിട്ട് നല്‍കി വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതും, സഹോദര പുത്രനെ ന്യുന പക്ഷ വികസന കോര്‍പ്പറേഷന്റെ ജനറല്‍മാനേജര്‍ ആക്കിയതുമെല്ലാം സി പി എമ്മിനുള്ളില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയങ്കിലും ജലീലിന് ആ പ്രതിഷേധത്തോടൊക്കെ പുല്ല് വിലയായിരുന്നു. കാരണം പിണറായിയേക്കാള്‍ വലുതല്ല സി പി എമ്മിലെ ഒരു കമ്മിറ്റിയെന്നും ജലീലിന് നന്നായി അറിയാമായിരുന്നു. ലോകായുക്തയില്‍ പ്രതി പക്ഷം കൊടുത്ത പരാതിയില്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവക്കേണ്ടിയും വന്നു

Read more

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആദ്യം മുതലെ ആരോപണ വിധേയനാണ് കെ ടി ജലീല്‍. ഇന്ന് സ്വപ്‌ന സുരേഷ് തന്റെ ആരോപണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. എന്നിട്ടും ശ്രീരാമകൃഷ്ണനു പോലും തോന്നുന്ന ഭയം ഇക്കാര്യത്തില്‍ ജലീലിനില്ല. ഇതിനെക്കാള്‍ വലിയ ആരോപണം വന്നാലും പിണറായി സി പി എമ്മില്‍ സര്‍വ്വ ശക്തനായിരിക്കുന്ന കാലത്തോളം കെ ടി ജലീലിനെ ആരും തൊടില്ല. അത് കൊണ്ട് സ്വപ്‌നയല്ല അതിനപ്പുറത്തുളളവള്‍ വന്നാലും ജലീല്‍ സഹിബിന്റെ മുന്നില്‍ ഒന്നുമല്ല. പിണറായി സി പി എമ്മില്‍ നിയാമക ശക്തിയായിരിക്കുന്നിടത്തോളം കാലം ഇ ഡിയും, സി ബി ഐയും എന്‍ ഐ എയും റോയും സി ഐ എ യും മൊസാദും ഒരുമിച്ച് വന്നാല്‍ പോലും
കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിന് പുല്ലാണ്. കാരണം ജലീല്‍ പിണറായിക്ക് മാത്രം പ്രിയപ്പെട്ടവനാണ്.