മോദിയില്‍ നിന്ന് യോഗിയിലേക്കുളള ദൂരം കുറയുന്നു.

ശ്രീകുമാര്‍ മനയില്‍

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ പൂര്‍ത്തിയായി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലങ്കില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഭരണം തന്നെ 2024 നു ശേഷവും ഇന്ദ്ര പ്രസ്ഥത്തിലുണ്ടാകാം. അതോടൊപ്പം തന്നെ നരേന്ദ്രമോദിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിനും സംഘപരിവാര്‍ ഉത്തരം കണ്ടെത്തുകയാണ്്. ആദ്യം തങ്ങള്‍ക്ക് അത്ര പഥ്യമല്ലാതിരുന്ന യോഗി ആദിത്യനാഥിനെ മോദിയുടെ പിന്‍ഗാമിയായി അംഗീകരിക്കേണ്ടി വരുമെന്ന അവസ്ഥയിലേക്കാണ് ആര്‍ എസ് എസ്്് നേതൃത്വം നീങ്ങുന്നത്്. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു വര്‍ഷം തികയുമ്പോഴേക്കും നരേന്ദ്രമോദിക്ക്് 75 വയസ് പൂര്‍ത്തിയാകും. ബി ജെ പി യെ സംബന്ധിച്ചിടത്തോളം അധികാരത്തില്‍ നിന്നൊഴിയേണ്ട പ്രായം. അതോടെ അടുത്ത പിന്‍ഗാമിയെയും കണ്ടുപിടിക്കേണ്ടി വരും. ആര്‍ എസ് എസുകാരനല്ലങ്കിലും ഹിന്ദുത്വ ആശയങ്ങളില്‍ മോദിയെ കടത്തിവെട്ടുന്നയാളാണ് യോഗി ആദിത്യ നാഥ്്. അപ്പോള്‍ തന്നെ സംഘപരിവാറിന്റെ ‘ നാച്ചുറല്‍ ചോയ്‌സ്’ മോദിക്ക്്് ശേഷം യോഗിയില്ലാതെ മറ്റാരാകാനാണ്.
ഉത്തര്‍പ്രദേശ് ഡല്‍ഹിയിലേക്കുള്ള പടിവാതിലാണെന്ന് അമിത്ഷാ പറഞ്ഞത് വെറുതെ അല്ല. ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പുകളിലും ബി ജെ പി നേതൃത്വം ഏറ്റവും ആഗ്രഹിച്ച വിജയം ഉത്തര്‍പ്രദേശിലെ തന്നെയായിരുന്നു. മറ്റ് നാല് സംസ്ഥാനങ്ങളില്‍ പരാജയമുണ്ടായാല്‍ പോലും അത് അവരെ കാര്യമായി ബാധിക്കില്ല. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലടക്കം ഉത്തര്‍പ്രദേശിലെ സീറ്റ് നിലയാണ് ബി ജെ പിക്ക് നിര്‍ണ്ണായകമാവുക. അത് കൊണ്ട് തന്നെ ഹിന്ദി ഹൃദയഭൂമി കൈവിട്ടാല്‍ തങ്ങളിലില്ലാതാവുമെന്ന് മറ്റാരെക്കാളും നന്നായി മോദിക്കും അമിത്ഷാക്കുമറിയാം. കര്‍ഷകപ്രക്ഷോഭവവും, ഹത്രാസ്- ലഖിംപൂര്‍ സംഭവങ്ങളും ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും അതൊന്നും കാര്യമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയില്ല. വികസനം, മികച്ച ക്രമസമാധാന നില, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങി മോദിയും യോഗിയും ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങളെല്ലാം ജനങ്ങളെ ആകര്‍ഷിച്ചുവെന്ന് തന്നെയാണ് ഉത്തര്‍പ്രദേശിലെ ബി ജെ പി വിജയം കാണിക്കുന്നത്. പ്രിയങ്കാഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ജനങ്ങളെ ആകര്‍ഷിക്കുകയും, ലഡ്കി ഹും ലഡ്‌സക്തിഹും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പുതിയ ചില പുത്തന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുകയും ചെയ്‌തെങ്കിലും വോട്ടിംഗില്‍ അതൊന്നും പ്രതിഫലിച്ചില്ല. ഒരു തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ എല്ലാം തന്നെ വോട്ടായി മാറില്ലന്ന തിരിച്ചറിവാണ് പ്രിയങ്ക നടത്തിയ പരീക്ഷണത്തില്‍ നിന്നും നമുക്ക് മനസിലാകുന്നത്്. ജാട്ട്- മുസ്‌ളീം- യാദവ സഖ്യം അഖിലേഷ് യാദവിനെ രക്ഷപ്പെടുത്തുമെന്ന സൂചന ബി ജെ പി വിരുദ്ധ രാഷ്ട്രീയ നിരീക്ഷകര്‍ ആദ്യമൊക്കെ തന്നിരുന്നെങ്കിലും അവസാനമായപ്പോഴും ബി ജെ പി തന്നെ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അവരും പറഞ്ഞു തുടങ്ങിയിരുന്നു. മായവതിയുടെ ബി എസ് പിയാകട്ടെ ബി ജെ പിക്ക് വേണ്ടി അരയും തലയും മുറുക്കിം രംഗത്തുണ്ടായിരുന്നു. ഒരു പക്ഷെ യു പിയില്‍ ബി ജ പിയുടെ ഐശ്വര്യം തന്നെ മായാവതിയാണെന്ന് പറയാം. ഇപ്പോഴും ഗണ്യമായൊരു വിഭാഗം ദളിത് വോട്ടുകളെ സ്വാധീനിക്കാന്‍ മായവതിക്ക് വലിയ കഴിവുണ്ട്. ദളിത് വിഭാഗങ്ങളെ ബി ജെ പി വിരുദ്ധ മതേതര സഖ്യത്തിലേക്ക് തള്ളിവിടാതിരിക്കുക എന്നതാണ് മോദിയും അമിത്ഷായും മായവതിയെ ഏല്‍പ്പിച്ച ജോലി. അവര്‍ അത് ഭംഗിയായി ചെയ്തു. അസീസുദ്ധീന്‍ ഒവൈസിയാകട്ടെ ബി ജെ പിക്കെതിരായ മുസ്‌ളീം വോട്ടുകളെ ചിതറിക്കാന്‍ കൊണ്ട് പിടിച്ച് ശ്രമിച്ചങ്കിലും വേല മനസിലിരിക്കട്ടെ എന്ന് പറഞ്ഞ് യു പി മുസ്‌ളീംങ്ങള്‍ ഒവൈസിയെ വന്ന വഴിയേ ഓടിച്ചുവിട്ടു. അത് കൊണ്ട് തന്നെ സമാജ് വാദി പാര്‍ട്ടിക്ക് പരാജയത്തിലും തലയുര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നരേന്ദ്രമോദി എടുത്ത തിരുമാനം മികച്ച രാഷ്ട്രീയ നീക്കമാണെന്ന് അന്നേ വിലയിരുത്തിയവരുണ്ട്്. യു പി തിരഞ്ഞെടുപ്പ് വരെ കര്‍ഷക സമരം നീണ്ടു പോയിരുന്നെങ്കില്‍ ഒരു പക്ഷെ ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് വലിയ തിരിച്ചടിയുണ്ടാകുമായിരുന്നു. ഇത് കണ്ടറിഞ്ഞ് മോദി നടത്തിയ നീക്കം ബി ജെ പിക്ക് വലിയ പിടിവള്ളിയായി. ആര്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം ഇനി ഇന്ത്യയുടെ ഭരണം കൈവിടണമെന്നാഗ്രഹമില്ല. നെഹ്‌റുകുടംബത്തില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസിനെ നയിക്കുന്ന കാലത്തോളം ഇന്ത്യയില്‍ സംഘപരിവാറിന് ഇനിയും സാധ്യതകളുണ്ടെന്നവര്‍ക്കറിയാം. ഇന്ത്യയുടെ പുതിയ തലമുറയുടെ സ്പന്ദനങ്ങള്‍ കൃത്യമായി മനസിലാക്കാനാനുള്ള കരുത്ത് ബി ജെ പിക്കുണ്ടെന്നത് മറന്ന് കൂടാ. അതോടൊപ്പം തന്നെ സുസ്ഥിര ഭരണം കാഴ്ചവയ്കാന്‍ തങ്ങള്‍ക്ക്് മാത്രമേ കഴിയു എന്നൊരു വാദവും അവര്‍ മുന്നോട്ട് വയകുന്നു. ഇന്ത്യന്‍ മിഡില്‍ ക്‌ളാസിനെ സംബന്ധിച്ചിടത്തോളം സുസ്ഥിര ഭരണം വികസനം എന്നിവ വളരെ ആകര്‍ഷണീയമായ മുദ്രാവാക്യങ്ങളാണ്. അത് നല്‍കാന്‍ ബി ജെ പിക്ക് കഴിയുന്നുവെന്ന് വന്നാല്‍ ഇന്ത്യയിലെ ഇടത്തരക്കാര്‍ ബി ജെ പിക്ക് പിന്നില്‍ അണി നിരക്കുമെന്ന് സൂചനയാണോ ഉത്തര്‍പ്രദേശ് നല്‍കുന്നത്് ? ഇത്തവണ ബി ജെ പിയെ സംബന്ധിച്ചിടത്തോളം വര്‍ഗീയതയും, ധ്രൂവീകരണവും മേമ്പൊടിയായിരുന്നു. വികസനവും ക്രമസമാധാനപാലനവും മുന്നോട്ട് വച്ചാണ് യോഗി കരുക്കള്‍ നീക്കിയത്്. അത് കൊണ്ട് തന്നെ ഉത്തര്‍പ്രദേശിലെ ബി ജെ പിയുടെ വിജയമെന്നത് ആധികാരികം തന്നെയാണ് എന്ന് പറയുന്നതില്‍ തെറ്റില്ല.

ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഒരോ തിരഞ്ഞെടുപ്പും കൈകാര്യം ചെയ്യുന്നത് ആര്‍ എസ് എസ് ആണ്. വോട്ടേഴ്‌സ് ലിസ്റ്റിലെ ഒരോ പേജിനും ഒരോ ആളെ വീതമാണ് അവര്‍ നിയോഗിക്കുന്നത്്. ഹിന്ദുത്വക്കും വര്‍ഗീയ ധ്രൂവീകരണത്തിനും പണമൊഴുക്കിനുമൊക്കെ അപ്പുറം അവരുടെ സംഘടനാ സ്ംവിധാനം വളരെ കൃത്യവും ശക്തവുമായി ചലിക്കുന്നത് കൊണ്ട് കൂടിയാണ് അവര്‍ വിജയിക്കുന്നത്്്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും എല്ലാ ജില്ലയിലും എല്ലാ ബൂത്തിലും അത്തരത്തില്‍ തിരഞ്ഞെടുപ്പ് മെഷനറി ചലിപ്പിക്കാന്‍ കഴിയുന്ന സംഘടനാ സംവിധാനം ആര്‍ എസ് എസിനുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസിനുണ്ടായിരുന്ന അതേ സംഘടനാ മികവാണ് ഇക്കാര്യത്തില്‍ ബി ജെ പി പുലര്‍ത്തുന്നത്്.

2017 ല്‍ ബിജെ പിയിലെ തന്നെ പലരുടെയും കണക്ക്കൂട്ടലുകള്‍ തെറ്റിച്ച് കൊണ്ടാണ് യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായത്്. .യു പി യിലെ പൗരി ഗര്‍വാള്‍ ജില്ലയിലെ പഞ്ചൂര് ഗ്രാമത്തില്‍ 1972 ല്‍ ജനിച്ച അജയ്‌മോഹന്‍ ബിഷ്ത് ആണ് പിന്നീട് യോഗി ആദിത്യനാഥായിമാറിയത്്. ഉത്തര്‍പ്രദേശിലെ പ്രമുഖ സന്യാസി സമൂഹമായ ഗോരഖ്പൂരിലെ ഗോരഖനാഥ് മഠത്തിലെ സന്്യാസി പരമ്പരയില്‍ അംഗമാകുന്നതോടെയാണ് അദ്ദേഹം സാമൂഹ്യരംഗത്ത് സജീവമാകുന്നത്. ഗൊരഖ് നാഥ് മഠാധിപതിയും ബി ജെ പിയുടെ എം പിയുമായിരുന്ന മഹന്ദ് അവൈദ്യനാഥിന്റെ പ്രിയ ശിഷ്യനായി മാറിയ ആദിത്യനാഥ് അഞ്ച് തവണയാണ് ഗൊരഖ് പൂരില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയത്്. 98 ല്‍ ആദ്യം ലോക്‌സഭയിലെത്തുമ്പോള്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതിയും ആദിത്യനാഥിനായിരുന്നു. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തോടുള്ള കുറ് തന്നെയാണ് ഔദ്യോഗികമായി ആര്‍ എസ് എസ് കാരനല്ലങ്കിലും ആദിത്യനാഥിനെ അവര്‍ക്ക് പ്രിയങ്കരനാക്കിയത്്. അമ്പത് വയസില്‍ താഴെയുള്ള യോഗിക്ക് ഉത്തര്‍പ്രദേശിന്റെ മുഖഛായമാറ്റാനുളള സമയവും കാലവുമുണ്ട് എന്ന് സംഘപരിവാര്‍ നേതൃത്വം 2017 ല്‍ തിരിച്ചറിഞ്ഞിരുന്നു. അത് കൊണ്ട് തന്നെയാണ് ഇനി കാല്‍നൂറ്റാണ്ട് കാലമെങ്കിലും യു പി യെ നയിക്കാന്‍ അവര്‍ യോഗി ആദിത്യനാഥിനെ നിയോഗിച്ചത്്
എന്ത് കൊണ്ട് മോദിയെ തളക്കാന്‍ കഴിയുന്നില്ല, പ്രതിപപക്ഷത്ത് മോദിയ പോലൊരു നേതാവില്ല എന്നതാണ് അതിന് കാരണം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മോദിയും ആര്‍ എസ് എസും ഉയര്‍ത്തിയത് വളരെ തന്ത്രപരമായാണ്. സംഘപരിവാറും, ആര്‍ എസ് എസും എക്കാലവും പ്രതിബന്ധമായി കണ്ടിരുന്നത് കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ മതേതര ആശയധാരയെയുമായിരുന്നു. അതിനെ ദുര്‍ബലപ്പെടുത്തുന്നതില്‍ ബി ജെ പി വിജയിച്ചുകഴിഞ്ഞു. അത് കൊണ്ട് തന്നെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ട എന്ന സൂചന തന്നെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നമ്മള്‍ക്ക് മുന്നില്‍ വയ്കുന്നത്്്. മോദിയില്‍ നിന്ന് യോഗിയിലേക്കുള്ള ദൂരം അനുദിനം കുറഞ്ഞ് വരികയാണ്.