മാഷിനെ തോല്‍പ്പിക്കാനാവില്ല മക്കളേ...

ആന ചത്താലും ജീവിച്ചാലുംപന്തീരായിരം എന്ന് പണ്ടൊരു ചൊല്ലുണ്ട്. അത് പോലെ തന്നെ കെ വി തോമസ് മാഷ് കോണ്‍ഗ്രസിലായാലും സി പിഎമ്മിലായാലും ഇനി നാളെ ബി ജെ പിയില്‍ പോയാലും നഷ്ടക്കച്ചവടത്തിന്റെ കണക്ക് പുള്ളിയുടെ കണക്ക് പുസ്തകത്തിലില്ല. മാഷ് എങ്ങിനെ വീണാലും നാലുകാലിലായിരിക്കുമെന്ന് കൊച്ചിക്കാര്‍ക്ക് കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി അറിയാം. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് വിട്ടതോടെ മാഷിന്റെ കാലം കഴിഞ്ഞുവെന്ന് അദ്ദേഹത്തെ അറിയുന്ന കൊച്ചിക്കാരാരും പറഞ്ഞതുമില്ല.

ഇനി കേരളത്തെ കെ വി തോമസ് മാഷ് ഡല്‍ഹിയില്‍ പ്രതിനിധീകരിക്കും. ചുമ്മാ പ്രതിനിധീകരിക്കുകയല്ല, കാബിനറ്റ് റാങ്കോടെയാണ് പുതിയ ദൗത്യം. നരേന്ദ്രമോദിയടക്കമുള്ള ബി ജെ പി നേതാക്കളെയെല്ലാം വരച്ച വരയില്‍ നിര്‍ത്തി കേന്ദ്ര പദ്ധതികളെ മുഴുന്‍ കേരളത്തിന്റെ മണ്ണില്‍ കൊണ്ടുവന്നു കെട്ടും. അങ്ങിനെ ഇന്ത്യാ സര്‍ക്കാരിന്റെ ഫണ്ടു മുഴുവന്‍ കേരളത്തിലേക്കൊഴുകും, അല്ലങ്കില്‍ മാഷ് ഒഴുക്കിക്കും. അതിന് നമ്മള്‍ ചെയ്യേണ്ടതോ ഒന്നരക്ഷം രൂപ ശമ്പളം, ടി എ , ഡി എ മറ്റു അലവന്‍സുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് നമ്മുടെ നികുതിപ്പണത്തില്‍ നിന്ന് മാസം ഒരു അഞ്ച് ആറ് ലക്ഷം രൂപ കെ വി തോമസ് മാഷിന്റെ അക്കൗണ്ടിലേക്ക് കൊടുക്കുക, പിന്നെ അദ്ദേഹത്തിന് അനുവദിക്കുന്ന പത്ത് സ്റ്റാഫിനുള്ള ശമ്പളം, അവരുടെ സൗകര്യങ്ങള്‍ എല്ലാം കൂടി മാസം പത്ത് പതിനഞ്ച് ലക്ഷം രൂപ വേറെ, മാത്രമോ ആ സ്റ്റാഫുകള്‍ രണ്ട് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അവര്‍ക്ക് ആജീവനാന്ത പെന്‍ഷനും. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു ഇരുപത് ഇരുപ്പത്തഞ്ച്് ലക്ഷം രൂപ മാസം തോമസ് മാഷിനു വേണ്ടി ചിലവാക്കാണം. ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ കേരളത്തിന് പൊരുതുന്ന മാഷിന് വേണ്ടി നമ്മള്‍ മലയാളികള്‍ ഇത്രയെങ്കിലുമൊക്കെ ചെയ്യേണ്ടെ.

1984 ലോക്‌സഭയിലേക്ക് ആദ്യം മല്‍സരിക്കുന്ന സമയത്ത് കെ വി തോമസ് എന്ന നേതാവിനെ എറണാകുളത്ത് കാര്യമായി ആരും അറിയില്ലായിരുന്നു. സേവ്യര്‍ അറക്കല്‍ എന്ന പ്രഗല്‍ഭനായ പാര്‍ലമെന്റംഗത്തോട് കെ കരുണാകരന് തോന്നിയ രസക്കേടാണ് കെ വി തോമസിന്റെ രാശി തെളിയിച്ചത്. മാത്രമല്ല അന്ന് ലീഡര്‍ മീന്‍കറി കൂട്ടിയേ ഉണ്ണുമായിരുന്നുള്ളു. തിരുത തേങ്ങാപ്പൊലൊഴിച്ചുവച്ചുണ്ടാക്കുന്ന കറിയുടെ രുചിയെപ്പറ്റി കുമ്പളങ്ങിക്കാരനായ തോമസ് മാഷിനോട് പ്രത്യേകിച്ചൊന്നും പറഞ്ഞു കൊടുക്കേണ്ടല്ലോ. ഏതായാലും ഇന്ദിരാഗാന്ധിയുടെ മരണം മൂലമുണ്ടായ സഹതാപ തംരംഗം കൂടിയയാപ്പോള്‍ 84 ല്‍ മാഷ് എറണാകുളത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചു. അന്ന് മുതല്‍ 2019 വരെ ഡല്‍ഹി തന്നെയായിരുന്നു മാഷിന്റെ തട്ടകം. ഡല്‍ഹിയില്‍ മാഷിന്റെ പാദ സ്പര്‍ശമേറ്റ് കോരിത്തരിക്കാത്ത ഊടുവഴികളോ, ഇടവഴികളോ, പൊതുവഴികളോ ഇല്ല. 1996 ല്‍ ഫ്രഞ്ച് ചാരവൃത്തിയാരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ലീഡറെ ഒട്ടിപ്പിടിച്ചു നിന്ന് കൊണ്ട് 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് നിന്ന് നിയമസഭയിലേക്ക് മല്‍രിച്ചു ജയിച്ചു. ആന്റെണിയോട് തല്ലുപിടിച്ച് ഉമ്മന്‍ചാണ്ടിക്ക് കൊടുക്കാന്‍ വച്ചിരുന്ന മന്ത്രി സ്ഥാനം കെ വി തോമസിന് ലീഡര്‍ മേടിച്ചു കൊടുക്കുകയും ചെയ്തു.

മന്ത്രിയായതോടെ കൂടി മാഷ് . കരുണാകരനെ പിന്നില്‍ നിന്ന് കുത്തി ആന്റെണിയുടെ ഗുഡ് ബുക്കില്‍ കയറി. അതോടൊപ്പം സോണിയാഗാന്ധിയുടെ വാസസ്ഥാനമായ നമ്പര്‍ 10 ജനപഥിലെ സ്ഥിരം കുറ്റിയാവുകയും ചെയ്തു. കേരളത്തില്‍ നിന്നും തിരുതയും ചെമ്മീനും പപ്പടവും കശുവണ്ടിപ്പരിപ്പുമൊക്കെ നമ്പര്‍ ടെന്‍ ജനപഥിലേക്ക് പ്രവഹിച്ചു തുടങ്ങി. അങ്ങിനെ 2009 ല്‍ ഹൈബി ഈഡനെ വെട്ടി ലോക്‌സഭാ സീറ്റും ഒപ്പിച്ചെടുത്തുവെന്ന് മാത്രമല്ല സോണിയയുടെയും, ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാപനപതിയുടെയും കാരുണ്യത്താല്‍ കേന്ദ്ര ഭക്ഷ്യവിതരണ സഹ മന്ത്രിയുമായി.

മന്ത്രി സ്ഥാനം കിട്ടുന്നത് കഞ്ഞിയും ചമ്മന്തിയും കഴിച്ചു നാട്ടുകാരെ നന്നാക്കാനല്ല എന്ന് മാഷിനോട് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ അങ്ങിനെ ആ അഞ്ചുവര്‍ഷം മാഷ് ‘ ക്രിയാത്മകമായി’ ഉപയോഗിച്ചു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാഷ് പറഞ്ഞ സ്ഥാനാര്‍ത്ഥിയെ ആണ് സി പിഎം മാഷിനെതിരെ നിര്‍ത്തിക്കൊടുത്തത് എന്ന ആരോപണംവരെയുണ്ടായി. ഏതായാലും 2019 ആയപ്പോള്‍ കളി മാറി. രമേശും ഉമ്മന്‍ചാണ്ടിയും ഒന്നിച്ചു കളിച്ചു മാഷിനെ മൂലക്കിരുത്തി. ഹൈബി ഈഡന്‍ എം പിയായി.

കോണ്‍ഗ്രസില്‍ തനിക്ക് സൂചികുത്താന്‍ സ്ഥലം ഇനി ലഭിക്കില്ലന്നു മനസിലായപ്പോള്‍ മാഷ് പതിയ കാലു മാറ്റിച്ചവിട്ടാന്‍ തുടങ്ങി.പിണറായി വിജയന് കെ വി തോസിനോട് വലിയ നന്ദിയുണ്ടെന്നതും ആ നന്ദി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും സി പി എമ്മിനുള്ളില്‍ തന്നെയുള്ളവരാണ് പറഞ്ഞു പരത്തിയത്. കെ പി സി സി യുടെ വിലക്കിനെ അതിലംഘിച്ച് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയ കെ വി തോമസ് മാഷ് പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും സി പിഎമ്മിനായി രംഗത്തിറങ്ങി. മാഷ് ഇറങ്ങിയത് കൊണ്ടു കൂടിയാകണം യുഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് പ്രതീക്ഷിച്ചതിലും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം കൂടുതല്‍ കിട്ടി.

ഏതായാലും ഒരു കാര്യം ഉറപ്പാണ്. മാഷിനെ തോല്‍പിക്കാനാകില്ല, തോറ്റുവെന്ന് നമ്മള്‍ കരുതിയിയാലും അതെല്ലാം വിജയത്തിലേക്കുള്ള ചവിട്ടു പടികളാക്കാന്‍ കുറുപ്പശേരി വര്‍ക്കി തോമസ് എന്ന കെ വി തോമസിനറിയാം. തേവര എസ് എച്ച് കോളജില്‍ മാഷ് പഠിപ്പിച്ചുകൊണ്ടിരുന്ന വിഷയം കെമിസ്ട്രിയായിരുന്നു. രാഷ്ട്രീയത്തിലും നേട്ടങ്ങള്‍ മാത്രമുണ്ടാക്കുന്നതിന് പിന്നിലുള്ള കെമിസ്ട്രിയും മാഷിന് നന്നായി അറിയാം.