ഇടതുപക്ഷവും 2021 നിയമസഭാ തിരഞ്ഞെടുപ്പും

രാധാകൃഷ്ണൻ പുത്തൻവീട്ടിൽ 

ഇക്കഴിഞ്ഞ ഏപ്രിൽ 6 നാണ് കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 2018 സെപ്റ്റംബർ 6-ന്  സുപ്രീംകോടതി പുറപ്പെടുവിച്ച ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച  വിധിന്യായത്തിനു ശേഷം പ്രസ്തുതവിഷയം തത്വദീക്ഷയില്ലാതെ കൈകാര്യം ചെയ്ത ബിജെപിയുടെയും കോൺഗ്രസിന്റെയും അദൃശ്യബാന്ധവം സൃഷ്ടിച്ച ( യുഡി എഫിന് മുൻ‌തൂക്കം ലഭിച്ച)    2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിനു  വിപരീതമായിട്ടാണ് ഇക്കുറി  ഫലം പ്രതീക്ഷിക്കുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി 4-1 ഭൂരിപക്ഷത്തോടെ കേരള ഹിന്ദു പൊതു ആരാധനാലയങ്ങൾ (പ്രവേശനത്തിനുള്ള അംഗീകാരം) ചട്ടങ്ങളിൽ ശബരിമലയിൽ 10 -നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനവിലക്ക് തിരുത്തിയെഴുതി. ബെഞ്ചിലെ ഏക വനിതയായിരുന്ന ജസ്റ്റീസ് ഇന്ദു മൽഹോത്രയ്ക്കു  മാത്രമാണ് വിയോജിപ്പുണ്ടായിരുന്നത്.

ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിൽ ദൈവം പോലും സുരക്ഷിതനല്ല എന്നു തോന്നിക്കുംവണ്ണം  സങ്കുചിതവും പുരുഷാധിപത്യപരവുമായ നീക്കങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുമുണ്ടാകുകയും ശബരിമല അയ്യപ്പൻറെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന പ്രചാരണഘോഷങ്ങള്‍ ഉയർത്തി സ്വന്തം വീട്ടിലിരിക്കുന്ന സ്ത്രീകളെ വരെ പുറത്തിറക്കി സമരകോലാഹലങ്ങള്‍ ഉയർത്തുന്നതുമായ തീർത്തും പരിഷ്കൃതബോധത്തിനു വിരുദ്ധവും  ലജ്ജാകരവുമായതെല്ലാം തെരുവുകളിൽ നമുക്ക് കാണേണ്ടി വന്നു.

മാതൃദായക്രമവും സ്ത്രീപിന്തുടർച്ചാ സമ്പ്രദായവും നിലനിന്നിരുന്ന കേരളത്തിൽപ്പോലും ഇന്ത്യയിലെ മറ്റെവിടെയും പോലെ സ്ത്രീകൾ വിധേയരായി കഴിഞ്ഞു കൂടുന്ന കാഴ്ചയാണ് അന്ന് തെരുവിൽ കണ്ടത്. ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ ശപഥമെടുത്ത മൂർത്തിയുടെ ബ്രഹ്മചര്യം ഭഞ്ജിക്കാനായി കാത്തിരിക്കുന്ന വിലോമപരിവേഷം കൊടുക്കപ്പെട്ട  ഒരു സ്ത്രീമൂർത്തിയെ  മാളികപ്പുറം എന്ന പേരിൽ കുടിയിരുത്തിയിരിക്കുന്നതിലെ സാംഗത്യമൊന്നും  മേൽപ്പറഞ്ഞ വിഭാഗം സ്ത്രീകളുടെ കണ്ണിൽപ്പെടുന്ന കാര്യമല്ല.

കോടതിവിധിക്ക് അപ്പുറത്തു നിൽക്കുന്ന മറ്റൊരു ഐച്ഛിക തീരുമാനമെടുക്കാൻ പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സർക്കാരിന് ഭരണഘടനാപരമായി സാദ്ധ്യമല്ല.  ഇതറിഞ്ഞു കൊണ്ടുതന്നെ കെട്ടിയിറക്കിയ രാഷ്ട്രീയ വഞ്ചനയാണ്  മൂർത്തിയുടെ ബ്രഹ്മചര്യാശാഠ്യക്കാരും അത്ര ശാഠ്യമില്ലാത്തവരും തമ്മിലുള്ള യുദ്ധമായി ശബരിമലയെ മാറ്റിയത്.

നാല്പത്തതൊന്നുദിവസം നീളുന്ന മണ്ഡലകാലത്ത് മല ചവിട്ടുന്ന ഒരാൾസ്വാമി എന്നും പലതവണ ചവിട്ടിയിട്ടുള്ളയാൾ ഗുരുസ്വാമി എന്നുമാണ് വിളിക്കപ്പെടുന്നത്.  എന്നാൽ ഭക്തവേഷമണിഞ്ഞ ചിലരുടെ ദുരുദ്ദേശ്യപരമായ ചുവടുമാറ്റം  ഐതിഹാസിക പരിവേഷമുള്ള ശബരിമലയെ പ്രശസ്തിയിൽ നിന്നും കുപ്രസിദ്ധിയിലേക്ക് നയിക്കുകയായിരുന്നു. മൂർത്തിയുടെ രക്ഷ  ന്യായാധിപന്മാരുടെ കൈയിൽ എന്ന് തോന്നിക്കുമാറ് ഇഴഞ്ഞുനീങ്ങിയ ഈ കേസിന്റെ വഴികൾ “പ്രഹേളികയിൽ പൊതിഞ്ഞ കടങ്കഥപോലെ” എന്ന  ചർച്ചിലിയൻ ഉദാഹരണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. പെറ്റീഷനുകളുടെയും റിവ്യൂ പെറ്റീഷനുകളുടെയും ബാഹുല്യം  2019 നവംബർ 14 ന്‌   ഏഴംഗ ബെഞ്ച് ഏറ്റെടുക്കുന്നതുവരെയും 2020 ജനുവരി 13 ന് ഒൻപതംഗ ബെഞ്ചായും ഇപ്പോഴൊരു അനിർണയ തലത്തിൽ എത്തപ്പെട്ടിരിക്കുകയാണ്.

ഞാനിവിടെ ഉദ്ദേശിക്കുന്ന കാര്യം പൂർണമായി  പ്രകാശിപ്പിക്കാൻ  സമയപരിമിതി മൂലം സാധിക്കാത്തതിനാൽ “കേരള പ്രതിഭാസം” എന്ന് ഞാനുദ്ദേശിക്കുന്നത് വിശദമായി ഗ്രഹിക്കാൻ 2018 മെയ് 13 ന് “ദി ഹിന്ദു” വിൽ എഴുതിയ “Kerala”s Development Paradox” എന്ന ലേഖനം വായിക്കാൻ മാന്യവായനക്കാരോട് അഭ്യർത്ഥിക്കുന്നു.

2017 ഏപ്രിലിൽ കേരള നിയമസഭയുടെ അറുപതാം വാർഷികം പിണറായി വിജയൻ നേതൃത്വം കൊടുത്ത ഇടതുപക്ഷ സർക്കാർ കൊണ്ടാടുകയുണ്ടായി. ആധുനിക കേരളത്തിന് അടിത്തറപാകിയ ഗവണ്മെന്റ് എന്ന നിലയിലും  ലോകത്താദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാർ  (1956 – ഇ എം എസ് മന്ത്രിസഭ)  എന്ന നിലയിലും  ആ ആദ്യ നിയമസഭയുടെ  നായകത്വം വളരെ പ്രാധാന്യമുള്ളതായിരുന്നു. ഏറെ സ്വൈര്യക്കേടുകൾ സഹിക്കേണ്ടിവന്ന ആ സർക്കാർ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെ ഉടച്ചുവാർക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്തു.

ആ ആദ്യമന്ത്രിസഭ അധികാരത്തിലേറുന്ന സമയത്ത്  അമർത്യാ സെൻ പറഞ്ഞതുപോലെ  ഭക്ഷണമില്ല വസ്ത്രമില്ല പുസ്തകമില്ല അങ്ങനെ നിരവധി ഇല്ലായ്മകളിൽ ജീവിക്കുന്ന മനുഷ്യർക്കിടയിലാണ് പിണറായി വിജയൻ എന്ന ബാലനും വളർന്നത്. ചാതുർവർണ്യ ജാതി വ്യവസ്ഥയിൽ കീഴ്ജാതിയായി  കണക്കാക്കപ്പെട്ടിരുന്ന അവനും അസ്പൃശ്യനായി അവഗണിക്കപ്പെടുകയും  ക്ലാസിനുപുറത്ത് നിൽക്കേണ്ടി വരികയും ചെയ്തിട്ടുണ്ടാകും, അവന്റെ സമപ്രായക്കാരിൽ നിന്നും ഒറ്റപ്പെട്ടിട്ടുണ്ടാകും.  പിൽക്കാല ജീവിതത്തിൽ  സാമൂഹ്യക്ഷേമത്തിനായി തന്റെ ജീവിതം ഉപയുക്തമാക്കിയത് ബാല്യത്തിൽ അനുഭവിക്കേണ്ടി വന്ന കാഠിന്യങ്ങളോടുള്ള പ്രതികരണമാകാം. ഈയാഴ്ച അവസാനിക്കുന്ന മന്ത്രിസഭയുടെ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹതിന്റെ പക്ഷത്തിനുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള  വിദ്യാസമ്പന്നരും  യുവാക്കളും  ആകാംക്ഷാഭരിതരാണ്.  ഭരണത്തുടർച്ച ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നതും.

നെഹ്രുവിയൻ കാലഘട്ടമായ അമ്പതുകളിനേക്കാൾ ഇന്ന് കമ്മ്യൂണിസം ഭ്രഷ്ട് കല്പിക്കപ്പെടേണ്ടതാണ് എന്ന് ഏകാധിപത്യവും  മതാധിപത്യവും സമ്മിശ്രമായ  സാങ്കൽപ്പിക രാമരാജ്യത്തിന്റെ ആരാധകരായ,  പ്രത്യേക മാനസികാവസ്ഥ പുലർത്തുന്ന ചില രാഷ്ട്രീയക്കാർ കരുതുന്നുണ്ട്. ഏകാധിപതിയെ പോലെ പെരുമാറുന്ന മോദിയുടെ പ്രചാരണക്കമ്പനികൾ നുണകളും കെട്ടുകഥകളും ചമച്ച് ഇടതുപക്ഷത്തിനെതിരെ  ഒരു വികാരം  ഡെൽഹിമുതൽ രക്തപങ്കിലമായ അയോദ്ധ്യ വരെ  സൃഷ്ടിച്ചു വെച്ചിട്ടുമുണ്ട്. ഇടതുപക്ഷമാകട്ടെ ഒന്നും നഷ്ടപ്പെടാനില്ലാത്ത യുദ്ധമായി ഇതിനെയെല്ലാം കാണുന്നു.

ഇടതുപക്ഷത്തിനെതിരായി കേന്ദ്രത്തിന്റെ ഗീബൽസിയൻ നുണപ്രചാരണം തുടരുമ്പോൾ  അധികമാളുകൾക്കൊന്നും  മനസ്സിലാകാത്ത ഗുജറാത്തി-ഹിന്ദിയിൽ അലറുന്ന മോദി-ഷാ അണികളെക്കാൾ രാഷ്ട്രീയമായും സാമൂഹികമായും കൂടുതൽ സംവേദനക്ഷമതയുള്ള  തങ്ങളുടെ യുവനിരകളെ സജ്ജരാക്കുന്നതിൽ  , രാഷ്ട്രീയ പ്രതിബദ്ധതയും  യുക്തിബോധവും കൈമുതലായുള്ള ഇടതുപക്ഷനേതാക്കൾ   ബഹുദൂരം മുന്നിലാണ്.

മോദിയെയും ബിജെപിയെയും കുറിച്ച് തീരുമാനമെടുക്കുന്നതിനുമ്പു തന്നെ  ഇടതുപക്ഷത്തിന്റെ ശ്ലാഖ്യമായ പല വശങ്ങളും പരിഗണിക്കേണ്ടതുണ്ട്. മഹാപ്രളയത്തിൽ  മത്സ്യത്തൊഴിലാളികൾ മുഖ്യപങ്കു വഹിച്ച തൊഴിലാളി സമൂഹത്തിന്റെയും  യുവജനങ്ങളുടെയും  സേവനം പ്രയോജനപ്പെടുത്തി എപ്രകാരം കേരളം അതിനെ പ്രതിരോധിച്ചു എന്നുള്ളത് പ്രചോദനാപൂർണമായിരുന്നു. കൂടാതെ നിപ്പാ പടർന്നുപിടിക്കുന്നതിനെ ഏറ്റവും ഫലപ്രദമായി തടഞ്ഞതും ഇപ്പോൾ കോവിഡ് കാലത്തെ കരുതലും പ്രധാനമാണ്. അന്യസംസ്ഥാനത്തു നിന്നും വന്നു പണിയെടുക്കുന്നവരെ “അതിഥി തൊഴിലാളികൾ” എന്ന് അഭിസംബോധന ചെയ്യാൻ കാട്ടിയ ഔന്നത്യം തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അഭിനന്ദിക്കുകയുണ്ടായി. യു എന്നും ലോകാരോഗ്യ സംഘടനയും അന്യസംസ്ഥാനങ്ങളെ ഉദാഹരണമാക്കി കൊണ്ട് ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. അവസാനമായി ഒന്നുകൂടി; ഊതിവീർപ്പിച്ച ബലൂണായ മോദി ആറുകൊല്ലത്തിനിടയിൽ ഒരു പത്രസമ്മേളനം മാത്രം വിളിച്ചപ്പോൾ തൊഴിലാളിവർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന ഒരു മുഖ്യമന്ത്രി ഏറ്റവും അഭിനന്ദനീയമായ നിലയിൽ പൊതുജനാരോഗ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്തതുമൂലം ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റുകയും അഭിനന്ദിക്കപ്പെടുകയും ചെയ്ത  തന്റെ സഹപ്രവർത്തകയായ ആരോഗ്യമന്ത്രിയോടൊപ്പം ദിവസേന പത്രസമ്മേളനത്തെ അഭിമുഖീകരിക്കുന്നു. പിണറായി വിജയനും ശ്രീമതി ശൈലജയും അവരുടെ സംഘവും ചെയ്തതെല്ലാം ചേർത്തു നോക്കുമ്പോൾ വായനക്കാർ നിങ്ങളെനോക്കി ലജ്ജിക്കും മോദി – അമിത് ഷാ.

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ മുൻ പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ. 

prk1949@gmail.com 

—————————————————–

സ്വതന്ത്ര വിവർത്തനം : സാലിഹ് റാവുത്തർ