കിഫ്ബി: കാണാച്ചരടുകള്‍ കൊണ്ടുണ്ടാക്കിയ ഊരാക്കുടക്ക്

മുന്‍ ധനകാര്യമന്ത്രി ഡോ. എം തോമസ് ഐസകിനെ വിളിച്ചുവരുത്തി വിവരം ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ് നോട്ടീസ് കൊടുക്കുകയും അതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയുമാണല്ലോ. കിഫ്ബിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിക്കാന്‍ ഇ ഡി നോട്ടീസ് കൊടുത്തിരിക്കുന്നത്. ഐസക് പ്രതിയല്ല സാക്ഷിയാണ് എന്നാണ് ഇ ഡി പറയുന്നത്. അതെല്ലാം അവിടെ നില്‍ക്കട്ടേ. നമുക്ക് കിഫ്ബിയെക്കുറിച്ച് അല്‍പ്പനേരം സംസാരിക്കാം

കേരള വികസനത്തിനായുള്ള ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി അഥവാ എസ് പി സി ആയാണ് കിഫ്ബി രൂപീകരിച്ചത്്. 1999 ല്‍ അന്നത്തെ ഇടതു സര്‍ക്കാരാണ് യഥാര്‍ത്ഥത്തില്‍ കിഫ്ബി അഥവാ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ബോര്‍ഡിന് പിന്നില്‍. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമുള്ള പണം ബഡ്ജറ്റിന് പുറത്ത് നിന്ന് കണ്ടെത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. എന്നാല്‍ എന്നാല്‍ 2016 വരെ ഈ സ്ഥാപനം മുടന്തി മുടന്തി മുന്നോട്ട് പോവുകയായിരുന്നു.

2016 ല്‍ ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ കിഫ്ബിയുടെ രൂപം മാറി. 1999ലെ കിഫ്ബി നിയമത്തില്‍ നടത്തിയ ഭേദഗതിയുടെ ഭാഗമായി നിയമസഭയോടു യാതൊരു ഉത്തരവാദിത്വമില്ലാത്തതും അക്കൗണ്ട് ജനറലിന്റെ പരിശോധാനാധികാരത്തിന് വെളിയിലുളളതുമായ ഒരു സ്ഥാപനമായി അത് മാറി. വേണമെങ്കില്‍ ഭരണഘടനാതീത സ്ഥാപനം എന്ന് പറയാം. അമ്പതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ അഞ്ച് വര്‍ഷം കൊണ്ട് നടത്തുമെന്നാണ്് മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യമന്ത്രി തോമസ് ഐസകും അന്ന് നിയമസഭയില്‍ പറഞ്ഞത്. ഇപ്പോള്‍ വര്‍ഷം ഏട്ടായി. കിഫ്ബി മൂലം കേരളത്തില്‍ എന്ത് നടന്നുവെന്നും, കിഫ്ബി എങ്ങിനെയാണ് കേരളത്തിന്റെ സമ്പദ്ഘടനയെ വലിയ ഊരാക്കുടുക്കില്‍ കൊണ്ട് ചെന്നത്തിച്ചതെന്നും ചെറുതായി ഒന്നു പരിശോധിക്കാം.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കാനെന്ന പേരില്‍ കിഫ്ബി മസാല ബോണ്ടിറക്കാന്‍ 2018 ല്‍ തിരുമാനിച്ചു. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ചിലാണ് 2150 കോടിയുടെ മസാല ബോണ്ട് വില്‍പ്പനക്ക് വച്ചത്. വിദേശത്ത് ഇറക്കുന്ന ബോണ്ടുകളില്‍ ഡോളര്‍ അല്ലങ്കില്‍ യൂറോ ആയിട്ടാണ് പണം കിട്ടുക . എന്നാല്‍ മസാല ബോണ്ടാകുമ്പോള്‍ ഇന്ത്യന്‍ രൂപയായിട്ട്് തന്നെ കയ്യില്‍ കിട്ടും. അത് കൊണ്ടാണ് ഇതിനെ മസാല ബോണ്ടെന്ന് വിളിക്കുന്നത്്. 9.72 ശതമാനം കൊള്ളപ്പലിശക്ക് ഈ ബോണ്ട് സി ഡി പി ക്യുവെന്ന കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് ഏജന്‍സിക്ക് വിറ്റു. ലാവ്‌ലിന്‍ കമ്പനിയില്‍ വലിയ വിഭാഗം ഷെയറുകള്‍ ഉള്ള കമ്പനിയാണ് സി ഡി പി ക്യു.

അഞ്ച് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി, അത് കഴിഞ്ഞാല്‍ 2150 കോടിയും അതിന്‍െ പലിശയായ 1045 കോടിയും കിഫ്ബി സി ഡി പി ക്യുവിന് കൊടുക്കണം. ഇനി കിഫ്ബി കോടുത്തില്ലങ്കിലോ കേരള സര്‍ക്കാര്‍ കൊടുക്കണം. കാരണം കിഫ്ബി ആരില്‍ നിന്ന് വാങ്ങുന്ന പണത്തിനും ജാമ്യം നില്‍ക്കുന്നത് കേരള സര്‍ക്കാരാണ്. മസാല ബോണ്ട് മാത്രമല്ല മറ്റ് പല ഏജന്‍സികളിലും നിന്നും കിഫ്ബി കടം വാങ്ങിയിട്ടുണ്ട്. അതിനും ജാമ്യം നില്‍ക്കുന്നത് കേരളാ സര്‍ക്കാരാണ്.

ഇനി എങ്ങിനെയാണ് കിഫ്ബി ഊരാക്കുടുക്കായതെന്നു വിശദമാക്കാം അഞ്ചു വര്‍ഷം കൊണ്ട് അമ്പതിനായിരം കോടിരൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും എന്നാണ് കിഫ്ബിയും തോമസ് ഐസകും പ്രഖ്യാപിച്ചത്്. എന്നാല്‍ കഴിഞ്ഞ ഏട്ടു വര്‍ഷമായിട്ടും കിഫ്ബിയില്‍ ആകെ നടന്നത് 20000 കോടിയുടെ പണികള്‍ മാത്രമാണ്. കിഫ്ബിയുടെ കയ്യില്‍ പലിശക്കെടുത്തതും സര്‍ക്കാര്‍ സഹായിച്ചതുമൊക്കെയായി ഉള്ളത് ആകെ 23000 കോടി അതില്‍ ഇരുപതിനായിരം കോടിയും ചിലവായി . ബാക്കിയുള്ളത് വെറും 3000 കോടി. നിലവില്‍ ഏറ്റെടുത്തേക്കുന്നത് എഴുപതിനായിരം കോടിയുടെ വര്‍ക്കുകളും. ബാക്കിയുള്ള പണം എവിടെ നിന്ന് കണ്ടെത്തന്നുമെന്ന് ആര്‍ക്കുമറിയില്ല.

കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. റോഡ് പാലങ്ങള്‍ സ്‌കൂളുകള്‍ എന്നിവ പണിയുമ്പോള്‍ അതില്‍ നിന്നും വരുമാനം ലഭിക്കുക വയ്യല്ലോ, അപ്പോള്‍ കിഫ്ബി പലിശക്കെടുത്ത ആയിരക്കണക്കിന് കോടി രൂപ എവിടെ നിന്ന് തിരിച്ചടക്കും. യഥാര്‍ത്ഥത്തില്‍ കേരള ഖജനാവിനെ ഊറ്റയിത് ഇതായിരുന്നു. എല്ലാ വര്‍ഷവും ബജറ്റിലൂടെ നല്‍കുന്ന മോട്ടോര്‍ വാഹന നികുതി, പെട്രോളിയം സെസ് എന്നിവയാണ് കിഫ്ബിയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍. ഒരു ലിറ്റര്‍ പെട്രോളിനും ഡീസലില്‍നിന്നും 1 രൂപ വീതമാണ് പെട്രോളിയം സെസ് ആയി കിഫ്ബിക്ക് ലഭിക്കുന്നത്. 2016-17 മുതല്‍ 2022 മെയ് 5 വരെ പെട്രോളിയം സെസ് എന്ന പേരില്‍ കിഫ്ബിക്ക് ലഭിച്ചത് 3022.76 കോടി രൂപയാണ്. മോട്ടോര്‍ വാഹന നികുതി ഇനത്തില്‍ ലഭിച്ചതാകട്ടെ 7374.31 കോടി രൂപയും. സംസ്ഥാന ഖജനാവിലേയ്ക്ക് വരേണ്ട ഈ പണം നേരെ പോകുന്നത് കിഫ്ബിയിലേക്കാണ്. ഇതോടെ സംസ്ഥാന ഖജനാവില്‍ പൂച്ച പെറ്റുകിടക്കാന്‍ തുടങ്ങി. കേന്ദ്രം കനിഞ്ഞാലേ ശമ്പളം കൊടുക്കാന്‍ കഴിയൂ എന്ന അവസ്ഥയിലെത്തി കേരളം പാപ്പരാകുന്നതിന്റെ വക്കിലുമെത്തി.

വിദേശ വായ്പകളെ അമിതമായി ആശ്രയിച്ചാല്‍ പലിശ കൊടുക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും അത് കൊണ്ട് തന്നെ ഇന്ത്യന്‍ ബാങ്കുകളുടെ കര്‍സോര്‍ഷ്യം രൂപീകരിച്ച് അവരില്‍ നിന്ന് കടമെടുത്താല്‍ കുറഞ്ഞ പലിശക്ക് റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെ തന്നെ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താമെന്നും ധനകാര്യ വിദഗ്ധരില്‍ ചിലര്‍ അന്നേ പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് വിദേശ ധനകാര്യ സ്ഥാപനങ്ങളെ അമിതമായി ആശ്രയിക്കണമെന്ന ബുദ്ധി പറഞ്ഞുകൊടുത്തത്്. എല്ലായിടത്ത് നിന്നും പണം കടം വാങ്ങുന്ന ഒരു യന്ത്രം പോലെയാണ് കിഫ്ബി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്്. പലിശ അടക്കുന്നതിലും മുതല്‍ തിരിച്ചിടക്കുന്നതിലും കിഫ്ബി വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ തന്നെ അതിനായി കിഫ്ബിക്ക് പണം നല്‍കേണ്ടി വരും. പല അക്കൗണ്ടുകളില്‍ നിന്ന് വകമാറ്റിയാലെ സര്‍ക്കാരിന് അത്തരത്തില്‍ പണം നല്‍കാന്‍ കഴിയൂ. അതോടെ തന്നെ ബഡ്ജ്റ്റില്‍ പ്രഖ്യാപിക്കുന്ന വികസനപ്രവര്‍ത്തനങ്ങളും സാമൂഹ്യ സുരക്ഷാ പദ്ധതികളും തകിടം മറിയും.

Read more

ചുരുക്കത്തില്‍ കിഫ്ബി കാണാച്ചരടുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ഊരാക്കുടക്കായി മാറുകയാണ് . ഇക്കണക്കിന് പോയാല്‍ കിഫ്ബിയുടെ പലിശ കൊടുത്ത് തീര്‍ക്കാനുള്ള ഉപകരണം മാത്രമായി സര്‍ക്കാര്‍ മാറും, അതോടെ കേരളം സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും