മസാല ബോണ്ടിൽ 'തോൽവി' ആവർത്തിച്ച് ചെന്നിത്തല

ജോർജ് ജോസഫ് പറവൂർ

ബഹുമാന്യനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിണിതപ്രജ്ഞനും ഭരണാനുഭവ സമ്പത്തുമുള്ള ഒരു നേതാവാണ്.  അദ്ദേഹം ഒരു പ്രസ്താവന നടത്തുമ്പോൾ അതിന് അതിന്റെതായ നിലവാരം പൊതുസമൂഹം പ്രതീക്ഷിക്കുക സ്വാഭാവികമാണല്ലോ. എന്നാൽ കിഫ്‌ബി ഇറക്കിയ മസാല ബോണ്ടുമായി ബന്ധപ്പെട്ട പ്രസ്താവന അദ്ദേഹത്തിന്റെ നിലവാരത്തിനും സ്ഥാനത്തിനും ഉടവ് തട്ടുന്നതായി എന്ന് പറയാതിരിക്കാൻ കഴിയില്ല. യുവമോർച്ചയുടെ ഒരു ചോട്ടാ നേതാവ് ഗൂഗിൾ ചെയ്ത് നടത്തിയ ചില ബാലിശ വർത്തമാനങ്ങൾ പ്രതിപക്ഷ നേതാവ് ഏറ്റെടുത്തത് അതിലേറെ നിലവാരമില്ലാത്തതായി പോയി.

5000 കോടി രൂപയുടെ മസാല ബോണ്ടുകൾ ഇറക്കാൻ കഴിഞ്ഞ ഒക്ടോബറിലാണ് കിഫ്‌ബി തുടക്കമിട്ടത് . ഇതിൽ 2647 കോടി രൂപയുടെ ബോണ്ടുകൾ ഇറക്കാൻ റിസർവ് ബാങ്ക് അനുമതി നൽകുകയും ചെയ്തു. 39,717 കോടി രൂപ അടങ്കൽ വരുന്ന 466 പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിന് ആഗോള മൂലധന വിപണിയെ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസാല ബോണ്ട് അവതരിപ്പിച്ചത്. ഒരു ഇന്ത്യൻ സംസ്ഥാനം ഇത്തരത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി രാജ്യാന്തര മൂലധന മാർക്കറ്റിൽ ഇറങ്ങുന്നത് ആദ്യ സംഭവവുമാണ്. ഈ പശ്ചാത്തലം കിഫ്‌ബി എന്ന സംവിധാനത്തിന് തുടക്കമിട്ട യു ഡി എഫിന്റെ പ്രമുഖ നേതാവായ പ്രതിപക്ഷ നേതാവിന് വ്യക്തമായി അറിവുള്ളതുമാണ്.
ഇപ്പോൾ 2150 കോടി രൂപയാണ് മസാല ബോണ്ട് വഴി സമാഹരിച്ചത്. മാർച്ച് 26നു ഓപ്പൺ ചെയ്ത ഇഷ്യുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിൽ എസ് എൻ സി ലാവലിൻ കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള C D P Q എന്ന കാനഡ ആസ്ഥാനമായ പെൻഷൻ ഫണ്ട് ഉണ്ടായിപോയതാണ് ആക്ഷേപത്തിന് അടിസ്ഥാനം.

പെൻഷൻ ഫണ്ടുകൾ ഉൾപ്പടെ ഫിനാൻഷ്യൽ മാർക്കറ്റിൽ ഫണ്ടുകൾ നിക്ഷേപിക്കുന്ന സ്ഥാപനങ്ങൾ അവർക്ക് മികച്ച റിട്ടേൺ കിട്ടുന്ന ഇൻസ്ട്രമെന്റുകളിൽ നിക്ഷേപിക്കുന്നത്  ഫിനാൻസ് മൂലധന നിക്ഷേപങ്ങളുടെ പ്രത്യേകതയാണ്. ഇവിടെ കിഫ്‌ബി ഓഫർ ചെയ്യുന്ന 9.72 ശതമാനം പലിശ ഇത്തരം നിക്ഷേപ സ്ഥാപനങ്ങൾക്ക് ആകർഷകമായി തോന്നിയതുകൊണ്ടാണ് അവർ നിക്ഷേപം നടത്തിയത്. ഓഹരികളുടെ പബ്ലിക് ഇഷ്യു നടത്തുമ്പോൾ എന്ന പോലെ ബോണ്ടുകളിലെ നിക്ഷേപത്തിനും നിരവധി സ്ഥാപനങ്ങളും വ്യക്തികളും എത്തുന്നു. അവരുടെ ജാതക പരിശോധന നടത്തുന്ന ഏർപ്പാട് ലോകത്തെങ്ങുമില്ല. കാലാവധി പൂർത്തിയാകുമ്പോൾ പലിശസഹിതം പണം മടക്കി നൽകുമ്പോൾ മറ്റു വിധത്തിൽ ഒരു ബാധ്യതയുമില്ലാതെ ഇടപാട് തീരുന്നു. ഇതിൽ എന്താണ് ദുരൂഹത, എന്താണ് അഴിമതി, എന്താണ് ഗൂഢാലോചന ? അങ്ങ് പറയുന്നത് വാദത്തിന് വേണ്ടി സമ്മതിച്ചാലും അഴിമതിയുടെ അല്ലെങ്കിൽ ദുരൂഹതയുടെ സ്കോപ്പ് എവിടെയാണ് ?

എസ് എൻ സി ലാവലിൻ ബോണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ താങ്കളുടെ നിലപാടിൽ വാദത്തിന് വേണ്ടിയെങ്കിലും എന്തെങ്കിലുമുണ്ടെന്ന് സമ്മതിക്കാമായിരുന്നു. ഇവിടെ അതുമില്ല. C D P Qവിൽ ഒരു വിധത്തിലുള്ള ഉടമസ്ഥാവകാശവും ലാവലിൻ എന്ന കമ്പനിക്കില്ല. 1965ൽ സ്ഥാപിതമായ ഈ കമ്പനി ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ 30,900 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. പത്തു രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപമുണ്ട്. 130 ദശലക്ഷം കോടി രൂപയുടെ വിവിധ നിക്ഷേപം ഈ കമ്പനിക്ക് ഇന്ത്യയിൽ ഉണ്ട്. നാഷണൽ ഇൻഫ്രാസ്ട്രക്റ്റർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്ന കേന്ദ്ര സർക്കാർ സ്ഥാപനവുമായി ഇവർ നിരവധി സംരംഭങ്ങളിൽ കൈകോർക്കുന്നു. അവിടെയൊന്നും ലാവലിൻ ബന്ധം ഒരു വിമർശനമായി കോൺഗ്രസ് ഉയർത്തി കണ്ടില്ല. ചൈനയിലെ ഷാങ്ഹായ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ അടക്കം ഈ സ്ഥാപനത്തിന് ഓഫീസുകളുണ്ട്.

Image result for k m abraham

ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ ന്യായം അംഗീകരിച്ചാൽ ലോകത്തെ ഒരു സ്ഥാപനത്തിൽ നിന്നും ഫണ്ട് സ്വീകരിക്കാൻ കഴിയില്ല. കാരണം എല്ലാ സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയും ആരോപണങ്ങളുണ്ട്. കേസുകളുണ്ട്, തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് അരങ്ങേറിയ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് . ഈ ന്യായം അംഗീകരിച്ചാൽ പഞ്ചാബ് നാഷണൽ ബാങ്കിനെ കൊടിൽ കൊണ്ട് പോലും തൊടാൻ കഴിയില്ല . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി വായ്പാതട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഐ സി ഐ സി ഐ ബാങ്കിലെ വായ്പാതട്ടിപ്പിൽ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ പ്രതിക്കൂട്ടിലായി. ഈ ബാങ്കുകൾ ഒരു തരത്തിലുള്ള മൂലധന നിക്ഷേപത്തിലും പങ്കാളികളാകാൻ പറ്റില്ലെന്ന് പറയാൻ കഴിയുമോ? തട്ടിപ്പുകൾ സിവിലായും ക്രിമിനലായും ഉള്ള നടപടികളിലൂടെയാണ് നേരിടേണ്ടത്. അതും വിവിധ സാമ്പത്തിക ടൂളുകളിലെ നിക്ഷേപങ്ങളും തമ്മിൽ ബന്ധപ്പെടുത്തേണ്ട കാര്യമില്ല.  C D P Qവിന് എസ് എൻ സി ലാവലിനിൽ ഓഹരി പങ്കാളിത്തമുണ്ടായിരിക്കാം. അത് അവരുടെ നിക്ഷേപ തന്ത്രത്തിന്റെ ഭാഗമാണ്. ഓഹരികൾക്ക് ഉയർന്ന വില കിട്ടുന്ന സന്ദർഭത്തിൽ അവർ അത് വിറ്റെന്ന് വരാം. ഇതാണ് ഫിനൻസ് മേഖലയിലെ നിക്ഷേപ രീതി. ലാവലിനിലെ ഓഹരികൾ  വിറ്റു കഴിഞ്ഞാൽ അവർ പാപമോചിതരാകുമോ ?

ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിലെ ഏറ്റവും വലിയ കമ്പനിയായായ എൽ ഐ സി ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഓഹരികളിലും കടപ്പത്രങ്ങളിലുമൊക്കെയായി നടത്തിയിരിക്കുന്നു. ഈ കമ്പനികളെല്ലാം ഒരു കേസ് പോലുമില്ലാത്ത പരിശുദ്ധമായ കമ്പനികളാണെന്ന് പറയാൻ കഴിയുമോ ? നിക്ഷേപം എന്നാൽ അത് മികച്ച റിട്ടേണിന് വേണ്ടിയുള്ളതാണ്. ഈയിടെ കേന്ദ്ര സർക്കാർ വിപ്രോയുടെ 1300 കോടി രൂപയുടെ എനിമി ഷെയറുകൾ വിറ്റിരുന്നു. പല കാരണങ്ങളാൽ പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ കയ്യിൽ പെട്ട ഓഹരികളാണ് ഇവ. ഇതിന്റെ ഏറിയ പങ്കും വാങ്ങിയിരിക്കുന്നത് എൽ ഐ സിയാണ്. പാകിസ്ഥാൻകാരെ സഹായിക്കാൻ വേണ്ടിയാണ് ഈ ഓഹരികൾ എൽ ഐ സിയെക്കൊണ്ട് വാങ്ങിപ്പിച്ചതെന്ന് ആരോപിച്ചാൽ ചുറ്റിപ്പോവുകയേ നിവൃത്തിയുള്ളു.  ചാനൽ ചർച്ചകളിലെ പഠിപ്പ് തികയാത്ത ചില പുതിയ അവതാരങ്ങളുണ്ട്. എല്ലാം തികഞ്ഞവന്മാരെന്ന് കരുതുന്ന ഇക്കൂട്ടരുടെ ബാലിശ അഭിപ്രായങ്ങൾ പ്രതിപക്ഷ നേതാവ് ഏറ്റെടുക്കരുതെന്ന് അപേക്ഷ. തിരഞ്ഞെടുപ്പ് കാലത്ത് അങ്ങിനെയും സർക്കാരിന് ഒരു അടി എന്നാണ് ഉദ്ദേശിച്ചതെങ്കിൽ അത് താങ്കളെ പോലെ ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നല്ല.

പിൻകുറിപ്പ്

Read more

ഷെയറുകളും ബോണ്ടുകളും മറ്റും വിൽപനക്കായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ അവതരിപ്പിക്കുന്ന രീതിയാണ് ലിസ്റ്റിംഗ്. ലോകത്തെ പരമ്പരാഗത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഇത് ഒരു ചടങ്ങായി നടത്താറുണ്ട്. ബോംബേ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഈ രീതിയുണ്ട്. മണി മുഴക്കിയാണ് വിൽപന ഔപചാരികമായി തുടങ്ങുന്നത്. സാധാരണ ഗതിയിൽ കമ്പനിയുടെ മേധാവിയാണ് മണി മുഴക്കൽ ചടങ്ങ് നിർവഹിക്കുന്നത്.  കിഫ്ബിയുടെ കാര്യത്തിൽ കമ്പനിയുടെ ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയാണ്   അത് നിർവഹിക്കേണ്ടത്. അതുകൊണ്ടാണ് മെയ് 17നു നടക്കുന്ന ലിസ്റ്റിംഗ് ചടങ്ങിലേക്ക് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത്. തീർച്ചയായും ലോക ഫിനാൻസ് മാർക്കറ്റിൽ കേരളത്തിന് അഭിമാനം ഉയർത്തുന്ന ഒരു മുഹൂർത്തമായിരിക്കും ഇത്. കാരണം ഒരു ഇന്ത്യൻ സംസ്ഥാനത്തുനിന്നുള്ള ഒരു കമ്പനി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത് ഒരു ചരിത്ര സംഭവമാണ്. ഒരു ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ കേരളത്തെ ബ്രാൻഡ് ചെയ്യാൻ കഴിയുന്ന ഒരു അസുലഭ മുഹൂർത്തമാണ് ഇത്. അതുകൊണ്ട് വിമർശനങ്ങൾ എന്തും ഉണ്ടാക്കട്ടെ, മുഖ്യമന്ത്രി പ്രസ്തുത ചടങ്ങിൽ പങ്കെടുക്കേണ്ടത് കേരളത്തിന്റെ താത്പര്യമാണ്.  ഇതിനെയും ചില ചാനലുകൾ എന്തോ അപരാധം പോലെ ചിത്രീകരിക്കുന്നത് കാണുമ്പോൾ ശാന്തം,  പാപം എന്നല്ലാതെ എന്ത് പറയാൻ. ചാനൽ തലപ്പത്തുള്ളവർക്ക് എല്ലാ കാര്യങ്ങളുമറിയാം. തിരഞ്ഞെടുപ്പ് ഉത്സവത്തിനിടയിൽ ഒരു അമിട്ട് കൂടുതൽ പൊട്ടിയാൽ ദോഷമൊന്നും വരില്ലല്ലോ അല്ലെ.