ജെയ്ക് ബാലകുമാര്‍, പി.ഡബ്‌ള്യു.സി , വീണാ വിജയന്‍

 

സി പി എമ്മിന്റെ രാഷ്ട്രീയ നിലപാട് പണ്ടു മുതലേ വിദേശ കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്കെതിരാണ്. എന്നാല്‍ പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയ ശേഷം മറ്റു പലതിനുമെന്ന പോലെ അതിനും മാറ്റം സംഭവിച്ചു. ബഹുരാഷ്ട്ര കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ കൂ്പ്പര്‍ ഹൗസിന് സെക്രട്ടറിയേറ്റില്‍ ഓഫീസ് വരെ നല്‍കാന്‍ സര്‍ക്കാര്‍ തെയ്യാറായിരുന്നു. ബഹുരാഷ്ട്ര കണ്‍സള്‍ട്ടിംഗ് കമ്പിനികളോട് സി പി എം രാഷ്ട്രീയമായി കടുത്ത എതിര്‍പ്പു വച്ചു പുലര്‍ത്തുമ്പോളും കേരളത്തില്‍ നിര്ബാധം അവര്‍ റാകി പറക്കുകയായിരുന്നു.

ഇന്ത്യയില്‍ ഒമ്പത് തട്ടിപ്പ് കേസുകള്‍ ഉള്ള ഒരു കമ്പനിയാണ് pwc. മാത്രമോ തട്ടിപ്പിന് പിടികൂടി സെബി രണ്ട് വര്‍ഷത്തെ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും കേരള സര്‍ക്കാരിന്റെ പ്രധാന കണ്‍സള്‍ട്ടിന്‍സി കരാറുകള്‍ ഒക്കെ നേടിയെടുത്തത് പി ഡബ്ളിയു സിയാണ്. ഏതാണ്ട് അയ്യായിരം കോടിയുടെ ഇ ബസ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാന്‍ ഗ്ളോബല്‍ ടെണ്ടര്‍ വിളിക്കണമെന്ന് ചീഫ് സെക്രട്ടറി ഫയലില്‍ കുറിച്ചിട്ട് പോലും ഒന്നും നടന്നില്ല. പ്രളയത്തിന് ശേഷം റീ ബില്‍ഡ് കേരള എന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത് വന്നപ്പോഴും പി ഡ്ബ്ളിയുസിയെ വിട്ട് ഒരു കളിയുമില്ലായിരുന്നു. അവസാനം സ്വപ്നാ സുരേഷിനെ സ്പേസ് പാര്‍ക്കില്‍ കുടിയിരുത്തിയതും പി ഡ്ബ്ളിയുസി വഴിയായിരുന്നു.

എന്ത് കൊണ്ട് പി ഡ്ബ്ള്യു സി എന്ന ചോദ്യം വരുമ്പോഴാണ് പ്രതിപക്ഷമുയര്‍ത്തിയ ആരോപണങ്ങളിലെ ചില വസ്തുകള്‍ നമ്മുടെ ശ്രദ്ധയിലേക്ക് വരുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക്കിന്റെ മെന്റെര്‍ പി ഡ്ബ്ളിയു സി യുടെ ഡയറക്ടര്‍ ആയ ജെയ്ക് ബാലകുമാറാണെന്ന ആക്ഷേപം കഴിഞ്ഞ ദിവസം നിയമസഭയില്‍ മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് പച്ചക്കളളമാണെന്നും തന്റെ മകള്‍ അങ്ങിനെയൊരു മെന്ററെക്കുറിച്ച് പറഞ്ഞിട്ടില്ലന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്്.

എന്നാല്‍ അതിന് തൊട്ടുപിന്നാലെ പ്രമുഖ ചാനലായ എഷ്യാനെറ്റ് ന്യുസ് വീണാ വിജയന്റെ പഴയ അഭിമുഖം പുറത്ത് വിട്ടു. അതില്‍ അവര്‍ വ്യക്തമായി പറയുന്നു തന്റെ കമ്പനിയുടെ മെന്റര്‍ ജെയ്ക് ബാലകുമാറാണെന്ന്. വീണാ വിജയന്‍ നടത്തുന്ന ഐടി കമ്പനി എക്സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളില്‍ ഒന്നായി അവര്‍ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാര്‍. ഇയാള്‍ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനംകൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്്.

107 തവണ എക്സാലോജിക്കിന്റെ വെബ്സൈറ്റ് അപ്ഡേഷന്‍ നടത്തിയിട്ടുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ 2020 മേയില്‍ വെബ് സൈറ്റ്ഡൗണ്‍ ആവുകയും പിന്നീട് ജൂണ്‍ മാസത്തില്‍ ഇത് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായെന്നുമാണ് പ്രതിപക്ഷ എം എല്‍ എആയ മാത്യു കുഴല്‍നാടന്‍ ഇന്നും ആരോപിച്ചത്.

സി പി എം ഒരു കാലത്ത് ഏറ്റവും അധികം എതിര്‍ത്തിരുന്ന വിദേശ കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ പിണറായി ഭരണത്തില്‍ നിര്‍ബാധം അഴിഞ്ഞാടുന്നത് എങ്ങിനെയെന്ന വ്യക്തമായ സൂചനയാണ് ഇതെല്ലാം നല്‍കുന്നത്്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്റര്‍ ഡയറക്ടറായിരിക്കുന്ന പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസ് എന്ന ആഗോള ഭീമന് കേരളത്തില്‍ അല്ലാതെ എവിടെയാണ് പരവതാവനി വിരിക്കുക. ചോദ്യങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അസ്വസ്ഥാനാവുകയോ, സൈബര്‍ ഗുണ്ടകളെ കൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ആക്രമിച്ചിട്ടോ ഫലമില്ല, ചോദ്യങ്ങള്‍ അവിടെ ചോദ്യങ്ങളായി തന്നെ അവശേഷിക്കും