"ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാറിനു വേണ്ടി ഇടപെട്ട മുഖ്യമന്ത്രി സിദ്ദീഖ് കാപ്പന്റെ കാര്യത്തിൽ ഇടപെടാത്തത് യാദൃച്ഛികമല്ല"

ഹരി മോഹൻ

ഹത്രാസിലേക്കു തന്റെ ജോലി ചെയ്യാന്‍ പോകവേ മഥുരയില്‍ വെച്ച് യു.പി പോലീസ്‌ അറസ്റ്റ് ചെയ്ത്, രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തി ജയിലിലിട്ടിരിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകനെ ഓര്‍ക്കുന്നില്ലേ? അധികം ദിവസമൊന്നും ആയിട്ടില്ല. സിദ്ദീഖ് കാപ്പന്‍ എന്നാണു പേര്. സ്വന്തം അഭിഭാഷകരെ പോലും കാണിക്കാതെ സിദ്ധീഖും മൂന്നു സുഹൃത്തുക്കളും മനുഷ്യാവകാശം ലംഘിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഇപ്പോഴും.

സിദ്ദീഖിനെ കുറിച്ചു കുറച്ചുദിവസം മുമ്പ് മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോടു ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിഷയത്തില്‍ ബി.ആര്‍.പി ഭാസ്കറും ജെ. ദേവികയും ലതികാ സുഭാഷും അടക്കമുള്ളവര്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായിട്ട് സര്‍ക്കാര്‍ ഇടപെടുക മാത്രമല്ല, ഔദ്യോഗിക പ്രസ്താവന പോലും ഇറക്കിയില്ലെന്ന് അതില്‍ പറയുന്നുണ്ട്. തൃശൂര്‍ എം.പി, ടി.എന്‍ പ്രതാപനും നിവേദനം നല്‍കി. കൂടാതെ കോണ്‍ഗ്രസ് പ്രതിനിധികളും മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമാ റോസ്നയും നേരിട്ടെത്തി ആ കുടുംബത്തെ കണ്ടു.

ഒരുവര്‍ഷമൊന്നു പിന്നോട്ടു പോകൂ. ചെക്ക് കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെന്ന സംഘപരിവാര്‍ അനുകൂല സമുദായ നേതാവിനു വേണ്ടി എത്ര പെട്ടെന്നാണ് മുഖ്യമന്ത്രി ഇടപെടല്‍ നടത്തിയത്. വ്യവസായി എം.എ യൂസഫലിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടതു കൂടാതെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു കത്തയക്കുകയും ചെയ്തിരുന്നു കേരളാ മുഖ്യമന്ത്രി.

ചെക്ക് കേസിലെ തുഷാറിന്റെ അറസ്റ്റിലുണ്ടായ അസ്വസ്ഥത മാധ്യമ പ്രവര്‍ത്തനം ചെയ്യാന്‍ പോയ സിദ്ദീഖ് കാപ്പന്റെ കാര്യത്തിലുണ്ടാകാത്തതു യാദൃച്ഛികമല്ല. നിഷ്ക്കളങ്കവുമല്ല. തുഷാറിനുള്ള പ്രിവിലേജ് സിദ്ദീഖിനില്ല എന്നതുകൊണ്ടു തന്നെ.

ഇപ്പോളിതു പറയാന്‍ കാരണം, ഇന്ന് സിദ്ദീഖിന്റെ ഭാര്യയും കുടുംബാംഗങ്ങളും കല്‍പ്പറ്റയിലെ റെസ്റ്റ് ഹൗസിലെത്തി രാഹുല്‍ ഗാന്ധിയെ നേരില്‍ക്കണ്ടു സഹായം ആവശ്യപ്പെട്ടതായി അറിഞ്ഞതു കൊണ്ടാണ്. കേരളത്തിലെത്തിയ ശേഷം രണ്ടാം തവണയും രാഹുല്‍ അക്കാര്യത്തില്‍ സംസാരിച്ചു. ഒന്നും ചെയ്യാനില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയായിരുന്നില്ല അത് എന്നുള്ളതു പ്രതീക്ഷ നല്‍കുന്നതാണ്. സാദ്ധ്യമായ എല്ലാ കാര്യവും സിദ്ദീഖിന്റെ മോചനത്തില്‍ ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി. തിങ്കളാഴ്ച മലപ്പുറത്തു വെച്ചും രാഹുല്‍ ഇക്കാര്യം പറഞ്ഞിരുന്നു. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും യു.പി കോണ്‍ഗ്രസും ഈ വിഷയത്തില്‍ ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയിരുന്നു. ഇപ്പോഴും അറിയില്ല, രാഹുലിനെ കൊണ്ടും പ്രിയങ്കയെ കൊണ്ടും കോണ്‍ഗ്രസിനെ കൊണ്ടും അതു സാധിക്കുമോയെന്ന്. പക്ഷേ കണ്ണുമടച്ച് കഴിയില്ലെന്ന മറുപടി പറയുന്ന മുഖ്യമന്ത്രിയുള്ള ഒരു സംസ്ഥാനത്തു നിന്നാണ് രാഹുലിതു പറയുന്നത്. ആ കുടുംബത്തിനു താത്കാലികമായെങ്കിലും അതു നല്‍കുന്ന ആശ്വാസം ചെറുതാവില്ല.

പ്രോട്ടോക്കോള്‍ പ്രകാരം പ്രതിപക്ഷ എം.പിയേക്കാള്‍ വലുതാണ് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ഒരു മുഖ്യമന്ത്രി. ആ സാദ്ധ്യതയും അധികാരവും പ്രയോജനപ്പെടുത്താന്‍ കഴിയാത്ത ഒരു വ്യക്തിയേക്കാള്‍ എന്തുകൊണ്ടും ആശ്വാസവും പ്രതീക്ഷയും ഈ മനുഷ്യന്‍ ഇപ്പോള്‍ വയനാട്ടിലിരുന്നു തരുന്നുണ്ട്. ആ പ്രതീക്ഷ സിദ്ദീഖിന്റെ ഭാര്യയുടെ വാക്കുകളിലുമുണ്ട്.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)