ആര്യന്‍ ഖാനെ ബലിയാടാക്കാന്‍ നീക്കം : ബോളിവുഡ്

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്നുവേട്ട, 21000 കോടിയുടെ മയക്കുമരുന്ന് ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തുനിന്നും പിടിച്ചെടുത്തതിന്റെ തുടരന്വേഷണം ലക്ഷ്യത്തിലെത്താതിരിക്കാനായി ഷാറൂഖ് ഖാന്റെ മകനെ ബലിയാടാക്കുനുള്ള നീക്കം അണിയറയില്‍ ഒരുങ്ങുന്നു എന്ന ആക്ഷേപം ശക്തമാകുകയാണ്.

സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റിന്റെ കയ്യില്‍നിന്നും ആറു ഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതിന്റെ പേരില്‍ ആര്യന്‍ഖാന്‍ ഒന്നാംപ്രതിയാകുന്നതെങ്ങനെ എന്നതാണ് വലിയ ചോദ്യം. ഈ രണ്ടുപേരെ കൂടാതെ നടിയും മോഡലുമായ മുന്‍മുന്‍ ധമേച, നുപൂര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോകര്‍, ഗോമിത് ചോപ്ര എന്നിവരുംകൂടി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അര്‍ബാസ് മര്‍ച്ചന്റിന്റെയും മേല്‍പ്പറഞ്ഞ ആറുപേരുടെയും കൈയില്‍നിന്നാണ് ആറു ഗ്രാം ചരസ്സും അഞ്ചുഗ്രാം കഞ്ചാവും പിടിച്ചെടുത്തതെന്നും ആര്യന്‍ഖാന്റെ കൈയില്‍നിന്നും ഒരു തരിപോലും കിട്ടിയിട്ടില്ല എന്നും അന്വേഷണോദ്യോഗസ്ഥര്‍തന്നെ പറയുന്നു.

കൊച്ചിയില്‍ ഏതാനുംദിവസം നങ്കൂരമിട്ടതിനുശേഷമാണ് കോര്‍ഡീലിയ എന്ന ആഢംബരക്കപ്പല്‍ ബോംബെയിലെത്തിയത്. എന്‍ബിസിയുടെ വിശദീകരണം പ്രകാരം ഒരാഴ്ചയായി റേവ് പാര്‍ട്ടി നടക്കുമെന്ന് ജാഗരൂകരായി ഇരിക്കുകയായിരുന്നു. കൃത്യസമയത്ത് റെയ്ഡ് നടക്കുകയും ചെയ്തു. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ എവിടെയെല്ലാമോ ഒരു ചേര്‍ച്ചക്കുറവ് ആരുടെയും മനസ്സില്‍ തോന്നും. കോര്‍ഡീലിയ കപ്പല്‍ കേരളതീരത്ത് നങ്കൂരമിട്ട സമയത്തുതന്നെ അടുത്ത ദിവസങ്ങളില്‍ അത് മുംബൈയില്‍ എത്തുമെന്നും അവിടെ റേവ് പാര്‍ട്ടി നടക്കുമെന്നും രഹസ്യമായ അറിയിപ്പ് ലഭിക്കുന്നു. കപ്പലിലെ പാര്‍ട്ടി കോ ഓര്‍ഡിനേറ്റര്‍മാരുടെ ക്ഷണമനുസരിച്ച് ആര്യന്‍ എത്തുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നു.

ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്നു കള്ളക്കടത്ത്, അതിന്റെ വിതരണം, അതിന്റെ ഉപയോഗം ഈ ശൃംഖലയില്‍ ഉപയോക്താവിന്റെ പങ്ക് ഏറ്റവും താഴെയാണ്. പക്ഷെ ഒന്നാംപ്രതിയാക്കിയതും കുറ്റവാളിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്നതും ആര്യനാണ്. ഒരു മലയാളി സാന്നിദ്ധ്യത്തെക്കുറിച്ച് ബലമുള്ള സൂചനയുണ്ടെന്ന് പ്രസ്താവനകളില്‍ കാണുന്നു.

ചോദ്യംചെയ്യലിനിടെ ആര്യന്‍ഖാന്‍ പൊട്ടിക്കരഞ്ഞുഎന്നു പറയുന്നത് മനസ്സിലാക്കാം. എന്നാല്‍ ദുബായില്‍വെച്ചും ലണ്ടനില്‍വെച്ചുമെല്ലാം ഉപയോഗിച്ചിരുന്നു എന്ന് ഒറ്റയടിക്ക് തുറന്നുപറയുക എന്ന വാര്‍ത്തയില്‍ അത്ര വിശ്വാസ്യതപോരാ. നമുക്ക് ഇവര്‍ പറയുന്നതെല്ലാം വിശ്വസിക്കാമായിരുന്നു. നേരത്തേ പറഞ്ഞ രാജ്യംകണ്ട ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരം പിടിക്കപ്പെട്ടതിനെ പിന്തുടര്‍ന്നിരുന്നെങ്കില്‍. ഇവിടെ താരപുത്രന്‍ പ്രതിയായ ആറുഗ്രാമിന്റെ പിന്നാലെയാണ് അന്വേഷണ ഏജന്‍സികള്‍.

ബോളിവുഡ് മലയാളസിനിമക്ക് പാഠമാകണം എന്ന് കഴിഞ്ഞദിവസം അലപ്പി അഷ്‌റഫ് പറഞ്ഞത് നമുക്ക് മനസ്സിലാക്കാം. അദ്ദേഹം ഉദ്ദേശിച്ചത് മയക്കുമരുന്നിന്റെ സ്വാധീനമുണ്ടെങ്കില്‍ അത് തടയണം എന്നാണ്. മലയാളസിനിമ നിരോധിക്കണം എന്നല്ല. നേരെ മറിച്ച് സിനിമാവ്യാവസായമാകെ പൂട്ടണം എന്ന പ്രചരണം നടത്തുന്ന ചിലയാളുകള്‍ ഹിന്ദിഭാഷയില്‍ വന്ന് വായിട്ടലക്കുന്നതുകാണാം. അതിലൊന്നിന്റെ പേരുതന്നെ ഇന്ത്യ എഗന്‍സ്റ്റ#് ബോളിവുഡ് എന്നാണ്. സിനിമാക്കാര്‍ മുഴുവനും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് എന്ന തെറ്റായ സന്ദേശം സമൂഹത്തിന് ഇവര്‍ കൊടുക്കുന്നതിനുള്ള കാരണം മറ്റൊന്നുമല്ല. ഫാസിസ്റ്റ് പ്രവണതകള്‍ക്കും ഭരണകൂട ഭീകരതക്കും എതിരായെല്ലാം ശബ്ദിക്കുന്നവര്‍ ഏറെയുണ്ട് കലാകാരന്‍മാര്‍ക്കിടയില്‍. സിനിമാ വ്യവസായത്തില്‍. അതിന് പ്രതികാരമായി ആരെങ്കിലും മദ്യമോ മയക്കുമരുന്നോ ഒക്കെ ഉപയോഗിക്കുന്നവരെന്ന് കണ്ടെത്തിയാല്‍ എല്ലാവരും അത്തരക്കാരാണ് എന്ന് സമര്‍ത്ഥിക്കാനാണ് അവര്‍ക്ക് തിടുക്കം. ‘നശേടീ കഞ്ചേടീ ചരസീ’ എന്നെല്ലാം വിളിക്കുന്നത് സിനിമാവ്യവസായത്തെ മുഴുവനുമായിട്ടാണ്. ഇത്തരക്കാരെ കണ്ടാല്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ മതി. ബോളിവുഡ് കീഴടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് പരാജയപ്പെട്ടവരുടെ ഒരു കൂട്ടായ്മയായിരിക്കാം. കൂട്ടത്തില്‍ തീവ്രദേശീയതയും കൂടി ചേര്‍ന്നാല്‍ ഒന്നാന്തരമൊരു പുരോഗമനവിരുദ്ധ മനുഷ്യവിരുദ്ധ സംഘമായി മാറും.

കോര്‍ഡീലിയ കപ്പല്‍ മുഴുവനും അരിച്ചുപെറുക്കിയിട്ടും ആഗ്രഹിച്ചതുപോലെ വലിയ മയക്കുമരുന്നുശേഖരമൊന്നും കണ്ടെത്തിയില്ല. നികുതിപ്പണത്തില്‍നിന്നും ഇരുപതുലക്ഷം രൂപ ചെലവാക്കി ഒരാളെ വേട്ടയാടാനുള്ള പ്രചോദനം എന്താണന്ന് ബോളിവുഡ് പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തുന്നു. ആര്യന്‍ ഖാന്റെ കയ്യില്‍ ഒരുമില്ലിഗ്രാം പോലും ഡ്രഗ് കണ്ടെത്തിയില്ലെങ്കിലും അയാളിപ്പോള്‍ ഒന്നാം പ്രതിയാണ്. 21000 കോടി രൂപയുടെ 3000 കിലോ ഹെറോയിന്‍ കേസ് മുക്കിക്കളയാന്‍ 11 ഗ്രാമും താരപുത്രനുമാണ് ബലി.

മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യവിട്ടുപോകും എന്നു പറഞ്ഞവര്‍ പലരുമുണ്ട്. അതിലൊരാളാണ് സിനിമാ നിര്‍മ്മാതാവായ കമാല്‍ ആര്‍ ഖാന്‍. കെ ആര്‍ ഖാന്‍ എന്നുള്ളത് എസ് ആര്‍ ഖാന്‍ എന്നുതിരുത്തി ഇപ്പോള്‍ അതും ഷാറൂഖ് ഖാന്റെ തലയില്‍ കെട്ടിവെക്കപ്പെട്ടിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല. ആറുഗ്രാം കൈവശം വെച്ചവന്‍ സുഹൃത്തായിപ്പോയതിനാല്‍ ആര്യന്‍ഖാനെ വേട്ടയാടിയാലും ന്യായീകരിക്കപ്പെടണം. സിനിമാവ്യവസായത്തെയാകെ പ്രതിക്കൂട്ടിലാക്കണം.