
വിഷ്ണു നമ്പൂതിരി. വി

ഒ.വി.വിജയന്റെ ഏറ്റവും മികച്ച കൃതി ഏതെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ മലയാളികള്‍ മറുപടി നല്‍കും. ഖസാക്കിന്റെ ഇതിഹാസമെന്ന്. എന്നാല്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച പുരസ്ക്കാരങ്ങളുടെ നിരയില്‍ വരുന്ന വയലാര്‍ അവാര്‍ഡ് നേടിയ അദ്ദേഹത്തിന്റെ രചന ഖസാക്കിന്റെ ഇതിഹാസം അല്ല മറിച്ച് ഗുരുസാഗരമാണ്.സമാനമായ അവസ്ഥാവിശേഷം ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴും ഉണ്ടായി. ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്. എന്നാല്‍ വായനക്കാരില്‍ ബഹുഭൂരിപക്ഷവും ടി.ഡി.യുടെ രചനകളില്‍ പ്രിയപ്പെട്ടതായി കരുതുന്നത് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലാണ്. മലയാള സാഹിത്യത്തിനെ ആഗോള തലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച സാഹിത്യകാരനാണ് അദ്ദേഹം. പതിവ് സങ്കല്പങ്ങളായ പ്രണയത്തിനും പ്രണയനഷ്ടത്തിനുമിടയില് നോവല്‍ എന്ന സാഹിത്യ വിഭാഗം ചുറ്റി തിരിഞ്ഞപ്പോള്‍ ടി.ഡി. പ്രണയരഹിതമായ പ്രമേയങ്ങളുമായി വന്ന് മലയാളിയുടെ രാഷ്ട്രീയ സങ്കല്‍പ്പങ്ങളെ പുനഃനിര്‍മ്മിക്കുകയായിരുന്നു. മലയാള സാഹിത്യത്തിന്റെ പരിണാമത്തെ പറ്റിയും, കേരളത്തിന്റെ രാഷ്ട്രീയ വികാസങ്ങളെ കുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങള്‍ ടി.ഡി.രാമകൃഷ്ണന് പങ്കുവെയ്ക്കുന്നു.
? 1960കളില്‍ ഫ്രാന്‍സില്‍ ഫ്രഞ്ച് ന്യൂ വേവ് തിരയടിച്ചത് പോലെ ഒരുപറ്റം ചെറുപ്പക്കാര്‍ വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു മലയാള സിനിമാ ലോകത്തില്‍. പറയുന്നത് എന്തിലും രാഷ്ട്രീയാംശം കരുതുന്നവരുടെ ഒരു കൂട്ടം , അവരുടെ ചലച്ചിത്ര ഉദ്യമങ്ങള്‍, കൊണ്ടുവരുന്ന മാറ്റങ്ങള്‍ താങ്കളുടെ ശ്രദ്ധയാകര്ഷിക്കുന്നുണ്ടോ
തീര്‍ച്ചയായും. അതില്‍ മഹേഷിന്റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്സാക്ഷിയും പോലെയുള്ള കുറച്ചു സിനിമകള്‍ ഞാന്‍ കാണുകയും ചെയ്തിരുന്നു. വളരെ അധികം പ്രതീക്ഷ ഉണര്‍ത്തുന്നതാണ് അവരുടെ ശ്രമങ്ങള്‍ മലയാള സിനിമ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റത്തിന്റെ വഴിയിലാണ്. ടെക്നോളജിയുടെ സമസ്ത സാധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് വളരെ പ്രസക്തിയുള്ള വിഷയങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അത്ര ഏകപക്ഷീയമല്ല ഈ സിനിമകള്‍ ഒന്നും തന്നെ നമ്മള്‍ക്ക് അവയോട് യോജിക്കാനും വിയോജിക്കാനും സാധിക്കും. സംവാദത്തിനുള്ള സ്പേസ് തരുന്നുണ്ട്. അങ്ങനെ ഒക്കെയാണെങ്കിലും സിനിമ സംവിധായകന്റെ കലയാണ് അദ്ദേഹത്തിന്റേതായിട്ടുള്ള താല്പര്യങ്ങളും നിലപാടുകളും എന്തായാലും സിനിമയില്‍ പ്രതിഫലിക്കും. ചിലതിനോട് ആളുകള്‍ വിയോജിക്കും. ജനാധിപത്യ വ്യവസ്ഥിതി നല്കുന്ന സ്വാതന്ത്ര്യം ആണത്. ഒരു കലാരൂപം എന്ന നിലയില്‍ വളരെ പോസിറ്റിവ് ആയ മാറ്റങ്ങള്‍ തന്നെയാണ് മലയാള സിനിമയില്‍ വന്നു കൊണ്ടിരിക്കുന്നത്. പിന്നെ എടുത്തു പറയേണ്ട സവിശേഷത ഐഡിയോളജിക്കല്‍ ഭാരം തീരെ ഇല്ല എന്നതാണ്. മുന്‍ധാരണകള്‍
സ്ഥാപിച്ചെടുക്കാന്‍ അവര്‍ അതുകൊണ്ട് തന്നെ ശ്രമിക്കുന്നതുമില്ല. പക്ഷേ മലയാള സിനിമക്ക് കുറച്ചുകൂടി മുന്‍പിലേക്ക് പോകാമെന്ന് തോന്നുന്നു. സിനിമ ഒരു കല മാത്രമല്ല അതിന്റെതായ പരിമിതികള്‍ ഉണ്ട്. ഒരു പുസ്തകം എഴുതുന്നത് പോലെയല്ല സിനിമ ചെയ്യുന്നത് നല്ല വ്യത്യാസം ഉണ്ട്. പക്ഷേ ഒരു പുസ്തകം എഴുതുന്നത്ര സ്വാതന്ത്ര്യത്തോടെ ഒരു സംവിധായകന് സിനിമ ചെയ്യാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകണം എന്നതാണ് നമ്മളുടെയൊക്കെ ആഗ്രഹം.
? താങ്കളുടെ യൗവന കാലഘട്ടത്തില്‍ അതായത് എണ്‍പതുകളില്‍ മലയാളത്തില്‍ നവതരംഗ സ്വഭാവമുള്ള സിനിമകള്‍ അന്നത്തെ ജീനിയസുകളായ പത്മരാജന്, അരവിന്ദന് തുടങ്ങിയവരില്‍ നിന്ന് പുറത്തു വരുന്നുണ്ടായിരുന്നു. അന്നത്തെ ചലച്ചിത്ര പ്രസ്ഥാനത്തില്‍ നിന്ന് എങ്ങനെയാണ് നിലവിലുള്ള ചലച്ചിത്ര ശ്രമങ്ങള്‍ വ്യതിരിക്തമായി നില്‍ക്കുന്നത്
പലപ്പോഴും ഭൂതകാലത്തിനെ വല്ലാതെ മഹത്ത്വവല്കരിക്കുന്ന പ്രവണത നമ്മള്‍ക്കുണ്ട്. ആ മഹത് സംഭാവനകളെ നിരാകരിക്കുകയല്ല. ഉറപ്പായും അത് മഹത്തായ ഭൂതകാലം തന്നെയാണ്. പക്ഷേ മനുഷ്യന് എന്ന ജന്തുവിഭാഗം അതിനന്റെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിരന്തരമായി പരിഷ്കരിച്ചു കൊണ്ടും നവീകരിച്ചു കൊണ്ടും മുന്നോട്ടു സഞ്ചരിക്കുകയാണ് അതിലൊരു ബിന്ദുവിനെ മാത്രമായി നിങ്ങള്‍ക്ക് പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ല. കല, രാഷ്ട്രീയം, സാഹിത്യം, സിനിമ തുടങ്ങിയ എല്ലാ മേഖലകളിലും ഓരോരുത്തരും ചെറുപ്പ കാലത്തില്‍ അവരുടെ അറിവിന്റെയും അനുഭവത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ ഒാരോ ധാരണകളിലേക്ക് എത്തുന്നു. ഇതാണ് ശരിയായ സിനിമ ,ഇതാണ് ശരിയായ സാഹിത്യം, ഇതാണ് ശരിയായ രാഷ്ട്രീയസംഹിത. ഇവ ഒക്കെയാണ് പൊളിറ്റിക്കലി കറക്റ്റ് ആയത് , സിനിമാറ്റിക്കലി കറക്റ്റ് ആയത് എന്നിങ്ങനെ. നിര്ഭാഗ്യവശാലിത് പിന്നെയൊരു യാര്ഡ്സ്റ്റിക്ക് ആയി മാറി. പക്ഷേ ലോകം നില്‍ക്കില്ല എന്ന സത്യം നമ്മള് മറന്നു. അത് ഡൈനാമിക്കാണ്. മാറി കൊണ്ടേയിരിക്കും. ഈ സുവര്‍ണ്ണ ഭൂതകാലത്തിന്റെ തന്നെ സിനിമകള്‍ കണ്ടു വളര്‍ന്ന വ്യക്തിയാണ് ഞാനും ,വളരെ ആവേശത്തോടെയും ആഹ്ളാദത്തോടെയും കൂടി. പക്ഷേ സിനിമ അങ്ങനെ തന്നെ നില്‍ക്കണം എന്നത് ആഗ്രഹിക്കുന്നത്തില് അര്‍ത്ഥമില്ല.
മനുഷ്യ ബന്ധങ്ങളിലും, മൂല്യ ബോധങ്ങളിലും ഒക്കെ തന്നെ സംഭവിക്കുന്ന മാറ്റം സിനിമയിലും ഉണ്ടാകുന്നുണ്ട്, അത് അനിവാര്യമാണ്. നമ്മള് പവിത്രമായി കരുതുന്നത് പലതും മാറി മറിഞ്ഞെന്ന് വന്നേക്കാം. സുമാര്‍ ഒരു മാസം മുന്‍പ് ഹിന്ദു പത്രത്തിലൊരു ആര്‍ട്ടിക്കിള്‍ വന്നിട്ടുണ്ടായിരുന്നു. ഇന്ത്യയിലെ ഒരു പോളിയാമറസ് ഗ്രൂപ്പിനെ പറ്റി. ഇന്ത്യന്‍ സാഹചര്യത്തില്‍ ആളുകള്‍ക്ക് തീരെ അംഗീകരിക്കാന്‍ പറ്റാത്ത ഒന്നാണത്. പത്ത് പന്ത്രണ്ട് ആളുകള്‍ ഒന്നിച്ചു ജീവിക്കുന്നു, ഇടപഴകുന്നു, എല്ലാ രീതിയിലും. ബാംഗ്ലൂരോ മറ്റോ ആണ് ഇവര്‍ ജീവിക്കുന്നത്. ഒരാള്‍ മാത്രമേ പേര് വെളിപ്പെടുത്തുന്നുള്ളൂ മറ്റുള്ളവര്‍ ഇന്ത്യന്‍ കണ്ടീഷന്‍സ് വെച്ച് കൊണ്ട് പറയുന്നില്ല. മനുഷ്യനുമായി ബന്ധമുള്ള എല്ലാ കാര്യങ്ങളും നമ്മളുടെ ധാരണകളെ അപ്രസക്തമാക്കുന്ന രീതിയില്‍ മാറുകയാണ്. ആല്‍ഫ എന്ന എന്റെ പുസ്തകത്തില്‍ ഇത്തരത്തിലുള്ളൊരു പരീക്ഷണത്തെ പറ്റിയാണ് പറയുന്നത്. ഞാന്‍ അന്ന്, പക്ഷേ ഇങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ട് കൂടിയില്ലായിരുന്നു. ഇങ്ങനെ സകലതും മാറിമറിയുന്ന കാലത്തില്‍ സിനിമ മാത്രം സ്റ്റാറ്റിക്ക് ആയി നില്‍ക്കുമെന്ന് ചിന്തിക്കാന്‍ കൂടി പാടില്ല. ഞാന്‍ ഇട്ടിക്കോരയിലൊരു ഭാഗത്ത് എഴുതുന്നുണ്ട് 20 ഫീമെയില്‍ കൊച്ചിന് എന്ന് പിന്നീട് ആഷിക്ക് അബു 22 ഫീമെയില്‍ കോട്ടയം എന്ന പേരില്‍ സിനിമ ചെയ്തു കാണുന്നു. ഇതൊക്കെ അനിവാര്യമാണ്.
ഇട്ടിക്കോര എഴുതുന്ന സമയത്ത് പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ നടക്കുമോ? സമൂഹത്തില്‍ മാന്യമായ സ്ഥാനത്ത് മാന്യമായ ജോലിയില്‍ നില്ക്കുന്ന ഒരു സ്ത്രീ എന്തിന് ലൈംഗിക വ്യാപാരത്തിന് മുതിരണം. ഒരു സ്ത്രീ വേശ്യാവൃത്തിയിലേക്ക് തിരിയണം എങ്കില്‍ ഒരുപാട് കാരണങ്ങള്‍ നിര്‍ത്തേണ്ടതായുണ്ട് .ഒന്നുകില്‍ അവര്‍ ചതിക്കപ്പെടണം, അല്ലെങ്കില്‍ ജീവിക്കാന്‍ വേണ്ടി, അങ്ങനെ എന്തെങ്കിലും ഒക്കെ. ഇട്ടിക്കോര എഴുതി തുടങ്ങിയ സമയത്ത് കഥാപാത്രങ്ങളുടെ പശ്ചാത്തല വിവരണം ആയി കുറെ കാര്യങ്ങള്‍ ഞാന്‍ ആദ്യം എഴുതിയിരുന്നു. പിന്നീട് അവ വേണ്ട എന്ന് വെച്ചു. പക്ഷേ ഇന്ന് ആരും അത് ചോദ്യം ചെയ്യുന്നില്ല. ഇപ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റിയോ അല്ലെങ്കില്‍ മനുഷ്യവംശത്തിന്റെ തന്നെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ആളുകള്‍ക്ക് പോലും മുമ്പ് സൂചിപ്പിച്ച പോളിയാമാറസുകളെ ഉള്‍ക്കൊള്ളാന്‍ പറ്റില്ല. പക്ഷേ ഇരുപതു കൊല്ലത്തിനു ശേഷം അത്തരം ഗ്രൂപ്പുകളാണ് ഭൂരിഭാഗത്തില്‍ എങ്കിലോ. കൂട്ട് കുടുംബം ഇല്ലാതെ ആയതു പോലെ ക്രമേണ അണുകുടുബങ്ങളും ഇല്ലാതെ ആകുന്നു. പകരം ഇത്തരം സങ്കല്പങ്ങള് കടന്നു വരുന്നു. ഇവയുടെ ഒക്കെ പരിണാമം ചലച്ചിത്രത്തിലും പ്രകടമാകും.
ഈ കാലഘട്ടത്തിലെ മലയാളിയുടെ ഭാഷാശൈലിയും ഭാവനയും ഒക്കേ രൂപപ്പെട്ട് കൊണ്ടിരിക്കുന്നത് ഇപ്പോള്ചലച്ചിത്രങ്ങളെ കേന്ദ്രീകരിച്ചാണ്. troll language എന്ന് വിളിക്കാവുന്ന ഒരു ബദല്‍ഭാഷ തന്നെ പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഫ്രാന്‍സിസ് ഇട്ടിക്കോര തുടങ്ങുന്നത് തന്നെ ഇട്ടിക്കോരയും രേഖയുമായുള്ള private chatല്‍ നിന്നാണ്. ഈ ഉരുവപ്പെടുന്ന ഭാഷപദ്ധതിയുടെ വളര്‍ച്ചയെ അല്പം സംശയത്തോടെ നോക്കി കാണേണ്ടതുണ്ടോ
ഫോട്ടോ: മനൂപ് ചന്ദ്രന്
ഭാഷ എന്നതൊരു ചിഹ്നം ആണ്. നമ്മള് ഇപ്പോള്‍ ആന എന്ന് പറയുന്നു. അത് കേള്‍ക്കുന്ന ആളുടെ മനസ്സില ലഭിക്കുന്ന കുറെ ചിത്രങ്ങളും ഉണ്ട് ആനയുടെ രൂപത്തിന്റെ അതിന്റെ പ്രവര്‍ത്തികളുടെയൊക്കെ ഇവയിലേക്ക് നമ്മളെ എത്തിക്കുന്നത് ആണ് ഭാഷ. സൊസൈറ്റിയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഭാഷയിലും പ്രകടമാകും. ആദ്യ കാലത്തില്‍ ഉള്ള മലയാളത്തിലെ പുസ്തകങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ നോക്കു ഉദാഹരണത്തിന് സി.വി. രാമന് പിള്ളയുടെ പുസ്തകങ്ങളും സേതുവേട്ടന്റെ(സേതു) പുസ്തകങ്ങളും തമ്മില്‍ ഭാഷയില്‍ ഒരു സാമ്യവും കാണില്ല. ആദ്യ കാലങ്ങളിലുള്ള അദ്ദേഹത്തിന്റെ രചനകളിലെ ഭാഷയും ഇപ്പോഴത്തേതും പോലും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട്. തമിഴിനെ പുകഴ്ത്തി സംസാരിക്കുകയല്ല പക്ഷേ ഒരു കാര്യത്തില്‍ അവരെ ബഹുമാനിക്കാതെയിരിക്കാന്പറ്റില്ല. മലയാളത്തില്‍ കംപ്യൂട്ടര്‍ എന്നാല്‍ കംപ്യൂട്ടര്‍ തന്നെയാണ് തമിഴില്‍ അവര്‍ക്ക് കംപ്യൂട്ടര്‍ ഗണിനി ആണ് വെബ്സൈറ്റിന് ഇണയദളം എന്നാണ് പറയുക അത് പോലെ മൊബൈലിന് തുലൈപേച്ചി ടെലിവിഷന്‍ തുലൈക്കാഴ്ചി അങ്ങനെ നീളുന്നു . അവര്‍ ഭാഷയെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല സംഭവിക്കുന്നത് നമ്മളുടെ സംസ്ക്കാരവുമായി ബന്ധപ്പെടുന്ന കാര്യമാണ് അതില്‍ പരിതപിച്ചിട്ട് കാര്യമൊന്നുമില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മലയാളത്തിലേക്ക് വന്ന വാക്കുകള്‍ പരിശോധിച്ചാല്‍ ഭൂരിഭാഗവും ഇത്തരത്തില്‍ പരിഹസിക്കാനോ മറ്റോ ഉപയോഗിക്കുന്നവയാകും.ഞങ്ങളുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന ഒരു സംവിധാനമാണ് കാളത്തേക്ക്. ഈ രീതിയെ മാറ്റി ജലസേചനത്തിന് പമ്പ് സെറ്റ് വന്നതോട് കൂടി പന്ത്രണ്ട് അനുബന്ധ വാക്കുകള്‍ ഭാഷയില്‍ നിന്ന് ഇല്ലാതെയാവുകയാണ്. രണ്ടു തരത്തിലുള്ള കയറാണ് ഇതിന് ഉപയോഗിക്കുന്നത് കമ്പ കയര്‍, തുമ്പി കയര്‍ പിന്നെ തേക്കിന്കുട്ട അങ്ങനെ കുറെ വസ്തുക്കളള്‍ ഈ വാക്കുകളൊക്കെ ടെക്നോളജിയുടെ കടന്നു വരവോടെ അപ്രത്യക്ഷമാകുകയാണ് . അതെ പോലെ തന്നെ പുതിയ വാക്കുകള്‍ ഭാഷയില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട് മൊബൈല്‍ വന്നതിനോടൊപ്പം എത്ര പുതിയ വാക്കുകളും കൂടെ വന്നു റേഞ്ച്, മിസ്സ്ഡ് കോള്‍,ഡിസ്പ്ലേ. അവരുടെ നിത്യജീവിതത്തിലാവശ്യമായ വാക്കുകളാണിവ. നമ്മളുടെ യുവ തലമുറ പെരുമാറുന്ന ഭാഷയുടെ പ്രതിഫലനം സിനിമയിലൂടെയും സാഹിത്യത്തിലൂടെയും പ്രചരിക്കുകയാണ്.
? കമ്മ്യുണിസ്റ്റ് ആശയങ്ങളെ മതമായി സ്വീകരിച്ച ഒരു അച്ഛന്റെ മകനെ സംബന്ധിച്ചിടത്തോളം എന്താണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇടതുപക്ഷം , എന്തെല്ലാം ചേരുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇടതുരാഷ്ട്രീയം
ഇടതുരാഷ്ട്രീയം അതിസങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നു പോയ്കൊണ്ടിരിക്കുകയാണ് . ഞങ്ങളെപ്പോലെ ആ കാലഘട്ടത്തില്‍ വളര്‍ന്നവര്‍ക്ക് സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഒരു വല്ലാത്ത തിരിച്ചടിയായിരുന്നു. ഞാനൊരു റിസേര്‍ച്ച് പ്രൊജെക്റ്റ് ആയി ചെയ്യാന്‍ ഉദ്ദേശിച്ചത് ഡങ്ങ് സിയാവോപിങ്ങ് ചൈനയില്‍ നടത്തിയ സാമ്പത്തിക പരിഷ്ക്കാരങ്ങളെ കുറിച്ചായിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും എനിക്കത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആ വിഷയം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ സോവിയറ്റ് യൂണിയന് ആടിയുലയുന്ന സമയത്തും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന പ്രശ്നങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകുന്നു എന്ന അത്ഭുതം ആയിരുന്നു. എങ്ങനെയാണ് അതു സാധ്യമാകുന്നത് എന്ന സംശയം, മാത്രമല്ല ആകെ ഒരു തരം ഐഡിയോളജിക്കല്‍ കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍ ആ സമയം. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം എന്ന് വിശ്വസിക്കപ്പെട്ടിരുന്ന പ്രത്യയശാസ്ത്രം അത് പ്രായോഗികതലത്തില്‍ എന്തുകൊണ്ടാണ് നമ്മള് ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാത്തതെന്ന ചോദ്യം എന്നെ വല്ലാതെ ബാധിച്ചു. കൂടുതല്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ മനസ്സിലാകുന്നത് പ്രത്യയശാസ്ത്രപരമായ സമീപനമല്ല അവിടെ ആവശ്യം നരവംശശാസ്ത്രപരമായതാണ്. തുടര്‍ന്ന് എന്റെ അന്വേഷണങ്ങള്‍ മനുഷ്യനെ പറ്റിയാണ്.
മനുഷ്യന് എന്ന ജന്തുവിഭാഗത്തിന്റെ അത്ര വൈവിധ്യം മറ്റൊന്നിനുമില്ല അവരില്‍ നാം ഉണ്ടെന്നു വിശ്വസിക്കുന്ന പല സങ്കല്പങ്ങളും, നന്മ എന്ന് വിളിക്കപ്പെടുന്നത്, യാഥാര്‍ത്ഥ്യവുമായി യാതൊരു വിധ ബന്ധവും ഇല്ലാത്തതാണ്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തില്‍ തന്നെ പല രീതിയിലുള്ള പോരായ്മകള്‍ ഉണ്ട് .സ്വാര്‍ത്ഥത, അത്യാഗ്രഹം, വയലന്‍സ് അങ്ങനെ പലതും. ഇതെല്ലാം അവന് സമൂഹത്തിന്റെ മുന്നി്ല്‍ നിയന്ത്രിതമായ രീതിയില്‍ പ്രകടിപ്പിക്കുവാന്‍ നിര്‍ബന്ധിതനാകുന്നു. ഇത്തരത്തില്‍ ജീവിക്കുന്ന ജന്തുവിഭാഗത്തില്പ്പെട്ട മനുഷ്യനെ പ്രത്യയശാസ്ത്രം ഉപയോഗിച്ച് നന്മയുടെ പാതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുക അത്ര നിസ്സാര കാര്യമല്ല. മാര്‍ക്സിസവും സ്ഥാപിക്കപ്പെട്ടത് മനുഷ്യ നന്മക്കു വേണ്ടി തന്നെയാണ് പക്ഷേ അത് പലപ്പോഴും അവനെ തൃപ്തിപ്പെടുത്തുന്നില്ല. ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്നിങ്ങനെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടാലും മനുഷ്യന് സന്തോഷമായി കഴിയാറുണ്ടോ? അങ്ങനെ ഒരു ജീവിയല്ല മനുഷ്യന്. അവിടെയാണ് ഐഡിയോളജിക്കലായ പ്രശ്നങ്ങള്‍ കൂടി നേരിടുന്നത്. ഇടതു പക്ഷം ആ പ്രശ്നങ്ങളെയാണ് സൈദ്ധാന്തികമായും പ്രായോഗികമായും പരിഹരിക്കാന്‍ ശ്രമിക്കുന്നത്. എന്റെ അച്ഛന് പലപ്പോഴും പാര്‍ട്ടിയെ മതം പോലെ വിശ്വസിച്ച മനുഷ്യനാണ്. അത് പാടില്ല. മറ്റെല്ലാത്തിലും എന്ന പോലെ കമ്മ്യുണിസത്തിലും ശുചീകരണ പ്രക്രിയ വളരെ അനിവാര്യമാണ്. എന്നാല്‍ ഇടതു സാഹചര്യത്തില്‍ അത്തരം പുനര്‍നവീകരണ പ്രക്രിയകള്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.നശിപ്പിക്കുവാന്‍ അല്ല മറിച്ച് സ്വയം നശിക്കാതെയിരിക്കാന്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. ആല്‍ഫയില്‍ പറയുന്നത് പോലെ ഇവിടെ പരീക്ഷണവും പരീക്ഷണ വസ്തുവും മനുഷ്യര്‍ തന്നെയാണ്.
ഒരു ന്യൂനപക്ഷത്തിന് ഒഴിച്ച് മറ്റുള്ളവര്‍ക്ക് പ്രസ്ഥാനത്തിനേക്കാള് വലുതായ അവരുടെ താല്പര്യങ്ങള് ഉണ്ടാകും. അത്തരം വ്യക്തി താല്പര്യങ്ങള് കടന്നു വരുന്നതോടെ സ്വാഭാവികമായും പല വൈരുദ്ധ്യങ്ങളും ഉടലെടുക്കും. ആ വ്യക്തി താല്പര്യങ്ങളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്തു കൊണ്ടതാണ് ഡങ് ചൈനയുടെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയത്. കൂടുതല്‍ നടാനുള്ള നിങ്ങളുടെ താല്പര്യത്തെ, നിങ്ങളുടെ ആര്‍ത്തിയെ ഒക്കെയാണ് ഡങ്ങ് സാമ്പത്തിക വളര്‍ച്ചക്ക് വളമാക്കിയത്. വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് കൂടെ സ്ഥാനം നല്‍കുക എന്ന തന്ത്രമായിരുന്നു സാമ്പത്തിക പുരോഗതിക്ക് അദ്ദേഹം പ്രയോഗിച്ചത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കടുംപിടിത്തം തുടരുന്നു എന്ന് കരുതുക അവ കാലക്രമേണ താനേ ഇല്ലാതെയാകും. വംശീയമായി വര്‍ഗീയമായി വലിയ രീതിയിലുള്ള ധ്രുവീകരണം നടക്കുന്ന കാലത്ത് അതിനെതിരെ നില്ക്കുന്ന പ്രതിരോധം എന്ന നിലയില്‍ എത്ര കണ്ടു ദുര്‍ബലമാണെങ്കിലും പ്രതീക്ഷയുണര്‍ത്തുന്ന ഒന്നായാണ് ഇടതുപക്ഷത്തെ കാണേണ്ടത്. ഇക്കഴിഞ്ഞ ജര്‍മ്മനിയിലെ തിരഞ്ഞെടുപ്പില്‍ 12 ശതമാനം ആളുകള്‍ വോട്ട് ചെയ്തത് തീവ്ര നിയോ നാസിസ്സ്റ്റ് വിഭാഗത്തിനാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെയും നാസിസത്തിന്റെയുമൊക്കെ എല്ലാ കെടുതികളും അനുഭവിച്ച ജര്‍മ്മനിയിലാണ് ഇത് നടക്കുന്നത്. ഓസ്ട്രിയയില്‍ അത്തരത്തിലൊരു ഭരണകൂടം നിലവില്‍വരുന്നു. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ ഒന്നിച്ചു നില്ക്കുന്നതല്ല പുറത്തു പോകുന്നതാണ് നമ്മള്‍ക്ക് നല്ലതെന്ന് തീരുമാനിക്കുന്നു. ആഗോള തലത്തില്‍ ഇവയൊന്നും അത്ര നല്ല ലക്ഷണങ്ങളല്ല. ഇപ്പോള്‍ മനുഷ്യന് നന്മയുടെ വളരെ ഉദാത്തമായ സങ്കല്പങ്ങളെ പറ്റി ഒക്കെ പറയുമ്പോഴും മ്യാന്മാറില് നിന്ന് വരുന്ന റോഹിംഗ്യകളെ സ്വീകരിക്കാന്‍ നമ്മള് തയ്യാറല്ല.
കേരള പൊളിറ്റിക്സ് വളരെ മോശമായൊരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. subsistince level എത്തിയിരിക്കുന്ന ആളുകളുടെ എണ്ണം വളരെ അധികം കൂടുതലാണ്. അതായത് ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്ന അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കപ്പെട്ട വിഭാഗം, മിഡില്‍ ക്ലാസ് എന്ന് വിളിക്കാം. പല തട്ടുകളിലായി മിഡില്‍ ക്ലാസ് നിലനില്‍ക്കുന്നുണ്ട്. അവര്‍ സമൂഹത്തില്‍ വളരെ പ്രബലരായ ഗ്രൂപ്പായി മാറുകയാണ്. കൂടിപ്പോയാല്‍ 20 ശതമാനം മാത്രം വരുന്ന ആളുകള്‍ താഴെ തട്ടിലുണ്ട് അവരില്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടവരും ആദിവാസികളും എല്ലാം ഉള്‍പ്പെടും. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഇവന്റെ താല്പര്യങ്ങള് നൂറ് ശതമാനവും റദ്ദാക്കപ്പെടും. കാരണം എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എണ്ണത്തില്‍ കൂടുതലായ മധ്യവര്‍ഗ്ഗത്തില്‍ ഉള്ളവരാണ്. ഇതുകൊണ്ടാണ് പലപ്പോഴും ആദിവാസിയുടെയോ ദളിതന്റെയോ പ്രശ്നങ്ങള്‍ക്ക് വേണ്ടത്ര ഫോക്കസ് ലഭിക്കാതെ പോകുന്നത്.
? എഴുത്തുകാര്‍ എന്തുകൊണ്ടാണ് എപ്പോഴും ഇടത് വശം ചേര്‍ന്ന് നടക്കുന്നത്
പൂര്‍ണമായും അതിനോട് യോജിക്കാന്‍ പറ്റില്ല. എഴുത്തുകാര്‍ മനുഷ്യന്റെയൊപ്പം നടക്കുന്നവരാണ്. മനുഷ്യരുടെ പ്രശ്നങ്ങളെ അഡ്രെസ്സ് ചെയ്യുന്നത് ഇടതുപക്ഷമാകുമ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് നില്‍ക്കേണ്ടി വരുന്നു. പിന്നെ നമ്മള് ഒരു രാഷ്ട്രീയ നിലപാടിന്റെ പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ് പരിശോധിക്കേണ്ടത് ടൈമും സ്പേയിസുമായി ബന്ധപ്പെടുത്തിയാണ്. കംബോഡിയയില്‍ ഖമറുകള്‍ പോ ള്പോട്ടിന്റെ നേതൃത്വത്തില്‍ ഏ താണ്ട് മൂന്നു ലക്ഷം പേരെ കൊന്നൊടുക്കി. ആ സമയത്ത് കേരളത്തിലൊക്കെ വളരെ അധികം ആരാധിക്കപ്പെടുന്ന ഇടതുപക്ഷ ചിന്തകനായ ചോംസ്കിയെടുത്ത നിലപാട് അതിനെ അനുകൂലിക്കുക എന്നതായിരുന്നു. സിസേക്ക് ചോംസ്കിയോട് പിന്നീട് ചോദിക്കുന്നുണ്ട് നിങ്ങള്‍ അന്ന് എടുത്ത തീരുമാനം തെറ്റായിരുന്നില്ലേയെന്ന്. അപ്പോള്‍ അദ്ദേഹം പറയുന്ന മറുപടി അന്ന് ലഭ്യമായിരുന്ന അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ എടുത്ത രാഷ്ട്രീയ നിലപാടാണ്. അതില്‍ ശരി തെറ്റുകള്‍ക്ക് പ്രസക്തിയില്ല. സിസേക്ക് അതിനെ ചോദ്യം ചെയ്തിട്ടും അദ്ദേഹം ആ നിലപാടിനെ തള്ളി പറയുന്നില്ല. അന്നത്തെ സാഹചര്യത്തില്‍ അത് ശരിയായിരുന്നു എന്ന് തന്നെ അദ്ദേഹം പറയുന്നു. ഒരു കഥാകാരന് എന്ന നിലയില്‍ ഇതിന്റെ ബൌദ്ധികതലത്തില്‍ സഞ്ചരിക്കുന്നതിന് പരിധികളുണ്ട്.പക്ഷേ മനുഷ്യന് അവനുണ്ട് എന്ന് വിശ്വസിക്കുന്നു നന്മയില് എനിക്ക് ബലമായ സംശയം ഉണ്ട്. അവനെ നിയന്ത്രിക്കുന്നത് സ്വാര്‍ത്ഥതയും അവന്റെ താല്പര്യങ്ങളും തന്നെയാണ് എന്നാണ് കഴിഞ്ഞ അന്‍പത്തിയേഴ് വര്‍ഷത്തെ ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്. അ ല്ല എന്ന് അവന് പറഞ്ഞെന്നു വരാം, വളരെ ത്യാഗിയായി അഭിനയിച്ചെന്നും വരാം. തീവ്ര വലതുപക്ഷവാദം ആഗോള തലത്തില്‍ ഇത്ര ശക്തി പ്രാപിക്കുന്ന കാലത്ത് എന്തെല്ലാം ന്യൂനതകള്‍ നിരത്തി കഴിഞ്ഞാലും പ്രതിരോധം എന്ന നിലയില്‍ ഇടതുപക്ഷത്തിന് പ്രസക്തിയുണ്ട്.അവര്‍ സൈദ്ധാന്തികമായി സ്വയം തിരുത്തേണ്ടിയിരിക്കുന്നു എന്നതും ചേര്‍ത്തു വായിക്കേണ്ട സത്യമാണ്.
? ഇടത് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിച്ചത് ഒരു തരം സവര്‍ണ്ണ മാര്‍ക്സിസം ആയിരുന്നില്ലേ , ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയില്‍ പോലും മുഖ്യമന്ത്രി ഇ.എം.എസ്സ്. നമ്പൂതിരിപ്പാട് ആയിരുന്നല്ലോ
ജാതിയെ ഇന്ത്യയില്‍ ഇടതുപക്ഷം വേണ്ട രീതിയില്‍ അഡ്രെസ്സ് ചെയ്തിട്ടില്ല. പക്ഷേ ഇനി അങ്ങനെ അഡ്രെസ്സ് ചെയ്യാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ വിഷയത്തില്‍ ഗാന്ധിജിയും ഇടതുപക്ഷവും ഏതാണ്ട് ഒരേ പോലെയുള്ള സമീപനമായിരുന്നു. ആ കാലത്ത് ഉണ്ടായിരുന്ന സോഷ്യോ-ഇക്കണോമിക് പ്രശ്നങ്ങളെ വളരെയധികം പ്രായസപ്പെട്ടു പരിഹരിക്കുകയായിരുന്നു. അന്നത്തെ സാഹചര്യത്തെ മനസ്സിലാക്കാതെ ഇപ്പോള്‍ അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ജാതി അന്ന് പരിഹരിക്കപ്പെടേണ്ട പ്രധാന പ്രശ്നമായി അവര്‍ക്ക് തോന്നിയില്ല. മാര്‍ക്സിയന്‍ സമീപനങ്ങള്‍ ഉരുത്തിരിയുന്നത് യൂറോപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ്. ഇവിടെ മാര്‍ക്സിസം വ്യാഖ്യാനിച്ചപ്പോള്‍ ആ ഭാഗങ്ങള്‍ വളരെ ഡോഗ്മാറ്റിക്ക് ആയിമാറി. ഒരു കാലത്ത് ആളുകള്‍ മതം പോലെ മാര്്ക്സിസം സ്വീകരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അതിന്റെ അടിസ്ഥാന ഘടനയെ കുറച്ചു കൂടി ക്രിട്ടിക്കലായി ഡിസൈന്‍ ചെയ്യേണ്ടതാണ് എന്ന കാര്യം അവര്‍ വിസ്മരിച്ചു. ഇന്ന് നമ്മള് നോക്കുമ്പോള്‍ അത് തെറ്റാണ്. പക്ഷേ അത് ഇന്നുള്ള സാമൂഹിക അവബോധത്തിന്റെ അടിസ്ഥാനത്തിലുള്ള നിരീക്ഷണമാണ്. .അങ്ങനെ ഒന്നില്ലാതെയിരുന്ന കാലത്തില്‍ ഉണ്ടായിരുന്ന ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ വളരെ അനിവാര്യമായവയായിരുന്നു. പക്ഷേ അത്രയും പോരായിരുന്നു. അതില്‍ കൂടുതല്‍ വേണ്ടിയിരുന്നു എന്ന് നമ്മള്‍ക്ക് ഇപ്പോള്‍ തോന്നും.സോഷ്യല്‍ ആന്ത്രപ്പോളജിയുടെ ടൂള്‍സ് ഉപയോഗിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുന്ന സമയത്ത് ആ കാലത്ത് നില നിന്നിരുന്ന മനുഷ്യവംശത്തിലെ ബോധ്യങ്ങളെ കൂടി ചേര്‍ത്തു വെച്ചു അപഗ്രഥിച്ചാല്‍ മാത്രമേ പ്രസക്തിയുള്ളൂ. ശ്രീ നാരായണ ഗുരുവിനെ തന്നെ എടുക്കാം അദ്ദേഹം ജാതിയെയും മതത്തിനെയും അങ്ങേയറ്റം എതിര്‍ക്കുകയും ദൈവത്തെ നിഷേധിക്കാതെയിരിക്കുകയും ചെയ്തു. അതാണ് ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് എന്ന് പറയാനുള്ള കാരണം. ഈ കാരണം കൊണ്ട് തന്നെ പലരും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ മാനിക്കാതെ ഇരിക്കുകയും ചെയ്യുന്നു. കാരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ദൈവം പലര്‍ക്കും യുക്തിരഹിതമായ ആശയമാണ് എന്നാല്‍ അന്ന് അങ്ങനെയല്ല. അണുകുടുംബങ്ങളെ വളരെയധികം വിമര്‍ശനാത്മകമായി അല്ലേ അറുപതുകളിലും എഴുപതുകളിലും ഒക്കെ സ്വീകരിച്ചത് പിന്നീട് ആളുകള്‍ സ്വീകരിച്ചത് എങ്ങനെയായിരുന്നു. ഇനി വരുന്ന കാലത്തിലും അത്തരം മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കും നേരത്തെ പറഞ്ഞ പോളിയാമറസ് പോലെയുള്ള ഗ്രൂപ്പുകള്‍ മാത്രമാകും വരുംകാലങ്ങളിലുണ്ടാവുക.
? ഒരുപക്ഷേ ഇ.എം.എസ്സ്. എന്ന സൈദ്ധാന്തികനേക്കാള് കമ്മ്യുണിസ്റ്റ് വിശ്വാസികളുടെ മനസ്സില്‍ വേരുറപ്പിച്ചിട്ടുണ്ടാവുക എ.കെ.ജി. എന്ന സാധാരണക്കാരന്റെ പ്രതിനിധിയാകും. അദ്ദേഹത്തിനെതിരെ യുക്തിരഹിതമായ ആരോപണങ്ങള്‍ അഴിച്ചുവിടുന്നതിന്റെ കാരണം എന്തായിരിക്കും
ഈ ഒരു കാലഘട്ടത്തില്‍ വളരെ ആസൂത്രിതമായി സംവാദങ്ങള്‍ ജനറേറ്റ് ചെയ്യപ്പെടാറുണ്ട്. അതിലൂടെ സ്വന്തമായി ഒരു സ്പേയിസ് നിര്‍മ്മിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതില്‍ ഇടപ്പെടുന്ന സാധാരണക്കാരായ ആളുകള്‍ക്ക് ഇത് പദ്ധതിപ്രകാരം നടക്കുന്ന ഒന്നാണ് എന്ന് മനസ്സിലാകാറില്ല. നെഗറ്റീവ് പബ്ലിസിറ്റി പോലും അലങ്കാരമായി കൊണ്ട് നടക്കുന്ന ആളുകളാണ് ഇപ്പോള്‍ ഉള്ളത്. രണ്ടു ദിവസം മുമ്പ് നാഷണല്‍ മീഡിയകളില്‍ നടന്ന ചര്‍ച്ചകളില്‍ പ്രധാനമായും സംസാരിക്കുന്നത് കേരളത്തിലെ വിഷയങ്ങളെ പറ്റിയാണ്, ഏതാണ്ട് മൂന്ന് ചാനലില്‍ ഒരേ സമയം. അതില്‍ ഒരാള്‍ പറയുന്നുണ്ട് രണ്ടു കെ അതാണ് വിഷയം ഒന്ന് കാശ്മീര്‍ മറ്റൊന്ന് കേരളം. കേരളത്തില്‍ ജനുവരി 26ന് പതാക ഉയര്‍ന്നത് സംബന്ധിക്കുന്ന വിഷയമാണ് ഒന്നില്‍. മറ്റൊന്നില്‍ ഹാദിയയുടെ വിഷയവുമായി ബന്ധപ്പെടുത്തി ലൌവ്-ജിഹാദിനെ പറ്റി.ഇതൊന്നും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിഷയമൊന്നുമല്ല എന്ന് എല്ലാവര്ക്കും അറിയാം. എന്നാലും എല്ലാവരും പ്രാധാന്യം കൊടുക്കുന്നു. ഇന്ന് ഇടതുപക്ഷം എല്ലാ രീതിയിലും ആക്രമിക്കപ്പെടുന്ന ഒരിടം ആയി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഒക്കെ.
ഇടതുപക്ഷത്തിന്റെ നേതാക്കള്‍ വിശുദ്ധന്മാരയിട്ടോ കലര്‍പ്പില്ലാത്തവര്‍ ആണെന്നോ അല്ല പറയുന്നത്, പക്ഷേ പ്രതിരോധത്തിന്റെയൊരു സാധ്യത എന്ന നിലയില്അതിന് പ്രസക്തിയുണ്ട്..ബല്‍റാമിനെ പോലെയൊരു നേതാവില്‍നിന്ന് ഞാന്‍ കുറച്ചു കൂടി ഉത്തരവാദിത്തപരമായ സമീപനമാണ് പ്രതീക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാഗത്തുണ്ടായ പിശക് എന്താണെന്ന് വെച്ചാല്‍ ആ വാക്ക് ബാലപീഡനം എന്നത് അവിടെ പ്രയോഗിക്കാന്‍ പാടില്ലായിരുന്നു. അങ്ങനെ ആണെങ്കില്‍ ഗാന്ധിജിക്ക് നേരെയും സമാനമായ ആരോപണങ്ങള്‍ വൈകാതെ ഉയരണമല്ലോ.
? തമിഴ്നാട് രാഷ്ട്രീയം അക്ഷരാര്‍ത്ഥത്തില്‍ അനിശ്ചിതത്വത്തിലൂടെ സഞ്ചരിക്കുകയാണ്. അവരുടെ രാഷ്ട്രീയ ചരിത്രത്തില്‍ പലപ്പോഴും പ്രകടമായിട്ടുള്ള സ്വഭാവം വിധേയത്വമാണ്. വന്മരങ്ങളുടെ തണല്‍പറ്റി നില്ക്കാനാഗ്രഹിക്കുന്നൊരു ജനത. അവര്‍ക്കിടയിലേക്ക് താരമുഖങ്ങള്‍ ഒന്നുമില്ലാതെ പ്രവേശിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് അത്ര എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കുമോ
ദ്രവീഡിയന്‍ ചിന്തക്ക് വലിയ വേരോട്ടമുള്ള ഭൂമികയാണ് അവിടം. നമ്മള് കരുതുന്നത് പോലെ താരാരാധന മാത്രമല്ല അവിടെയുള്ളത്. പെരിയാറിനെ പോലെയുള്ള ആളുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായിട്ടുള്ള ദ്രവീഡിയന്‍ ചിന്താ പദ്ധതികളുടെ പ്രതിരോധത്തെ മാറി കടക്കുക എന്നത് അത്ര എളുപ്പമാകില്ല ബി.ജെ.പി.ക്ക്. അവര്‍ കുറച്ചു എങ്കിലും നേട്ടം ഉണ്ടാക്കിയത് എ.ഐ.എ.ഡി.എം.കെ.യുടെ ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സമയത്താണ്. എന്നാലിന്ന് അവരുമായുള്ള ബന്ധത്തിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രബലരായ ശക്തിയുടെ ഒപ്പമല്ലാതെ ബി.ജെ.പി.ക്ക് അവിടെ വിജയസാധ്യത കുറവാണ്. ഒരു വലിയ നേതാവിനെ കൂടെ കൂട്ടിയാല്മാത്രം അവിടെ ജയിക്കില്ല. അതുകൊണ്ട് തന്നെ ദ്രവീഡിയന്‍ പൊളിറ്റിക്കല്‍ മൂവ്മെന്റിന്റെ ഏതെങ്കിലും ഭാഗത്തിനെ ഒപ്പം ചേര്‍ക്കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
? താരതമ്യേന തമിഴ്നാടിനേക്കാളും, കേരളത്തിനെക്കാളുമൊക്കെ വലിയ സംസ്ഥാനമാണ് കര്‍ണ്ണാടകം. അവിടെ തുല്യരായ പ്രതിപക്ഷ പ്രതിയോഗികള്‍ ബി.ജെ.പി.ക്ക് ഇല്ല താനും. ഇങ്ങനെ അതുല്യമായ സ്ഥാനത്തേക്ക് അവര്‍ എത്തപ്പെട്ടത് ഗൌരി ലങ്കേഷിനെ പോലെയും, എം.എം.കല്‍ബുര്‍ഗിയെ പോലെയുമുള്ള ശക്തരായ സാംസ്കാരിക സാന്നിധ്യങ്ങളുടെ എല്ലാ വിധ ചെറുത്തുനില്‍പ്പുകളും പൂര്‍ണ്ണമായും ഉന്മൂലനം ചെയ്തത് കൊണ്ടാകില്ലേ
കേരളത്തില്‍ അവരുടെ വളര്‍ച്ചക്ക് പ്രതിബന്ധം ഒരുക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളും, തമിഴ്നാട്ടില്‍ ദ്രവീഡിയന്‍ പ്രസ്ഥാനങ്ങളുമാണ്. എന്നാല്‍ അത്തരത്തിലൊരു പ്രസ്ഥാനങ്ങളും ഇല്ല എന്നതാണ് ബി.ജെ.പി.യെ കര്‍ണാടക പൊളിറ്റിക്സില്‍ ഏറ്റവും ശക്തരാക്കുന്നത്. വ്യക്തികളില്‍ നിന്ന് ഉണ്ടാകുന്നുണ്ട് അത്തരം ശ്രമങ്ങള്‍, ഗിരീഷ് കര്‍ണാടില്‍ നിന്നും ഒക്കെ. പക്ഷേ സംഘടിതമായൊരു പ്രസ്ഥാനമായി അത് വളരുന്നില്ല. കോണ്‍ഗ്രസ്സും ജനതാദളും ഒക്കെ ഉണ്ടെങ്കിലും ആകെ ചിന്നിച്ചിതറി കിടക്കുകയാണ്. രാമകൃഷ്ണ ഹെഗ്ഡെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. വളരെ നല്ലൊരു ഇമേജ് ഒരു കാലത്തുണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ തമ്മില്‍ തമ്മിലുള്ള ഉള്‍പ്പോര് കാരണം അദ്ദേഹം ആ സ്ഥാനത്ത് എത്തിയില്ല. ദക്ഷിണ കര്‍ണാടകയില്‍ ബ്രാഹ്മണിസത്തിന്റെ സ്വാധീനം വളരെ കൂടുതലാണ്. അത് ബി.ജെ.പി.യെ വളരെയധികം സഹായിക്കുന്നുണ്ട് അവിടെ നിലയുറപ്പിക്കാന്‍.
? ഇനിയരൊല്പം സാഹിത്യത്തിലേക്ക് വരാം. ഇറാഖ് യുദ്ധവും, സാല്‍വഡോര്‍ ഓപ്ഷനും തമിഴ്-സിംഹള പോരാട്ടവും എല്ലാം അന്താരാഷ്ട്ര പ്രശ്നങ്ങളിലേക്കും, വിഷയങ്ങളിലേക്കുമാണ് വായനക്കാന്റെ ശ്രദ്ധ തിരിക്കുന്നത്. എങ്ങനെയാണ് എഴുത്തിനു ഇങ്ങനെയൊരു ആഗോള സ്വഭാവം കൈവന്നത്
വളരെ വൈകിയാണ് ഞാന്‍ സാഹിത്യത്തിലേക്ക് വരുന്നത് ആദ്യ പുസ്തകം പുറത്തിറങ്ങുന്നത് നാല്പത്തിരണ്ടാം വയസ്സിലാണ്.എന്റെ താല്പര്യം സാഹിത്യത്തിലായിരുന്നില്ല, ഇന്റര്‍ നാഷണല്‍ പൊളിറ്റിക്ക്സിലായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്വെച്ചു എനിക്ക് ലിറ്ററേച്ചറിലേക്ക് പ്രവേശിക്കേണ്ടി വരികയായിരുന്നു. റയില്‍വേയിലെ എന്റെ ജോലിയുടെ സ്വഭാവമാറ്റം ആയിരുന്നു അതിനു പ്രധാന കാരണമായത്. മലയാളത്തിലെ അന്നത്തെ പ്രധാന ചര്‍ച്ച ഇനി സാഹിത്യത്തിന് വല്ല പ്രാധാന്യവും ഉണ്ടോ. ടെലിവിഷന്റെ ഒക്കെ കടന്നു വരവ് സംഭവിച്ചു കഴിഞ്ഞ തൊണ്ണൂറുകളിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. പുസ്തകങ്ങളുടെ മരണമണി മുഴങ്ങുന്ന സമയം. ആ ഒരു സാഹചര്യത്തിലാണ് സാഹിത്യരചനയെ പറ്റി ചിന്തിക്കുന്നത്. എന്നെ സാമ്പ്രദായിക സാഹിത്യം അത്രയൊന്നും പ്രലോഭിപ്പിച്ചിട്ടില്ല. ഞാന്‍ സാഹിത്യം പ്രധാന വിഷയമായി പഠിച്ച ആളൊന്നുമല്ല. അതുകൊണ്ടാകാം.നമ്മളുടെ സാഹിത്യം മറ്റൊരു ജ്ഞാന മേഖലകളെയും സംബോധന ചെയ്യാത്ത ഒന്നായിട്ടാണ് തോന്നിട്ടുള്ളത്. അതിനു മറ്റു വിഷയങ്ങളിലേക്ക് പോകാനുള്ള സാധ്യതകളില്ലേ. ആഗോളവല്‍ക്കരണം കഴിഞ്ഞുള്ള കാലമാണ്.ആശയവിനിമയ രംഗത്ത് വിപ്ലവങ്ങള്‍ സംഭവിക്കുന്ന സമയം, ദൂരങ്ങള്‍ അപ്രസക്തമാകുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം എഴുത്തിലൊരു സാധ്യത ഉണര്‍ത്തുന്നില്ലേ. ദേശാതിര്‍ത്തികളും ഈ കാലത്തില്‍ നിസ്സാരമാകാന് തുടങ്ങി. സാഹിത്യവും ആഗോളതലത്തില്‍ എത്തേണ്ടേ എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. ആദ്യ നോവലില്‍ അല്ല ഇട്ടിക്കോരയുടെ എഴുത്തിന്റെ സമയത്ത് എങ്ങനെ സാഹിത്യത്തിനെ ആ തലത്തിലേക്ക് എത്തിക്കാമെന്ന ആലോചന തുടങ്ങി. വാസ്കോഡഗാമ ഇവിടെ വന്നു എന്ന് പറയുന്നത് പോലെ ഇവിടെ നിന്ന് എന്തുകൊണ്ട് ഒരാള്‍ക്ക് അങ്ങോട്ട് പോയിക്കൂടാ. അങ്ങനെയാണ് എന്റെ വിഷയങ്ങള്‍ ട്രാന്‍സ് നാഷണല്‍ അല്ലെങ്കില്‍ ട്രാന്‍സ് കോണ്ടിനെന്റലായി മാറുന്നത്.
? അഭയാര്‍ത്ഥികളുടെ യാതനകളെ തീക്ഷണമായി അവതരിപ്പിച്ചു കൊണ്ട് മലയാള സാഹിത്യത്തിലേക്ക് പ്രവേശനം ചെയ്ത എഴുത്തുകാരന് ആയിരുന്നു സി.വി. ശ്രീരാമന്.അദ്ദേഹത്തെപ്പോലെ വളരെ വൈകിയാണല്ലോ താങ്കളും എഴുത്ത് തുടങ്ങുന്നത്. സി.വി ഒരു നിര്‍ണായക സ്വാധീനമായിരുന്നോ
തീര്‍ച്ചയായും ആയിരുന്നു. എന്നെ ആഗോളതലത്തില്‍ ചിന്തിക്കാന്‍ ഒരുപക്ഷേ പ്രേരിപ്പിച്ചത് സി.വി.യാകും. സി.വി.യുടെ വല്ലാതെ ആകര്‍ഷിച്ചൊരു കഥയാണ് ”മുഖം പദ്മദളാകാരം”. സ്ത്രീകളെ വളരെ സൂക്ഷ്മമായി അനലൈസ് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.അതിക്രൂരമായൊരു കുറ്റം ചെയ്യുകയും എന്നാല്‍ വളരെ സാത്വികമായി പെരുമാറുകയും ചെയ്യുന്നൊരു സ്ത്രീയെ പറ്റിയാണ് ആ കഥ. അത്രയൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയ സി.വി.യുടെ കഥയാണത്. സി.വി.യെ പറ്റി പറയുമ്പോള്‍ സാധാരണ എല്ലാരും പറയുന്നത് ഒട്ടുചെടി,ചിദംബരം,ഇരിക്കപിണ്ഡം ഒക്കെയാണ്. അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങളെ പറ്റി വായിക്കുമ്പോള്‍ അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു വന്നേക്കാം. ആ ചോദ്യം ഒരു തവണ ഞാന്‍ ചോദിച്ചപ്പോള്‍ സി.വി.യുടെ മറുപടി യഥാര്‍ത്ഥ ആളെ നേരിട്ട് കാണണോ എന്നായിരുന്നു. ഒരു തരത്തില്‍ താമസിച്ചു എഴുത്ത് തുടങ്ങിയത് നന്നായി എന്ന് എനിക്ക് തോന്നാറുണ്ട് കാരണം മലയാള സാഹിത്യത്തിലെ ആധുനികതയുടെയും മറ്റ് ആഘോഷങ്ങളുടെയും പ്രലോഭനങ്ങളിലൊന്നും അകപ്പെടാതെ എഴുതാന്സാധിച്ചു.
ഫോട്ടോ: മനൂപ് ചന്ദ്രന്
? ആല്‍ഫയിലോ ഫ്രാന്‍സിസ് ഇട്ടിക്കോരയിലോ,സുഗന്ധിയിലോ,സിറാജുന്നിസയിലോ ഒന്നുംതന്നെ മൃദുല പ്രകൃതിയായ പ്രണയത്തെ കാണാന്‍ കഴിയുന്നില്ല. പ്രണയരഹിതമായ പ്രമേയങ്ങള്‍ എന്ന് തന്നെ വിളിക്കാം
പ്രണയത്തിന്റെ ഒരു കാല്‍പ്പനിക തലമില്ല ശരിയാണ്. ഇത്ര ഇരുണ്ടത് ആണോ നിങ്ങളുടെ ജീവിതം എന്ന് പലരും ചോദിച്ചിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഒന്ന് എന്റെ മൂന്നു പുസ്തകങ്ങളും കൈകാര്യം ചെയ്യുന്നത് ചില ദാര്‍ശനികമായ പ്രശ്നങ്ങളെയായിരുന്നു. വ്യക്തിപരമായി ഇത്തരം കാല്‍പ്പനികമായ സങ്കല്‍പ്പങ്ങളോട് വലിയ യോജിപ്പുള്ള മനുഷ്യന് അല്ല ഞാന്‍. അതില്‍ സത്യമില്ല എന്നല്ല പക്ഷേ ഇപ്പോള്‍ ആളുകള്‍ പൊലിപ്പിച്ചു പറയുന്നത്ര പ്ലാറ്റോണിക്കാണ് പ്രണയം എന്നെനിക്ക് അഭിപ്രായമില്ല. പക്ഷേ അങ്ങനെയുള്ള പ്ലാറ്റോണിക്ക് ലൌവിനെ പറ്റിയുള്ളതാണ് ഇനി വരാന്‍ പോകുന്ന എന്റെ ആദ്യ ചലച്ചിത്രസംരംഭം.
? ഓള് അല്ലേ ഷാജി. എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം.
ഏകദേശം ജോലികള്‍ എല്ലാം കഴിഞ്ഞു. സിനിമയെ അത്ര ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരാളുടെ ഒപ്പം പ്രവര്‍ത്തിക്കുക എന്നത് വളരെയധികം സന്തോഷം തരുന്ന കാര്യമായിരുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ എടുത്താണ് അത് ചെയ്തത്.പ്രണയമാണ് ഓളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ശരീര സംബന്ധിയായ പ്രണയമല്ല അതിനുമപ്പുറമുള്ള സാധ്യതകളിലേക്ക് നീളുന്ന പ്രണയം. എന്താണ് പ്രണയം, എന്താണ് കല ഒരു മിത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് ഇവയ്ക്കു ഉത്തരം നല്കാന് ശ്രമിക്കുകയാണ്. പലപ്പോഴും സര്റിയലായാണ് ചിത്രം സംസാരിക്കുന്നത്. എന്നാല്‍ വളരെ ലളിതമായ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നതും. പ്രതീക്ഷ നല്കുന്ന ഒരു പ്രൊജെക്റ്റ് ആണ്.
? ഇട്ടിക്കോരയില്‍ എം ആര് ടി എ പറ്റി പരാമര്‍ശിക്കുന്നുണ്ട്. പുറം ലോകം അത്രയൊന്നും ശ്രദ്ധിക്കാതെ പോയൊരു നീക്കം ആയിരുന്നു അത്. ഇത്തരം പ്രമേയങ്ങള്‍ എങ്ങനെ എഴുത്തില്‍ വന്നു ചേരുന്നു
അപ്രതീക്ഷിതമായി ഒരു പത്രവാര്‍ത്ത എന്റെ ശ്രദ്ധയില്‍ പ്പെടുന്നു ഞാന്‍ എഴുതാന്‍ ഒന്നും തുടങ്ങിയിട്ടില്ലാത്ത കാലമാണ് അത്. ആ വാര്‍ത്ത ഇങ്ങനെ ആയിരുന്നു നമ്മളുടെ അംബാസിഡര്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഇംഗ്ലീഷ് പത്രമാണ് ഹിന്ദുവോ ഇന്ത്യന്‍ എക്സ്പ്രസ്സോ മറ്റോ ആണ്. അന്ന് പെറുവിലെ അംബാസിഡര്‍ നിരുപമ റാവു ആണ്. ഇന്ത്യയുടെ ഫോറിന് സെക്രട്ടറി ആയിരുന്ന , അമേരിക്കന്‍ അംബാസിഡര്‍ ആ യിരുന്ന മലപ്പുറത്തുകാരി. ആദ്യമായി അംബാസിഡര്‍ ആയി അവര്‍ക്ക് നിയമനം ലഭിക്കുന്നത് പെറുവിലാണ്. അവിടെ ജോലി ചെയ്യുന്നതിനിടയില്‍ ജപ്പാന് അംബാസിഡറുടെ വസതിയില്‍ നടന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒരു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയി. ഇടയ്ക്ക് വെച്ച് എപ്പോഴോ എന്തോ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി അവര്‍ അവിടെ നിന്നു ഇറങ്ങി. ഇറങ്ങി പത്തു മിനിട്ടു കഴിഞ്ഞപ്പോള്‍ തുപാക് ഗറില്ലകള്‍ വന്നു ബാക്കി ആള്‍ക്കാരെ മുഴുവന്‍ ബന്ദികളാക്കി. ഇതായിരുന്നു പത്രവാര്‍ത്ത. നമ്മളുടെ അംബാസിഡര്‍ രക്ഷപ്പെട്ടത് കൊണ്ട് പിന്നീട് ഈ വാര്‍ത്തയ്ക്ക് അധികം ഫോളോ അപ്പ് ഒന്നുമുണ്ടായില്ല. ഈ വാര്‍ത്ത ഞാന്‍ ആദ്യമായി തുപാക് ഗറില്ലകളെ പറ്റി വായിക്കുന്നത്. പിന്നീട് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇട്ടിക്കോര എഴുതുന്ന സമയത്ത് ഇട്ടിക്കോര രണ്ടു പ്രതിബന്ധങ്ങളെയാണ് മറികടക്കാന്‍ ശ്രമിക്കുന്നത്. ഒന്ന് ജ്യോഗ്രഫി. രണ്ടു ഐഡിയോളജി.അങ്ങനെ ജ്യോഗ്രഫിക്കലായ പ്രതിബന്ധങ്ങള്‍ മറികടക്കാനാണ് ഈ ഭാഗം കഥയില്‍ ഉള്‍പ്പെടുത്തുന്നത്.
? സംസ്ക്കാരത്തെ ഒരു തടവറയായി ചിത്രീകരിച്ച നോവലായി ആല്‍ഫയെ വായിക്കാം. ‘ the author should die once has finished writing. So as not to trouble the path of the text. എന്ന് ഉമ്പര്‍ട്ടോ എക്കോയും പറഞ്ഞിട്ടുണ്ട്. പക്ഷേ ആല്‍ഫ എന്ന നോവല്‍ കൃത്യമായ രീതിയില്‍ വായിക്കപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.ആല്‍ഫ എന്തിന്റെയെല്ലാം പ്രതിനിധാനമാണ്. വിശദീകരിക്കാമോ
ഒരുപാട് ആളുകള്‍ അതിനെ സയന്‍സ് ഫിക്ഷന്ആയി കരുതി. ഇത് വാസ്തവത്തില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം പ്രത്യയശാസ്ത്ര സംബന്ധമായ അനിശ്ചിതത്വത്തില്‍ എ ഴുതപ്പെട്ട പുസ്തകമാണ്. ആ കാലത്ത് വളരെ ചുരുക്കി പറയുന്ന നോവലുകള്‍ ആണ് എന്നെ കൂടുതല്ആകര്ഷിച്ചിരുന്നത്. സി.ആര്.പ രമേശ്വരന്റെ പ്രകൃതി നിയമം ഓള്ഡ്മാന് ആന്‍ഡ് സീ തുടങ്ങിയ പുസ്തകങ്ങള്‍ വാസ്തവത്തില്‍ ആന്ത്രപോളജിക്കല് എക്സ്പിരിമെന്റ് സോവിയറ്റ് യൂണിയനില്‍ നടന്ന സംഭവങ്ങളുടെ പ്രതീകമാണ്. പക്ഷേ ഞാന്‍ എഴുതാന്‍ തുടങ്ങിയത് മറ്റൊരു പശ്ചാത്തലത്തിലാണ് കൊണ്ടപ്പള്ളി സീതരാമയ്യ മരിച്ച സമയത്താണ് ഞാന്‍ ഇ ത് എഴുതാന്തുടങ്ങുന്നത്. അദ്ദേഹത്തെ പറ്റി ബലികുടീരങ്ങളേ എന്ന കഥയില്‍ പറയുന്നുണ്ട്. കൊണ്ടപ്പള്ളിയാണ് പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപിക്കുന്നത്. അവസാനം അദ്ദേഹത്തിനെ എല്ലാവരും ചേര്‍ന്ന് പുറത്താക്കി. ഇദ്ദേഹം നിരാലംബനായി ഒടുവില്‍ കൊണ്ടപ്പള്ളി എന്ന സ്ഥലത്ത് വെച്ചു മരിക്കുന്നു. ഒരു വലിയ കാഴ്ചപ്പാടോടെ കൂടിയൊരു പ്രസ്ഥാനം തുടങ്ങുകയും അത് തുടങ്ങിയ ആളെ തന്നെ പിന്നീട് ഉള്ള വളര്‍ച്ച യുടെ ഘട്ടത്തില്‍ പുറത്താക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തില്‍ എല്‍.ടി.ടി.യും സമാനമായ രീതിയില്‍ കൈവിട്ടു പോകില്ലേ എന്ന് ഞാന്‍ സംശയിച്ചിരുന്നു. ആ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട വര്‍ക്കാണ് അത്, ഒരു പൊളിറ്റിക്കല്‍ നോവല്‍. ഇത് അതിഗംഭീരമായ സയന്‍സ് ഫിക്ഷന്‍ ആണെന്നൊക്കെ ആളുകള്‍ പ്ര ശംസിക്കുമ്പോള് എ നിക്ക് സംഭവിച്ച പരാജയത്തെക്കുറിച്ച് ഓര്‍ത്ത് നിരാശനായി നില്ക്കും.
? ഷോഭാ ശക്തി, ജയപാല ന്തുടങ്ങിയ വലിയൊരു സുഹൃത്ത് വൃന്ദം തന്നെ ഉണ്ടല്ലോ സിംഹള സാഹിത്യത്തില്‍. അവര്‍ നേരിട്ട അഭയാര്‍ഥി ജീവിതം തന്നെയാണോ അവരുടെ എഴുത്തിന്റെ മൂലധനം
ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ തന്നെയാണ് അവരെ എഴുത്തിലേക്ക് എത്തിച്ചത്. ഷോഭാ ശക്തി മെട്രിക്കുലേഷന്‍ പോലും ഇല്ലാത്ത ആളാണ് .എന്നാല്‍ വളരെ നല്ല രീതിയില്‍ ഭാഷയെ വിന്യസിപ്പിക്കുന്ന എഴുത്തുകാരന് ആണ്. കാന്‍ ഫെസ്റ്റിവലില്‍ ഡി ഓര്പുരസ്ക്കാരം കരസ്ഥമാക്കിയ സിനിമയിലെ നടനാണ്. എല്‍ ടി.ടി.ഇ.യില്‍ ബോയ് സോള്‍ജിയര്‍ ആയിരുന്നു. അവര്‍ ബലമായി കൊണ്ട് ചേര്‍ത്ത താണ്. അവിടെ നിന്ന് ഒളിച്ചോടി പിന്നീട് പാരീസില്‍ പോയി, ഭക്ഷണ ശാലകളില്‍ വെയിറ്റര്‍ ആയി ജോലി നോക്കി. ഒടുവില്‍ ഈ സ്ഥാനത്തില്‍ വരെ എത്തിയെന്നത് വലിയ കാര്യം തന്നെയാണ്.
? നമ്മളുടെതോ മലയാളത്തിലെ എഴുത്തുകാരുടെ മൂലധനമോ
മലയാളത്തില്‍ ഇനി നോവല്‍ എഴുതുവാന്‍ ഇന്റെലക്ച് ്യുല് സ്റ്റാമിനയുള്ള എഴുത്തുകാരില്ല എന്ന് പറഞ്ഞു സന്ദേഹത്തോടെ നിന്നിരുന്ന തൊണ്ണൂറുകളില്‍നിന്ന് 2018 ആയപ്പോഴേക്കും വന്ന മാറ്റങ്ങള്‍ വളരെ അധികം പ്രതീക്ഷയുണര്‍ത്തുന്നതാണ്.ലോക നിലവാരത്തിലേക്ക് നമ്മളുടെ എഴുത്തിനെ എത്തിക്കാന്‍ കഴിയുന്ന ഒരു പറ്റം എഴുത്തുകാരാണ് ഇപ്പോള്‍ ഉള്ളത്. അവര്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍, നരേഷന് ഉപയോഗിക്കുന്ന രീതി, എഴുത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍- സമീപനത്തില്‍ തന്നെ പ്രകടമായ വ്യത്യാസങ്ങള്‍ വരുന്നുണ്ട്. വളരെ വ്യത്യസ്തമായ മേഖലകളില്‍ നിന്ന് എഴുത്തുകാര്‍ വരുന്നു എന്നതും ശ്രദ്ധേയമാണ്. ബെന്യാമിനെയും, സുഭാഷ് ചന്ദ്രനെയും പോലെയുള്ളവര്‍ പിന്നെ എടുത്തു പറയേണ്ട രണ്ടു പേരുകളാണ് എം.മുകുന്ദനും, സേതുവും. കാരണം എത്രയോ വര്‍ഷങ്ങളായി എഴുത്തില്‍ ജീവിക്കുന്നവര്‍ ആണ്.പക്ഷേ മുകുന്ദേട്ടന്റെ കുട നന്നാക്കുന്ന ചോയിയോ, സേതുവേട്ടന്റെ ആലിയയോ ഒന്നും തന്നെ ആദ്യ രചനകള്‍ പോലെയല്ല. നിരന്തരം അവരുടെ എഴുത്തിനെ അവര്‍,നവീകരിച്ചു കൊണ്ടേയിരിക്കുകയാണ്. ടി.പി. രാജീവന്റെ വളരെ പ്രധാനപ്പെട്ട സംഭാവനയാണ് പാലേരിമാണിക്യം, കാരണം ആ നോവല്‍ കൊണ്ട് വന്ന മാറ്റം അത്ര വലുതാണ്, പുതിയ ഒരു കാലത്തിന്റെ സമസ്ത സാധ്യതകളും ഉപയോഗപ്പെടുത്തുന്ന രീതിയില്‍ അവര്‍ക്ക് ഇനിയും ശ്രമിക്കാം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ഒരു മലയാളി എഴുത്തുകാരന്റെ അല്ലെങ്കില്‍ ്എഴുത്തുകാരിയുടെ പുസ്തകങ്ങള്‍ വായിക്കാന്‍ ലോകത്ത് ഉള്ള മുഴുവന്‍ വായനക്കാരും കാത്തിരിക്കുന്ന കാലം വരണം. അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകം മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് മുപ്പതു രാജ്യങ്ങളില്‍ ഒരുമിച്ചാണ് പ്രകാശനം ചെയ്തത്. സമാനമായ സ്ഥാനത്തേക്ക് എത്താന്‍ ഒരു മലയാളി എഴുത്തുകാരന് അല്ലെങ്കില്‍ എഴുത്തുകാരിക്ക് സാധിക്കും. അതിന്റെ സൂചനയാണ് ക്രോസ് വേര്‍ഡ് പുരസ്ക്കാരത്തിന് മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കട്ട സുഭാഷ് ചന്ദ്രനന്റെ മനുഷ്യന് ഒരു ആമുഖം. ഇതൊരു നിസ്സാരമായ നേട്ടമായല്ല മലയാളികള്‍ കാണേണ്ടത്.