ആര്‍ട്ട് വര്‍ക്കുകളുടെ ‘ടേക്ക് ഓഫും’ ഗോവന്‍ ടോണിന്റെ ‘ഹേയ് ജൂഡും’: സംസ്ഥാന ഫിലിം അവാര്‍ഡ് ജേതാവ് സന്തോഷ് രാമനുമായുള്ള അഭിമുഖം

Gambinos Ad

സന്തോഷ് രാമന്‍/ അനിരുദ്ധ്

Gambinos Ad

കലാസംവിധായകന്‍ ,ഇന്റീരിയര്‍ ഡിസൈനര്‍, ചിത്രകാരന്‍ , ഒമ്പത് വര്‍ഷം ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ആര്‍ട്ട് ഡയറക്ടേര്‍സ് യൂണിയന്റെ ജന.സെക്രട്ടറി, തലശ്ശേരിക്കാരന്‍. വര്‍ഷങ്ങളായി കുടുംബസമേതം കോഴിക്കോട്ടാണ് താമസിക്കുന്നതെങ്കിലും, ലൊക്കേഷനില്‍ നിന്നും ലൊക്കേഷനിലേക്ക് തിരക്കുകളുമായി സന്തോഷത്തിലാണ്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു നേടിയ സന്തോഷ് രാമന്‍.. സൌത്ത് ലൈവിനോട് സംസാരിക്കുന്നു.

ഇറാഖിലെ ഹോസ്പിറ്റല്‍ തമ്മനത്തെ പൂമ്പാറ്റ സ്റ്റുഡിയോയില്‍..

സിനിമ കണ്ട ഒരാള്‍ക്ക് പോലും അത് മനസ്സിലായില്ല എന്നത് തന്നെയാണ് ഞങ്ങളുടെ നേട്ടം. ആന്റോ ജോസഫായിരുന്നു സ്‌ക്രിപ്റ്റ് തന്ന് ആ വര്‍ക്കേല്‍പ്പിച്ചത്. ഒരു 20 ദിവസത്തെ തയാറെടുപ്പിന് ശേഷമാണ് അതിലേക്ക് ഇറങ്ങിയത്. സംവിധായകന്‍ മഹേഷിനായാലും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അദ്ദേഹം എഡിറ്റര്‍ കൂടിയായതിന്റെ ബെനിഫിറ്റും ഉണ്ടായിരുന്നു. ഇറാഖ് ഇതുവരെ കാണാത്ത എനിക്ക് ആ ഒരു സെറ്റ് വലിയ വെല്ലുവിളി തന്നെയായിരുന്നു. ആ നഗരത്തെ അറിയാന്‍ അവിടെ പോകണമെന്നില്ല. 2014ലെ അതിന്റെ ഇരയായ ഒരാളോട് മഹേഷ് സംസാരിച്ച ഓഡിയോ കേള്‍ക്കുവാന്‍ സാധിച്ചതോടെ എന്റെ മനസ്സിലെ ചിത്രം പൂര്‍ണ്ണമായിരുന്നു.

ഇറാഖിനെ ഡിസൈന്‍ വരച്ച് തീരുന്നതുവരെ എല്ലാവര്‍ക്കും നല്ല പേടിയായിരുന്നു. ലോങ് ഷോട്ടായ ആ സ്ട്രീറ്റുകളും മറ്റും റാസല്‍ഘൈമയിലും ആശുപത്രി പരിസരങ്ങളും മറ്റും എറണാകുളം പൂമ്പാറ്റ സ്റ്റുഡിയോയിലും സെറ്റിടുകയായിരുന്നു. ഹോസ്പിറ്റല്‍ മതില്‍ക്കെട്ടിനകത്തുള്ള സ്ട്രക്ച്ചര്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റി ആണ്. വിന്‍ഡോ എങ്ങനെ കാണണം തുടങ്ങി സ്‌ക്രീനില്‍ വേണ്ട വിഷ്വല്‍സും മാത്രമായിരുന്നു ചെയ്തത്. സിനിമയില്‍ തുടര്‍ച്ച വരുന്ന ഒരു സീന്‍, ഒരു കുട്ടി ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയോടുന്ന ഒരു സീന്‍, അത് ശരിക്കും 3 ലൊക്കേഷനിലാണ് ഷൂട്ട് ചെയ്തത്.

ഹോസ്പിറ്റല്‍ തമ്മനത്തെ സ്റ്റുഡിയോയിലും ഔട്ട്‌സൈഡ് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലും അതിലെ ലോംങ് ഷോട്ട് റാസല്‍ഘൈമയിലുമായാണ് ചെയ്തത്. അതിലൊരു അസ്വാരസ്യമില്ലാതെ തുടര്‍ച്ച ലഭിച്ചത് തന്നെ സന്തോഷം നല്‍കുന്നതാണ്. എന്റെ സ്‌പേസുകള്‍ അവര്‍ക്കുകൂടി കംഫര്‍ട്ട് ആയതോടെ വര്‍ക്ക് എളുപ്പമായി. അത് ആ സിനിമക്ക് വളരെയധികം സഹായകമായി എന്ന് തന്നെയാണ് അറിയാന്‍ കഴിഞ്ഞതും, വാക്കുകളിലൂടെ ആ അംഗീകാരം ലഭിക്കുകയും ചെയ്തു. ഇറാഖിലെ ടാങ്കര്‍ പോലും മാനുവലി ഉണ്ടാക്കി എടുത്തതാണ്. പിന്നെ വാഹനങ്ങളാണേല്‍ പോലും രണ്ടു രാജ്യങ്ങളില്‍ ഷൂട്ട് ചെയ്തതാണേലും ആ തുടര്‍ച്ച നമ്മള്‍ക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ഇന്നും ഇറാഖിലാണ് അത് ഷൂട്ട് ചെയ്തത് എന്ന് വിശ്വസിക്കുന്നവര്‍ സിനിമക്കകത്തു തന്നെയുണ്ട്.

രണ്ടു നാടുകളും ചിത്രത്തില്‍ ഒരേ ഫ്രെയിമിന്റെ തുടര്‍ച്ചയായി പ്രേക്ഷകന് അനുഭവപ്പെടുന്നതാണല്ലോ വിജയം. മറ്റു സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ട ആര്‍ട്ട് വര്‍ക്കുകളേക്കാള്‍ ഈ സിനിമ ആവശ്യപ്പെടുന്നത് പബ്ലിക് സ്‌പേസുകളെയാണ്. ഒരു പക്ഷേ മറ്റു സിനിമകളില്‍ നിന്നും ഇതിത്ര വേറിട്ട് അംഗീകരിക്കപ്പെട്ടതും ഇറാഖിന്റെ ഭൂമികയെ ഞങ്ങള്‍ക്ക് അവിടെ എത്തിക്കാന്‍ സാധിച്ചത് കൊണ്ടാണ്. ചിത്രത്തിന്റെ ലഭിച്ച പുരസ്‌കാരങ്ങളിലും കഥയും മേക്കിംഗിനൊപ്പം ആര്‍ട്ടിനും ലഭിച്ച അംഗീകാരങ്ങളാണ്. അത്രയും ചലഞ്ചിങ്ങും എന്നാല്‍ ഈ രീതിയില്‍ ചെയ്യാനും അത് വലിയ രീതിയില്‍ അംഗീകരിക്കപ്പെടുകയും ചെയ്തപ്പോഴാണ് ഞങ്ങളുടെ ഈ ഒരു പ്രൊഡക്ഷന്‍ ഡിസൈന്‍ ടീമിനു തന്നെ അഭിമാനിക്കാന്‍ തക്കതായി. അതില്‍ എന്റെ കൂടെ ഉള്ള ടീമായാലും സംവിധായകനും ക്യാമറമാനും തന്ന പിന്തുണകൊണ്ട് മാത്രമാണ്.

ആര്‍ട്ടിനെ തളച്ചിടുന്നതിനെക്കുറിച്ച്..

മലയാളത്തില്‍ സിനിമ ചെയ്യുമ്പോഴുള്ള പ്രശ്‌നം ആര്‍ട്ടിനെ ആദ്യം തന്നെ ഒരു ഫിക്‌സഡ് ബജറ്റില്‍ തളച്ചിടും. ആ ലോക്കില്‍ കിടന്നുള്ള നിലവിളിയാണ് പിന്നീട്. സീനിന്റെ കണ്ടന്റ് അനുസരിച്ച് ചില പുതിയ പുതിയ മെറ്റീരിയല്‍ സംഘടിപ്പിക്കേണ്ടിവരും. ഒരു 10 രൂപയുടെ സാധനത്തിന് 10,000ത്തിന്റെ വില മതിപ്പ് തോന്നിക്കുന്ന നിലയിലേക്ക് നമ്മള്‍ മാറിതുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ചെയ്യുന്ന മമ്മൂക്കയുടെ അബ്രഹാമിന്റെ സന്തതികള്‍ ആണേലും ഫ്രെയിമില്‍ വരുന്ന ഞങ്ങളുടെ കളര്‍കോഡനുസരിച്ച് തന്നെയാണ് കോസ്റ്റിയൂമും കളറും സെലക്ട് ചെയ്യുന്നത്. ഒരു സീനിന് വരുന്ന കളര്‍ ബാക്ക്ഗ്രൗണ്ട് പാറ്റേണ്‍ ഏതുരീതിയിലെന്നപോലെ നമ്മള്‍ക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റും. അതിന് സംവിധായകന്‍ ഷാജിയാണെലും ഹനീഫ് അദേനിയും ആല്‍ബിയുമൊക്കെ പൂര്‍ണ്ണപിന്തുണ തന്നെയാണ്. ഇതിലെ വിഷ്വല്‍സൊക്കെ അതേ രീതിയില്‍ വന്നിട്ടുണ്ട്. ബ്ലൂ-ഡാര്‍ക്ക് ഷാഡോ-ലൈറ്റ് മിക്‌സഡ് ടെക്‌സച്ചറാണ് ഇതില്‍ ഉപയാഗിച്ചിരിക്കുന്നത്.

നിവിന്റെയും തൃഷയുടെയും ഹേയ് ജൂഡ്..

ഹേ ജൂഡ് ചെയ്യുമ്പോള്‍ കുറേയേറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഒരു വീടും അതിന് ഒരു കണക്ഷന്‍ വീട് നായികയായ തൃഷയുടെ വീട് സെറ്റിടേണ്ടുന്ന അവസ്ഥ വരുമ്പോഴാണ് മഴ വിഷയമായത്. അതിനെ റികവര്‍ ചെയ്താണ് ചെയ്തത്. ആ കണക്ഷന്‍ സിനിമയില്‍ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന രീതിയില്‍ തന്നെ വന്നതില്‍ സന്തോഷം. അതിലെ ടോണുകളൊക്കെ വ്യത്യസ്തമായിരുന്നു. ഗിരീഷ് ഗംഗാധരനും ഞാനും ആദ്യം തന്നെ സിനിമയുടെ ഒരു കളര്‍ ടോണ്‍ തയ്യാറാക്കി, അതിന് തുടര്‍ച്ചയായി മാത്രമാണ് കോസ്റ്റിയൂം വന്നത്. ശ്യാം സാറിനും ആ ആംഗ്ലോ ഇന്ത്യന്‍ ഗോവന്‍ ടോണ്‍ ഇഷ്ടായി. ഞങ്ങളുടെ സജഷന്‍ പ്രകാരമുള്ള കോഡിങ്ങിലും ടെക്‌സ്ച്ചറിങ്ങിലുമാണ് ആ ചിത്രം നടന്നത്. എല്ലാ സിനിമാറ്റോഗ്രാഫറും അഭിനേതാക്കളുടെ ശരീരാടിസ്ഥാനത്തില്‍ കളര്‍ ഗ്രേഡ് ചെയ്യുമ്പോള്‍ പശ്ചാത്തലവും മാറുകയാണ്. അത് മെയിന്റെന്‍ ചെയ്യാന്‍ സാധിക്കുമ്പോഴാണ് ഒരു ആര്‍ട്ട് ഡിറക്ടറുടെ വിജയം.

ആര്‍ട്ടിനെ മലയാളികള്‍ ശ്രദ്ധിച്ചുതുടങ്ങിയ ‘ഞാന്‍’

ചലഞ്ചിങ്ങായ ഒരു ചിത്രം തന്നെയായിരുന്നു ഞാന്‍. ഒരുപാട് സ്ഥലങ്ങള്‍ അന്വേഷിച്ചിട്ടാണ് ഒരു ലൊക്കേഷന്‍ പോലും ഫൈനല്‍ ആയത്. പഴയകാലത്തെ ഒരു ജിയോഗ്രഫി ലഭിക്കണമെന്നതു കൊണ്ടാണ് കാസര്‍കോട്-കാഞ്ഞങ്ങാട് ഭാഗമാണ് തിരഞ്ഞെടുത്തത്. പ്രെസന്റ് സിറ്റ്വേഷന്‍ മാത്രമായിരുന്നു കോഴിക്കോട് ഭാഗത്ത് ചെയ്തത്. ഞാനില്‍ ഒരു കോഫി ഷോപ്പ് വേണമെന്ന് മാത്രമാണ് രഞ്ജിയേട്ടന്‍ പറയുക, അതിലെ കംപ്ലീറ്റ് പ്രൊപ്പര്‍ട്ടികളുള്‍പ്പെടെ ഞങ്ങള്‍ അത് സ്‌കെച്ച് ചെയ്ത് കൊടുക്കുകയാണ് ചെയ്യുക. അത് തന്നെയാണ് സംവിധായകനും എനിക്കും ടീമിനും എളുപ്പം. അതിലെ കോഫീ ഷോപ്പ് ഫുള്‍ വേസ്റ്റ് മെറ്റീരിയലിലായിരുന്നു ചെയ്തത്.

മലയാളസിനിമയിലെ ഒരുവിധ പീരീഡ് സിനിമകളിലെല്ലാം വെള്ളപൂശിയ ചുമരുകളായിരുന്നു, സിനിമയുടെ മാത്രം ഒരു കാഴ്ച്ചപ്പാടായി മാറിയ ഒന്നായിരുന്നത്. ഞാനില്‍ രഞ്ജിയേട്ടനോടു സംസാരിച്ചതിന്റെ ഭാഗമായാണ് ചെങ്കല്ല് ടെക്‌സ്ച്ചര്‍ ഉപയോഗിച്ചത്. വീടിന്റെ അകവശങ്ങളില്‍ മണ്ണും ചെടിയും പശയും ഓക്‌സൈഡ് പൗഡറും ഫെവിക്കോളുമായിരുന്നു ഉപയോഗിച്ചത്. കിണറില്‍ നിന്നെടുക്കുന്ന ചെവിടിമണ്ണായതിനാലാണ് അതിലെ ചിമ്മിനി വെളിച്ചത്തിന് ഫ്രെയിം ബ്യൂട്ടി വന്നത്. നേരെ മറിച്ച് പെയിന്റാണേല്‍ ആ വെളിച്ച്ം സ്‌പ്രെഡ് ആയേനെ.

സിനിമയിലേക്ക്..

സുഹൃത്തും തലശ്ശേരിക്കാരനും പരസ്യചിത്ര സംവിധായകനുമായ രാജീവ് റാമും ഇനി അടുത്തിറങ്ങാനിരിക്കുന്ന കമ്മാരസംഭവത്തിന്റെ സംവിധായകന്‍ രതീഷ് അമ്പാട്ടും വഴിയാണ് സിനിമയില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ശ്യാമപ്രസാദിന്റെ ‘അകലെ ആദ്യ ചിത്രം. അകലെ മാത്രമെ അസിസ്റ്റ് ചെയ്തിട്ടുള്ളൂ, പിന്നീട് ആനചന്തം വന്നപ്പോള്‍ ആകെ ചെയ്ത ഹോം വര്‍ക്ക് ജയരാജ് സാറിന്റെ സിനിമകള്‍ കാണുക എന്നു മാത്രേമേയുള്ളൂ. തുടര്‍ന്ന് വന്ന സത്യന്‍ അന്തിക്കാട് -അഴകപ്പന്‍ ചിത്രം വന്നപ്പോള്‍ അവരുടെ കോംബിനേഷന്‍ ചിത്രങ്ങള്‍ മുഴുവന്‍ ഡിവിഡി എടുത്ത് കണ്ടു. ഇത് കണ്ടിട്ടാണല്ലോ നമ്മള്‍ ഇവരുടെ മുന്നിലേക്ക് പോവുന്നത്, അത് തന്നെയാണ് നമുക്ക് ഒരു കോണ്‍ഫിഡന്‍സ്. തുടര്‍ന്ന് ജയരാജ്, സത്യന്‍ അന്തിക്കാട്, രഞ്ജിത്, ഡോ: ബിജു, പത്മകുമാര്‍, എം.മോഹനന്‍, സലാം ബാപ്പു തുടങ്ങിയവരുടേത് ഉള്‍പ്പെടെ നിരവധി മലയാള ചലച്ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചു.

എന്റെ എല്ലാ സിനിമകളും ആദ്യ സിനിമയായി കാണാനാണെക്കിഷ്ടം. അതിനോട് എത്രമാത്രം പുതുമ കൊണ്ടുവരാന്‍ പറ്റുമോ ആ തിരക്കഥയോട് എത്രമാത്രം ഇഴുകിചേരാന്‍ പറ്റുമോ എന്നൊക്കെ ശ്രദ്ധിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്. സംവിധായകനും ക്യാമാറമാനുമായി സംസാരിച്ച് ശേഷം നമുക്ക് ഒരു സ്‌പേസ് ലഭിക്കും. രഞ്ജിയേട്ടനാണെലും മറ്റ് സംവിധായകരായാലും അഭിപ്രായം പറഞ്ഞ് ശീലിക്കാന്‍ ശ്രമിക്കുകയും അവര്‍ അതിനുള്ള ഫ്രീഡവും നല്‍കിയിട്ടുണ്ട്.

സംവിധായകന്‍ രഞ്ജിത്തുമായുള്ള ബന്ധം..

സിനിമയോടുള്ള എന്‍ട്രി ചെയ്ഞ്ച് തന്നത് രഞ്ജിയേട്ടനാണ്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളും രഞ്ജിയേട്ടനൊപ്പമാണ് ചെയ്തതും. ഇന്ത്യന്‍ റുപ്പി വന്നപ്പോള്‍ രഞ്ജിയേട്ടന്റെ ആശയങ്ങളും ആളുടെ മനസ്സിലുള്ള നരേഷന്‍ എനിക്കും കിട്ടിയതോടെ അതൊരു തുടര്‍ച്ചയായി മാറി. എന്റെ സ്‌പേസ് ശരിക്കും അറിയിച്ചുതന്നതും രഞ്ജിയേട്ടന്‍ തന്നെയാണ്. ഇന്ത്യന്‍ റുപ്പി, ലോഹം, സ്പിരിറ്റ്, ലീല, ഞാന്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, പുത്തന്‍പണം തുടങ്ങി ആ ലിസ്റ്റ് തുടരുകയാണ്. നരേറ്റ് ചെയ്ത് കഴിഞ്ഞാല്‍ രഞ്ജിയേട്ടന്‍ പിന്നെ ഷൂട്ടിനായിരിക്കും സെറ്റിലേക്ക് വരിക, അത്രയും നമുക്കൊരു ഫ്രീഡമുണ്ട്.

സ്പിരിറ്റിലെ ലാലേട്ടന്റെ വീട് മുതല്‍ ബിവറേജ് ഷോപ്പ് വരെ സെറ്റാണ്. ബിവറേജ് ഷോപ്പ് സ്റ്റേഡിയത്തിലാണ് സെറ്റിട്ടത്. അന്നൊക്കെ രാവിലെ മുതല്‍ സ്റ്റേഡിയത്തില്‍ തിരക്കായിരുന്നു. ഡേറ്റ് ക്ലാഷായതിനാല്‍ രഞ്ജിയേട്ടന്റെ ബിലാത്തിക്കഥ ഞാനല്ല ചെയ്യുന്നത്.

കളറുകളുടെ കലയും കളിയുമാണ് ആര്‍ട്ട് ഡിറക്ഷന്‍, വര്‍ക്ക് ചെയ്ത ഗ്രെയ്ഡിങ് അല്ല തിയേറ്ററില്‍ പ്രൊജക്ട് ചെയ്തത് എന്നൊരു നിരാശ ഉണ്ടായിട്ടുണ്ടോ?

ഒരുപാട് തോന്നിയിട്ടുണ്ട്. പക്ഷേ പിന്നീട് അതില്‍ നിന്ന് പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങള്‍ തിയേറ്റര്‍ പ്രൊജക്ഷന്‍ കണക്കാക്കി കളര്‍ ടോണ്‍ കറക്ട് ചെയ്ത് തുടങ്ങി. പിന്നെ ഗ്രേഡ് ചെയ്താല്‍ എങ്ങനെ വരുമെന്ന് നമ്മള്‍ക്ക് നേരത്തെ മനസ്സിലാക്കാന്‍ സാധിക്കണം. അതില്‍ ക്യാമറാമാന്റെ മാത്രം ഒരു ഭാഗമല്ല. ക്യാമറാമാന്റെ സ്‌പേസിനൊപ്പം നില്‍ക്കുന്ന കോസ്റ്റിയൂം ആണേലും ആര്‍ട്ട് ആണേലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമാണുള്ളത്. സിനിമാറ്റോഗ്രഫി അടിപൊളിയായിട്ടിണ്ട് എന്ന് പലരും പറയുമ്പോഴും ആ സ്‌പേസ് ക്യാമാറമാന് ഒരുക്കികൊടുക്കുന്ന ആര്‍ട്ട് ഡയറക്ടറുണ്ട് കോസ്റ്റിയൂം ടീമുണ്ട്, അതിന്റെയൊക്കെ ആകെ തുകയാണ് ആ ഫ്യെയിം ബ്യൂട്ടി. ആ ഒരു സ്‌പേസിനെപ്പറ്റി ചിന്തിക്കുന്നവര്‍ കുറവാണ്. എല്ലാവരുടെയും കൂട്ടായ വര്‍ക്ക് തന്നെയാണ് സിനിമ. ചില കളറുകള്‍ വിഷ്വലി ആ കഥാപാത്രത്തിനൊപ്പം ആ പ്രതലവും സഞ്ചരിക്കുന്നത് തന്നെയാണ് ആര്‍ട്ട് ഡയറക്ടറുടെ വിജയം, അല്ലാതെ ആരെങ്കിലും ഒരാള്‍ വന്ന് ആര്‍ട്ട് മാത്രം നന്നായി എന്ന് പറഞ്ഞാല്‍ അത് ഞങ്ങളുടെ പരാജയമാവും. എല്ലാം നന്നായി എന്നതിനെക്കാള്‍ സന്തോഷം മറ്റൊന്നിനില്ല.

ആര്‍ട്ടിനൊപ്പം നില്‍ക്കേണ്ട ക്യാമറ..

ഒരു ഡയറക്ടര്‍ക്ക് ഇടവും വലവും ഒരു ക്യാമറമാനും ആര്‍ട്ട് ഡയറക്ടറുമാണ്. ഡയറക്ടര്‍ കഥാപാത്രത്തെ ട്യൂണ്‍ ചെയ്യണമെങ്കില്‍ അതിനുള്ള സ്‌പേസ് നമ്മള്‍ കണ്ടെത്തികൊടുക്കേണ്ടിയിരിക്കുന്നു. ഇതുരണ്ടും ഒപ്പിയെടുക്കുന്ന പ്രോസസാണ് സിനിമ. പണ്ട് ഒരു പക്ഷേ ഗാനങ്ങള്‍ക്കുകൊടുത്ത ഒരു പ്രധാന്യത്തിലേക്ക് ഇന്ന് വിഷ്വല്‍സ് ഉയരുന്നുണ്ട്. വിഷ്വല്‍സ് കൊണ്ട് കഥ പറയിക്കാന്‍ നമ്മള്‍ക്കും സാധിക്കുമെന്നതിനുള്ള തെളിവാണത്. പിന്നെ ഒന്നും 360 ഡിഗ്രി വര്‍ക്ക് ചെയ്ത് വയ്ക്കാറില്ല, കാരണം അത് വേസ്റ്റ് ഓഫ് കോസ്റ്റ് & ടൈം ആണ്. അതിലെ നാല് ഫ്രെയിമുകള്‍ മാത്രം മതി നമുക്ക്. പിന്നെ നേരിട്ട് കാണുന്നതല്ലല്ലോ സിനിമ, വിഷ്വലിന്റെ ഒരു കളിയല്ലേ.

മലയാളികള്‍ കാത്തിരിക്കുന്ന ഒരു വലിയ പ്രൊജക്ട് രണ്ടാമൂഴത്തിലേക്ക്

അത് വലിയൊരു പ്രൊജക്ടാണ്. രണ്ടാമൂഴത്തിന്റെ ഇന്ത്യന്‍ പ്രൊഡക്ഷന്‍ ഡിസൈനറായി വര്‍ക്ക് ചെയ്യുന്നുണ്ട്. അതിന്റെ ഇന്ത്യന്‍ പ്രൊഡകഷന്‍ ഹൗസിന്റെ ആര്‍ട്ട് ഡയറക്ടര്‍ ഞാനാണ്. സംവിധായകന്‍ ശ്രീകുമാറുമായിട്ട് വര്‍ഷങ്ങളായുള്ള ബന്ധമാണ്. ആ ബന്ധവും സിനിമയിലേക്കും വളരുകയാണ്.

പുതിയ പ്രൊജക്ടുകള്‍

റിലീസിന് ബാലചന്ദ്രമേനോന്റെ എന്നാലും ശരത്, മമ്മൂക്ക-ഗ്രേറ്റ്ഫാദര്‍ ടീമിലൊരുങ്ങുന്ന അബ്രഹാമിന്റെ സന്തതികള്‍, നിഥിന്‍ രഞ്ജി പണിക്കരുടെ ലേലം 2, ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ജോസ് സെബാസ്റ്റ്യന്‍ ചെയ്യുന്ന ടോവീനോ നായകനാകുന്ന തലശ്ശേരി-ലക്‌നൗ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം, അതിന്റെ ക്യാമറമാന്‍ ഒരു വിദേശിയാണ്.