
ഡോ: ബിജു/ വി.കെ സനിഷ്

കാവേരി വിഷയത്തില്‍ തമിഴ് സിനിമാ താരങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും നിലപാട് വ്യക്തമാക്കുന്നതും ദേശീയ തലത്തില്‍ വാര്‍ത്തായിരിക്കുകയാണ്. കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേട്ടങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതും ഈ സമയത്ത് തന്നെയാണ്. തമിഴ് സിനിമയുടെ ‘രാഷ്ട്രീയ ഒത്തൊരുമ’ ഒരിക്കല്‍ പോലും മലയാള സിനിമ മേഖലയില്‍നിന്ന് ഉണ്ടായിട്ടില്ല. കേരളത്തിന്റെ പൊതുവായ വിഷയങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുന്ന പൊതുമണ്ഡലത്തില്‍ ഇടപെടാത്ത ‘മലയാള’സിനിമയെക്കുറിച്ച് ഡോ: ബിജു സംസാരിക്കുന്നു
മലായാള സിനിമാ താരങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും പൊതുബോധവും
വിരലിലെണ്ണാവുന്ന ആളുകള്‍ ഒഴിച്ച് മലയാള സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പൊതു വിഷയങ്ങളില്‍ രാഷട്രീയ നിലപാട് എടുക്കുകയോ ഇടെപടുകയോ ചെയത സംഭവം ഉണ്ടായിട്ടേയില്ല. മലയാള സിനിമ വേറൊരു ലോകത്താണ് നിലകൊള്ളുന്നത്. സാധാരണക്കാരുമായി യാതൊരു ബന്ധവും മലയാള സിനിമയ്ക്കോ അതില്‍ ഇടപെടുന്നവര്‍ക്കോ ഇല്ല. സാധാരണ ജനങ്ങളുടെ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ല സിനിമയ്ക്കും സിനിമക്കാര്‍ക്കും എന്ന ധാരണയാണ് പലരിലുമുള്ളത്. അങ്ങനെയൊരു പൊതുബോധമാണ് സിനിമക്കാര്‍ സൃഷ്ടിക്കുന്നത്. സിനിമ എന്നത് വെറും വിനോദത്തിന് എന്നതിനപ്പുറത്തേക്ക് ഇവര്‍ക്ക് ഒന്നുമില്ല.
സാംസ്കാരിക, രാഷട്രീയ ഇടങ്ങളില്‍ ഇടപെടേണ്ടവരാണ് സിനിമാക്കാര് എന്ന ഒരു ധാരണയും നമുക്ക് ഇതുവരെ ഉണ്ടായിട്ടില്ല. എന്റെ അറിവില്‍ ഒറ്റപ്പെട്ട വിഷയമൊഴിച്ചാല്‍ ഭൂരിപക്ഷം ആളുകളും കേരളത്തിന്റെ ഇത്തരം വിഷയങ്ങളില്‍ നിലപാട് എടുത്തിട്ടുള്ള ഒരു അവസരം പോലും എന്റെ ഓര്‍മ്മയില്‍ ഇല്ല.
പുരോഗമന ചിന്താഗതിക്കാരുടെ അവസരവാദ രാഷട്രീയം
അമ്മയുടെ തലപ്പത്തിരിക്കുന്നതോ, ഇടതുപക്ഷ ചിന്താഗതിക്കാരോ ആയ ഇപ്പോഴത്തെ ആളുകള്‍, എംപിമാരായതോ എംഎല്‍എ മാരായതോ ആയ ആളുകള്‍ നിരവധിയുണ്ടല്ലോ. ഇത്തരത്തില്‍ പുതിയ ആളുകള്‍ ഇടതുപക്ഷത്തേക്ക് വരുന്നതിനുള്ള ക്വാളിഫിക്കേഷന്‍ എന്താണ് എന്ന് നാം ആലോചിച്ച് നോക്കണം. എന്ത് ക്വാളിഫിക്കേഷനാണ് അവര്‍ക്കുള്ളത്. ഏതെങ്കിലും പൊതുവിഷയങ്ങളില്‍ സജീവമായി ഇടപെട്ട, വായനയുടെ ലോകത്ത്, സാംസ്കാരികമായ ലോകത്ത്, കൃത്യമായി ഇടപെട്ട് കഴിവ് തെളിയിച്ചിട്ടുള്ള ആളുകള്‍ ഒന്നുമല്ല ഇപ്പോള്‍ വന്നിട്ടുള്ള സിനിമാക്കാര്. അവര്‍ ഗ്ലാമറിനപ്പുറത്ത് യാതൊരു യോഗ്യതയും ഇല്ലാതെ വന്ന ആളുകളാണ്.
പത്തിരുപത് വര്‍ഷം മുമ്പുള്ള ചരിത്രം അങ്ങനെയായിരുന്നില്ല. അന്ന് വന്നിട്ടുള്ള, മുരളിയെപ്പോലെ, ലെനിന് രാജേന്ദ്രനെപ്പോലെ, ഷാജി എന്‍ കരുണിനെ പോലുള്ള ആളുകളായിരുന്നു. ഇവരൊക്കെ കൃത്യമായ സാമൂഹിക ബോധം പുലര്‍ത്തിയിരുന്നു. കൃത്യമായ നിലപാടെടുക്കുന്ന ഏത് വിഷയത്തിലാണെങ്കിലും സ്വന്തം അഭിപ്രായം പറയുന്ന ആളുകള്‍ തന്നെയായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള എംപിമാരും എംഎല്‍എമാരും ആയ ആളുകള്‍ സിനിമയുടെ ഗ്ലാമറിനപ്പുറത്ത് എന്തെങ്കിലും സാമൂഹിക രാഷ്ട്രീയ അടിത്തറയുള്ള ആളുകളല്ല. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ആളുകളില്‍ നിന്നും സാംസ്കാരിക, സമൂഹികമായ ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നതു തന്നെ അബദ്ധമാണെന്നാണ് എനിക്ക് തോന്നുന്നത്.
കച്ചവടത്തിനപ്പുറം കടക്കാത്ത മലയാള സിനിമ
സിനിമയുടെ കച്ചവട താത്പര്യത്തിന് സിനിമയുടെ ഗ്ലാമറിന് എല്ലാവരും ഒറ്റക്കെട്ടാണ്. ഏറ്റവും അടുത്ത് കണ്ടിട്ടുള്ളത് ഒരു നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തന്നെ, അത്ര വലിയ വിഷയത്തില്‍ പോലും സിനിമാ ലോകം ഒന്നിച്ചു നില്ക്കേണ്ടിടത്ത് അതിന് പ്രതിലോമ കരമായ നിലപാടാണ് എടുത്തത്. അമ്മ എന്ന സംഘടന എടുത്തിട്ടുള്ള നിലപാട് ഏറ്റവും മ്ലേച്ഛമായ ഒന്നാണ്. സിനിമയിലെ എല്ലാ സംഘടനകളും വളരെ പിന്തിരിപ്പനായിട്ടുള്ള നിലപാടാണ് എടുത്തത്. അവര്‍ ഒന്നിച്ചു നില്‍ക്കുന്നത് സിനിമയുടെ കച്ചവടത്തിന് കോട്ടം തട്ടുന്ന വിഷയങ്ങളില്‍ മാത്രമേയുള്ളു. അല്ലാതെ പൊതുജനങ്ങളെ സംബന്ധിക്കുന്ന രാഷ്ട്രത്തെ സംബന്ധിക്കുന്ന സംസ്ഥാനത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ അവര്‍ ഒരിക്കലും ഒന്നിച്ചു നിന്നിട്ടുമില്ല. അങ്ങനെയൊരു കാഴ്ചപ്പാട് അവര്‍ക്ക് ഒരിക്കലും ഉണ്ടായിട്ടുമില്ല.
പൊതുമണ്ഡലത്തിലേക്ക് എറിഞ്ഞുകൊടുക്കുന്ന പിന്തിരിപ്പന് സിനിമകള്‍
പൊതുബോധമോ സാംസ്കാരിക ചിന്തയോ വായനയോ വീക്ഷണമോ ധൈഷണികതയോ ഒന്നുമില്ലാത്തതാണ് അവര്‍ എന്നത് അവരുടെ സിനിമകളില്‍ നിന്നു തന്നെ വ്യക്തമാണ്. ഇവര്‍ അഭിനയിക്കുന്ന അല്ലെങ്കില്‍ ഇവര്‍ സംവിധാനം ചെയ്യുന്ന നിര്‍മ്മിക്കുന്ന സിനിമകളില്‍ നിന്നും തന്നെ ആ സിനിമയുടെ സ്വഭാവത്തില്‍ നിന്നും ഇവരുടെ ഒരു ബോധമണ്ഡലം നമുക്ക് അറിയാന്‍ പറ്റും. ഇവരുടെ നിലവാരം നമുക്ക് അളക്കാന്‍ പറ്റും. അത് അബദ്ധത്തില്‍ സംഭവിക്കുന്നതല്ല. ഇത് ഒരു സിനിമയില്‍ ചിലപ്പോള്‍ അബദ്ധത്തില്‍ സംഭവിക്കാം. പക്ഷെ തുടര്‍ച്ചയായി ഇവര്‍ ഇത്തരത്തിലുള്ള സിനിമ തന്നെ ചെയ്തുകൂട്ടുമ്പോള്‍ അവരുടെ നിലവാരം സാധാരണക്കാരനായ ഒരു മനുഷ്യന്റെ നിലവാരത്തില്‍ പോലും ഉള്ള ബുദ്ധിവൈഭവം, സാംസ്കാരിക ബോധം ഇവര്‍ക്കില്ല എന്നത് ഇവരുടെ സിനിമകളില്‍ നിന്നും തന്നെ വ്യക്തമാണ്. സമൂഹത്തോട് വലിയ കുറ്റകൃത്യമാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
അസാംസ്കാരികവും അരാഷ്ട്രീയവും പിന്തിരിപ്പനുമായ സിനിമകള്‍ നിരന്തരം പൊതുമണ്ഡലത്തിലേക്ക് എറിഞ്ഞ് കൊടുത്തുകൊണ്ട് വലിയ സാംസ്കാരികമായ തെറ്റാണ് ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഭാഗമായിരിക്കുന്ന ആളുകള്‍ പോലും പ്രവര്‍ത്തിക്കുന്നത് ഏത് തരം സിനിമകളിലാണ്. അവര്‍ ഒരു വ്യക്തി എന്ന നിലയിലോ അഭിനേതാവ് എന്ന നിലയിലോ യാതൊരു ഇടപെടലും നടത്താത്ത ആളുകളാണ്. വെറും തമാശക്കളികളുമായിട്ട് പോകുന്ന ആളുകളാണ്. ഇവരില്‍ നിന്നും രാഷ്ട്രീയ ബോധം പ്രതീക്ഷിക്കുന്നത് കടന്ന കൈയാണ്.
കച്ചവടത്തിനപ്പുറം തമിഴ് സിനിമയുടെ ഐക്യവും താരങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും
തമിഴ് സിനിമയില്‍ കച്ചവടം ഉണ്ട് എന്നു പറയുമ്പോഴും അവരുടെ സിനിമകളില്‍ കൃത്യമായ രാഷ്ട്രീയം അവര്‍ പറയുന്നുണ്ട്. ദളിത് രാഷ്ട്രീയത്തെ കൃത്യമായി അവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. എത്രവലിയ കച്ചവട സിനിമകള്‍ തന്നെ ആയാളും അതില്‍ സാമൂഹിക രാഷട്രീയ കാര്യങ്ങള്‍ പറയുന്നുണ്ട്. ഏറ്റവും ഒടുവില്‍ വിജയുടെ ‘മെര്‍സല്‍’ ഒക്കെ അതിന് ഉദാഹരണമാണ്. സാധാരണക്കാരന്റെ വേദനകള്‍ മനസിലാക്കിക്കൊണ്ടുള്ള ഒരു മിന്നലാട്ടമെങ്കിലും അവര്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇവിടെ അത്തരത്തിലുള്ള യാതൊരുവിധമായ രാഷ്ട്രീയമോ അവര്‍ സംസാരിക്കാറില്ല. കച്ചവട സിനിമകളില്‍ അത് കുറച്ച് പ്രയാസമാണെങ്കിലും വളരെ മൈന്യൂട്ടായെങ്കിലും അത് പറയാനുള്ള ശ്രമം പോലും നടത്താറില്ല. അത് തമിഴ് സിനിമയിലെ സംഭവിക്കാറുള്ളു. അതുകൊണ്ടാണ് സിനിമാബാഹ്യമായ വിഷയങ്ങളില്‍പോലും നിലപാടെടുക്കാന്‍ അവര്‍ക്ക് കഴിയുന്നത്. നിലപാടുകള്‍ തുറന്നുപറയാന്‍ അവര്‍ക്ക് മടിയില്ലാത്തതും അതുകൊണ്ട് തന്നെയാണ്. വ്യക്തി എന്ന നിലയില്‍ ജനങ്ങളോടും സമൂഹത്തോടും അവര്‍ അടുത്ത് ബന്ധപ്പെടുന്ന ആളുകളാണ്. അതുകൊണ്ട് കൂടെയായിരിക്കാം.
കേരളം സ്ത്രീ വിരുദ്ധ, സവര്‍ണ സിനിമകളുടെ പറുദീസ
മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയും സവര്‍ണാധിപത്യവും മാറണമെങ്കില്‍, മലയാള സിനിമ താരങ്ങള്‍ അല്ല എന്ന കണ്‍സെപ്റ്റ് വരേണ്ടതുണ്ട്. ഇപ്പോള്‍ അത് വരുന്നില്ല. അതില്‍ മാധ്യമങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും വലിയ പങ്കുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഭരണകൂടങ്ങള്‍പോലും താരങ്ങളാണ് സിനിമ എന്ന് തെറ്റുദ്ധരിക്കുന്നത്. അതുകൊണ്ടാണല്ലോ മലയാള സിനിമാപുരസ്കാര ചടങ്ങുപോലും താരനിശയായി മാറുന്നത്. പണ്ട് അങ്ങനെയല്ലായിരുന്നല്ലോ. ഇപ്പോള്‍ അത് മാറി. പുരസ്കാരം കൊടുക്കപ്പെടുന്നവര്ക്കല്ല അതില്‍ പ്രാമുഖ്യം. അവിടെ അതിഥികളായി എത്ര താരങ്ങള്‍ എത്തുന്നു, ജനങ്ങള്‍ ആര്‍പ്പുവിളിക്കുന്നു, സംസ്ഥാന അവാര്‍ഡുകള്‍ക്കൊപ്പം മിമിക്രി ഉള്‍പ്പെടുത്തുന്നു. താര ഷോ നടത്തുന്നു.
അങ്ങനെ താരങ്ങള്‍ മാത്രം വന്നാലെ സിനിമയുള്ളു എന്ന നിലയിലേക്ക് നമ്മുടെ ഭരണകൂടം മാറിയിട്ടുണ്ട്. മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. സമൂഹത്തിലെ ഒരു കലയ്ക്കും കൊടുക്കാത്ത പ്രസക്തി താരങ്ങള്‍ക്കു മാത്രം കൊടുക്കുന്നു. മൊത്തത്തില്‍ ഒരു മാറ്റം അനിവാര്യമാണ്. സിനിമയെന്നാല്‍ താരങ്ങള്‍ അല്ല. താരങ്ങള്‍ക്ക് മൂന്നാമതോ നാലമതോ മാത്രമാണ് ഒരു സിനിമയുടെ നിര്‍മ്മിതിയില്‍ പങ്കുള്ളു എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി വരേണ്ടതുണ്ട്. അതിവിടെ ഉണ്ടാവുന്നില്ല. നിര്‍മ്മാതാവിനു പോലും യാതൊരു വിലയുമില്ല. അതുകൊണ്ടാണ് ഇത്തരം പിന്തിരിപ്പന് സിനിമകള്‍ ഉണ്ടാവുന്നത്. താന്‍ ചെയ്യുന്ന സിനിമയുടെ കഥ ഏതാണെന്നോ എത്രമാത്രം പിന്തിരിപ്പന് സിനിമയാണെന്നോ അവര്‍ക്ക് അറിയാന്‍പോലും കഴിയുന്നില്ല. അത് വലിയ അപകടമാണ്. ചെയ്യുന്ന സിനിമകള്‍ എന്താണ് എന്ന് സംവിധായകനും നിര്‍മ്മാതാവിനും ബോധമില്ലാത്തതുകൊണ്ടാണ് സ്ത്രീ വിരുദ്ധ സിനിമകള്‍ ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സ്ത്രീ വിരുദ്ധരായ ആളുകള്‍ക്കൊക്കെ, ഏറ്റവും വലിയ സ്ത്രീ വിരുദ്ധരായ ദളിത് വിരുദ്ധരായ വംശീയത ഇതൊക്കെ മനസില്‍ പേരുന്നവര്‍ പോലും വലിയ കലാകാരന്മാര് അംഗീകരിക്കുന്ന ഒരു തലം നമ്മുടെ മലയാള സിനിമയാണ്. ഇങ്ങനെയുള്ളവരെ മനസിലാക്കി അവര്‍ക്കെതിരെ പ്രതികരിക്കുകയാണ് വേണ്ടത്. എന്നാല്‍ നമ്മള് ചെയ്യുന്നത് പിന്തിരിപ്പന് സിനിമകള്‍ ചെയ്യുന്ന ആളുകള്‍ക്ക് വലിയ ആരാധനയും പ്രാധാന്യവും നല്‍കുകയും ചെയ്യുന്നു. ഇത്തരം ആളുകളെ തുറന്നു കാട്ടി നിങ്ങള്‍ ഒരു കലാകാരനേയല്ല എന്ന് നമ്മള് പറയുകയാണ് ചെയ്യേണ്ടത്.
അരാഷട്രീയവത്കരിക്കുന്ന ക്യാംപസുകള്‍ താരങ്ങളെ ആഘോഷിക്കുമ്പോള്‍
മുമ്പ് ക്യാംപസുകള്‍ക്കകത്ത് കൃത്യമായ രാഷ്ട്രീയ സ്വഭാവമുണ്ടായിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രധാനപ്പെട്ട മുഖമുണ്ടായിരുന്നു. രാഷ്ട്രീയമായ സാംസ്കാരികമായ ബോധം വിദ്യാര്ഥികളിലുണ്ടാക്കാന് സജീവമായ ഇടപെടലുകള്‍ ഇവര്‍ നടത്തിയിരുന്നു. ഇപ്പോള്‍ വിദ്യാര്‍ഥി സംഘടനകള്‍, ഇടതുപക്ഷത്തിന്റെ പേരില്‍ വരുന്ന സിനിമകള്‍ക്ക് ജയ് വിളിക്കുക, ഇടതുപക്ഷത്തിന്റെ പേരില്‍ എന്നു പറഞ്ഞുവരുന്ന കപട സിനിമകള്‍ക്ക്, സത്യത്തില്‍ കൃത്യമായി അത് ഇടതുപക്ഷ വിരുദ്ധ സിനിമകൂടിയാണ്. അത് പോലും മനസിലാക്കാതെ അത്തരം സിനിമകള്‍ക്ക് പോയി ചെങ്കൊടി വീശി ഫ്ളാഗ് ഓഫ് ചെയ്യുന്ന തിരിക്കിലാണ് യുവ എംഎല്‍എമാരും യുവജന സംഘടനാ നേതാക്കളുമൊക്കെ. അത് പോലും മനസിലാക്കാനുള്ള പ്രാഥമിക രാഷട്രീയ ബോധം അവര്‍ക്കില്ല എന്നത് സത്യത്തില്‍ അത്ഭുതം തോന്നുന്ന കാര്യമാണ്. കുരീപ്പുഴ ശ്രീകുമാറിനെപോലുള്ള ഒരാള്‍ക്ക് അയ്യായിരം രൂപ വിലയിടുകയും ഏതെങ്കിലും ഒരു നടിക്ക്, എന്ത് വേഷം ചെയ്തതായാലും വേണ്ടില്ല, അവര്‍ക്ക് ഒരു ലക്ഷം രൂപയും വിലയിടുന്ന യുവജനതയാണ് നമുക്കുള്ളത്. അവര്‍ക്കവിടെ സെലിബ്രിറ്റികളെയാണ് ആവശ്യം. കാമ്പുള്ള ആളുകളയല്ല. എല്ലാ കോളേജുകളെയും അല്ല പറയുന്നത്. ചില കോളേജുകള്‍ വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
സംസ്ഥാന ചലചിത്രപുരസ്കാരത്തിന്റെ രാഷട്രീയം
ഇ വര്‍ഷത്തെ പുരസ്കാരം അര്‍ഹതപ്പെട്ടവര്‍ക്കാണ് ലഭിച്ചത്. സിനിമയെ എങ്ങനെ മു്ന്നോട്ട് കൊണ്ട് പോകാം എന്നു ചിന്തിക്കുന്നവര്‍ക്കാണ്. ഗ്ലാമറും മറ്റും നോക്കിയല്ല അവാര്‍ഡ് കൊടുത്തത്.
മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള മുന്‍ നിര താരങ്ങള്‍ കേരള സമൂഹത്തോട് ചെയ്തത്
പണമെന്നതിനപ്പുറും ഒന്നുമില്ല. ദൈവത്തിനു നന്ദി എന്നാണ് പടം തുടങ്ങുമ്പോള്‍ കാണിക്കുന്നത്. ദൈവത്തിനു മാത്രമേ തങ്ങളെ രക്ഷിക്കാന്‍ പറ്റു എന്നാണ് അവരുടെ തോനല്. രണ്ടാമത് നന്ദി പറയുന്നത് അവരുടെ ഫാന്‍സിനാണ്. മൂന്നാമത് നന്ദിപറയുന്നത് ഇവിടുത്ത സകലമാന മാധ്യമങ്ങള്‍ക്കുമാണ്. കാരണം ഇത്രയും ആളുകള്‍ ചേര്‍ന്നിട്ടാണ് സിനിമയുടെ സംസ്കാരത്തെ നശിപ്പിച്ചിട്ടുള്ളത്. ദൈവത്തിനു മാത്രമേ രക്ഷിക്കാന്‍ പറ്റുള്ളു എന്ന തോന്നലില്‍ എന്ത് അസംബന്ധ സിനിമയും എടുത്തിടുകയാണ് ഇവര്‍ ചെയ്യുന്നത്. ഫാന്‍സ് എന്ത് പേക്കൂത്തും കാണിച്ചാലും പടം വിജയിപ്പിക്കും എന്ന തോന്നല്‍ പിന്നെ മാധ്യമങ്ങള്‍ നല്കുന്ന തരപരിവേഷവും
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവിടത്തെ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ദേശീയമായി, അന്തര്‍ദേശീയമായി നിലനില്‍ക്കുന്ന എത്രസിനിമകളുണ്ട്. ഭാവിയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള എത്ര സിനിമകളില്‍ അവര്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് പൂജ്യം എന്ന് ഉത്തരം പറയാന്‍ പറ്റും. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ വിരലിലെണ്ണാന്‍ പറ്റിയ ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്. ബാക്കിയുള്ള സിനിമകള്‍ എല്ലാം തന്നെ കടുത്ത സ്ത്രീവിരുദ്ധമായ സിനിമകളോ വംശീയമായ അധിക്ഷേപമുള്ള സിനിമകളോ അണ് അവര്‍ അഭിനയിച്ചിട്ടുള്ളത്.
അവര്‍ ചെയ്തുകൂട്ടിയിട്ടുള്ള അപകടം ചെറുതല്ല. കേരള സമൂഹത്തെ ഇന്ന് നാം കാണുന്ന തരത്തില്‍ വംശീയമായിട്ട് മാറ്റിയതിലൊക്കെ വലിയൊര പങ്ക് ഈ താരങ്ങള്‍ക്കുണ്ട്. അവര്‍ വലിയ സാംസ്കാരിക കുറ്റകൃത്യമാണ് ചെയ്തത്. കേരള സമൂഹത്തെ ഇത്രമാത്രം സവര്ണവത്കരിച്ചതില് ഇത്രമാത്രം അരാഷ്ട്രീയമാക്കിയതില് ഇത്രമാത്രം വംശീയമാക്കിയതില് വലിയ ക്രിമിനല്‍ കുറ്റകൃത്യം ചെയതതിനുള്ള പങ്ക് ഈ താരങ്ങള്‍ക്കുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇന്ത്യയിലെ വലിയ അഭിനേതാക്കളാണ് എന്നാല്‍ അവര്‍ ചെയ്യുന്ന സിനിമകള്‍ മാറേണ്ടതുണ്ട്. അവര്‍ ഇപ്പോഴും റൊമാന്റിക്, കോമഡികള്‍ ചെയത് നടക്കേണ്ട ആളുകളല്ല, അവര്‍ അതില്‍ നിന്നും വിട്ട് മാറണം. അവര്‍ ചെയ്യുന്നത് പണത്തിനു വേണ്ടിയിട്ടാണ്. പണം കിട്ടിയാല്‍ എന്ത് വൃത്തിക്കേടും ചെയ്യും എന്ന മട്ടിലാണ് അവരുടെ ജീവിതവും കരിയറും പൊയ്ക്കൊണ്ടിരിക്കുന്നത്. സിനിമകള്‍ മാത്രമല്ല അവര്‍ അഭിനയിക്കുന്ന പരസ്യങ്ങളും അങ്ങനെ തന്നെയാണല്ലോ എന്ത് വൃത്തികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതാണ് അവരുടെ ധാര്‍മ്മിക ബോധം അവര്‍ അവരെ സ്വയം തിരിച്ചറിയണം.