ബുള്‍ഡോസറുകളല്ല ഇന്ത്യ ഭരിക്കേണ്ടത്

ബി ജെ പി വക്താവായിരുന്ന നൂപുര്‍ ശര്‍മ്മ നടത്തിയ പ്രവാചക വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന്്് ഉത്തര്‍ പ്രദേശില്‍ അലയടിക്കുന്ന പ്രക്ഷോഭത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നേരിടുന്നത് അതില്‍ പങ്കെടുക്കുന്നവരുടെ വീടുകള്‍ ഇടിച്ചു നിരത്തിക്കൊണ്ടാണ്. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് ഒരു വേലി പൊളിച്ചുമാറ്റണമെങ്കില്‍ അത് കെട്ടിയ ആള്‍ക്ക് ആദ്യം നോട്ടീസ് നല്‍കണം. നോട്ടീസിന് മറുപടി നല്‍കാന്‍ സമയം കൊടുക്കണം. അതിന് ശേഷം രേഖകള്‍ പരിശോധിച്ച് മറുപടി തൃപ്തികരമല്ലന്ന് തോന്നുന്ന പക്ഷം നിയമവിധേയമാര്‍ഗങ്ങളിലൂടെ മാത്രമേ ആ വേലി പൊളിച്ച് നീക്കാന്‍ പാടുളളു. എന്നാല്‍ സഹാറന്‍പൂരിലും കാണ്‍പൂരിലും പ്രയാഗ് രാജിലും യു പിയിലെ മറ്റനേകം ഭാഗങ്ങളിലും ഇതിനെല്ലാം വിപരീതമായി പ്രവാചക വിരുദ്ധ പരാമര്‍ശംനടത്തിയെതിനെതിരെ പ്രക്ഷോഭം നടത്തിയവരുടെ വീടുകള്‍ ബൂള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തപ്പെട്ടു.

ഈ കെട്ടിടങ്ങള്‍ നിയമ വിരുദ്ധമായാണ് പണിതുയര്‍ത്തിയതെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ബി ജെ പി നേതാവിന്റെ പ്രവാചക വിരുദ്ധ പ്രസ്താവനക്കെതിരെയുള്ള പ്രക്ഷോഭം അലയടിച്ചപ്പോള്‍ മാത്രമാണോ ഈ നിയമ വിരുദ്ധതയെപ്പറ്റി സര്‍ക്കാരിന് ഓര്‍മവന്നത്. പ്രയാഗ് രാജില്‍ ബൂള്‍ഡോസര്‍ ഇടിച്ചു തകര്‍ത്ത വീടുകളില്‍ ഒന്ന് ജാവേദ് അഹമ്മദിന്റേതായിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷനായ ജാവേദ് അഹമ്മദിന്റെ മകളാണ് സൗത്ത് ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സംഘടിപ്പിച്ച പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ നാവായി പ്രവര്‍ത്തിച്ച ജെ എന്‍ യു വിദ്യാര്‍ത്ഥിനി അഫ്രീന്‍ ഫാത്തിമ. ഒരു രാത്രി കൊണ്ട് ഈ വീടുകള്‍ എല്ലാം നിയമവിരുദ്ധമാകാന്‍ കാരണമെന്തന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാകും.

പ്രവാചക വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കാനും പ്രക്ഷോഭം നടത്താനും മത വിശ്വാസികള്‍ക്ക് അവകാശമുണ്ട്. പ്രക്ഷോഭത്തിനിടയില്‍ അക്രമസംഭവങ്ങളുണ്ടായാല്‍ നടപടിയെടുക്കാന്‍ യു പി സര്‍ക്കാരിനും അവകാശമുണ്ട്. എന്നാല്‍ പ്രതിഷേധിക്കുന്നവരുടെ കിടപ്പാടങ്ങള്‍ ഇടിച്ചുനിരത്തുന്നത് ഹിറ്‌ലറുടെ നാസി ജര്‍മനിയിലോ, സ്റ്റാലിന്റെ കമ്യുണിസ്റ്റ് റഷ്യയിലോ പോലും കേട്ടുകേള്‍വിയില്ലാത്തതാണ്. യോഗിയുടെ ഉത്തര്‍പ്രദേശ് അതിനുമപ്പുറം കടന്ന് പോവുകയാണോ? അങ്ങിനെ സംഭവിക്കുമ്പോള്‍ പരാജയപ്പെടുന്നത് ഈ രാഷ്ട്രത്തിന്റെ മഹത്തായ ഭരണഘടനയാണ്. ഇന്ത്യയിലെ ഏത് പൗരനും ജീവിക്കാനും, മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വത്ത് സമ്പാദിക്കാനും ഒരേ അവകാശം നല്‍കുന്ന നമ്മുടെ ഭരണഘടന.

ഉത്തര്‍പ്രദേശില്‍ മാത്രമല്ല ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും, ഡല്‍ഹിയിലുമെല്ലാം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന ന്യുന പക്ഷ സമുദായംഗങ്ങളുടെ വീടുകളും , കടകളുമെല്ലാം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയാണ്. ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങളെ തിരഞ്ഞ് പിടിച്ചു അരികുവല്‍ക്കരിക്കാനും , അവരെ ഇല്ലായ്മ ചെയ്യാനുമുള്ള ഈ വിചാരധാരയിലൂടെ തകര്‍ന്ന് വീഴുന്നത് നമ്മുടെ രാഷ്ട്രത്തെ അതാക്കി നിലനിര്‍ത്തുന്ന ബഹുസ്വരതയുടെയും സഹിഷ്ണതുയുടെയും അസ്ഥിവാരങ്ങളാണ്.

ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തിന്റെ അവകാശികള്‍ നമ്മള്‍ എല്ലാവരുമാണ്, ഇന്ത്യാക്കാരാണ് നമ്മള്‍ എന്നതാണ് നമ്മുടെ അസ്ഥിത്വം. ഇന്ത്യാക്കാര്‍ എന്നാല്‍ ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലെ പെടുന്നവര്‍ മാത്രമല്ല, ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന എല്ലാവരും ഇന്ത്യാക്കാരാണ്. എന്നാല്‍ 2014 ന് ശേഷം അത്തരമൊരു ചിന്താഗതിക്ക് മാറ്റം വന്നു തുടങ്ങി. ഓരോ വ്യക്തിയുടെയും അവകാശമായ ഭക്ഷണം വസ്ത്രം, മതം , വിശ്വാസം എന്നിവയിലൊക്കെ ഭരണകൂടം കൈകടത്താന്‍ തുടങ്ങി. ഭരണഘടനയുടെ ഗോള്‍ഡന്‍ റൂള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ആര്‍ട്ടിക്കള്‍ 14 ല്‍ പറയുന്നതെന്താണ്? നിയമത്തിന് മുന്നില്‍ എല്ലാ ഇന്ത്യാക്കാരും തുല്യരാണ്. ഇന്ത്യയിലെ നിയമങ്ങള്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടിയുള്ളതാണ്. സഹാരന്‍പൂരിലും, പ്രയാഗ് രാജിലും കാണ്‍പൂരിലുമെല്ലാം ഭരണഘടന നല്‍കുന്ന പ്രതിഷേധിക്കാനുളള അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ ന്യുനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുടെ കിടപ്പാടങ്ങള്‍ ബുള്‍ഡോസറുകള്‍ ഇടിച്ച് നിരത്തുമ്പോള്‍ അവിടെ വിറങ്ങലിച്ച് നില്‍ക്കുന്നത് നമ്മുടെ ഭരണഘടനയാണ്, എല്ലാ ഇന്ത്യാക്കാര്‍ക്കും ഇന്നാട്ടില്‍ നിര്‍ഭയം ജീവിക്കാന്‍ അവകാശം നല്‍കിയ നമ്മുടെ മഹത്തായ ഭരണഘടന.
ഓര്‍ക്കുക, ബുള്‍ഡോസറുകള്‍ അല്ല രാജ്യം ഭരിക്കേണ്ടത്, ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളാണ് അത് ചെയ്യേണ്ടത്്. നിയമവാഴ്ച ഉറപ്പ് വരുത്തുക എന്നതാണ് ജനപ്രതിനിധികളുടെ കര്‍ത്തവ്യം, നീതി തുല്യമായി വിതരണം ചെയ്യണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. സഹാറന്‍പൂരിലും കാണ്‍പൂരിലും പ്രയാഗ് രാജിലും തകര്‍ന്ന് വീണ കിടപ്പാടങ്ങള്‍ നമ്മള്‍ക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഓരോ ഇന്ത്യാക്കരനും ആ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.