'ഹൈടെക് ആഘോഷങ്ങള്‍'ക്കിടെ മറന്നു പോകരുത്, ആത്മഹത്യ ചെയ്ത ദേവികയെയും പാമ്പുകടിയേറ്റു മരിച്ച ഷെഹലയെയും

ഹരി മോഹൻ

ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ അവസാന ശ്രമമെന്നോണം ചില പൊടിക്കൈകള്‍ക്ക് അയാള്‍ ശ്രമിച്ചത്. തെറ്റിദ്ധരിക്കേണ്ട. പറഞ്ഞത് 2016-ല്‍ അന്നത്തെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തിയ ഗിമ്മിക്കിനെ കുറിച്ചാണ്.

60,000 കോടി രൂപയുടെ 5,500-ഓളം പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് ആറുമണിക്കൂര്‍ കൊണ്ട് അയാള്‍ അക്കാലത്തു നടത്തിയത്. അന്നത്തെ യാത്രയാകട്ടെ, ഹെലികോപ്ടറിലും. ഉദ്ഘാടനങ്ങള്‍ നടത്തിയതില്‍ ഭൂരിഭാഗവും മാസങ്ങളും വര്‍ഷങ്ങളുമെടുക്കുമായിരുന്നു പൂര്‍ത്തിയാകാന്‍. റോഡും പാലവും മുതല്‍ ക്രിക്കറ്റ് സ്റ്റേഡിയം വരെയുണ്ടായിരുന്നു അക്കൂട്ടത്തില്‍. പക്ഷേ അടിസ്ഥാനസൗകര്യങ്ങളില്‍, സാമൂഹികമായി, യു.പിക്ക് ഒന്നും അവകാശപ്പെടാനില്ലായിരുന്നു. അതിന്റെ ഫലമായാണ് അനായാസമായി സംഘപരിവാറിന്റെ കെണിയിലേക്ക് ഒരു ജനത വീണത്.

ഇന്നു രാവിലെ മുതല്‍ ഹൈടെക്കായേ എന്നു പറഞ്ഞുള്ള ആഘോഷങ്ങള്‍ കാണുന്നതുകൊണ്ടു പറഞ്ഞതാണ്. ഹൈടെക്കാവുക എന്നതു മികച്ചൊരു കാര്യമാണ് ഇക്കാലത്ത്. അങ്ങനെയായെങ്കില്‍ അതു വലിയൊരു ഭരണനേട്ടവുമാണ്. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45,000 ക്ലാസ് മുറികളുടെയും ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഇന്നു നിർവഹിച്ചത്.

ഹൈടെക് ആഘോഷങ്ങള്‍ക്കു മുമ്പ്, പ്രൊഫൈല്‍ ഫ്രെയിമുകള്‍ മാറ്റുന്നതിനു മുമ്പ് ചിലതൊക്കെ ഓര്‍ക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേ ഉദ്ഘാടനം നടത്തി “ഇന്ത്യയിലാദ്യം” എന്ന പ്രഖ്യാപനം നടത്താനുള്ള വെമ്പലിനിടെ, ഇത്രയൊന്നും ഹൈടെക് ആവശ്യമില്ലാതിരുന്നിട്ടും ജീവനൊടുക്കേണ്ടി വന്ന വളാഞ്ചേരിയിലെ ദേവികയെന്ന ഒമ്പതാം ക്ലാസ്സുകാരിയെ ആഘോഷങ്ങള്‍ക്കിടെ മറന്നുപോകരുത്. ദേവികയുടെ മരണമുയര്‍ത്തിയ ചോദ്യങ്ങളാണു നാലുമാസം മുമ്പ് സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്താന്‍ കാരണമായത്. ജൂണില്‍ മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും പത്രസമ്മേളനത്തിലും ഫെയ്സ്ബുക്കിലും ജൂണ്‍ 26-ന് ആഘോഷിച്ച പ്രഖ്യാപനം ഇങ്ങനെയാണ്-

പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓണ്‍ലൈൻ പഠനത്തിനു കുടുംബശ്രീയും കെ.എസ്.എഫ്.ഇയും ഐ.ടി മിഷനും സഹകരിച്ച് രണ്ടുലക്ഷം ലാപ്ടോപ് നല്‍കും. സൗജന്യ ലാപ്ടോപ്പല്ല, പകരം കുടുംബശ്രീ അംഗങ്ങളെ കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേർത്തു കൊണ്ടാണ് ലാപ്ടോപ്പ് നൽകാൻ തീരുമാനിച്ചത്. അംഗങ്ങൾ ചിട്ടിയിൽ ചേർന്നു മൂന്നാം മാസം ലാപ്ടോപ്പ് – ഇതായിരുന്നു പ്രഖ്യാപനം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പ്രത്യേകം വിഭാവനം ചെയ്ത 15,000 രൂപയുടെ ലാപ്ടോപ്പാണ് വിദ്യാർത്ഥികളുടെ കൈയിൽ എത്തേണ്ടിയിരുന്നത്. ഒമ്പതിനായിരത്തോളം അയൽക്കൂട്ടങ്ങളിലെ 45,000 അംഗങ്ങൾ പദ്ധതിയിൽ ചേർന്നു. ജൂണില്‍ നിന്ന് ഒക്ടോബറായി. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടന്നു കൊണ്ടിരിക്കുന്നു, ദേവികമാര്‍ക്കൊഴിച്ച്. ഒരൊറ്റ ലാപ്ടോപ് പോലും ഇതുവരെ നല്‍കിയിട്ടില്ലെന്നതാണു വാസ്തവം. ലാപ്ടോപ് നല്‍കാന്‍ ഏത് കമ്പനിയെ തിരഞ്ഞെടുത്തുവെന്നു പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

“”ആദ്യഘട്ടത്തിൽ വരുന്ന രണ്ടുലക്ഷം പേർ വരെയുള്ളവർക്കുള്ള പണം നൽകാൻ ഞങ്ങൾ ഒരുക്കമാണ്. പക്ഷേ അതിന്‍റെ സാങ്കേതിക കാര്യങ്ങളും സപ്ലൈ സൈഡും നോക്കുന്നത് ഐ.ടി മിഷനും ഐ.ടി@സ്കൂളുമാണ്””, എന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞതായി കണ്ടു.

ദേവിക മാത്രമല്ല. ഷെഹല ഷെറിന്‍ എന്നൊരു അഞ്ചാം ക്ലാസ്സുകാരിയെയും കേരളം മറന്നുകാണില്ല. വിഷപ്പാമ്പുകള്‍ ഒളിച്ചിരിക്കുന്ന പൊത്തുകളുള്ള “ഹൈടെക്” ക്ലാസ് മുറികളെ കുറിച്ച് ഏറ്റവും നന്നായി സംസാരിച്ചേനെ അവള്‍, ജീവിച്ചിരുന്നെങ്കില്‍.

സ്കൂളുകളുടെ പശ്ചാത്തലസൗകര്യം വര്‍ദ്ധിപ്പിക്കുമെന്നു പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു മൂന്നുവര്‍ഷം പിന്നിട്ടപ്പോഴാണ് ദേവികയും ഷെഹലയും ചില ചോദ്യങ്ങളുയര്‍ത്തി കടന്നുപോയത്. മാസങ്ങള്‍ക്കു മുന്‍പ് ഷെഹലയുടെ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി മനോരമ ന്യൂസില്‍ സംസാരിക്കുന്നതു കേട്ടു. അഞ്ചോ ആറ് ബാത്ത് റൂമുകളുണ്ടത്രെ സ്കൂളില്‍. ഒരെണ്ണം പോലും ഉപയോഗയോഗ്യമല്ലാത്തത്. അതില്‍ നിറയെ ബിയര്‍ ബോട്ടിലുകളും സിഗരറ്റ് കുറ്റികളും. സ്കൂളിലേക്ക് ഏതു സമയം വേണമെങ്കിലും ആര്‍ക്കും പിറകുവശത്തു കൂടി കടന്നു വരാവുന്ന അവസ്ഥ.
മറ്റൊരു കാഴ്ച കണ്ടത് വയനാട്ടിലെ കുറിച്യാര്‍മലയില്‍ നിന്നാണ്. തോട്ടം തൊഴിലാളികളുടെ നൂറോളം കുട്ടികള്‍ പഠിക്കുന്ന കുറിച്യാര്‍മല എല്‍.പി സ്കൂള്‍ കഴിഞ്ഞ മൂന്നുകൊല്ലമായി ഒരൊറ്റ കിടപ്പാണ്. അതൊരിക്കല്‍ നേരിട്ടു കണ്ടിട്ടുമുണ്ട്. 2018-ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന സ്കൂളിലേക്ക് ഇതുവരെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല. മദ്രസ കെട്ടിടത്തിലാണു താത്കാലികമായി പിന്നീട് ക്ലാസ്സുകള്‍ നടന്നത്. ഫര്‍ണീച്ചറും ഫയലുകളും മണ്ണിനടിയില്‍ കിടക്കുന്ന ഈ ക്ലാസ് മുറികളിലാണു സമ്പൂര്‍ണ ഹൈടെക് ക്ലാസ്സുകള്‍ നടക്കുന്നത്.

ഇനിയുമുണ്ട് ഹൈടെക്കായില്ലെങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മതിയെന്നു പറയുന്ന ഇടങ്ങളുണ്ട്. ഭൂരിഭാഗവും ദളിത്, ആദിവാസി മേഖലകളാണ്. നൂറുകണക്കിന് ദേവികമാരുള്ള കുറിച്യാര്‍മലകളാണവ.
ആറുമാസത്തിനുള്ളില്‍ മറ്റൊരു അഖിലേഷാകാനുള്ള ശ്രമമാകാം. തള്ളരുത് എന്നു പറയുന്നില്ല. പക്ഷേ പലപ്പോഴായി പല തള്ളുകളിലും വിശ്വസിച്ച അടിസ്ഥാന ജനവിഭാഗങ്ങളുണ്ട്. അവരെ വീണ്ടും തള്ളിത്തോല്‍പ്പിക്കരുത്.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)