ഗ്യാൻവാപി മസ്ജിദ്. ആർക്കും ഗുണം ചെയ്യാത്ത വിവാദം 

ഡോ. റാം പുനിയാനി

സമീപകാലത്തെ ചില സംഭവവികാസങ്ങൾ പ്രാധാന്യമുള്ളതും   ഭയം ജനിപ്പിക്കുന്നതുമാണ്. ആദ്യത്തേത്,  ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി  മസ്ജിദിനെ കുറിച്ച് പഠനം നടത്താൻ വാരണാസിയിലെ ഒരു ജില്ലാ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ന് നിർദേശം നൽകി. രണ്ടാമതായി, ആരാധനാലയ നിയമം (പ്രത്യേക വ്യവസ്ഥകൾ) , 1991  പുനഃപരിശോധിക്കാൻ സുപ്രീംകോടതി തയ്യാറെടുക്കുന്നു എന്ന  റിപ്പോർട്ടാണ്. ഈ നിയമമനുസരിച്ച്, എല്ലാ ആരാധനാലയങ്ങളും സ്വാതന്ത്ര്യലബ്ധിയുടെ കാലത്തെ പോലെ നിലനിർത്തേണ്ടതുണ്ട്. ചുരുക്കത്തിൽ, അയോദ്ധ്യയിലെ ബാബറി മസ്ജിദ് ഒഴികെയുള്ള മതപരമായ സ്ഥലങ്ങളെ കുറിച്ചുള്ള എല്ലാ തർക്കങ്ങളും അവരുടെ സ്വഭാവം കാത്തുസൂക്ഷിക്കാനുള്ളതാണ് ഈ നിയമം.  ആരാധനാലയങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം തീർപ്പായിരിക്കുന്നു എന്നാണർത്ഥം.

1992 ഡിസംബറിൽ ബാബറി പള്ളി പൊളിക്കുമ്പോൾ, ഹിന്ദുത്വ കർസേവകരുടെ മുദ്രാവാക്യം ഇതായിരുന്നു , “യെ തോ  കേവൽ  ജാൻകി ഹായ്, കാശി- മഥുര ബാക്കി ഹേ”  (ബാബറി ഒരു തുടക്കം മാത്രമാണ്, കാശിയും മഥുരയും ബാക്കിയുണ്ട് ) ബാബറി  തർക്കം പതിറ്റാണ്ടുകളായി ചില ശക്തികൾ വലിച്ചിഴച്ചിരുന്നു. രഥയാത്രകളും മറ്റ് മത-രാഷ്ട്രീയ പ്രചാരണങ്ങളും അക്രമത്തിന് ആക്കം കൂട്ടി, മുസ്ലിം ന്യൂനപക്ഷത്തോട് വിദ്വേഷം സൃഷ്ടിച്ചു, മതവിഭാഗങ്ങൾ തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു.

ബാബറിയെ ചുറ്റിപ്പറ്റിയുള്ള ഹിന്ദുത്വ പ്രചാരണത്തിന്റെ അടിസ്ഥാനമായ  “ശ്രീരാമന്റെ ജന്മസ്ഥലത്ത്” മുഗൾ ഭരണാധികാരി ബാബർ ഒരു പള്ളി പണിയുന്നതിനായി നശിപ്പിച്ച ക്ഷേത്രമാണ് എന്നത് വസ്തുതാപരമായി തെറ്റാണ്. ഒരിക്കലും  തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ അവകാശവാദങ്ങൾക്ക് വളരെ വ്യാപ്തിയാണ് ലഭിച്ചത്  പ്രത്യേകിച്ച് വടക്കൻ സംസ്ഥാനങ്ങളിൽ.

വളരെക്കാലമായി ഔറംഗസീബിനെ ക്രൂരനായ, ഏറ്റവും ഹിന്ദു വിരുദ്ധനായ രാജാവായും ബലപ്രയോഗത്തിലൂടെ ഇസ്ലാം പ്രചരിപ്പിച്ചയാളായി  മുദ്ര കുത്താനുള്ള ശ്രമങ്ങളുണ്ട്.  വളരെ പണ്ട് മണ്മറഞ്ഞ ഒരു  ഭരണാധികാരിയെ ഉയർത്തി കൊണ്ടുവന്ന്  ഭൂരിപക്ഷ രാഷ്ട്രീയത്തിന് രാഷ്ട്രീയ മൈലേജ് നേടുക എന്നതാണ് ആശയം. ഔറംഗസീബിനെ ക്രൂരനായ ഒരു ക്ഷേത്രധ്വംസകനായി അവതരിപ്പിക്കുമ്പോൾ , ഏറ്റവും വലിയ ഷെഹനായി കലാകാരനായ  ഉസ്താദ് ബിസ്മില്ല ഖാൻ തന്റെ അനശ്വരമായ സംഗീതം ഹിന്ദു ദൈവങ്ങൾക്കായി സമർപ്പിച്ചുവെന്ന കാര്യം മറക്കുകയും ചെയ്യുന്നു.  മുസ്‌ലിം സമുദായത്തെ മൊത്തത്തിൽ പൈശാചികവത്കരിക്കുക, സമുദായങ്ങൾക്കിടയിൽ കൂടുതൽ ആഴത്തിലുള്ള വിഭജനം നടത്തുക എന്നിവയാണ് തത്പരകക്ഷികളുടെ ലക്ഷ്യം.

മറുവശം കൂടി പരിഗണിക്കുമ്പോൾ എല്ലാ ഹിന്ദുരാജാക്കന്മാരും നിഷ്കളങ്കരോ പുണ്യത്തിന്റെ പ്രതീകങ്ങളോ ആയിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. അടുത്തിടെ ഉയർന്നുവന്ന ചില “ചരിത്രകാരന്മാർ” പ്രചരിപ്പിക്കുന്നതു പോലെ എല്ലാ മുസ്‌ലിം രാജാക്കന്മാരും തിന്മ കൊണ്ടു നടന്നവരുമല്ല. മൂന്നാമത്തെ മുഗൾ ചക്രവർത്തിയും  ബാബറിന്റെ ചെറുമകനുമായ അക്ബർ ചക്രവർത്തി (എ.ഡി. 1556-I605) എല്ലാവർക്കും സമാധാനം എന്നർത്ഥമുള്ള സുൽ-ഇ-കുൽ ആരംഭിച്ചയാളാണ്, ഒപ്പം എല്ലാ മതത്തിന്റെയും മികച്ച സവിശേഷതകൾ ചേർത്ത് തന്റെ ദീൻ-ഇ-ഇലാഹിയെ രൂപപ്പെടുത്തുകയും ചെയ്യാൻ ശ്രമിച്ചു. അങ്ങനെ പലരും.

അക്ബറിന്റെ മരണത്തിന് ഒരു നൂറ്റാണ്ടിനു ശേഷം, തന്റെ  സഹോദരൻ ഔറംഗസീബിനു മുന്നിൽ അടിയറവ് പറയേണ്ടിവന്ന ദാരാ ഷുക്കോവ്  ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഒരു സംസ്‌കൃത പണ്ഡിതനായിരുന്നു.  അദ്ദേഹത്തിന്റെ മജ്മ-ഉൽ ബഹ്‌റൈൻ (രണ്ട് നദികളുടെ കൂടിക്കാഴ്ച) ഇന്ത്യയെ വിശാലമായ ഒരു സമുദ്രവുമായി താരതമ്യപ്പെടുത്തുന്നു, ഹിന്ദുമതവും ഇസ്ലാമും എന്ന രണ്ട് മഹാസമുദ്രങ്ങൾ കണ്ടുമുട്ടിയപ്പോൾ നിലവിൽ വന്നതെന്ന് അദ്ദേഹം കാണുന്നു.

ഔറംഗസീബ് യാഥാസ്ഥിതികനും ഉലമകളുമായി അടുത്തയാളുമായിരുന്നു. എന്നിട്ടും അദ്ദേഹം ഒരു നയമായി  ഹിന്ദു ക്ഷേത്രങ്ങളെ നശിപ്പിച്ചില്ല എന്ന്ചരിത്രകാരനായ സതീഷ് ചന്ദ്ര തന്റെ മധ്യകാല ഇന്ത്യ (2017) എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു, ഔറംഗസീബ് വാരണാസിയിലെ ബ്രാഹ്മണർക്കും വൃന്ദാവനത്തിനും പഴയ ഹിന്ദുക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ധനം  അനുവദിച്ചു. പുതിയ ക്ഷേത്രങ്ങൾ വരാൻ ഔറംഗസീബ് ആഗ്രഹിച്ചില്ല, ചിലർ  അവകാശപ്പെടുന്നതു പോലെയല്ല ഔറംഗസീബ് എങ്കിലും,  ചിലത് നശിപ്പിക്കപ്പെട്ടു. ചില എതിർഭരണാധികാരികളെ അപമാനിക്കുകയോ അട്ടിമറിപ്രവർത്തനങ്ങൾക്ക് ശിക്ഷിക്കുകയോ ചെയ്യുക എന്നതായിരുന്നു ഇത്തരം ചില അപൂർവ്വ ധ്വംസനങ്ങളുടെ ഉദ്ദേശ്യം.

1669 ൽ കാശി വിശ്വനാഥും 1670 ൽ മഥുരയിലെ കേശവ് ദേവ് ക്ഷേത്രവും പൊളിച്ചു മാറ്റിയത് രാഷ്ട്രീയമായി അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഔറംഗസീബിന്റെ കോടതിയിലെ തീർപ്പിന്റെ പുറത്താണ്. അക്കാലത്ത് ഔറംഗസീബിനെതിരെ ജാട്ടുകളിൽ നിന്നും മറാത്തക്കാരിൽ നിന്നും രാഷ്ട്രീയ എതിർപ്പ് വർദ്ധിച്ചു വരികയായിരുന്നു. ക്ഷേത്രങ്ങളുടെ നാശം വിമതരെ ശിക്ഷിക്കാനും മുന്നറിയിപ്പ് നൽകാനുമുള്ള ഒരു മാർഗമായിരുന്നു. രാഷ്ട്രീയ അധികാരം ഏകീകരിക്കുകയായിരുന്നു ലക്ഷ്യം. മതപരമായ അടിച്ചമർത്തലായിരുന്നില്ല.

1658 മുതൽ 1707 വരെ ഔറംഗസീബിന്റെ ഭരണകാലത്തെ ജീവിതത്തിന്റെയും സംഭവങ്ങളുടെയും ഒരു ചരിത്രമാണ് സാകി മുസ്താദ് ഖാൻ എഴുതിയ മാസിർ-ഇ-അലംഗിരി. ഇസ്ലാമിക ഭാഷയിൽ എഴുതിയ ചരിത്രത്തില്‍, എഴുത്തുകാരൻ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ തകർച്ചയെ അപൂർവവും അസാദ്ധ്യവുമായ ഒരു സംഭവമായി വിവരിക്കുന്നു. ക്ഷേത്രങ്ങൾ  നശിപ്പിക്കുന്നത്  ഔറംഗസീബിന്റെ പദ്ധതി ആയിരുന്നില്ല. ആയിരുന്നെങ്കിൽ ഇന്നും അവ നിലനിൽക്കുമായിരുന്നില്ല.

അതേസമയം, ഹിന്ദു ക്ഷേത്രങ്ങൾക്കും ബ്രാഹ്മണർക്കും  മഠങ്ങൾക്കും  അദ്ദേഹം ഗ്രാന്റുകൾ നൽകിയെന്ന് സൂചിപ്പിക്കുന്ന രാജശാസനങ്ങൾ തെളിവുകളാണ്. ഡെറാഡൂണിലെ ഗുരു രാംദാസ് ക്ഷേത്രവും വൃന്ദാവനത്തിലെ വൈഷ്ണവ് ക്ഷേത്രവും രണ്ട് ഉദാഹരണങ്ങളാണ്. സർക്കാർ നാഗൗറിലെ നാഥ് പന്തി ജോഗിസിന് അദ്ദേഹം നൽകിയ സംഭാവനകൾ, രാജസ്ഥാനിലെ പർഗാന സിവാനയിലെ പന്ത് ഭാരതിക്ക് 100 “പക്ക ബിഗാസ്” ഭൂമി അനുവദിച്ചു. ഔറംഗസീബിൽ നിന്ന് ഗ്രാന്റ് ലഭിച്ച മറ്റൊരു പ്രശസ്ത ക്ഷേത്രം ഉജ്ജൈനിലെ മഹാകലേശ്വർ ക്ഷേത്രമാണ്.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്ന് ഔറംഗസീബ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന സ്ഥാപനങ്ങളുണ്ട്. അസമിലെ ഉമാനന്ദ ക്ഷേത്രത്തിന് അദ്ദേഹം നൽകിയ ധനസഹായവും ഹിന്ദു സന്യാസിയായ ഭഗവന്ത് ഗോസെയ്ന് ഭൂമി സംഭാവന ചെയ്തതും ചരിത്രരേഖകളാണ്. ചിത്രകൂടത്തിൽ ബാലാജി ക്ഷേത്രത്തെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം മഹാന്ത് ബാലക് ദാസ് ഗ്രന്ഥശേഖരം  സംഭാവന ചെയ്തു. ശൈവമതക്കാർ പാർത്തിരുന്ന വാരണാസിയിലെ ജാഗംബരി മുഗൾ സംരക്ഷണത്തിലായിരുന്നു. ഔറംഗസീബും ആ പാരമ്പര്യം തുടർന്നു.

ചില വലതുപക്ഷ “ചരിത്രകാരന്മാർ” ഔറംഗസീബ് പതിനായിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്തതായി തട്ടിവിടാറുണ്ട്. എന്നാൽ അരിസോണ യൂണിവേഴ്സിറ്റി പ്രൊഫസറും ചരിത്രഗവേഷകനുമായ റിച്ചാർഡ് എം ഈറ്റൺ ഈ വാദത്തെ നിശിതമായി ഖണ്ഡിച്ചിട്ടുണ്ട്. തീർച്ചയായും 1521 മുതൽ 1857 വരെ ഭരിച്ച മുഗൾ വംശത്തിൽ തന്റെ ആറ് മുന്ഗാമികളെക്കാളും ഒരു ഡസനിലേറെ വരുന്ന പിൻഗാമികളെക്കാളും ഔറംഗസീബ് യാഥാസ്ഥിതികനായിരുന്നു.

എന്നാൽ സാമുദായിക ചരിത്രത്തിന്റെ ലെൻസിലൂടെയാണ് ഔറംഗസീബിനെ നോക്കിക്കാണേണ്ടത്. ക്ഷേത്രങ്ങൾക്ക് സംഭാവന നൽകാനും സംരക്ഷണം നൽകാനും അവയിൽ ചിലത് നശിപ്പിക്കാനും ഒന്നിലധികം കാരണങ്ങളുണ്ടായിരുന്നു. 49 വർഷത്തോളം ഭരണം നടത്തിയ ഔറംഗസീബിന്റെ രാജ്യവിസ്തൃതി എക്കാലത്തെയും വലുതായിരുന്നു.

മതരാഷ്ട്രീയത്തിന്റെ മുതലെടുപ്പ് വലതുകക്ഷികൾക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്. അവർ അടുത്തതായി ലക്ഷ്യം വെയ്ക്കുന്നത് കാശിയാണ്. ഒരു സമൂഹത്തെ നെടുകെ ഭേദിക്കാനായി ചരിത്രത്തിൽ നിന്നും ഓരോന്ന് പെറുക്കിക്കൂട്ടുന്നത് എത്ര കാലം നമുക്ക് കണ്ടുനിൽക്കേണ്ടി വരും ?

തകർന്ന ബാബറി പള്ളിയുടെ സമീപങ്ങളിൽ നിന്നും കണ്ടെടുത്ത വസ്തുക്കളുടെ സൂക്ഷ്മപരിശോധനയിൽ അവ അജന്ത- എല്ലോറയ്ക്ക് സമാനമായ  ബൗദ്ധശേഷിപ്പുകളാണ്. ബാബരിയിലെ കസൗത്തി തൂണുകൾക്ക്  ബൗദ്ധശില്പകലയുമായാണ് സാമ്യം.

സ്വാർത്ഥതയും അധികാരമോഹവും ലക്ഷ്യം വെച്ചുകൊണ്ടുള്ള  ചരിത്രവും വ്യാഖ്യാനങ്ങളും ഉയർത്തുന്നത് പ്രയോജനകരമല്ല. മതസ്ഥാപനങ്ങളെക്കാൾ വിശുദ്ധി നമ്മൾ കാണേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലുമാണ്.  വിദൂര ഭൂതകാലത്തെന്നോ സംഭവിച്ചത് ചികഞ്ഞെടുത്തു കൊണ്ട് ആധുനികകാലത്ത് ജീവിച്ചിരിക്കുന്ന മനുഷ്യർക്കിടയിൽ വിദ്വേഷം വിതച്ചിട്ട് എന്താണ് പ്രയോജനം ?

ഇത്രയും പറഞ്ഞതിനു കാരണം വിശ്വാസത്തിന്റെ പേരിലുള്ള  തർക്കവും  കഴിഞ്ഞകാലത്തേക്കുള്ള ഇത്തരം മടക്കങ്ങളും  കൊണ്ട്  യാതൊരു പ്രയോജനവും ഒരു രാജ്യത്തിന് ഉണ്ടാകാൻ പോകുന്നില്ല എന്നതിനാലാണ്.  നമ്മളിനി എവിടേക്കാണ് യാത്ര ചെയ്യേണ്ടത് ? അത് ദരിദ്രരെയും യാതനകൾ അനുഭവിക്കുന്നവരെയും സഹായിക്കാൻ വേണ്ടിയാകണം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങൾ  സമത്വവും സഹോദര്യവുമാണ്. രാജ്യം മനുഷ്യാവകാശങ്ങളെ മാനിക്കുകയും എല്ലാവരുടെയും ഭൗതിക ക്ഷേമത്തിനായി പ്രവർത്തിക്കുകയും വേണം.

(ഡോ. റാം പുനിയാനി ഐ. ഐ. ടി ബോംബെയിലെ മുൻ ബയോ മെഡിക്കൽ എന്‍ജിനീയറിംഗ്  പ്രൊഫസറും ഗ്രന്ഥകാരനും സാമൂഹിക നിരീക്ഷകനുമാണ്. )

സ്വതന്ത്ര വിവർത്തനം : സാലിഹ് റാവുത്തർ