‘തല തെറിച്ച ആശയങ്ങള്‍’-നോണ്‍ഫിക്ഷന്‍ രചനയില്‍ ആശയങ്ങളുടെ ഞെട്ടിപ്പിക്കല്‍

മലയാളത്തിലെ നോണ്‍ ഫിക്ഷന്‍ രചനയില്‍ പുതിയ ഇടപെടല്‍ നടത്തുകയാണ് പി.എസ്.ജയന്‍ രചിച്ച ‘ തലതെറിച്ച ആശയങ്ങള്‍ ‘ എന്ന പുസ്തകം. നാം സ്വപ്നം പോലും കാണാത്ത തരത്തില്‍ പുതിയ ആശയങ്ങളും അവ രൂപംകൊടുത്ത സാങ്കേതിക വിദ്യയും നമ്മുടെ നിത്യജീവിതത്തെ മാറ്റിമറിക്കുകയാണ്. മാറ്റത്തിന് സജ്ജമാകാതിരിക്കാന്‍ വയ്യ. ഈ മാറ്റങ്ങളെ അറിയാതിരിക്കുക അപകടകരം. നമ്മള്‍ പ്രാചീനരാകാതിരിക്കാന്‍ ഈ ലോകത്തിന് സംഭവിക്കുന്ന വലിയ മാറ്റങ്ങളെ നമ്മള്‍ അറിയണം. അതിന് വായനക്കാരെ സഹായിക്കുന്ന പുസ്തകമാണിത്.

മലയാള പ്രസിദ്ധീകരണ രംഗത്ത് ഇത്തരം പുസ്തകങ്ങള്‍ കുറവാണ്. യാത്രാവിവരണം, വൈജ്ഞാനിക സാഹിത്യം, പുരാണം തുടങ്ങിയ മേഖലകളില്‍ മേഞ്ഞുനടക്കുന്ന മലയാള നോണ്‍ ഫിക്ഷനില്‍ ഒരു പരീക്ഷണകൃതിയാണ് ‘ തലതെറിച്ച ആശയങ്ങള്‍’.
സമകാലിക ലോക രാഷ്ട്രീയം, സാങ്കേതികവിദ്യ, വ്യാപാരം, ലൈംഗികഭാവന, ജീവിതശൈലി തുടങ്ങിയ രംഗങ്ങളിലെ ആശയങ്ങളും വാക്കുകളും മുന്‍നിര്‍ത്തിയാണ് ഞെട്ടലുകളുടെ ലോകത്തേയ്ക്ക് നമ്മളെ ജയന്‍ കൂട്ടിക്കൊണ്ടുപോകുന്നത്. നാം അടുത്തതായി എന്തു ചിന്തിക്കും, നാം ആരെ ഇഷ്ടപ്പെടും, നാം എന്തു വാങ്ങും….ഇതൊക്കെ പ്രവചിക്കാന്‍ തക്കവിധം ഭയാനകമായ സാങ്കേതികവിദ്യയാണ് വരാന്‍ പോകുന്നത്.

ഭയാനകം എന്ന് മന:പൂര്‍വം പറഞ്ഞതാണ്. എന്തെന്നാല്‍ അവയെ നാം ഭയക്കുക തന്നെ വേണം. ഇപ്പോള്‍ വലിയ രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കത്തക്കവിധം ശക്തിയാര്‍ജ്ജിച്ചുകഴിഞ്ഞു സമൂഹ മാധ്യമങ്ങള്‍. ഇനി രാഷ്ട്രവും ഭൂവിഭാഗവും സമൂഹവും ഒക്കെ വിട്ട് സൂക്ഷ്മതലത്തില്‍…അതായത് നമ്മള്‍ ഓരോരുത്തരുടേയും മനസ്സില്‍ മറ്റെവിടെയോ ഇരുന്ന് ആരോ ഇടപെടത്തക്കവിധമുള്ള സന്നാഹങ്ങള്‍ ഒരുങ്ങുകയാണ്. പുസ്തകത്തിലെ ആദ്യ നാല് അധ്യായങ്ങളില്‍ ഈ ഭയാനക സാഹചര്യത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് വായിക്കാം. തുടര്‍ന്ന് പുതിയ ആശയങ്ങള്‍ ദൈന്യംദിന ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചാണ്. അവിടെ ഫാനരന്‍, ഫെമിനിച്ചി, കുമ്മനടി, സീന്‍ കോണ്‍ട്ര എന്നിങ്ങനെയുള്ള സൈബര്‍ മലയാള പദങ്ങള്‍ മുതല്‍ വര്‍ക്ക് സ്പൗസ് അഥവാ തൊഴിലിട ജീവിത പങ്കാളി എന്ന ആശയം വരെ ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുന്നു.

ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍ എന്നീ കമ്പനികളെ അഥവാ ആശയങ്ങളെ സാധ്യമാക്കിയതില്‍ തുടങ്ങുന്ന ഈ പുസ്തകം ഉബര്‍ ടാക്‌സി, ഓണ്‍ലൈന്‍ പണമിടപാട്, ത്രിമാന മുദ്രണം, ഡ്രൈവറില്ലാ കാറുകള്‍, തമിഴ്‌നാട്ടിലെ മുരുഗാനന്ദന്‍ എന്ന എട്ടാം ക്ലാസ്സുകാരന്‍ നടത്തിയ സാനിട്ടറി പാഡ് വിപ്ലവം തുടങ്ങിയവയിലേക്കും നീങ്ങുന്നു. സേര്‍ച്ച് എന്‍ജിന്‍ നേഷനുകളുടെയോ മൊബൈല്‍ ഫോണ്‍ ശൃംഖലകളുടെയോ കൂട്ടായ്മയെന്നു വിളിക്കാവുന്ന ഇന്നത്തെ വിവരവിപ്ലവലോകത്തെ നിര്‍മ്മിച്ച ആശയങ്ങളുടെ പുസ്തകമാണിത്.

ഓണ്‍ലൈന്‍സ്റ്റോര്‍:

https://onlinestore.dcbooks.com/books/thala-theric