യുക്തിതീവ്രവാദം ഭീകരവാദത്തോളം അപകടം !

കേരളസമൂഹം വല്ലാത്ത ഭയാനകതയില്‍ക്കൂടി കടന്നുപോകുന്ന കാലമാണ്. സോഷ്യല്‍മീഡിയയുടെ ഒന്നാം ഘട്ടത്തില്‍ത്തന്നെ ആരംഭിച്ച സമുദായ ഭിന്നിപ്പ് സ്മാര്‍ട്ട് ഫോണുള്ളവരെല്ലാം എഴുത്തുകാരായി മാറിയ ഈ ഘട്ടത്തില്‍ അതിന്റെ പരമകാഷ്ഠയിലെത്തിയിരിക്കുകയാണ്. പത്തോ പതിനഞ്ചോ കൊല്ലങ്ങള്‍ക്കുമുമ്പ് ഹിന്ദു വലതുപക്ഷവും ഇടതുപക്ഷവും ഇസ്ലാമികപക്ഷവും ചേര്‍ന്നാരംഭിച്ച ഗോദായിലിപ്പോള്‍ ഒരു കൃസ്ത്യന്‍ പക്ഷം കൂടി കടന്നുവന്നിട്ടുണ്ട്. ഇതുകൊണ്ട് തീരുന്നില്ല. ഇവരേക്കാളെല്ലാം അപകടകാരികളായ മറ്റൊരു വിഭാഗമാണ് സാമുദായിക സൗഹാര്‍ദ്ദത്തിന് ഇന്നേറ്റവും ഭീഷണിയായിരിക്കുന്നത്. അത് മറ്റാരുമല്ല, സ്വതന്ത്രചിന്തകര്‍ എന്ന് സ്വയം വിളിക്കുന്ന കേവലയുക്തിവാദികളാണ്. അതിന്റെ അവസാന ഉദാഹരണമാണ് ശ്രീകൃഷ്ണജയന്തിയെ കളിയാക്കിക്കൊണ്ട് ഡിങ്കജയന്തി എന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും ഇപ്പോള്‍ സമുദായസ്പര്‍ദ്ധയെ വീണ്ടും ആളിക്കത്തിച്ചിരിക്കുന്നതും. ആ പോസ്റ്റ് ഇട്ടത് മുസ്ലിം പേരുള്ള ഒരാളാണ്. ഇത് കുറേ ദിവസങ്ങള്‍ നിലനില്‍ക്കും പതുക്കെ തണുക്കുമ്പോള്‍ അടുത്തത് പ്രത്യക്ഷപ്പെടും.

മുമ്പുണ്ടായ ഒരനുഭവം പലര്‍ക്കും അറിയാവുന്നതായിരിക്കും. അബ്ദുല്‍ ഖാദര്‍ പുതിയങ്ങാടി എന്ന ഒരു കേവലയുക്തിവാദിയുടെ ദൈനംദിന പദ്ധതി മുഹമ്മദ് നബിയെ ട്രോളുക എന്നതായിരുന്നു. പ്രവാചകാനുകൂലികളായ കുറേ ആളുകള്‍ ചീത്തവിളിയും വധഭീഷണികളുമായി കുറേനാള്‍ കടന്നുപോയി. പിന്നീട് അവര്‍ക്കും മടുത്തു. അവര്‍ ഏതോ സിനിമയില്‍ ചെമ്പന്‍ വിനോദ് മാമുക്കോയയയോടു ചോദിക്കുന്നതുപോലെ ചോദിച്ചുതുടങ്ങി. അബ്ദുല്‍ ഖാദറിന് കാര്യം മനസ്സിലായി. ഇനി രക്ഷയില്ല. കാര്യങ്ങളൊന്നും പഴയതുപോലെ ഏല്‍ക്കുന്നില്ല. അങ്ങനെയാണ് പുതിയൊരാശയം ജനിച്ചത്. മതവിശ്വാസിയല്ല എന്നു മാത്രമല്ല മതവിരോധിയും അതും പോരാഞ്ഞ് മനുഷ്യവിരോധിയുംകൂടിയായ ടിയാന്‍ അടുത്ത ദിവസം ആ കൃത്യം നടപ്പിലാക്കി. ശിവലിംഗത്തെ അധിക്ഷേപിച്ച് പോസ്റ്റിട്ടു !

ഹിന്ദുക്കള്‍ പവിത്രമായിക്കരുതുന്ന ഒന്നിനെ ‘ഡില്‍ഡോ’യുമായി ഉപമിച്ചുകൊണ്ടായിരുന്നു അത്. ഇദ്ദേഹം മതവിരുദ്ധനാണെന്ന് വ്യക്തമായി അറിയാവുന്നവര്‍ പോലും ആ പോസ്റ്റിനെ സ്പര്‍ദ്ധക്കായി ഉപയോഗിക്കുകയാണ് ചെയ്തത്. അത്രയും കാലം ദുബായ് പോലീസിന്റെ ശ്രദ്ധയില്‍ പെടാതിരുന്നതിനാലോ രക്ഷപ്പെട്ടു നിന്നിരുന്ന അബ്ദുല്‍ ഖാദര്‍ പിടിയിലായി. പുരോഗമനവാദിയായ ഒരു യുവതി വര്‍ഗ്ഗീയകലാപത്തിന് തിരികൊളുത്താന്‍നടന്ന ഇയാള്‍ക്കുവേണ്ടി സ്വന്തം പ്രൊഫൈല്‍ പിക്ചര്‍പോലും മാറ്റിയിട്ടതു കണ്ടപ്പോള്‍ ആ ദാരിദ്ര്യമോര്‍ത്ത് സഹതാപമാണ് തോന്നിയത്. ആ മാന്യവനിതയോടു പറയാനുള്ളത്. “സഹോദരീ.. വീരസാഹസികപ്പട്ടമോ രക്തസാക്ഷിപ്പട്ടമോ ഒന്നും കൊടുത്ത് കരയുകയോ കഷ്ടപ്പെടുകയോ വേണ്ട. അയാളെ വധശിക്ഷക്കൊന്നും വിധിക്കാന്‍ പോകുന്നില്ല. ആറു മാസം കഴിയുമ്പോള്‍ പുറത്തിറങ്ങി നാട്ടിലെത്തും. വര്‍ഗ്ഗീയ ഭിന്നിപ്പ് തുടങ്ങുന്നതിനുമുമ്പ് ലൈംഗീകാതിപ്രസരമുള്ള പോസ്റ്റുകളിട്ട് സായൂജ്യമടഞ്ഞിരുന്ന ആ സാഹസികന്‍ പഴയ പണി തുടരുകയും ചെയ്യും.”

ഈ സ്വയം പ്രഖ്യാപിത സ്വതന്ത്രചിന്തകര്‍ ആഘോഷദിവസങ്ങളില്‍ വളരെ ശ്രദ്ധയുള്ളവരാണ്. ക്രിസ്മസ് ഈസ്റ്റര്‍ ദിവസങ്ങളില്‍ കൃത്യമായി യേശുവിനെയും മറിയമിനെയും അധിക്ഷേപിച്ചുകൊണ്ടുളള പോസ്റ്റുകള്‍ കൊണ്ടു നിറക്കും. ഈദ് ദിവസങ്ങളില്‍ മുഹമ്മദ് കാര്‍ട്ടൂണുകള്‍. ഹിന്ദുക്കളുടെ വിജയദശമി മഹാനവമി ദിവസങ്ങളില ദേവീദേവന്‍മാരെ കളിയാക്കുന്ന പോസ്റ്റുകള്‍ ഇതെല്ലാം എതിര്‍ മതത്തിലെ പേരുകളുള്ളവര്‍തന്നെ കൃത്യമായി പോസ്റ്റ് ചെയ്യും. കുറേയധികം ചോര അകത്താക്കുകയും ചെയ്യും. അതില്‍നിന്നു ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

അറുപതുകളിലാണ് യുക്തിവാദപ്രസ്ഥാനം കേരളത്തില്‍ ശക്തിപ്രാപിക്കുന്നത്. ശാസ്ത്രപുസ്തകങ്ങളുടെ പിന്‍ബലത്തോടെയാണ് അവര്‍ പരിഷ്‌കരിക്കാന്‍ ശ്രമിച്ചത്. അശാസ്ത്രീയതയില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ നിരവധി സംഭാവനകള്‍ അവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെ മൂന്നാം തലമുറ…അവരെ അങ്ങനെ പറയാന്‍ കഴിയുമോ എന്നറിയില്ല. അവര്‍ സയന്‍സ് പുസ്തകങ്ങളെയെല്ലാം മാറ്റിവെച്ച് അവഹേളനം പ്രധാന ആയുധമാക്കിയിരിക്കുകയാണ്. ഇവരെ കൂട്ടത്തോടെ കാണണമെങ്കില്‍ സ്വതന്ത്രചിന്തകര്‍ അഥവാ ഫ്രീ തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ചെന്നാല്‍ മതിയാകും. അവിടെ മതവിരുദ്ധത എന്ന പേരില്‍ മനുഷ്യവിരുദ്ധത മറയില്ലാതെ കാണാനായി സാധിക്കും. അതിന് നെടുനായകത്വം വഹിക്കുന്നതാകട്ടെ എക്‌സ് മുസ്ലിംസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം സമൂഹവിരുദ്ധരാണ്. ഇവിടെയാരും സമാധാനത്തിലങ്ങനെ ജീവിക്കണ്ട എന്നാണവരുടെ വാശി.

ഒരു മതം എന്നല്ല ഏതൊരു മതവും ആര്‍ക്കും വിട്ടുപോകാം. മതത്തില്‍ വിശ്വസിക്കാനും മതമില്ലാതെ ജീവിക്കാനും നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന ധാരാളം ആളുകളുണ്ട്. അവര്‍ സ്വന്തം പ്രവൃത്തിപഥങ്ങളില്‍ സേവനം ചെയ്യുന്നവരാണ്. എന്നാല്‍ പ്രത്യകം സൃഷ്ടിപരമായി ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവരാണ് വലിയവായില്‍ അധിക്ഷേപം വിളമ്പി തമ്മിലടിപ്പിച്ചു സന്തോഷിക്കുന്നത്. ബന്ധുക്കള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലുമെല്ലാം ഏഷണിയും കുന്നായ്മയും പരത്തി കലഹമുണ്ടാക്കുന്നയാളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് നാട്ടുകാര്‍ കൊടുക്കുന്ന ചില ഓമനപ്പേരുകളുമുണ്ട്. ഇക്കാലത്ത് അത്തരമാളുകള്‍ കുറവാണെന്നാണ് കരുതിയിരുന്നത്. പക്ഷെ അവര്‍ കുറ്റിയറ്റു പോയിട്ടില്ല. സോഷ്യല്‍ മീഡിയയാണ് പുതിയ താവളം എന്നുമാത്രം. ലക്ഷ്യം കുറച്ചുകൂടി വലുതാണ്, വര്‍ഗ്ഗീയകലാപം. പ്ലാറ്റ്‌ഫോം സ്വതന്ത്രചിന്ത.
ശൗചാലയത്തിനുപുറത്ത് ഭക്ഷണശാല എന്ന് ബോര്‍ഡുവെച്ചിരിക്കുന്നതുപോലെയാണ് ഇവരുടെ ഗ്രൂപ്പിന്റെ പേര് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിലെ കുറേ അംഗങ്ങള്‍ക്ക് ഫെമിനിസ്റ്റ് ഗ്രൂപ്പുകളുണ്ട്. അതിലാകട്ടെ നിറയെ സ്ത്രീവിരുദ്ധതയും. എങ്ങനെ ആകാതിരിക്കും?

ഏറ്റവും വലിയ ബുദ്ധിമാന്‍മാരെന്ന് സ്വയം വിളിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറില്ല. എങ്കിലും പറയാം നിങ്ങള്‍ ഏതെങ്കിലും ആശയത്തില്‍ വിശ്വസിക്കുന്നെങ്കില്‍ അതില്‍ വിശ്വസിക്കുക. മിതത്വത്തോടെ അതുമായി മുന്നോട്ടുപോകാന്‍ സാധിക്കും. അതിനുപകരം പരിഹാസവും അവഹേളനവും അധിക്ഷേപവുമായി കാണുന്നിടത്തെല്ലാം വിസര്‍ജ്ജ്യം നിക്ഷേപിച്ചാല്‍ സ്വയം പരിഹാസ്യരാകുകയാകും ഫലം. സ്വന്തം വീട് ആര്‍ക്കും വിട്ടുപോകാം. എന്നാല്‍ തിരികെ നിന്ന് കല്ലെറിയുമ്പോള്‍ വീണ്ടും ആ വിട്ടില്‍നിന്നും നിങ്ങളുടെ കൂടെ ഇറങ്ങിവരാന്‍ ആരെങ്കിലും തയ്യാറുണ്ടെങ്കില്‍ അവര്‍ തിരികെ കയറിപ്പോകുകയാകും ഫലം. ഏതു കാര്യത്തിലും അമിതാവേശം കാട്ടുന്നവര്‍ ഒടുവില്‍ പഴയ സ്ഥലത്തുതന്നെ തിരികെയെത്തും എന്നതാണ് അനുഭവം.

ഭരണകൂടത്തോടു പറയാനുള്ളത് നാട്ടില്‍ ഇനിയെങ്കിലും വര്‍ഗ്ഗീയ സ്പര്‍ദ്ധ പടരാതിരിക്കണമെങ്കില്‍ അത്തരം വ്യക്തികള്‍ക്കെതിരെയും ഗ്രൂപ്പുകള്‍ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കണം. അതിനുള്ള നിയമമുണ്ട്.

പൊതുസമൂഹത്തോടു പറയാനുള്ളത് ഇത്തരം പാഷാണങ്ങളെ വായിച്ചാല്‍ ഒരു പുഞ്ചിരിയോടെ തള്ളിക്കളഞ്ഞേക്കുക, ഏറ്റുപിടിക്കാതിരിക്കുക. ബാങ്കുവിളിക്കുന്നതുകേട്ട് വിളക്കുവെക്കുന്ന ഈ നാട്ടില്‍, അമ്പലത്തിലെ ഉത്സവനോട്ടീസ് കിട്ടുമ്പോള്‍ അയനമാറ്റവും കാര്‍ഷികവൃത്തിയുടെ ഋതുഭേദവും ഓര്‍മ്മിക്കുന്ന ഈ നാട്ടില്‍ ക്വയര്‍ ഗീതം കേള്‍ക്കുമ്പോള്‍ മനസ്സു കുളിരുന്ന ഈ നാട്ടില്‍ നമുക്ക് സമാധാനപരമായി സാഹോദര്യത്തോടെ ജീവിച്ചുപോകാം.