കേരളം ഭരണസ്തംഭനത്തില്‍, കെട്ടിക്കിടക്കുന്നത് 1.48 ലക്ഷം ഫയലുകള്‍

 

ഒരോ ഫയലും ഒരോ ജീവിതങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് കൊല്ലം ആറു കഴിഞ്ഞു. 2016 ല്‍ ആദ്യ പിണറായി സര്‍ക്കാരിന്റെ മധുവിധു നാളുകളിലാണ് മുഖ്യമന്ത്രി ഈ സത്യം വിളിച്ചു പറഞ്ഞത്. എല്ലാം പറയുകയും എന്നാല്‍ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ് ഇടതായാലും വലതായാലും നമ്മുടെ ഭരണ രീതി . അത് കൊണ്ട്് തന്നെ കാര്യമായി ഒന്നും സംഭവിച്ചില്ല. ഫയലുകളില്‍ ജീവിതങ്ങള്‍ ഉറങ്ങി, മുഖ്യമന്ത്രി ക്‌ളിഫ് ഹൗസിലും, ജീവനക്കാര്‍ സെക്രട്ടറിയേറ്റിലുമുറങ്ങി.

കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ 1.48 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത് . മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണ വകുപ്പില്‍ മാത്രം 11,415 ഫയലുകള്‍ തീര്‍പ്പാകാതെയുണ്ട്. സംസ്ഥാനം കടുത്ത ഭരണസ്തംഭനത്തിലാണെന്ന് ഇതില്‍ നിന്നും വ്യക്തമാവുകയാണ്. പൊതുഭരണം, റവന്യു , തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലാണ് കൂടുതല്‍ ഫയലുകള്‍ കെട്ടി കിടക്കുന്നത് ഇതില്‍ മുഖ്യമന്ത്രിക്ക് കടുത്ത നീരസമുണ്ട്  അത് കൊണ്ടാണല്ലോ . ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ഉടന്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തത്. പക്ഷെ മുഖ്യമന്ത്രിയുടെ നീരസമൊക്കെ സെക്രട്ടറിയേറ്റില്‍ ഇരിക്കുന്നവര്‍ക്ക് പുല്ലാണ്. ഞങ്ങള്‍ക്ക് തോന്നിയാലേ ഞങ്ങള്‍ എന്തെങ്കിലും ചെയ്യൂവെന്നാണ് അവരുടെ മുദ്രാവാക്യം.

പൊതു വിദ്യാഭ്യാസ വകുപ്പില്‍ കെട്ടി കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടിയന്തിര നിര്‍ദേശം നല്‍കിയെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍മന്ത്രിയുടെ നിര്‍ദേശം ഒരിടത്തും ഫയലുകള്‍ വേറൊരിടത്തും കിടക്കുന്നുവെന്നാണ് ഇപ്പോഴും അറിയുന്നത് പതിനേഴായിരത്തോളം ഫയലുകളാണ് ധനകാര്യ വകുപ്പില്‍ കെട്ടി കിടക്കുന്നത്. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചതോടെ പല ഫയലുകളിലും തീരുമാനമെടുക്കാന്‍ കഴിയാതെ വരുന്നതാണ് ധനകാര്യ വകുപ്പില്‍ ഫയലുകളുടെ എണ്ണം കൂടാന്‍ കാരണം. സാമ്പത്തികം മെച്ചപ്പെടുന്ന മുറയ്ക്ക് ഫയലിലെ ആവശ്യം പരിഗണിക്കാം എന്ന സ്ഥിരം മറുപടി തയ്യാറാക്കി അയക്കുകയാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍.

. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അപേക്ഷകള്‍ കൂടുതല്‍ എത്തുന്ന റവന്യൂ, തദ്ദേശസ്വയം ഭരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ഫയല്‍ കുന്നു കൂടുന്നത് ഗുരുതരമായ ഭരണ സ്തംഭനമാണമുണ്ടാക്കുന്നത്. നിയമസംബന്ധമായ അഭിപ്രായങ്ങള്‍ തേടി വരുന്ന നിയമ വകുപ്പില്‍ കെട്ടി കിടക്കുന്നത് 2400 ഫയലുകളാണ്. പല സര്‍ക്കാര്‍ തിരുമാനങ്ങളിലും നിയമ വകുപ്പിന്റെ കണ്‍സന്റ് അത്യാവിശ്യമാണ് എന്നത് കൂടിയോര്‍ക്കണം.

 

സെക്രട്ടേറിയേറ്റില്‍ കൂടുതലും ഫയലുകള്‍ ഇ-ഫയലുകള്‍ അഥവാ ഇലക്ട്രോണിക് ഫയലുകളാണ് 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇ-ഫയലുകളുടെ എണ്ണം 81000 ആണ്. ഈ മാസം മാത്രം ഇ ഫയലുകള്‍ 27810 ആയി. സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകളുടെ എണ്ണം , തീര്‍പ്പ് കല്‍പിച്ചത്, കെട്ടികിടക്കുന്നതെത്ര എന്നിവയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നത് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലാണ്.

എത്ര ഫയലുകള്‍ സെക്രട്ടേറിയേറ്റില്‍ കെട്ടി കിടക്കുന്നു എന്ന് നിയമസഭയില്‍ ചോദ്യം വരുമ്പോള്‍ സര്‍ക്കാര്‍ പലപ്പോഴും ഉത്തരം തരാറില്ല. സ്ഥിരം തരുന്ന മറുപടി ‘ വിവരം ശേഖരിച്ചു വരുന്നു ‘ എന്നാണ്. കെട്ടി കിടക്കുന്ന ഫയല്‍ വിശദാംശങ്ങള്‍ സംബന്ധിച്ച മറുപടി വന്നാല്‍ വിമര്‍ശനം ഉണ്ടാകും എന്ന ഭയത്താലാണ് മറുപടി നല്‍കാത്തത് . കെട്ടി കിടക്കുന്ന ഫയലുകള്‍ സംബന്ധിച്ചുള്ള വിവരവകാശ ചോദ്യത്തിനു പോലും മറുപടി നല്‍കാതെ ഉഴപ്പി കളിക്കാന്‍ മിടുക്കരാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലുള്ളത് എന്ന ആക്ഷേപം പണ്ടേയുണ്ട്.

4000 ത്തോളം ജീവനക്കാരാണ് സെക്രട്ടേറിയേറ്റില്‍ ഉള്ളത്. മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫും അടക്കം 600 പേര്‍ വേറെയും. ഇവര്‍ക്കെല്ലാമായി കോടിക്കണക്കിന് രൂപ മാസമാസം പൊതുഖജനാവില്‍ നിന്നും ശമ്പളമായി ഒരു മുടക്കുമില്ലാതെ കിട്ടുകയും ചെയ്യുന്നു.

മുന്‍ കാലങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നവരെല്ലാം ഫയലുകള്‍ തീര്‍പ്പാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ആഴ്ചയില്‍ നാലു ദിവസം സെക്രട്ടേറിയേറ്റില്‍ കര്‍ശനമായി മന്ത്രിമാര്‍ ഉണ്ടായിരിക്കണമെന്ന് അന്നത്തെ ഇടതു വലതു മുഖ്യമന്ത്രിമാരെല്ലാം നിഷ്‌കര്‍ഷിച്ചിരുന്നു. രണ്ട് മാസം കൂടുമ്പോള്‍ ഓരോ വകുപ്പും ഫയല്‍ തീര്‍പ്പാക്കല്‍ മേള നടത്തിയിരുന്നു. കോടതി സംബന്ധമായ തര്‍ക്കങ്ങള്‍ ഉള്ള ഫയലുകള്‍ മാത്രമാണ് അക്കാലത്ത് കെട്ടി കിടന്നിട്ടുള്ളത്. ഫയലുകള്‍ കെട്ടിക്കിടക്കുക എന്നാല്‍ സംസ്ഥാനത്തിന്റ ഭരണയന്ത്രം ചലിക്കുന്നില്ല എന്ന് തന്നെയാണ് അര്‍ത്ഥം. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ സര്‍ക്കാര്‍ എന്ന സംവിധാനം നിശ്ചലമാണ് . ഇതെല്ലാം മനസിലാക്കി പ്രവര്‍ത്തിക്കണ്ട നമ്മുടെ രാഷ്ട്രീയ നേതൃത്വമാകട്ടെ ഇതിനെയൊക്കെ ഒരു സാധാരണ സംഭവമായി മാത്രം എടുക്കുന്നു.

ചുരുക്കത്തില്‍ മുഖ്യമന്ത്രി എന്ത് പറഞ്ഞാലും, ഇനി വരാന്‍ പോകുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരും എന്തൊക്കെ പറഞ്ഞാലും ഫയലുകള്‍ അനങ്ങരുതെന്ന് ബ്യുറോക്രസി വിചാരിച്ചാല്‍ അവ അനങ്ങില്ല. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ വിശാലമായ ലോകപരിചയമോ, കാഴ്ചപ്പാടോ ഉള്ളവരല്ല, അത് കൊണ്ട്് തന്നെ ബ്യുറോക്രസിക്ക് മേല്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവര്‍ക്ക് കഴിയുകയുമില്ല. ഫയലുകളില്‍ ജീവിതമാണ് തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ ഒരു താളത്തിലങ്ങ് പറയാമെന്ന് മാത്രം.