ചെത്തുതൊഴിലാളി ജാതിസ്വത്വമാണെന്ന് പറയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയില്ല

വിജു വി. വി

പൊതുവെ വടക്കേ മലബാറിലെ രാഷ്ട്രീയത്തെ മുഖ്യാധാരാ മാധ്യമങ്ങള്‍ക്ക് മനസിലാകാത്ത പ്രശ്‌നം എപ്പോഴുമുണ്ട്. മലബാറിന്റെ ചരിത്രവും രാഷ്ട്രീയ ശൈലിയുമൊക്കെ വേറെയായതു കൊണ്ടാണത്. ഇവിടെ ഉദ്ദേശിക്കുന്ന അര്‍ത്ഥമായിരിക്കില്ല തെക്കന്‍ ജില്ലയിലെത്തുമ്പോള്‍ ഉണ്ടാകുക. അതേത് രാഷ്ട്രീയക്കാരുടേതായാലും അങ്ങനെ തന്നെ.

ഇതില്‍ രണ്ടുകാര്യങ്ങളുണ്ട്.

ഒന്ന് ചെത്തുതൊഴിലാളി എന്നത് മലബാറില്‍ വളരെ മോഡേണ്‍ ആയിട്ടുള്ള ഐഡന്റിറ്റി ആണ്. ചെത്തുതൊഴിലാളി എന്ന വാക്കല്ല മലബാറില്‍ ഉപയോഗിച്ചു വരുന്നത്. ഏറ്റുകാരന്‍ എന്നാണ്. തെങ്ങേറുന്നവര്‍ എന്നര്‍ത്ഥത്തില്‍. “ഏറ്റ് മുട്ടിയാല്‍ കള്ളില്ല” എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ദൈനംദിന ജീവിതത്തില്‍ സാധാരണമാണ്. തെക്കന്‍ കേരളത്തില്‍, നാരായണ ഗുരുവിന്റെ ആഹ്വാനം അനുസരിച്ച് ഈഴവര്‍ കുലത്തൊഴിലുപേക്ഷിച്ചിരുന്നു. സാമൂഹികമായ ഉന്നമനം ഉണ്ടാകണമെങ്കില്‍ കുലത്തൊഴില്‍ ഉപേക്ഷിക്കുക അത്യാവശ്യമാണ്. അതിന്റെ ഭാഗമായിരുന്നു മദ്യം ഉണ്ടാക്കരുത്, കൊടുക്കരുത്, കഴിക്കരുത് എന്നു നാരായണഗുരു പറഞ്ഞത്. ചെത്തുതൊഴില്‍ ആളുകളുടെ ജീവിതത്തെ തെങ്ങിനെ കേന്ദ്രീകരിച്ച് തളച്ചിടുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് പുറത്തുപോകുക, നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുക ഒക്കെ ബുദ്ധിമുട്ടാണ്. ഇത് ചെത്തിന് മാത്രം ഉള്ള പ്രത്യേകതയല്ല. നമ്പൂതിരി ആണുങ്ങളുടെ പൂജാരി തൊഴിലിനും ഈ പ്രശ്‌നമുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി കഴിയേണ്ടതു കൊണ്ട് ദൂരസഞ്ചാരം പലപ്പോഴും തടസം വരും. കാലിവളര്‍ത്തലും ഇതേപോലുള്ള മറ്റൊരു തൊഴില്‍ ആണ്. കാലികള്‍ക്ക് തീറ്റകൊടുക്കേണ്ടതു കൊണ്ട് ആളുകള്‍ പുറത്തു പോയാല്‍ ആ സമയമാകുമ്പോഴേക്കും തിരിച്ചു വരണം.

മലബാറില്‍ നാരായണഗുരുവിന്റെ കാഴ്ചപ്പാടുകള്‍ അതേപടി പകര്‍ത്തപ്പെട്ടില്ല. ഒന്ന് മലബാറിലെ തീയന്‍മാരില്‍ തന്നെ പ്രമാണിമാരും തറവാടുകളും ഉണ്ടായതു കൊണ്ട് അവര്‍ അവരുടെ സമുദായത്തിനുള്ളില്‍ തന്നെ താഴ്ന്നവരുമായി വിവേചനം സൂക്ഷിച്ചിരുന്നു. ഈ കീഴായ്മയുടെ അടിസ്ഥാനം അവര്‍ ഇപ്പോഴും ചെത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ്. തീയരേക്കാള്‍ താഴ്ന്നതെന്ന് അവര്‍ കരുതിയിരുന്ന സമുദായങ്ങളുമായി കടുത്ത അയിത്തവും പുലര്‍ത്തി. ഇതോടൊപ്പം ചേര്‍ത്തുപറയേണ്ട മറ്റൊരു കാര്യം മലബാറില്‍ കള്ളുചെത്ത് തൊഴിലാളികള്‍ക്കായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യൂണിയന്‍ ഉണ്ടാക്കിയതാണ്. സാമുദായിക തൊഴിലിനെയും ജാതിസ്വത്വത്തെയും അപ്പാടെ നിലനിര്‍ത്തി അതിനെ തൊഴിലാളി കൂട്ടായ്മയാക്കി പരിവര്‍ത്തിപ്പിക്കുകയും ഈ കൂട്ടായ്മയെ പാര്‍ട്ടിയുടെ അനുഭാവിവൃന്ദമായി നിലനിര്‍ത്തുകയും ചെയ്തു. ഇവര്‍ക്ക് ക്ഷേമനിധി, പെന്‍ഷന്‍ തുടങ്ങിയ ഉണ്ടായതു കൊണ്ട് പലപ്പോഴും തൊഴില്‍ ഉപേക്ഷിക്കുന്നതിനു പകരം ചെത്തുതൊഴിലാളിയായി തുടരുകയാണ് ചെയ്തത്. ചെത്തുതൊഴിലാളി എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റത്തിന്റെ പ്രത്യേക ഘട്ടത്തില്‍ രൂപപ്പെട്ട ഐഡന്റിറ്റിയാണ്. കണ്ണൂര്‍ മേഖലയില്‍ ചെത്തുതൊഴിലാളി പാര്‍ട്ടിയുടെ അടിസ്ഥാനവര്‍ഗ വിഭാഗത്തിലെ അംഗം എന്ന നിലയിലാണ് നില്‍ക്കുന്നത്.

അതായത് ചെത്തുതൊഴിലാളി ജാതിസ്വത്വമാണ് എന്ന് പറയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കഴിയില്ല. അങ്ങനെ പറഞ്ഞാല്‍ തങ്ങളുടെ ട്രേഡ് യൂണിയന്‍ ചരിത്രത്തെ തള്ളിപ്പറയലാകും അത്. അതുകൊണ്ടാണ് കണ്ണൂരില്‍ നിന്നുള്ളവര്‍ നയിക്കുന്ന സി.പി.എം, ഈ വിഷയത്തെ വിവാദമാക്കി മാറ്റാത്തതും. എന്താണ് പറഞ്ഞത് എന്നത് സുധാകരനും എനിക്കും അറിയാം എന്ന് പിണറായി പറയുന്നത് അതുകൊണ്ടാണ്.

ഇന്ന് ചെത്തുതൊഴിലാളി യൂണിയന്‍ എന്നത് ഒരു സ്വാധീന വിഭാഗം അല്ല. ഒരു പ്രദേശത്തു തന്നെ ഏറ്റുകാര്‍ എന്നു പറയുന്നവര്‍ രണ്ടോ മൂന്നോ മാത്രമേ ഉണ്ടാകൂ. പഴയകാലത്തു തന്നെ ചെത്തുതൊഴിലാളികളായ പലരും നെയ്ത്ത് പോലുള്ള തൊഴിലുകളിലേക്ക് ചേക്കേറിയിരുന്നു. അതുകൊണ്ട് ജാതി അധിക്ഷേപം എന്ന നിലയില്‍ അല്ല വടക്കേ മലബാര്‍ മേഖലയില്‍ സുധാകരന്റെ പരാമര്‍ശം കാണുക. സി.പി.എമ്മിനെ സംബന്ധിച്ചടത്തോളം ഇതില്‍ വേറൊരു പ്രശ്‌നമാണ് വെല്ലുവിളി. കണ്ണൂരിലെ ജനസംഖ്യയിലെ ഭൂരിപക്ഷ വിഭാഗമായ തീയര്‍ ഏറെക്കുറെ സി.പി.എമ്മിന്റെ അടിയുറച്ച വോട്ടര്‍മാരാണ്. എന്നാല്‍ തീയ ഐഡന്റിറ്റി പറഞ്ഞല്ല സി.പി.എം നിലനില്‍ക്കുന്നത്. അതേസമയം, ജാതി എന്നത് രാഷ്ട്രീയത്തോടൊപ്പം തന്നെ പരിഗണനാവിഷയമാണ് താനും. സി.പി.എമ്മിന്റെ കോട്ടയാണ് എന്നുപറയുമ്പോഴും കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ഏറെക്കാലം മുല്ലപ്പള്ളിയും സുധാകരനും ഒക്കെ ജയിച്ചുവരുന്നതില്‍ ഈ ഘടകം തള്ളിക്കളയാനാകാത്തതാണ്.

കണ്ണൂര്‍ ജില്ലയിലും പൊതുവായ കോണ്‍ഗ്രസ് പൊളിറ്റിക്‌സിലും ഏറ്റവും മങ്ങിയ കാലത്തു കൂടി കടന്നുപോകുകയായിരുന്ന സുധാകരന് ടെലിവിഷന്‍ ചാനലിലെ പ്രൈംടൈമില്‍ ഞാനും തീയനാണ് എന്ന് വിളിച്ചുപറയാന്‍ അവസരം കിട്ടിയെന്നത് വടക്കേ മലബാര്‍ രാഷ്ട്രീയത്തിലെ പ്രധാന സംഭവമാണെന്നതുമാത്രമല്ല, ഒറ്റദിവസം കൊണ്ട് രമേശ് ചെന്നിത്തലയെയോ കോണ്‍ഗ്രസ് നേതൃത്വത്തെയോ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ ഫോമിലാകാന്‍ സുധാകരനെ സഹായിച്ചു എന്നതുമാണ് ഇതിലെ കാര്യം. ഷാനിമോള്‍ ഉദ്ദേശിച്ചതല്ല ഇവിടെ നടന്നത്. ഫോമിലാകുന്ന സുധാകരനല്ല, മങ്ങിയ സുധാകരനാണ് സി.പി.എമ്മിന് വേണ്ടത്. അതിന്റെ പ്രത്യാഘാതം വിജയരാഘവന് മനസിലായില്ലെങ്കിലും പിണറായിക്കും പി.ജയരാജനും കൃത്യമായി മനസിലാകും.

Read more

(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗവേഷകനും സ്വാതന്ത്ര മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ)