"കോടിയേരി ബാലകൃഷ്ണന്റെ അധികാരത്തിന്റെ തണല്‍ പറ്റിയാണ് ബിനീഷ് എന്ന ക്രിമിനൽ തഴച്ചു വളര്‍ന്നത്"

ഹരി മോഹൻ

ബെംഗളൂരുവില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയെ ഉദ്ധരിച്ച് ഇ.ഡി, ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഇങ്ങനെയാണ്- “”ബിനീഷ് കോടിയേരിയുടെ റെസ്റ്റോറന്റിന്റെ ബിനാമിയായിരുന്നു മുഹമ്മദ് അനൂപ്. ബിനീഷാണു തന്റെ ബോസ് എന്ന് ഡ്രഗ്ഗ് പെഡ്ലറായ മുഹമ്മദ് അനൂപ് സമ്മതിച്ചു. ബിനീഷ് ചെയ്യാന്‍ പറഞ്ഞതെന്താണോ അതാണ് അനൂപ് ചെയ്തത്. അതിന് ബിനീഷ് അനൂപിനു പണം നല്‍കിയിരുന്നു. ബാങ്ക് ട്രാന്‍സ്ഫറുകള്‍ വഴിയും നിക്ഷേപം വഴിയും പ്രതിയായ ബിനീഷ് അനൂപിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കു വന്‍തോതിലുള്ള പണം നിക്ഷേപിച്ചു. വന്‍തോതിലുള്ള പണം അനൂപിനു നല്‍കിയതായി പ്രതി ഒക്ടോബര്‍ ആറിനു മൊഴി നല്‍കിയിരുന്നു. ഇങ്ങനെ സ്ഥിരമായി ബിനീഷ് അനൂപിന്റെ അക്കൗണ്ടുകളിലേക്കു കണക്കില്‍പ്പെടാത്ത പണം കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുന്‍പായി കേരളത്തിലെ ബിനീഷിന്റെ അക്കൗണ്ടുകളിലേക്കു വന്‍ നിക്ഷേപമെത്തിയിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുക വഴി ലഭിച്ച പണം പല അക്കൗണ്ടുകളിലേക്കായി മാറ്റിയ പ്രതി കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റമാണു ചെയ്തത്.””

ചുരുക്കത്തില്‍, മുഹമ്മദ് അനൂപിന്റെ ബോസും സിനിമാ നടനും സി.പി.ഐ.എം സംസ്ഥാന സമ്മേളനങ്ങളിലെ സ്ഥിരം ക്ഷണിതാവുമായ ബിനീഷ് കോടിയേരി പെട്ടു എന്നര്‍ത്ഥം.

ഇവിടെ പ്രശ്നം ബിനീഷ്, കോടിയേരി ബാലകൃഷ്ണനെന്ന വ്യക്തിയുടെ മകനായി എന്നതല്ല. ബിനീഷ് കോടിയേരി കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കേരളം ഇപ്പോള്‍ ഭരിക്കുന്ന മുഖ്യ കക്ഷിയുടെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാന സെക്രട്ടറി പദം വഹിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനാണ് എന്നതാണു വിഷയം.

പാര്‍ട്ടി അംഗത്വം ഇല്ലാത്ത ബിനീഷ് പ്രതിയായാല്‍ പാര്‍ട്ടി ഉത്തരം പറയേണ്ടതില്ല എന്നാണു പ്രമുഖ കാപ്സ്യൂള്‍. ഒട്ടും നിലനില്‍ക്കാത്ത വാദമാണിത്. ബാലകൃഷ്ണന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ചിട്ടില്ലാത്ത വിശുദ്ധ കുറ്റവാളിയാണ് ബിനീഷ് എന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തെന്ന് പാര്‍ട്ടി പോലും സമ്മതിക്കുന്ന അവസ്ഥയിലാണു കാര്യങ്ങള്‍. ഈ സാഹചര്യത്തിലാണ്, എ.കെ.ജി സെന്ററിലേക്ക് ഏതു സമയവും, സി.പി.ഐ.എം സംസ്ഥാന സമ്മേളനങ്ങളിലേക്ക് എല്ലാത്തവണയും കയറിച്ചെല്ലാന്‍ കഴിയുന്ന ബിനീഷ് തന്റെ അച്ഛന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

ഇവിടെയും ബിനീഷിന് പാര്‍ട്ടിയുമായുള്ള ബന്ധം തീരുന്നില്ലല്ലോ. പോരാളി ഷാജിയെടുക്കുന്ന പണി തന്നെ പ്രിവിലേജോടു കൂടി ചെയ്യുന്ന സി.പി.ഐ.എം പ്രൊഫൈലാണല്ലോ ബിനീഷിന്റേത്. അയാളുടെ സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത കഴിഞ്ഞു കുറച്ചുവര്‍ഷങ്ങളായി നേരിട്ടു കാണുന്നവര്‍ക്കു ബോദ്ധ്യമുണ്ടാകും. ചുവന്ന മുണ്ടും ചുവന്ന ടീഷര്‍ട്ടുമിട്ട് പാര്‍ട്ടിയോടുള്ള തന്റെ കൂറ് വെളിപ്പെടുത്തുന്ന ബിനീഷിന്റെ പോസ്റ്റുകളില്‍ വിധേയത്വവും ആരാധനയും കൊണ്ടുള്ള അഭിവാദ്യ കമന്റുകള്‍ ഇപ്പോഴും കിടപ്പുണ്ടാവും.

ഇനി പഴയ ചില കേസുകളിലേക്കു പോകാം.

കിളിരൂര്‍, കവിയൂര്‍, ടോട്ടല്‍ ഫോര്‍ യു, പോള്‍ മുത്തൂറ്റ് കൊലപാതകം തുടങ്ങി സംസ്ഥാനത്തു വിവാദമായ ഒരുവിധപ്പെട്ട എല്ലാ സംഭവങ്ങളിലും ആരോപണവിധേയനായി ഒരു ഘട്ടത്തില്‍ ബിനീഷ് കോടിയേരിയുടെ പേര് ഉയർന്നു വന്നിരുന്നു. ഇപ്പോളിതാ ബെംഗളൂരുവിലെ ലഹരിമരുന്ന് കേസിലും. മുമ്പൊക്കെ കുറച്ചുകാലം വിവാദമുണ്ടായി എന്നതിനപ്പുറത്തേക്കു മറ്റൊന്നും സംഭവിച്ചില്ല.

2004-ലെ കവിയൂര്‍ കേസ് മുതല്‍ ബിനീഷ് കോടിയേരി സംശയങ്ങളുടെ നിഴലിലാണ്. ബിനീഷിനെ ഏറ്റവുമധികം വേട്ടയാടിയ കേസ് എന്നു വേണമെങ്കില്‍ പറയാം കവിയൂര്‍ കേസിനെ. കിളിരൂരിലും പേരുയര്‍ന്നു കേട്ടിരുന്നു. ബിനീഷിന്റെ പേരു പറയുന്നത് ഒഴിവാക്കാനാണ് ശാരി എസ്. നായരെ വി.ഐ.പികള്‍ സന്ദര്‍ശിച്ചത് എന്നുമുണ്ടായി ആരോപണം.

മുന്‍ മന്ത്രി എം.എ ബേബിയുടെ മകന്‍ അശോക്, കോട്ടയം പോലീസ് സൂപ്രണ്ടായിരുന്ന ഗോപിനാഥ്, ചലച്ചിത്ര നിര്‍മ്മാതാവ് സജി നന്ത്യാട്ട്, മുന്‍മന്ത്രി പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ എന്നിവരുടെ പേരുകളും ബിനീഷിനൊപ്പം ഉയര്‍ന്നകേട്ടിരുന്നു. കേസ് അട്ടിമറിക്കാന്‍ സാദ്ധ്യതയുണ്ടെന്നു കാണിച്ച് പെണ്‍കുട്ടിയുടെ സുഹൃത്ത് നല്‍കി കത്തിലെ കാര്യങ്ങളെ കുറിച്ച് അന്ന് സി.ബി.ഐ അന്വേഷണം നടത്താത്തതും വിവാദമായി. ബിനീഷ് കോടിയേരി അഭിനയിച്ച്, സജി നന്ത്യാട്ട് നിര്‍മ്മിച്ച ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം വാങ്ങിത്തരാമെന്നു പറഞ്ഞാണ് ലതാ നായര്‍ എന്ന സ്ത്രീ പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തിയതെന്നും അന്നു കണ്ടെത്തിയിരുന്നു. പക്ഷേ 16 വര്‍ഷത്തിനു ശേഷം കവിയൂര്‍ കേസില്‍ സി.ബി.ഐ നാലാമത്തെ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും ബിനീഷിന്റെ പേരില്ല. പക്ഷേ ഒരു വി.ഐ.പി എന്നതില്‍ വി.എസ് അച്യുതാനന്ദന്‍ ഒതുക്കിനിര്‍ത്തിയ പേര് ബിനീഷിന്റേതാണോ എന്ന സംശയം ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലെ, തട്ടിപ്പ് നടത്തിക്കിട്ടിയ പണം ബിനീഷിനു ലഭിച്ചു എന്നതു മറ്റൊരു വിവാദം.

പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതിയായ ഓം പ്രകാശുമായി അടുത്ത ബന്ധമുണ്ട് എന്നായിരുന്നു അടുത്ത ആരോപണം. ഓം പ്രകാശിനെ സംരക്ഷിച്ചത് ബിനീഷായിരുന്നു എന്നു കുറച്ചുനാള്‍ പറഞ്ഞുകേട്ടു. എന്നാല്‍ ഇതും തെളിയിക്കാനായില്ല.

ബെംഗളൂരു പെണ്‍വാണിഭക്കേസിലും ബിനീഷിന്റെ പേര് ഉയര്‍ന്നുവന്നു. ബെംഗളൂരുവിലെ ഒരു ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ഒരു റഷ്യന്‍ വനിതയോടൊപ്പം ബിനീഷ് നില്‍ക്കുന്ന ചിത്രമായിരുന്നു വിവാദത്തിന് ആധാരം. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റു വിവരങ്ങള്‍ പുറത്തുവന്നില്ല.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ടായിരുന്നു ബിനീഷിനെതിരെ മറ്റൊരു ആരോപണം ഉയര്‍ന്നത്. ബിനീഷും കോടിയേരി ബാലകൃഷ്ണനും കൂടി മുംബൈ വ്യവസായി ദിനേശ് മേനോനില്‍ നിന്നു മൂന്നരക്കോടി രൂപ കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ദിനേശ് മേനോന്‍ തന്നെ ഇതു പിന്നീട് നിഷേധിച്ചു. പക്ഷേ സി.ബി.ഐക്ക് മാണി സി. കാപ്പന്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഷിബു ബേബി ജോണ്‍ കഴിഞ്ഞവര്‍ഷം പുറത്തു വിട്ടിരുന്നു. മൊഴിയില്‍ അച്ഛന്റെയും മകന്റെയും പേര് നല്ല വൃത്തിയായുണ്ട്.

മറ്റൊന്ന്, 2015-ല്‍ വിദേശത്തു സാമ്പത്തിക തട്ടിപ്പുകേസിൽ ബിനീഷ് പ്രതിയായി. പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ വിധിച്ചു. ഇതോടെ ദുബായിലെത്തിയാൽ അറസ്റ്റിലാകുമെന്ന സ്ഥിതിയായി. പണം നൽകി കേസ് ഒത്തുതീർപ്പാക്കാമെന്ന വ്യവസ്ഥയിലാണ് ഈ വിവാദം അവസാനിച്ചത്.

മറ്റൊരു സംഭവം കൂടിയുണ്ട്. മലയാളി വ്യവസായി രവി പിള്ളയുടെ ആര്‍.പി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്നു ബിനീഷ്. പക്ഷേ ഈ പദവി കിട്ടാന്‍ തക്കവണ്ണമുള്ള വിദ്യാഭ്യാസയോഗ്യതയോ പരിചയസമ്പത്തോ ബിനീഷിനില്ല എന്നതാണു വാസ്തവം. ഇതിലെ രസകരമായ ഭാഗം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ, എക്സാലോജിക് ആരംഭിക്കുന്നതിനു മുമ്പ്, ഇതേ രവി പിള്ളയുടെ ആര്‍.പി ടെക്സോഫ്റ്റ് എന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിന്റെ സി.ഇ.ഒ ആയിരുന്നു. കേരളത്തിലെ ഏറ്റവും പ്രമുഖരായ രണ്ട് സി.പി.ഐ.എം നേതാക്കളുടെ മക്കള്‍ ഒരേ വ്യവസായിയുടെ സ്ഥാപനങ്ങളില്‍ ഇത്തരം ചുമതലകള്‍ വഹിച്ചിരുന്നത് അത്ര നിഷ്ക്കളങ്കമായും യാദൃച്ഛികമായും കാണാന്‍ കഴിയില്ല.

ഇതൊക്കെയാണ് ബിനീഷ്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാതെ പോയതിനാല്‍ രാഷ്ട്രീയ ആരോപണങ്ങളായി പാര്‍ട്ടിക്കു തള്ളിക്കളയാമായിരുന്ന കേസുകളായിരുന്നു ഭൂരിപക്ഷവും. പക്ഷേ ഈ കേസുകളിലൊക്കെ ബാലകൃഷ്ണന്റെ രാഷ്ട്രീയ സ്വാധീനവും അധികാരവും ബിനീഷ് ഉപയോഗിച്ചിട്ടില്ല എന്ന് എന്തുറപ്പാണുള്ളത്? ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ബിനീഷിനെതിരെയുള്ള ആറ് ക്രിമിനല്‍ക്കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചെന്ന ആരോപണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പണ്ട് ഉയര്‍ത്തിയിരുന്നു.

ഇതൊരു മകന്റെ കാര്യം മാത്രമാണ്. മറ്റൊരു മകനായ ബിനോയ് കോടിയേരിയുടെ കാര്യവും ഇങ്ങനെയൊക്കെയാണ്. ബിഹാർ സ്വദേശിനി നൽകിയ ലൈംഗികപീഡനക്കേസില്‍ ബിനോയ് കോടിയേരി പ്രതിസ്ഥാനത്തുണ്ട് ഇപ്പോഴും. വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചെന്നാണ് കേസ്. 2018-ൽ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ദുബായ് സ്വദേശി ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി എത്തിയതു മറ്റൊരു സംഭവം. കാർ വാങ്ങാൻ 54 ലക്ഷം രൂപയും വ്യവസായാവശ്യത്തിനായി 7.7 കോടി രൂപയും ബിനോയ് കോടിയേരി വാങ്ങിയെന്നും പലിശസഹിതം 13 കോടി കിട്ടാനുണ്ടെന്നുമായിരുന്നു പരാതി. പരാതി പിന്നീട് പിന്‍വലിച്ചു.

കാര്യങ്ങള്‍ വ്യക്തമാണ്. ബാലകൃഷ്ണന്‍ മയക്കുമരുന്ന് കടത്തിയെന്നോ അതിനു പണമിറക്കിയെന്നോ പണം തട്ടിച്ചെന്നോ അഭിപ്രായമില്ല. പക്ഷേ അയാളുടെ അധികാരത്തിന്റെ തണല്‍ പറ്റിയാണ് ബിനീഷ്, ബിനോയ് എന്നീ ക്രിമിനലുകള്‍ ഇക്കാലമത്രയും തഴച്ചുവളര്‍ന്നത്.

ഇക്കാര്യങ്ങളൊക്കെ പലവട്ടം അറിഞ്ഞിട്ടും നിശ്ശബ്ദത പാലിക്കുകയോ സഹായിക്കുകയോ ബാലകൃഷ്ണന്‍ ചെയ്തിട്ടുണ്ട്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ മകനെ വേണമെങ്കില്‍ തൂക്കിക്കൊല്ലട്ടെ എന്നു പറയുമ്പോള്‍, അയാളെ അവിടെ വിശുദ്ധവത്കരിക്കേണ്ട ആവശ്യമൊന്നുമില്ല. അറിഞ്ഞുകൊണ്ടു തന്നെ ബിനീഷ് ചെയ്ത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ കോടിയേരി ബാലകൃഷ്ണനും ഭാഗമാണ്. അയാളും കുറ്റവാളി തന്നെയാണ്. ബിനീഷില്‍ തുടങ്ങി ബിനോയിയില്‍ അവസാനിക്കുന്നതല്ല ഈ കുറ്റകൃത്യങ്ങളൊന്നും.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)