ബംഗാൾ പുകയാൻ വേണ്ടതെല്ലാം ബി.ജെ.പി ചെയ്യും 

ജവഹർ സർക്കാർ 

പശ്ചിമബംഗാളിലെ വോട്ടർമാർ നൽകിയ അതിശയകരമായ വിധിയുടെ ആശ്വാസത്തെ ഇല്ലാതാക്കുന്നതായിരുന്നു അതിനുശേഷമുണ്ടായ അക്രമത്തെക്കുറിച്ചുള്ള തലക്കെട്ടുകൾ. ഏറ്റുമുട്ടലുകളും പരിക്കുകളും മരണങ്ങളും നടന്നത് ഏറ്റവും നിർഭാഗ്യകരമാണ്, ഈ അഭിശപ്തമായ പ്രവണത  അരനൂറ്റാണ്ടായി സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളുമായി ഇഴചേർന്നിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് വിലപിക്കാൻ മാത്രമേ കഴിയൂ.

ഒരു പ്രധാന കക്ഷിയും കുറ്റപ്പെടുത്തലിൽ നിന്ന് മുക്തമല്ല, പുതുതായി പ്രചോദനം ഉൾക്കൊണ്ട സംസ്ഥാന ബിജെപി ഇപ്പോൾ നടമാടുന്നതിനേക്കാൾ സ്ഥിതിഗതികളെ വഷളാക്കാൻ പ്രാപ്തരാണ്. ടിഎംസിയോ ബിജെപിയോ നടപടികളിൽ നിന്നും പ്രതികാര നടപടികളിൽ നിന്നും വിട്ടുനിൽക്കാൻ സാധ്യതയില്ലാത്തതിനാൽ കുഴപ്പങ്ങൾ ഉയർന്നുവരുന്നു. ഇതെഴുതുന്ന  സമയത്ത്, കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് തോന്നുന്നു, മെയ് 5 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ മമത ബാനർജി കർശന നടപടി സ്വീകരിച്ചു. ബാനർജിക്ക് അറിയാമെന്നതിനാൽ, ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിന് അറസ്റ്റുകൾ നടന്നിട്ടുണ്ട്. കാര്യങ്ങൾ നിയന്ത്രണത്തിലാക്കിയില്ലെങ്കിൽ സൗഹാർദ്ദാക്ഷരീക്ഷമാകെ നഷ്ടപ്പെടും. ഇന്ത്യയുടെ ഭീഷണി നേരിടുന്ന ജനാധിപത്യം വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ആശങ്കയുണ്ടാക്കുന്ന പ്രവണതകളെ കരുതിയിരിക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടാൽ പ്രൊഫഷണലായി  നടപ്പിലാക്കേണ്ട പ്ലാൻ”ബി” പ്രകാരം  വെറും ഇരുപത്തിനാലു മണിക്കൂർ കൊണ്ട് നരേന്ദ്ര മോദിയും അമിത്ഷായും നേടിയ കുപ്രസിദ്ധി എതിരാളികളുടെ തലയിൽ വെച്ചുകൊടുക്കാൻ കിണയുന്ന മാധ്യമങ്ങളുണ്ട്.   ചില ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകളും ചിത്രങ്ങളും വ്യാജമാണെന്ന് “ആൾട്ടർ ന്യൂസും” “ക്വിൻറ്” ഉം പോലുള്ള മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. #BengalBurning, #BengalViolence പോലുള്ള ഹാഷ് റ്റാഗുകൾ ഉപയോഗിച്ച് ഒഡീഷയിൽ കഴിഞ്ഞ കോല്ലങ്ങളിൽ നടന്ന നിരവധി സംഭവങ്ങളുടെ വീഡിയോകൾ കെട്ടുകഥകളുമായി ചേർത്ത്  പ്രചരിപ്പിക്കപ്പെടുന്നു.

ഉദാഹരണത്തിന് ബംഗാളിലെ എം പി കൂടിയായ യുവമോർച്ചാ നേതാവ് പ്രസ്താവിച്ച ബീർബം ജില്ലയിലെ  നാനൂറിലെ കഥയാണ്. സ്ത്രീകൾ ബലാൽക്കാരം ചെയ്യപ്പെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ ഗ്രാമങ്ങളിൽ നിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ അമിത് ഷാ ഉടനെ പരിഹാരം കാണേണ്ടതാണ്. ഇതായിരുന്നു പ്രസ്താവന.

ഇതേത്തുടർന്ന് ബിർബം ജില്ലാ കലക്റ്റർ ഉടനെ അന്വേഷണം നടത്തുകയും ഈ വാർത്ത തെറ്റാണെന്ന് തെളിയുകയും ചെയ്തു. ഒരു ആൽബം സോങ്ങിലെ വാളുകളും കത്തികളുടെയും വിഷ്വൽസ് ഉപയോഗിച്ചാണ് വാർത്ത പടർത്തിയതെന്നും ബോധ്യമായി. തൃണമൂൽ ഗുണ്ടകൾ ആക്രമണം നടത്തുന്നു എന്നപേരിൽ പ്രചരിച്ച ഒരു വീഡിയോ കുറേ നാളുകൾക്കു മുമ്പ്  ഒഡീഷയിൽ നടന്ന ഒരു കലാപത്തിൽ ചിത്രീകരിച്ചതായിരുന്നു. കൂടാതെ ബ്രസീലിലെയും ബംഗ്ലാദേശിലെയും ചിത്രങ്ങൾ ഉപയോഗിച്ചിട്ടുള്ളതായി സൈബർ വിംഗ് കണ്ടെത്തി.  ഇതൊന്നും പരിശോധിക്കാതെയാണ് ചില ദേശീയ മാധ്യമങ്ങൾ ഇതെല്ലം പ്രചരിപ്പിക്കാൻ ഔത്സുക്യം കാട്ടിയത്.

ഒരാഴ്ചക്കുള്ളിൽ ഇതെല്ലാം മറക്കുന്നതിനുമുന്പ് തെരഞ്ഞെടുപ്പിനുമുമ്പുതന്നെ തീവ്ര വലതുപക്ഷക കക്ഷികൾ തങ്ങളുടെ വരാൻ പോകുന്ന വിജയത്തെ ആഘോഷിച്ചതും ലിബറലുകൾക്കിടയിലെ ഭയവും നമുക്കോർമ്മിക്കാം. ബിജെ പി വിജയം വിരിച്ചതുപോലെ ആയിരുന്നു എല്ലാവരുടെയും മനസ്സിൽ.  അഥവാ മമത വിജയിച്ചാലും അത് നേരിയ ഭൂരിപക്ഷത്തിനാകുമെന്നും കരുതി. എന്നാൽ ഫലം വന്നപ്പോൾ അത് സർവ്വരെയും ഞെട്ടിച്ചു.

ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ച മാധ്യമങ്ങൾക്ക് ഇപ്പോൾ ഒരു രക്ഷപ്പെടലാണ് ആവശ്യം. അക്രമം ഒരു ബുദ്ധിപൂർവമായ വഴിതിരിച്ചുവിടലാണ്. ക്രമസമാധാനം പരിപൂർണ്ണമായും  തകർന്നു എന്ന പ്രചാരണമാണ് മികച്ച മാർക്കറ്റിംഗ് ആയി അവർ കാണുന്നത്. അവരുടെ അമിത്ഷാ-മോദി യജമാനന്മാർക്ക് ഈ പരാജയത്തെ മറയ്ക്കാൻ അക്രമകഥകൾ ധാരാളം മതിയാകും.

മൂന്നാമത്തെ കാര്യം, വലുതും വ്യക്തവുമായ ഭൂരിപക്ഷം തൃണമൂലിന്റെ ലഭിച്ചിട്ടുപോലും ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണോ എന്ന ചർച്ചവരെ ഡെൽഹിലിരിക്കുന്നവർക്ക്  എത്തിക്കാൻ സാധിച്ചത് ഇതുമൂലമാണ്.  ഇതിനായി സുപ്രീം കോടതിയിൽ ഒരപേക്ഷകൊടുക്കാൻ പോലും അവരെ ധൈര്യപ്പെടുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഒരു ഭരണകൂടത്തെ ജുഡീഷ്യറിയെ സ്വാധീനിക്കുക വഴി സാധിക്കില്ല എന്നൊന്നും ഉറപ്പില്ല. സംസ്ഥാനഭരണയന്ത്രങ്ങൾ തകർന്നു എന്ന് വരുത്തിത്തീർക്കാൻ അവർക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. ആർട്ടിക്കിൾ 356 പ്രയോഗിച്ചുകൊണ്ട് പ്രസിഡണ്ട്  ഭരണം അവർ ലക്ഷ്യമിടുന്നുണ്ട്. ജനാധിപത്യപരമല്ലാത്ത ഒന്ന് കാശ്മീരിനുമേൽ അടിച്ചേൽപ്പിച്ചതുപോലെ അവർക്കു കീഴിൽ നിൽക്കാത്ത സംസ്ഥാനങ്ങളിൽ ഇതിലും അത്തരമൊന്ന് പ്രയോഗിക്കാൻ അവർക്ക് മടിയൊന്നുമില്ല.

നാലാമത്തെ കാര്യം മമതാ ബാനർജിക്ക് ഇനി ഒരു നിമിഷം സമാധാനം ലഭിക്കില്ല എന്നതിന്റെ സൂചനയാണ്. മോദി അമിത്ഷാ ദ്വയങ്ങൾക്ക് ഇപ്പോൾ വ്യക്തമായിട്ടുള്ള ഒരു കാര്യം മമതാ ബാനർജി ഇനി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധവെക്കും എന്നതാണ്. അന്വേഷണ ഏജൻസികൾ വഴി പല പ്രതിപക്ഷ നേതാക്കളെയും നിശ്ശബ്ദരാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും മമ്‌തയ്‌ക്കെതിരെ അതൊന്നും നടപ്പിലായിട്ടില്ല. വലിയ ഗോലിയാത്തുകളെ വെല്ലുവിളിക്കുന്ന ഈ ഡേവിഡിനെ സംസ്ഥാനരാഷ്ട്രീയത്തിൽത്തന്നെ പരമാവധി തളച്ചിടേണ്ടിവരും. അതിനായി അവിടെത്തന്നെ പ്രശ്നങ്ങൾ സമ്മാനിക്കേണ്ടതായുണ്ട്. ഓപ്പണിംഗ് ഓവറിൽത്തന്നെ ബമ്പറുകൾ എറിയുന്നതിന്റെ ഉദ്ദേശ്യമതാണ്.

സ്വാതന്ത്ര്യാനന്തരം ആദ്യമായി ഇടതുപക്ഷത്തിന്റെയും കോൺഗ്രസ് അനുകൂലികളുടെയും വോട്ടുകൾ നേടിയതും പാർട്ടികളെ അവിശ്വസനീയമാംവിധം തുടച്ചുമാറ്റിയതുമാണ് ഭരണകൂടത്തെ ഏറ്റവും അസ്വസ്ഥമാക്കുന്നത്. ബംഗാളിൽ ഇത് യഥാർത്ഥത്തിൽ നേരായ പോരാട്ടമായിരുന്നില്ല. ഈ ഗുരുതരമായ അവസ്ഥയിൽ ബോക്സിംഗ് റിംഗും വളരെ വലുതാണ്. മോദിയുടെ ഭരണത്തിനെതിരായി  വ്യത്യസ്ത കേന്ദ്രങ്ങളിൽ ചേരുന്നതിൽ നിന്ന് തന്നെ തടയേണ്ടതിനാൽ നിരന്തരമായ ആക്രമണത്തിന് വിധേയയാക്കുമെന്ന് ബാനർജിക്ക് നന്നായറിയാം. മമതയുടെ ജനകീയ സമീപനം പരിമിതപ്പെടുത്തുന്നതിനായി അവരുടെ തന്ത്രങ്ങളെ തളയ്ക്കാനും അല്ലെങ്കിൽ അനുകരിക്കാനും വരെ എതിരാളികൾ തയ്യാറാണ്.

എന്തുതന്നെയായാലും ഇപ്പോൾ സംഭവിച്ച അക്രമത്തിനും രക്തച്ചൊരിച്ചിലിനും ഇനി ബംഗാളിൽ സ്ഥാനമില്ല. അത്തരമൊരു ദുരന്തം ക്ഷമിക്കാൻ ആർക്കും കഴിയില്ല. എത്രപേർ കൊല്ലപ്പെട്ടു എന്നതിന്റെ ഔദ്യോഗികരേഖകൾ ലഭിച്ചിട്ടില്ല. തങ്ങളുടെ പത്തുപേർ കൊല്ലപ്പെട്ടപ്പോൾ അത്രയും പേരെ തിരികെ കൊല്ലാൻ തങ്ങൾക്കും കഴിയുമെന്ന് ബിജെപി അവകാശവാദമുയരുമ്പോൾ ഇരുപാർട്ടികളും അക്രമാഹ്വാനത്തിലും അക്രമത്തിലും ഒട്ടും പിന്നിലല്ല എന്നത് നമ്മളോർക്കണം. പ്രചോദിതമായി കലാപങ്ങൾ മുൻപെന്നപോലെ ഇപ്പോഴും നടക്കുന്ന സംസ്ഥാനമാണ് ബംഗാൾ.

അതേസമയം, ബിജെപിക്കൊപ്പമുള്ള 38 ശതമാനം വോട്ടർമാരെ അവഗണിക്കാൻ ബാനർജിക്ക് കഴിയില്ല. 2014 ലെ “മോദി സുനാമി” യിലെ  33% വോട്ടുകൾ  അടിസ്ഥാനമാക്കുമ്പോൾ  ഇത് ഒരു വലിയ സംഖ്യയാണ്. കയ്യിൽ ത്രിശൂലവും “ജയ് ശ്രീറാം” ആക്രോശവുമായി മോട്ടോർ സൈക്കിളുകളിൽ ചുറ്റുന്ന ആയുധധാരികൾ സാമാന്യജനത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.  കലാപവും സായുധസമരവുമെല്ലാം ഒരു നൂറ്റാണ്ടുമുൻപും ബംഗാളിലുണ്ട് എന്നാൽ അതിനെല്ലാം ആദർശവും പരിധിയുമുണ്ടായിരുന്നു. വാസ്തവത്തിൽ, ബംഗാളിലെ 48% വോട്ടർമാരിൽ ഭൂരിപക്ഷവും മമതയുടെ പാർട്ടിയുടെ പിന്നിലുണ്ടെന്ന്  പലരും വിശ്വസിക്കുന്നു, അക്രമികളായ സംഘപരിവാർ സംഘടനകൾക്ക് സ്ഥാപിത താത്പര്യക്കാരായ ധനികർ സഹായം നൽകുന്നുണ്ടെന്നും അവർ വിശ്വസിക്കുന്നു.
അതാകട്ടെ, മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ടി‌എം‌സി അവസാനിപ്പിക്കണം, അല്ലാത്തപക്ഷം അത് തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന വളരെ അപകടകരമായ നിലയിലേക്ക് മടങ്ങും.
മോദിക്കെതിരായ രാജ്യത്തിന്റെ എതിർപ്പിനെ നയിക്കാൻ മമതാ ബാനർജി ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള അക്രമങ്ങൾ നടത്തുന്ന പ്രവണത അവരുടെ അണികളിൽ ഉണ്ടാകാതിരിക്കാൻ അവർ മുൻകൈയെടുക്കണം. അവർക്ക് കോൺഗ്രസിന്റെയും ഇടതുപക്ഷ പാർട്ടികളുടെയും പൂർണ്ണഹൃദയ പിന്തുണ ആവശ്യമാണ്.

മെച്ചപ്പെട്ട വിദ്യാഭ്യാസമുള്ള, സാംസ്കാരിക ബോധമുള്ള, മധ്യവർഗ ബംഗാളികളുടെ ശക്തമായ വിഭാഗം, “ഭദ്രലോഗ്”  എന്ന് വിളിക്കപ്പെടുന്നവർ, ഇത്തവണ തന്നെ ഒരു പ്രത്യേക കാരണത്താൽ മറ്റു പാർട്ടികളെ വിട്ട് തന്നെ പിന്തുണച്ചു എന്ന് മമതയ്ക്ക് അറിയാം. ആ ക്ലാസ്സിൽ പെടുന്നവർ പരമ്പരാഗതമായി മതേതര ലിബറലുകളെയും ഇടതുരാഷ്ട്രത്തെയും പിന്തുണയ്ക്കുന്നവരാണ്, അതിന്റെ 10-15% വോട്ടുകൾ സോപാധികമാണ്. ഈ വർഗ്ഗത്തിന്റെയും തന്നെ  പിന്തുണച്ച മറ്റുള്ളവരുടെയും വിശ്വാസം നിലനിർത്താൻ ബാനർജി ആഗ്രഹിക്കുന്നുവെങ്കിൽ, അവൾ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുകയും പ്രകോപനം എന്തുതന്നെയായാലും അന്തർ-പാർട്ടി ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കുകയും വേണം.
ഒരാൾക്ക് രണ്ട് മുന്നണികളിൽ യുദ്ധം ചെയ്യാൻ കഴിയില്ല. തടയാനാകാത്ത ഒരു വലിയ ശക്തിക്കെതിരെ വലുതും കൂടുതൽ‌ ഉൾ‌ക്കൊള്ളുന്നതുമായ ഒരു മുന്നണി ഉണ്ടാക്കുക എന്നതാണ് മമതയുടെ പ്രാഥമിക ലക്ഷ്യം. ഫാസിസത്തിനെതിരായ  പോരാട്ടത്തിൽ  പൊരുത്തപ്പെടാൻ വിശാലമായ അടിസ്ഥാനത്തിലുള്ള ഒരു വ്യൂഹംതന്നെ അവർ മുൻകയ്യെടുത്ത്  തയ്യാറാക്കേണ്ടതുണ്ട്. ക്രമസമാധാന തകർച്ചയെക്കുറിച്ചുള്ള മുറവിളി തുടക്കത്തിന്റേതു മാത്രമാണ്.
കൂടുതൽ ആക്രമണങ്ങളും കെട്ടിയൊരുക്കിയ കള്ളക്കഥകളും ഇനിയുമുണ്ടാകും. മാത്രമല്ല തത്വദീക്ഷ ഒരു നയമല്ലാത്ത  കേന്ദ്രഭരണകൂടത്തിന്റെ പ്രതികാരനടപടികളെ നേരിടാൻ അവർ തയ്യാറായിരിക്കുകയും വേണം.

കടപ്പാട് : ജവഹർ സർക്കാർ | ദി വൈർ 


സ്വതന്ത്രവിവർത്തനം : സാലിഹ് റാവുത്തർ