ക്രിസ്തീയമിഷണറി കോളനിവാഴ്ചയുടെ അവശിഷ്ടമോ?

ഡോ. റാം പുനിയാനി

2021 ജൂലൈ മദ്ധ്യത്തില്‍ ദൈനിക് ജാഗരണ്‍ പത്രത്തിന് നല്‍കിയ അഭിമൂഖത്തില്‍ ആറെസ്സെസ്സ് ചിന്തകനായി അറിയപ്പെടുന്ന പാര്‍ലമെന്‍റ് അംഗം രാകേഷ് സിന്‍ഹ “ഇസായി മിഷണറി ഭാരത് ഛോഡോ” ( ക്രിസ്തീയ മിഷണറികള്‍ ഇന്ത്യ വിടുക)
എന്ന കാംപെയ്ന്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. “മതസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി ആദിവാസികളെ പരിവര്‍ത്തനം ചെയ്യിച്ച് അവരുടെ സംസ്കാരത്തെ നശിപ്പിക്കുകയാണവര്‍” എന്നാണ് സിന്‍ഹയുടെ പരാതി. 2018 മെയ് 22 ന് ചെയ്ത ഒരു ട്വീറ്റില്‍ “നമുക്ക് ക്രിസ്റ്റ്യന്‍ മിഷണറിയുടെ ആവശ്യമുണ്ടോ ? അവര്‍ നമ്മുടെ ആത്മീയ ജനാധിപത്യത്തിന് ഭീഷണിയാണ്. നിയോഗി കമീഷന്‍ റിപ്പോര്‍ട്ട് ഇവരുടെ യഥാര്‍ത്ഥമുഖം വെളിച്ചത്തുകൊണ്ടുവന്നതാണ്. എന്നിട്ടും കൊളോണിയല്‍ കാലഘട്ടത്തിന്‍ അവശിഷ്ടമായി നെഹ്റൂവിയന്‍ ആശയക്കാര്‍ അതിനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒന്നുകില്‍ ഇന്ത്യവിടുക. അല്ലെങ്കില്‍ മതപരിവര്‍ത്തനം ചെയ്യിക്കാത്ത ഭാരതീയസഭ സ്ഥാപിക്കുക.” എന്നാണ് രാകേഷ് സിന്‍ഹ കുറിച്ചത്.

മേല്‍പ്പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും ശരിയായവിധത്തില്‍ കാര്യങ്ങളെ ഗ്രഹിക്കാത്തതുമൂലവുമാണ്. ആദ്യംതന്നെ അദ്ദേഹം പറയുന്നതുപോലെ ക്രസ്തീയമിഷണറി കൊളോണിയല്‍ കാലത്തിന്‍റെ അവശിഷ്ടമല്ല. ഇന്ത്യയില്‍ ക്രിസ്തുമതം പുതുതായി വന്നതല്ല. പൊതുവര്‍ഷം 52-ല്‍ സെന്‍റ് തോമസ്സ് ഇന്ത്യയിലെത്തിയതിനോളം പഴക്കമുണ്ടതിന്. നിരവധി രാജാക്കന്‍മാര്‍ ക്രിസ്തീയപുരോഹിതരെ സ്വാഗതം ചെയ്യുകയുണ്ടായി. ഛത്രപതി ശിവജിയുടെ സൈനീകനടപടികളില്‍ ഫാദര്‍ ആംബ്രോസിന്‍റെ ആശ്രമത്തിന് നാശമുണ്ടാകരുതെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രിസ്തീയ പ്രതിനിധികളെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ ആദരപൂര്‍വ്വം സ്വീകരിച്ചിരുന്നു.

ഹിന്ദുമതവും ഇസ്ലാമും മറ്റു മതങ്ങളും പോലെതന്നെ ക്രിസ്തുമതത്തെയും ഭാരതത്തിന് സ്വീകാര്യമായ ഒന്നായാണ് ഗാന്ധിജി കണക്കാക്കിയത്. ഓരോ ദേശവും അതിന്‍റെ പാരമ്പര്യത്തെ മറ്റു ദേശങ്ങള്‍ അവരുടേതിനെ എന്നതുപോലെ മാനിക്കുന്നു. തീര്‍ച്ചയായും ഭാരതത്തില്‍ അധിവസിക്കുന്ന ജനങ്ങള്‍ സ്വീകരിച്ചിട്ടുള്ള മതങ്ങളെല്ലാം നമുക്ക് സ്വീകാര്യമാണ്. വിവിധമതങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കൃസ്ത്യാനിറ്റിയും ജൂദായിസവും പോലെ തന്നെ ഹിന്ദുമതത്തിന്‍റെ വിവിധശാഖകളും ഇസ്ലാമും സൊറാസ്ട്രിയനിസവും ജീവത്തായ വിശ്വാസങ്ങളാണ്. അതുപോലെതന്നെ അവയ്ക്ക് രാജ്യാതിര്‍ത്തികളില്ലാത്തതും വിശ്വപ്രസക്തങ്ങളുമാണ്. (Gandhi’s collected works, Volume XLVI p. 27-28).

സിന്‍ഹ പറയുന്നത് ആത്മീയജനാധിപത്യത്തിന് (Spiritual Democracy) അവര്‍ ഭീഷണിയാണെന്നത്രേ ! ആ വാക്കിനര്‍ത്ഥം എന്താണെന്ന് നമുക്കാദ്യം പരിശോധിക്കാം. ഞാന്‍ മനസ്സിലാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെയും ആഗോള മര്യാദയുടെയും ദൃഷ്ടിയില്‍ എല്ലാ മതവിശ്വാസങ്ങളും തുല്യമാണെന്നാണ്. എന്നാല്‍ അതിന് വിരുദ്ധമായി നില്‍ക്കുന്നത് വര്‍ണ്ണാശ്രമസമ്പ്രദായമാണെന്ന് നിരവധി ചിന്തകര്‍ എഴുതിയിട്ടുള്ളതാണ്. അപ്പോള്‍ ജാതീയമായ ഉച്ചനീചത്തങ്ങള്‍തന്നെയാണ് സ്പിരിച്വല്‍ ഡെമോക്രസിക്ക് ഭീഷണിയായിരിക്കുന്നത്. രാകേഷ് സിന്‍ഹ ഇത് ആദ്യം പഠിക്കേണ്ടത് ക്രിസ്ത്യന്‍ സ്കൂളുകളില്‍ പഠിച്ച അദ്ദേഹത്തിന്‍റെ സീനിയേഴ്സ് ആയ ലാല്‍കൃഷ്ണ അദ്വാനിയില്‍നിന്നും അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നുമാണ്.

1960 കളിലും നിരവധി കൃസ്തീയസന്യാസിസമൂഹങ്ങള്‍ ഇവിടെ വരികയുണ്ടായി. അവയെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ അനുശാസനത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അദ്വാനിയും ജെയ്റ്റ്ലിയും പഠിച്ച സ്കൂളുകള്‍ മാത്രമല്ല, ആദിവാസി ദളിത് മേഖലയിലും ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഗണ്യമായ സംഭാവന നല്‍കിപ്പോരുന്നുണ്ട്.

അവര്‍ എങ്ങനെയാണ് ആദിവാസികളുടെ സംസ്കാരത്തെ നശിപ്പിക്കുന്നത് ? അവര്‍ക്കു വേണ്ട വിദ്യാഭ്യാസവും ഭക്ഷണവും കൊടുക്കുന്നത് സംസ്കാരനശീകരണമല്ല എന്നാദ്യം മനസ്സിലാക്കുക. സംസ്കാരം എന്നത് ഒരു സാമൂഹ്യപ്രതിഭാസമാണ്. അത് പരസ്പരം കൂടിക്കലരുകയും മാറ്റമുണ്ടാകുകയും ചെയ്യും. ഐക്യരാഷ്ട്രസംഘടനയുടെ നിരീക്ഷണപ്രകാരം ദേശീയത, മതം, ഭക്ഷണം, ഭാഷ, വേഷം, അറിവ് ഇവയെല്ലാം പങ്കുവെക്കുന്നതിലൂടെ മനുഷ്യസംസ്കാരം പുരോഗമിക്കുകയാണ് ചെയ്യുന്നത്.

ഇതെല്ലാം കണ്ടതിനുശേഷം വനവാസി കല്യാണ്‍ എന്ന പദ്ധതിയുമായി ഇറങ്ങിയ വിഎച്ച്പി ആദിവാസികളുടെ ഇടയില്‍ അടിച്ചേല്‍പ്പിച്ച ചില മാറ്റങ്ങളുണ്ട്. നാല് പതിറ്റാണ്ടായി അവരുടെ ആഘോഷങ്ങളില്‍ ഹനുമാനെ പ്രതിഷ്ഠിക്കാന്‍ തുടങ്ങി. ഇത് സാംസ്കാരിക കടന്നുകയറ്റമല്ലേ ?

1956-ല്‍ നിയോഗി കമ്മീഷന്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ചില സഭാ മിഷണറികള്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവെച്ചിരിക്കുന്നു എന്നത് നിഷേധിക്കാന്‍ കഴിയില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന ഒന്നാണ് ഏതു മതവും പിന്തുടരുകയും പ്രചരിപ്പിക്കാനുമുള്ള അവകാശം. അതൊടൊപ്പംതന്നെ വാധ്വാ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിശോധിക്കേണ്ടതുണ്ട്. ഗ്രഹാം സ്റ്റെയിന്‍സും രണ്ടുകുട്ടികളും ജീവനോടെ തീവെക്കപ്പെട്ടു. അദ്ദേഹം ഹിന്ദുമതത്തിന് ഭീഷണിയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ആ ക്രൂരകൃത്യം നടപ്പില്ക്കിയത്. ബി.ജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ തന്നെ നിയമിച്ച വാധ്വാ കമ്മീഷന്‍ കണ്ടെത്തിയത് ഗ്രഹാം സ്റ്റെയിന്‍സ് മതപരിവര്‍ത്തനം ചെയ്യിച്ചിരുന്നില്ല എന്നാണ്. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ഒഡീഷയിലെ കോഞ്ചാര്‍, മനോഹര്‍പൂര്‍ പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കൂടിയതായി ഒരു തെളിവും ലഭിച്ചില്ല.

ഈയവസരത്തില്‍ ജനസംഖ്യാപ്രകാരമുള്ള കണക്ക് നോക്കാവുന്നതാണ്. ക്രിസ്തുമതം ഇന്ത്യയിലെത്തിയിട്ട് രണ്ടായിരം കൊല്ലമാകുന്നു. 2011ലെ സെന്‍സസ്സ് പ്രകാരം ആകെ ക്രിസ്ത്യാനികളുടെ ശതമാനം 2.3. 1971 ല്‍ ഇത് 2.6% വും 1981ല്‍ 2.44 % ഉം 1991ല്‍ 2.34 ഉം 2001 ല്‍ 2.3 % ഉം ആയിരുന്നു. ഇതിനര്‍ത്ഥം അവരുടെ ജനസംഖ്യാശതമാനത്തില്‍ കുറവാണ് സംഭവിച്ചിട്ടുള്ളത് എന്നാണ്. പരിവര്‍ത്തനത്തെ സംബന്ധിച്ച ഭയം മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണ്. ഈ മാസം ചിത്രകൂടില്‍ നടന്ന ആറെസ്സെസ്സ് സമ്മേളനത്തില്‍ അവരുയര്‍ത്തിയ മുദ്രാവാക്യം ചാദര്‍ മുക്ത് ഫാദര്‍ മുക്ത് ഭാരത് (ഇസ്ലാം വിമുക്തഭാരതം ക്രിസ്ത്യന്‍ മുക്തഭാരതം) എന്നത്രേ.

ജീവത്പ്രശ്നങ്ങളുമായി ചേര്‍ത്ത് മതപരിവര്‍ത്തനാരോപണം അസ്ഥാനത്ത് ഉന്നയിക്കുന്നത് ചില തീവ്രഹിന്ദുത്വാശയക്കാരുടെ പതിവാണ്. രാകേഷ് സിന്‍ഹ കരുതുന്നത് ആദിവാസികളെല്ലാം ഹിന്ദുക്കളാണെന്നും അവര്‍ ആറെസ്സെസ്സിന്‍റെ വിഹാരമേഖലയില്‍ പെടുന്നവരും ആണെന്നൊക്കെയാണ്. സ്വന്തമായ നിലയില്‍ മതഗ്രന്ഥങ്ങളും ദൈവങ്ങളുമെല്ലാമുള്ള ഹിന്ദുക്കളുടെ കണക്കില്‍ പ്രകൃതിശക്തികളെ ആരാധിക്കുന്ന ആദിവാസികള്‍ എങ്ങനെയാണ് വരുന്നത് ?

പ്രലോഭനത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ ചതിവിലൂടെയോ മതപരിവര്‍ത്തനം ചെയ്യിക്കുന്നതിനെതിരായ നിയമങ്ങള്‍ ആവശ്യത്തിന് നമ്മുടെ നിയമസംഹിതയിലുണ്ട്. ഇക്കാലമത്രയും സര്‍ക്കാരിന്‍റെ ദത്തശ്രദ്ധ കടന്നുചെല്ലാത്ത ആദിവാസിമേഖലകള്‍ ഇന്ത്യയിലുണ്ട്. അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഭക്ഷണവും മരുന്നും വിദ്യാഭ്യാസവും നല്‍കുന്നവരുടെ മേല്‍ ദുരാരോപണം ഉന്നയിക്കുന്നതിനുമുമ്പ് തങ്ങള്‍ ഇത്രയുംകാലം എവിടെയായിരുന്നു എന്നു ചിന്തിക്കുന്നത് നന്നായിരിക്കും. മതപരിവര്‍ത്തനം ലക്ഷ്യമിട്ടിരിക്കുന്ന അപൂര്‍വ്വം ചില കേന്ദ്രങ്ങളില്ല എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിനുപകരം നിയമപരമായി അതിനെ നേരിടുകയാണ് വേണ്ടത്.