ഗണേശന്റെ വിമര്‍ശനത്തിന് പിന്നില്‍ സി.പി.എമ്മിലെ എം.എല്‍.എമാരോ?

മുന്‍മന്ത്രി കെ ബി ഗണേശ് കുമാര്‍ ഇടതു മുന്നണി നിയസഭാ കക്ഷി യോഗത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത ആക്രമണം നടത്തിയതിന് പിന്നില്‍ ചില സി പിഎം എം എല്‍ എമാരുടെ ശക്തമായ പിന്തുണയുണ്ടെന്ന് സി പി എം വൃത്തങ്ങള്‍ തന്നെ സൂചന നല്‍കുന്നു.
മന്ത്രിമാരുടെയും വകുപ്പുകള്‍ പോരായെന്നും പലതിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ലന്നുമാണ് കെ ബി ഗണേശ് കുമാര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചത്. പതിനഞ്ച് കോടിയുടെയും ഇരുപത് കോടിയുടെയും ഒക്കെ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ലന്നാണ് കെ ബി ഗണേശ് കുമാര്‍ പറഞ്ഞത്. എം എല്‍ എ മാര്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലന്നമാണ് ഗണേശ് കുമാര്‍ പറഞ്ഞത്.

ഏത് മുന്നണിയില്‍ നിന്നാലും പത്താനപുരത്ത് നിന്ന് ജയിക്കുമെന്നുറപ്പുള്ള നേതാവാണ് കെ ബി ഗണേശ് കുമാര്‍. അത് കൊണ്ട് തന്നെ പിണറായി പോലും ഒരു പരിധി വിട്ട് പേടിക്കേണ്ടാ കാര്യം ഗണേശിനില്ല എന്ന് സി പി എം എം എല്‍ എ മാര്‍ക്ക് എല്ലാവര്‍ക്കുമറിയാം. തങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ പറയാന്‍ പറ്റിയ ആള്‍ കെ ബി ഗണേശ്കുമാറാണെന്നു സി പി എമ്മിന്റെയും സി പി ഐ യുടെയും എം എല്‍ എ മാര്‍ ഒരു പോലെ മനസിലാക്കി. എല്ലാ ഭരണ കക്ഷി എം എല്‍ എ മാരും പങ്കുവയ്കുന്ന വികാരം പുറത്തറിയിക്കാന്‍ പറ്റിയ ആള്‍ ഒരു നേതാവിനെയും പേടിയില്ലാത്ത കെ ബി ഗണേശ് കുമാര്‍ ആണെന്നായിരുന്നു ഇവരുട പക്ഷം.

സി പി ഐയുടെ സാമാജികര്‍ ഇടതുമുന്നി നിയമസഭാ കക്ഷി യോഗത്തില്‍ ഗണേശിനെ കയ്യടിച്ച് പ്രോല്‍സാഹി്പ്പിച്ചെങ്കിലും സി പി എം എം എല്‍ എമാര്‍ മിണ്ടാതെ ഇരുന്നു. എന്നിട്ടോ സി പി എം എം എല്‍ എ മാരുടെ യോഗം പ്രത്യേകം വിളിച്ചപ്പോള്‍ മുക്കിയും മൂളിയും ചിലരൊക്കെ ഗണേശന്‍ പറഞ്ഞത് ശരിയാണെന്ന് പറയുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പിനെക്കുറിച്ചാണ് ഗണേശ് കുമാര്‍ കൂടുതലും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം മുഹമ്മദ് റിയാസിനെതിരെ പറയുക എന്നാല്‍ പിണറായിക്കെതിരെ പറയുക എന്നാണര്‍ത്ഥം. അത് കൊണ്ട് തന്നെ റിയാസിന്റെ വകുപ്പിനെക്കുറിച്ച് സി പി എം നിയമസഭാംഗങ്ങള്‍ ആരും നാവനക്കാറില്ല.

വിദ്യാ്യഭ്യാസ വകുപ്പിന്റെയും അവസ്ഥ ഇതു തന്നെയാണെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ശിവന്‍കുട്ടി പാവമാണെങ്കിലും വകുപ്പ് കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനില്ല. വിമര്‍ശനം റോഷി അഗസ്റ്റിന്റെ ജലവിഭവ വകുപ്പിലേക്ക് നീണ്ടപ്പോള്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ടി.പി. രാമകൃഷ്ണന്‍ ഇടപെട്ടു. എന്നാല്‍ ഇവിടെ അല്ലാതെ മറ്റെവിടാണ് താന്‍ ഇക്കാര്യങ്ങള്‍ പറയേണ്ടത്, ഇത് പറയാന്‍ മറ്റേത് വേദിയാണുള്ളത് എന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം. ഗണേശ് കുമാറിനെ പരസ്യമായി പിന്തുണച്ചത് കുന്നത്ത് നാട് എം എല്‍ എ പി വി ശ്രീനിജനായിരുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി വര്‍ഷം ഒന്നര കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഒരു പദ്ധതികളും നടക്കുന്നില്ലന്ന പരാതി ഭരണ കക്ഷി എം എല്‍ എമാര്‍ക്കുണ്ട്. എന്നാല്‍ അതൊന്നും മിണ്ടാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് അവരെല്ലാം. ആരെങ്കിലും ഒരാള്‍ വിളിച്ചുപറയട്ടേ എന്നയാരുന്നു അവരുടെ മനസിലിരിപ്പ്. അതോടൊപ്പം കെ ബി ഗണേശ് കുമാറിന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിനോടുള്ള രാഷ്ട്രീയേതരമായ എതിര്‍പ്പുകളും ഇതിനു പിന്നിലുണ്ടെന്ന് ചില സി പിഎം നേതാക്കള്‍ പറയുന്നുണ്ട്.