അമിത് ഷാ വരുന്നു, ലക്ഷ്യമിടുന്നത് സമഗ്ര അഴിച്ചുപണിയോ

ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തുകയാണ്. ആ വരവ് ഏതായാലും കോവളത്ത് പോയി കാറ്റുകൊള്ളാനാകില്ലന്നുറപ്പ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ബി ജെ പിയെ അഴിച്ച് പണിയുക എന്ന ദൗത്യത്തിന്റെ ഉദ്ഘാടനമായിരിക്കുമോ ഈ വരവിന്റെ ലക്ഷ്യം? കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് കൂടുതലായൊന്നും പ്രതീക്ഷിക്കണ്ട എന്ന സത്യം കേന്ദ്ര നേതൃത്വം ഉള്‍ക്കൊണ്ട് കഴിഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന് പിണഞ്ഞ തന്ത്രപരമായ പാളിച്ചയാണ് കയ്യില്‍ ഉള്ള ഒരു സീറ്റ് പോലും കളഞ്ഞത് എന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു ലോക്സഭാ സീറ്റ് ബി ജെ പി ലക്ഷ്യമിടുന്നുമുണ്ട്. അതിനെല്ലാം ഉള്ള രാഷ്ട്രീയ നീക്കങ്ങളുടെ ആദ്യ ചുവട് വയ്പായിരിക്കും ഈ മാസം 29 ലെ അമിത്ഷായുടെ സന്ദര്‍ശനത്തിലൂടെ ഉണ്ടാകാന്‍ പോകുന്നത്.

കേരളത്തിലെ ബി ജെ പി യെ നയിക്കാന്‍ കരിസ്മാറ്റിക്ക് ആയ നേതൃത്വം ഇല്ലന്നതാണ് കേന്ദ്ര നേതൃത്വത്തെ അലട്ടുന്നത്. ആര്‍ എസ് എസില്‍ നിന്ന് വന്ന കുമ്മനം രാജശേഖരനെപ്പോലുള്ളവര്‍ക്ക് ജനകീയ മുഖം ഇല്ല, കെ സുരേന്ദ്രനെപ്പോലുള്ളവര്‍ക്ക് പല കാരണങ്ങളാലും ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാനും കഴിയുന്നില്ല. കടുത്ത വര്‍ഗീയത എടുത്ത് പ്രയോഗിച്ചാല്‍ കേരളത്തില്‍ പച്ചപിടിക്കില്ലന്ന് ബി ജെ പി കേന്ദ്ര നേതൃത്വം മനസിലാക്കിക്കഴിഞ്ഞു. അത് കൊണ്ട് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു നേതൃത്വത്തെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സൃഷ്ടിച്ചെടുക്കുക എന്നതാണ് അഖിലേന്ത്യാ ബി ജെ പി നേതൃത്വത്തിന്റെ ലക്ഷ്യം. അതിന് അവര്‍ കാണുന്നത് സിനിമാതാരം സുരേഷ് ഗോപിയെ ആണ്. ജനങ്ങള്‍ക്കിടയില്‍ മതിപ്പുള്ള , അവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന കേരളത്തിലെ ഏക ബി ജെ പി നേതാവാണ് സുരേഷ് ഗോപി. അത് കൊണ്ട് തന്നെ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയുള്ള പരീക്ഷണത്തിന് കേന്ദ്ര നേതൃത്വത്തിന് ആഗ്രഹമുണ്ട്. എന്നാല്‍ കേരളത്തിലെ ബി ജെ പി താപ്പാനകള്‍ക്ക് അതില്‍ വലിയ താല്‍പര്യം ഇല്ല. പുറത്ത് നിന്ന് ആരു വന്നാലും നമ്മുടെ കച്ചവടം പൂട്ടുമെന്നുളള ഭയമാണ് അതിന് പിന്നിലെന്ന് ബി ജെ പിയിലെ തന്നെ ഒരു വിഭാഗം പറയുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മല്‍സരിക്കുമെന്ന കാര്യം ഉറപ്പാണ് കൃത്യം രണ്ടു വര്‍ഷമേ ഇനി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ളു. ഇപ്പോള്‍ ജോലി തുടങ്ങിയാലേ എന്തെങ്കിലും നടക്കൂവെന്ന് ഡല്‍ഹിയിലെ ബി ജെ പി നേതാക്കള്‍ക്ക് മനസിലായിട്ടുമുണ്ട്.

തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ സുരേഷ് ഗോപി മല്‍സരിച്ചാല്‍ വിജയ സാധ്യതയുണ്ടെന്ന സൂചനകള്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ പങ്ക് വയ്കുന്നുണ്ട്. എന്നാല്‍ അവിടെ ആര്‍ എസ് എസ് വീണ്ടും കുമ്മനത്തെ പരീക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ പണിപാളും. കുമ്മനം ജയിക്കുകയുമില്ല, ശശി തരൂരിന് ഭൂരിപക്ഷം കൂടുകയും ചെയ്യും. എന്നാല്‍ സുരേഷ് ഗോപിയാണെങ്കില്‍ കടുത്ത മല്‍സരമായിരിക്കും അവിടെ ശശി തരൂര്‍ നേരിടേണ്ടി വരിക. ഇത് മുന്നില്‍ കണ്ട് പുതിയ ഒരു രാഷ്ട്രീയ തന്ത്രത്തിന് രൂപം നല്‍കാനാണ് ബി ജെ പി അഖിലേന്ത്യാ നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന് എത്ര കണ്ട് ആ പദ്ധതി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയും എന്ന കാര്യത്തിലും ദേശീയ നേതൃത്വത്തിന് സംശയമുണ്ട്. അത് കൊണ്ടാണ് ബി ജെ പി സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്.

കേരളത്തില്‍ ക്രൈസ്തവ മത വിഭാഗങ്ങള്‍ക്ക് വിശ്വാസമുള്ള നേതൃത്വം കൂടിയായിരിക്കണം ബി ജെപിക്ക് ഉണ്ടാകേണ്ടത് എന്നൊരു ചിന്തയും ദേശീയ നേതൃത്വത്തിനുണ്ട്. അതിന് പററിയ ആള്‍ സുരേഷ് ഗോപിയാണെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്. മധ്യവര്‍ത്തി സമൂഹത്തിന് അപ്പീലിംഗ് ആയ ഒരു നേതാവാണ് സുരേഷ് ഗോപി. രാജശേഖരന്‍ മുതല്‍ സുരേന്ദ്രന്‍ വരയെുള്ളവര്‍ക്ക്് അത്തരത്തിലൊരു അപ്പീല്‍ ഇല്ല. അങ്ങിനെ വലയ തോതിലുള്ള വര്‍ഗീയ നിലപാടുകള്‍ ഒന്നും എടുത്തിട്ടുള്ളയാളുമല്ല അദ്ദേഹം , അത് കൊണ്ട് തന്നെ ക്രൈസ്തവ വിഭാഗങ്ങളുമായി ഒരു പാലം പോലെ വര്‍ത്തിക്കാന്‍ സുരേഷ് ഗോപിക്ക് കഴിയുമെന്നാണ് ദേശീയ നേതൃത്വം വിശ്വസിക്കുന്നത്.

കേരളത്തില്‍ ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കടുത്ത നിലപാട് എടുക്കുന്നത് ബി ജെ പി കേന്ദ്ര നേതൃത്വത്തെ സന്തോഷിപ്പിക്കുന്നുണ്ട്. അഖിലേന്ത്യ തലത്തില്‍ ബി ജെ പിയുടെ മുഖമുദ്ര മുസ്ളീം വിരുദ്ധതയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ അടുത്തകാലത്തുണ്ടായ മുസ്ളീം വിരോധം തങ്ങളുടെ അജണ്ടകള്‍ ഇവിടെ നടപ്പാക്കുന്നതിന് സഹായകരമാണെന്ന നിലപാടിലാണ് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടും ആര്‍ എസ് എസും തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊലകളും തങ്ങള്‍ക്ക് സഹായകരമായ ഒരു അന്തരീക്ഷം ഇവിടെ ഒരുക്കി നല്‍കൂമെന്നാണ് ബി ജെ പി കരുതുന്നത്.

കടുത്ത വര്‍ഗീയത എന്ന പരിപ്പ് കേരളത്തില്‍ വേവില്ലന്ന് ബി ജെ പി അഖിലേന്ത്യ നേതൃത്വം മനസിലാക്കിക്കഴിഞ്ഞു. അപ്പോള്‍ അതിനെ മധുരത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സുരേഷ് ഗോപിയടക്കമുളള ജനകീയ മുഖങ്ങളെ അണി നിരത്തുന്നതും ഇത് മുന്നില്‍ കണ്ടുകൊണ്ടാണ്. തങ്ങളുടെ അടിസ്ഥാന അജണ്ടക്ക് മാറ്റമൊന്നുമില്ല, എന്നാല്‍ വേറെ ആളുകള്‍ വഴി വേറെ രീതിയില്‍ അത് അവതരിപ്പിക്കും. ഇതാണ് ആ തന്ത്രം. കേരളത്തെ ഒരിക്കലും ബി ജെ പി എഴുതിത്തള്ളിയിട്ടില്ല. എന്നാല്‍ ക്രൈസ്തവ സമൂഹം പിന്തിരിഞ്ഞ് നില്‍ക്കുന്നതും, ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ള ശക്തിയായ വേരോട്ടവും അതിലെല്ലാമുപരി മതേതരമായ കേരളീയ മനസുമാണ് തങ്ങളുടെ മുന്നോട്ടുള്ള നീക്കത്തിന് വിഘാതമായി നില്‍ക്കുന്നത് എന്ന് ബി ജെ പി നേതൃത്വം മനസിലാക്കിക്കഴിഞ്ഞു. പുതിയ ആയുധങ്ങളും പുതിയ തന്ത്രങ്ങളുമാണ് അവര്‍ കേരളത്തില്‍ തേടുന്നത്. ഏതായാലും അമിത്ഷായുടെ വരവ് വെറും വരവല്ലന്ന് ഉറപ്പ്, പക്ഷെ സ്ഥലം കേരളമാണ്, ജനങ്ങള്‍ മലയാളികളും അത് മനസിലാക്കിയില്ലങ്കില്‍ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും.