കൃഷിയില്‍ ഉല്പാദനക്ഷമത കൂട്ടാന്‍ അഗ്രിടെക് പാത

ഡോ.ജോസ് ജോസഫ്

അമൃത കാലത്തെ ആദ്യ ബജറ്റ് എന്ന വിശേഷണത്തത്തോടെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2023-24 ലെ കേന്ദ്ര ബജറ്റില്‍ അധികം പുതിയ പദ്ധതികളില്ല. വിവര സാങ്കേതിക വിദ്യയിലൂന്നിയ അഗ്രിടെക് പദ്ധതികള്‍ക്കും സുസ്ഥിര കാര്‍ഷിക വികസന പദ്ധതികള്‍ക്കുമാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റില്‍ ഊന്നല്‍.ബജറ്റില്‍ പ്രഖ്യാപിച്ച ഏഴു മുന്‍ഗണനാ മേഖലകളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, ഹരിത വളര്‍ച്ച എന്നീ മേഖലകളില്‍ ഉള്‍പ്പെടുത്തിയാണ് ധനമന്ത്രി പുതിയ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന മുന്‍ പ്രഖ്യാപനം ഈ ബജറ്റിലും മറന്നു.കര്‍ഷകരുടെ വരുമാന നഷ്ടം പരിഹരിക്കാനുള്ള നടപടികള്‍ ഈ ബജറ്റിലുമില്ല.

കോവിഡ് പ്രതിസന്ധിക്കും റഷ്യ-ഉക്രൈന്‍ യുദ്ധത്തിനുമിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖല മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.2020-21 ലെ 3.3 ശതമാനത്തില്‍ നിന്നും 2021-22 ല്‍ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 3 ശതമാനമായി താഴ്‌ന്നെങ്കിലും കഴിഞ്ഞ ആറു വര്‍ഷത്തെ ശരാശരി വളര്‍ച്ചാ നിരക്ക് 4.6 ശതമാനമായിരുന്നുവെന്ന് ഇക്കണോമിക് സര്‍വ്വെ പറയുന്നു.2021-22 ല്‍ കാര്‍ഷിക കയറ്റുമതി 50.2 ബില്യണ്‍ ഡോളര്‍ എന്ന സര്‍വ്വകാല റെക്കോഡിലേക്ക് ഉയര്‍ന്നു. അഗ്രിടെക് സഹായത്തോടെ കാര്‍ഷിക സേവനങ്ങളുടെ നിലവാരമുയര്‍ത്തി കാര്‍ഷിക ഉല്പാദനക്ഷമത ഉയര്‍ത്താനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സുസ്ഥിര കാര്‍ഷിക വികസനം ഉറപ്പാക്കാനുമാണ് 2023-24 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി ലക്ഷ്യമിടുന്നത്.പി എം കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പെടെയുള്ള മുന്‍ ബജറ്റുകളിലെ കര്‍ഷക പ്രിയ പദ്ധതികള്‍ ഈ ബജറ്റിലും തുടരും.11.3 കോടി കര്‍ഷകരാണ് പി എം കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍.രണ്ടു ലക്ഷം കോടിയിലേറെ രൂപ കര്‍ഷകര്‍ക്ക് ഇതു വരെ വിതരണം ചെയ്തു. എന്നാല്‍ ഒരു വര്‍ഷം മൂന്നു തവണയായി നല്‍കുന്ന 6000 രൂപ വര്‍ധിപ്പിച്ചിട്ടില്ല.

പൊതുമേഖലയില്‍ കൃഷിക്കു വേണ്ടി ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം.ഡിജിറ്റല്‍ കൃഷിക്കും പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഹൈടെക് കൃഷിക്കും പ്രാധാന്യം നല്‍കുമെന്ന് കഴിഞ്ഞ ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു.അഗ്രി സ്റ്റാര്‍ട്ട് അപ് ,അഗ്രി ടെക് കമ്പനികളുടെ വളര്‍ച്ചയെ സഹായിക്കുകയാണ് ലക്ഷ്യം. വിളകളുടെ ആസൂത്രണം, സസ്യ സംരക്ഷണം, വായ്പ, ഇന്‍ഷുറന്‍സ്, വിപണനം തുടങ്ങിയ മേഖലകളിലെല്ലാം വിവര സാങ്കേതിക വിദ്യയിലൂടെ കര്‍ഷകര്‍ക്ക് സഹായമെത്തിക്കും. ഉല്ലാദന ക്ഷമതയും കര്‍ഷകരുടെ ലാഭവും വര്‍ധിപ്പിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ കര്‍ഷകരിലെത്തിക്കും. ഇതിനു വേണ്ടി ഗ്രാമീണ മേഖലയില്‍ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ അഗ്രികള്‍ച്ചര്‍ ആക്‌സിലേറ്റര്‍ ഫണ്ട് രൂപീകരിക്കും. കര്‍ഷകര്‍ക്ക് താങ്ങാവുന്ന നവീന സാങ്കേതിക വിദ്യകള്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പരുത്തി കൃഷിയുടെ ഉല്പാദന ക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതിയും തുടങ്ങും.

മൊത്തം കൃഷി സ്ഥലത്തിന്റെ 13 ശതമാനം മാത്രമെയുള്ളുവെങ്കിലും കാര്‍ഷിക ജി ഡി പി യുടെ മൂന്നിലൊന്നും ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സംഭാവനയാണ്. ഉന്നത മൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ രോഗ വിമുക്തവും ഗുണനിലവാരമുള്ളതുമായ നടീല്‍ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ 2200 കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ക്ലീന്‍ പ്ലാന്റ്’ പദ്ധതി നടപ്പാക്കും. കാര്‍ഷിക വായ്പ നല്‍കാനുള്ള പരിധി 20 ലക്ഷം കോടിയായി ഉയര്‍ത്തും.2022-23 ല്‍ ഇത് 18 ലക്ഷം കോടിയായിരുന്നു.

കാര്‍ഷിക വായ്പയില്‍ ഫിഷറീസ് ,മൃഗ സംരക്ഷണ മേഖലകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും.കൃഷി അനുബന്ധ മേഖലകളായ ഫിഷറീസും മൃഗസംരക്ഷണവും കാര്‍ഷിക വിളകളെക്കാള്‍ മികച്ച വളര്‍ച്ചാ നിരക്കാണ് അടുത്ത കാലത്ത് കൈവരിക്കുന്നത്. ഫിഷറീസ് മേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ ,വിപണനം, മീന്‍പിടുത്തക്കാരുടെ ക്ഷേമം തുടങ്ങിയവ ലക്ഷ്യമിട്ട് പി എം മത്സ്യ സമ്പദ യോജനയുടെ ഉപ പദ്ധതി തുടങ്ങും. 6000 കോടി രൂപയാണ് ഇതിനു വേണ്ടി നീക്കിവെച്ചിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ 2023 ചെറു ധാന്യങ്ങളുടെ അന്താരാഷ്ട വര്‍ഷമായി ആചരിക്കുകയാണ്.കാലാവസ്ഥാ വ്യതിയാനം, ജനങ്ങളുടെ പോഷക സുരക്ഷിതത്വം എന്നിവയുടെ പശ്ചാത്തലത്തില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്. ചെറുധാന്യങ്ങളുടെ ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയെ ചെറുധാന്യങ്ങളുടെ ആഗോള ഹബ്ബാക്കി മാറ്റുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.അന്താരാഷ്ട്ര തലത്തില്‍ ഈ മേഖലയിലെ സാങ്കേതിക വിദ്യ കൈമാറുന്നതിന് ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റും.

ഇപ്പോള്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സഹകരണ മേഖലയില്‍ വരും വര്‍ഷങ്ങളില്‍ കേന്ദ്രം കൂടുതല്‍ പിടിമുറുക്കുമെന്നാന്ന് ബജറ്റ് നല്‍കുന്ന സൂചന. ചെറുകിട- നാമമാത്ര കര്‍ഷകര്‍ക്കു വേണ്ടി സഹകരണ അടിസ്ഥാനത്തിലുള്ള സാമ്പത്തിക വികസന മാതൃക നടപ്പാക്കും.രാജ്യത്തെ 63000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് 2516 കോടി രൂപ നല്‍കും.മള്‍ട്ടി പര്‍പ്പസ് കാര്‍ഷിക സഹകരണ സംഘങ്ങളുടെ രൂപീകരണത്തിന് മാതൃകാ നിയമം തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഫിഷറീസ്, ക്ഷീര വികസന മേഖലകളില്‍ പുതിയ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനായിരിക്കും മുന്‍ഗണന. സഹകരണ മേഖലയില്‍ വികേന്ദ്രീകൃത വിള സംഭരണ സൗകര്യം ഏര്‍പ്പെടുത്തും.ഇത് ഉല്പന്നങ്ങള്‍ പാഴാകാതെ സംഭരിച്ച് നല്ല വിലയ്ക്കു വില്‍ക്കാന്‍ കര്‍ഷകരെ സഹായിക്കും.

ഹരിത വികസനത്തിന്റെ ഭാഗമായി ഒരു കോടി കര്‍ഷകരെ പ്രകൃതി കൃഷിയിലേക്കു കൊണ്ടുവരും. ഇതിനു വേണ്ടി രാജ്യവ്യാപകമായി പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകളുടെ ഒരു നെറ്റ് വര്‍ക്ക് സ്ഥാപിക്കും.ഇവിടെ നിന്നും ജൈവ കര്‍ഷകര്‍ക്ക് ആവശ്യമായ സൂക്ഷ്മാണു വളങ്ങളും ജൈവ കീടനാശിനികളും നല്‍കും. ബദല്‍ വളങ്ങളും സന്തുലിതമായ രാസവള പ്രയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഇതിനു വേണ്ടി പി എം പ്രണാം എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങും. 2070-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം നെറ്റ് സീറോയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സുസ്ഥിര കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പാക്കുന്നത്.
കുറഞ്ഞ താങ്ങുവില (എം എസ് പി ) വര്‍ധിപ്പിക്കുക, കൃഷി യന്ത്രങ്ങള്‍, കീടനാശിനികള്‍, വിത്ത് തുടങ്ങിയവയുടെ ജിഎസ്ടി കുറയ്ക്കുക തുടങ്ങിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ ധനമന്ത്രി ബജറ്റില്‍ അംഗീകരിച്ചിട്ടില്ല. കാര്‍ഷിക മേഖലയില്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അഭിമാനാര്‍ഹമായ വളര്‍ച്ച കൈവരിച്ചിട്ടും കര്‍ഷകരുടെ വരുമാനം വര്‍ധിക്കുന്നില്ല എന്ന വസ്തുതയ്ക്കു നേരെയും ധനമന്ത്രി കണ്ണടച്ചു