‘ലാലേട്ടന്റെ പേര് കളഞ്ഞു, അച്ഛനോട് പൃഥ്വിയുടെ ഗതി ചോദിച്ചുനോക്ക്’; ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച വിസ്മയ മോഹൻലാലിനെതിരെ സൈബർ അധിക്ഷേപം
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെതിരെ കടുത്ത സൈബർ ആക്രമണം. ഒരു ജനാധിപത്യ രാജ്യം സ്വന്തം പൗരന്മാരോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന വിസ്മയയുടെ ചോദ്യമാണ് സൈബർ ഇടങ്ങളിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിസ്മയ വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ചത്.
പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു’, എന്നായിരുന്നു വിസ്മയ കുറിച്ചത്. ഈ നിലപാടിനെതിരെയാണ് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കടുത്ത അധിക്ഷേപവും ഭീഷണിയും ഉയരുന്നത്.
അച്ഛന്റെ പേരും വിലയും കളഞ്ഞെന്നും, രാജ്യത്ത് കലാപം നടത്തുന്ന തീവ്രവാദികളെയാണ് വിസ്മയ പിന്തുണയ്ക്കുന്നതെന്നുമാണ് അധിക്ഷേപിക്കുന്നവരുടെ വാദം.
ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച പൃഥ്വിരാജിനുണ്ടായ സൈബർ ആക്രമണം ഓർമ്മിപ്പിച്ചുകൊണ്ടാണ് പലരും ഭീഷണി മുഴക്കുന്നത്. ‘പൃഥ്വിരാജിന്റെ ഗതി എന്താണെന്നു അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും’, ‘പെട്ടന്നൊരു പൗര ബോധം, സിനിമയ്ക്ക് ആളെ കൂട്ടാൻ ചില പ്രതികരണങ്ങൾ നടത്തിയാൽ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചോ?’, ‘ചില മക്കൾ പിതാവിന്റെ അന്തകരാവും’ എന്നിങ്ങനെ പോകുന്നു വിദ്വേഷ കമന്റുകൾ. ലാലേട്ടന്റെ പേര് കളഞ്ഞെന്നും ഇനി മോഹൻലാൽ സിനിമകൾ കാണാൻ തിയേറ്ററിലേക്ക് ഇല്ലെന്ന് പ്രഖ്യാപിക്കുന്നവരും കുറവല്ല.
ഫേസ്ബുക്കിൽ കടുത്ത അധിക്ഷേപം നേരിടുമ്പോഴും ഇൻസ്റ്റാഗ്രാമിൽ വിസ്മയയുടെ നിലപാടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡൽഹി പ്രക്ഷോഭത്തിന് പിന്തുണയുമായി നേരത്തെ ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇവർക്കെതിരെയും സമാനമായ രീതിയിൽ സംഘടിതമായ സൈബർ ആക്രമണമാണ് നടക്കുന്നത്.
സിജെപി യോഗത്തിന് ഹാള്‍ നല്കിയാല് തല കീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി; ഇതെല്ലാം ചെയ്യുന്നത് ബിജെപി: അഭിജിത് ദീപ്കെ
ഇന്ത്യന്‍ ‘വന്മതില്’ ഡാ!, സാക്ഷാല്‍ സച്ചിനും വെട്ടാനാവാത്ത ദ്രാവിഡിന്റെ 3 റെക്കോര്‍ഡുകള്‍