ബിഷപ്പുമാരുടെ അസംതൃപ്തി, ജോസ് കെ. മാണിക്ക്  ഇടതു മുന്നണി വിടേണ്ടി വരുമോ?

കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ നില്‍ക്കുന്നതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിന്  യാതൊരു ഗുണവുമില്ലന്നാണ്  ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ കരുതുന്നത്. വളരെ ജൂനിയറായ റോഷി അഗസ്റ്റിനാണ് കേരളാ കോണ്‍ഗ്രസിന്റെ മന്ത്രി. കാബിനറ്റ് യോഗത്തില്‍ പോലും അദ്ദേഹത്തിന് വായ് തുറക്കാന്‍ കഴിയില്ല.  അദ്ദേഹത്തിന്റെ സ്റ്റാഫുകള്‍  പോലും സി പി എം നിയോഗിച്ചവരാണ്. ജോസ് കെ മാണിക്ക് ഇടതുമുന്നിയിലും ഇത് തന്നെയാണ് അവസ്ഥ.  ക്രൈസ്തവ വിഭാഗങ്ങളുടെ പ്രത്യേകിച്ച കത്തോലിക്കാ സഭയുടെ വിഷയങ്ങള്‍   സര്‍ക്കാരിനുമുമ്പില്‍ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാനും  കേരളാ കോണ്‍ഗ്രസിന് കഴിയുന്നില്ല.   വിവിധ മത സമുദായങ്ങളുടെ വിഷയങ്ങള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്.  മുഖ്യമന്ത്രിയുമായി വ്യക്തി ബന്ധം  കൂടുതലുള്ളത് കാന്തപുരം അബൂബക്കര്‍ മുസ്‌ളിയാരെപ്പോലുളള മുസ്‌ളീം നേതാക്കള്‍ക്കാണ്.  ക്രൈസ്തവ മത മേലധ്യക്ഷന്‍മാരില്‍ മുഖ്യമന്ത്രിയുമായി അടുത്ത് വ്യക്തിബന്ധമുള്ളവര്‍ വളരെ കുറവാണ്. അത് കൊണ്ട് തന്നെ  സഭ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് കാര്യമായ  ശ്രദ്ധ രാഷ്ട്രീയ തലത്തിലും ഭരണ തലത്തിലും ലഭിക്കുന്നില്ല.