വേമ്പനാട്ട് കായലും പത്തനംതിട്ടയിലെ മിന്നല്‍ പ്രളയവും; ഒറ്റമഴയില്‍ സമീപ പ്രദേശങ്ങള്‍ മുങ്ങുന്നതിന് പിന്നില്‍ വേമ്പനാടിന്റെ ജലസംഭരണശേഷി കുറഞ്ഞത്
ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ കായലും കേരളത്തിലെ ഏറ്റവും വലിയ ജലാശയവുമായ വേമ്പനാട്ടുകായലിന്റെ ജലസംഭരണശേഷി കുത്തനെ കുറഞ്ഞതാണു പത്തനംതിട്ടയിലടക്കം മിന്നല്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചതെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. വേമ്പനാട് കായല്‍ പരന്നൊഴുകുന്ന ആലപ്പുഴയും കോട്ടയവും എറണാകുളവും പെട്ടെന്ന് പ്രളയത്തിലാകുന്നതിനൊപ്പം പത്തനംതിട്ട ജില്ലയിലെ വെള്ളക്കെട്ടിന് പിന്നിലും വേമ്പനാടിന്റെ സംഭരണശേഷി കുറഞ്ഞതാണ് കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമീപജില്ലകളിലെ മിന്നല്‍പ്രളയത്തിന്റെ പ്രധാന കാരണമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വേമ്പനാടിന്റെ സംഭരണശേഷിയിലുണ്ടായ കുറവാണ്.
ഒഴുകിയെത്തുന്ന വെള്ളത്തെ കായലിന് ഉള്‍ക്കൊള്ളാനാകുന്നില്ല. ഇതോടെ ഒറ്റമഴയില്‍ സമീപപ്രദേശങ്ങള്‍ മുങ്ങുകയാണ്. 120 വര്‍ഷത്തിനിടെ വേമ്പനാട്ടുകായലിന്റെ സംഭരണശേഷി 85.3% കുറഞ്ഞെന്നാണു 2023ലെ പഠനത്തില്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല അഥവ കുഫോസ് കണ്ടെത്തിയത്. ശരാശരി വേമ്പനാടിന്റെ ആഴം 8.5 മീറ്ററില്‍നിന്ന് 1.87 മീറ്ററായി. എക്കലും മാലിന്യവും അടിഞ്ഞതുമൂലം കായലിന്റെ ആഴം കുറഞ്ഞെന്ന് കുഫോസ്, എം.എസ്.സ്വാമിനാഥന് ഫൗണ്ടേഷന് എന്നിവ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ ജില്ലാ ഭരണകൂടം നടത്തിയ പഠനത്തില്‍, കായലിന്റെ അടിത്തട്ടില്‍ 4376 ടണ്‍ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നും കണ്ടെത്തിയിരുന്നു.
വേലിയിറക്ക സമയത്ത് അതിശക്തമായ മഴയുണ്ടാകുമ്പോള്‍ പ്രളയജലം കടലിലേക്ക് ഒഴുകില്ല. ഇതു സംഭരിക്കാന്‍ കായലിനു ശേഷിയില്ലെങ്കില്‍ മിന്നല്പ്രളയമുണ്ടാകും. ഇതാണ് വേമ്പനാട്ടുകായലിന്റെ തീരത്തു സംഭവിക്കുന്നതെന്ന് കുഫോസ് സെന്റര്‍ ഫോര്‍ അക്വാറ്റിക് റിസോഴ്സ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സര്‍വേഷന്‍ പ്രഫസര്‍ ഡോ. വി.എന്‍.സഞ്ജീവന് പറയുന്നു. കായലിന്റെ ആഴം കൂട്ടി സംഭരണശേഷി വര്‍ധിപ്പിക്കുകയാണു പ്രതിവിധി.”
കനത്ത മഴയെ തുടര്‍ന്ന് നിറയുന്ന പ്രളയജലത്തിന്റെ 10% മാത്രമേ വേമ്പനാട് കായലിലേക്ക് എത്തുന്നുള്ളൂ. ബാക്കി വീടുകളിലും കൃഷിയിടങ്ങളിലും കയറുന്നു. കായലില്‍നിന്നു വെള്ളം പുറത്തേക്ക് ഒഴുകേണ്ട പൊഴികളും കനാലുകളും അടഞ്ഞു. എക്കല്‍ അടിഞ്ഞതിനു പുറമേ റോഡുകള്‍ ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ക്കായി കായല്‍ കയ്യേറിയതും ജലസംഭരണശേഷി കുറച്ചെന്ന് എം.എസ്.സ്വാമിനാഥന് ഫൗണ്ടേഷന്റെ പഠനത്തിലുണ്ട്. വേമ്പനാട്ടുകായലിന്റെ സംഭരണശേഷി കൂട്ടിയും കടലിലേക്കു വെള്ളം പുറന്തള്ളുന്ന വഴികള്‍ സുഗമമാക്കിയും മധ്യകേരളത്തില്‍ മിന്നല്‍പ്രളയങ്ങള്‍ ഒഴിവാക്കാമെന്ന കുഫോസിന്റെ പഠനറിപ്പോര്‍ട്ട് അധികൃതര്‍ അവഗണിച്ചു.
കായലിന്റെ ആഴം വര്‍ധിപ്പിക്കുമെന്ന് 2023ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യക്ഷമമായി ഒന്നും നടന്നില്ല കായല്‍ പുനരുജ്ജീവനത്തിനായി ആലപ്പുഴ ജില്ലാ ഭരണകൂടം 118.25 കോടി രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും 28.72 ടണ്‍ പ്ലാസ്റ്റിക് മാലിന്യം നീക്കുക മാത്രമാണു ചെയ്തത്.
2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ നദികളില്‍ ചെളിയടഞ്ഞത് വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. 2018 നു ശേഷം പമ്പാനദിയില്‍ വലിയ തോതില്‍ ചെളിയടിഞ്ഞിട്ടുണ്ട്. പെരിയാറിന്റെ ആഴം 8 മീറ്ററില്‍നിന്ന് 4 ആയി കുറഞ്ഞു. നദികള്‍ കരകവിയുമ്പോള്‍ ആ വെള്ളത്തെ ഉള്‍ക്കൊണ്ടിരുന്ന തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഇല്ലാതെയായി എന്നും പറയുന്നു. കേരളത്തില്‍ നദികള്‍ക്കു ചെരിവു കൂടുതലാണ്. കിഴക്ക് മഴ പെയ്താല്‍ വളരെ വേഗം പെയ്ത്തുവെള്ളം താഴെയെത്തും. മുന്‍പ് വനമേഖലകളില്‍ ഹരിത മേലാപ്പ് കൂടുതലായതിനാല്‍ 50 ശതമാനത്തോളം വെള്ളം പിടിച്ചുനിര്‍ത്തിയിരുന്നു. ഇപ്പോള്‍ തോട്ടമേഖല കൂടിയതോടെ പെയ്ത്തുവെള്ളം താഴേക്കു പാഞ്ഞെത്തുന്നു.
വെള്ളം ഒഴുകിയെത്തുന്ന വേഗത്തില്‍ കടലിലേക്കു പുറന്തള്ളുന്നില്ല എന്നതാണ് പ്രധാനം. കടല്‍നിരപ്പ് താഴ്ന്നുനില്‍ക്കുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ വലിയ പ്രശ്നമില്ല. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കടല്‍നിരപ്പ് ഉയര്‍ന്നു നില്ക്കുന്നതിനാല് വെള്ളം പുറന്തള്ളാന്‍ 45 മണിക്കൂറെങ്കിലും വേണം. ഇവിടെയാണ് മിന്നല്‍ പ്രളയം നമ്മെ മുക്കുന്നത്. മുന്‍പ് 45,000 ഹെക്ടറോളം പാടശേഖരങ്ങളില്‍ പുറംബണ്ട് പൊട്ടി വെള്ളം സംഭരിക്കപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ 2 മീറ്റര്‍ ഉയരത്തിലെങ്കിലും വെള്ളം ഉള്‍ക്കൊള്ളും. കോണ്‍ക്രീറ്റ് ബണ്ട് ആയതോടെ മടവീഴ്ച ഇല്ല. ജലം സംഭരിക്കുന്നില്ല.
വേമ്പനാട്ടുകായലില്‍ ഡ്രജിങ് തുടരണമെന്നും പാടങ്ങളുടെ കോണ്‍ക്രീറ്റ് ബണ്ടില്‍ വെള്ളംകയറാന്‍ 12 മീറ്റര്‍ വീതിയിലുള്ള സ്ലൂയിസ് ഗേറ്റുകളുടെ എണ്ണം കൂട്ടണമെന്നും വീതി 45 മീറ്റര്‍ ആക്കണമെന്നും പരിഹാരമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു