Sunday, 16 August 2026
‘Honest storytelling is a powerful means of change
06:35:29 AM IST
Kerala

മുഖ്യമന്ത്രി അന്ന് പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്നത് മാറി ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; നിലപാടിൽ മാറ്റമില്ലാത്ത വി ഡി സതീശന്റെ മാറി മറിയുന്ന വിശദീകരണങ്ങൾ

SHARE

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ മുന്നിൽ കണ്ടിരുന്ന എല്ലാത്തിനെയും വിമർശിച്ച നേതാവ്. വാക്കുകളിൽ വ്യക്തതയും നിലപാടും നിറഞ്ഞിരുന്ന സംസാരം. എന്നാൽ ആ പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രി ആയപ്പോൾ പലതും മറക്കുന്നു. മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ഹെലികോപ്റ്റർ വിവാദം ചർച്ചയിലിരിക്കെ വീണ്ടും വിശദീകരണവുമായി എത്തി വി ഡി സതീശൻ. മുഖ്യമന്ത്രി അന്ന് പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്നത് മാറി ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’. ഒരു പ്രമുഖ വ്യവസായിയുമായി കൂടിക്കാഴ്ച നടത്താനാണ് താൻ ഹെലികോപ്റ്ററിൽ കൊച്ചിയിൽ പോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ അതല്ല മറിച്ച് ഭാര്യ പിതാവിനെ കാണാൻ ആണെന്ന ആരോപണങ്ങൾ ശക്തമായി ഉയർന്നു വന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ വിശദീകരണം. ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’ എന്ന്. കൃത്യ സമയത്ത് എത്താനായിരുന്നു ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച തന്റെ യാത്രകൊണ്ട് സർക്കാരിന് ഒരു രൂപയുടെ നഷ്ടം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് മുഖ്യമന്തി കൈകഴുകി.

പഴയ മുഖ്യമന്ത്രി, അതായത് പിണറായി വിജയൻ യാത്ര ചെയ്തതിനെ താൻ വിമർശിച്ചിട്ടില്ലെന്നും ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയതെന്നുമാണ് വിഡി സതീശൻ നേരത്തെ പ്രതികരിച്ചത്. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നിക്ഷേപക ഗ്രൂപ്പിൻ്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ വിഡി സതീശൻ തയ്യാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്നായിരുന്നു മറുപടി. അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ഇന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്ന് പത്രസമ്മേളനം നടത്തി. പിന്നാലെ ഭാര്യ പിതാവിനെ കാണാനാണ് ഹെലികോപ്റ്ററിൽ പോയതെന്ന ആരോപണത്തിന് മറുപടി. ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’. എന്നാൽ മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങളിലെ ഈ പൊരുത്തക്കേടുകളൊക്കെ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 9.27-ന് ചിപ്സൺ ഏവിയേഷന്റെ എച്ച് 145 എയർബസ് ഹെലികോപ്റ്ററിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. മോശം കാലാവസ്ഥയെത്തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയ അദ്ദേഹം പിന്നീട് 12.37-ന് വീണ്ടും കൊച്ചിയിലേക്ക് തിരിച്ചു. നെടുമ്പാശ്ശേരിയിലിറങ്ങിയ ശേഷം ആലുവ കാരോത്തുകുഴി ആശുപത്രിയിലുള്ള ഭാര്യാപിതാവിനെ സന്ദർശിക്കുകയും തുടർന്ന് ദേശത്തുള്ള വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാൽ, ഈ സമയത്ത് പൊലീസ് ഇന്റലിജൻസിന്റെ മൂവ്‌മെന്റ് രജിസ്റ്റർ പ്രകാരം മുഖ്യമന്ത്രി തിരുവനന്തപുരത്തെ വീട്ടിൽത്തന്നെയായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

​യാത്ര വിവാദമായപ്പോൾ, കൊച്ചിയിലെത്തിയ ഒരു അജ്ഞാത നിക്ഷേപക ഗ്രൂപ്പുമായി ചർച്ച നടത്താനാണ് താൻ പോയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, അങ്ങനെയൊരു കൂടിക്കാഴ്ച നടന്നെങ്കിൽ എന്തുകൊണ്ട് വ്യവസായ മന്ത്രിയോ വകുപ്പിലെ ഉദ്യോഗസ്ഥരോ അതിൽ പങ്കെടുത്തില്ല എന്ന ചോദ്യം ബാക്കിയാകുന്നു. നിക്ഷേപകർ ആരാണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ, ‘അതറിഞ്ഞിട്ട് കുളമാക്കാനാണോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വ്യവസായ മന്ത്രിയെപ്പോലും ഒഴിവാക്കി വീട്ടിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമെന്തായിരുന്നു എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഭാര്യാപിതാവിനെ കാണാൻ പോയത് വിവാദമായതോടെ മുഖ്യമന്ത്രി കള്ളം ചമയ്ക്കുകയാണെന്നാണ് ഇടതുപക്ഷ നേതാക്കളുടെ പ്രധാന ആരോപണം.

Read More
s
ആൻ മരിയ കെ ജോസ്
View all posts →