‘തിരിച്ചെത്തുമ്പോൾ അവർ തന്നെ അറസ്റ്റ് ചെയ്തേക്കാം, അല്ലെങ്കിൽ കൊല്ലപ്പെട്ടേക്കാം’; വാർത്താ സമ്മേളനത്തിൽ വിതുമ്പി ഷെയ്ഖ് ഹസീന
2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിലാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാർത്താസമ്മേളനം നടത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഷെയ്ഖ് ഹസീന മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ന്യൂഡൽഹിയിലെ ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയിലാണ് വാർത്താസമ്മേളനം നടന്നത്.
ന്യൂഡൽഹിയിൽ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് വാർത്താസമ്മേളനം നടത്തിയത്. എന്നാൽ, സ്വകാര്യ പരിപാടിയിൽ നിന്ന് ഇന്ത്യ അകലം പാലിച്ചു. 2024 ഓഗസ്റ്റ് 5-ന് ഹസീന സർക്കാർ വീണതിന്റെ രണ്ടാം വാർഷിക ദിനമാണ് വാർത്താസമ്മേളനം നടന്നത്. ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് ധാക്കയിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്ന ഹസീന അന്ന് മുതൽ ഇന്ത്യയിലാണ് താമസിക്കുന്നത്.
‘കഴിഞ്ഞ രണ്ട് വർഷമായി എന്റെ പ്രിയപ്പെട്ട ബംഗ്ലാദേശ് കഷ്ടപ്പെടുന്നത് ഞാൻ കാണുകയാണ്. ഇതല്ല ഞങ്ങൾ പടുത്തുയർത്തിയ ബംഗ്ലാദേശ്, 1971-ൽ 30 ലക്ഷം ആളുകൾ ജീവൻ ബലിയർപ്പിച്ചത് ഈ ബംഗ്ലാദേശിന് വേണ്ടിയല്ല.’ ഷെയ്ഖ് ഹസീന പറഞ്ഞു.
2024 ജൂലൈയിലെയും ഓഗസ്റ്റിലെയും സത്യം പറഞ്ഞുകൊണ്ട് തുടങ്ങാമെന്ന് പറഞ്ഞാണ് ഹസീന തുടങ്ങിയത്. അത് സമാധാനപരമായ ഒരു വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നില്ലെന്ന് ഹസീന പറഞ്ഞു. തുടക്കം മുതൽ, ചർച്ചകളിലൂടെയും നിയമപരമായ നടപടികളിലൂടെയും ക്ഷമയോടെയും പ്രശ്നം സമാധാനപരമായി പരിഹരിക്കാനാണ് തന്റെ സർക്കാർ ശ്രമിച്ചത്. എന്നാൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ അക്രമാസക്തമായ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ സംഘടിത ഗ്രൂപ്പുകൾ പ്രവർത്തിക്കുകയായിരുന്നുവെന്ന് ഹസീന പറഞ്ഞു.
മുജീബുർ റഹ്മാനെ ഇല്ലാതാക്കണം എന്നതാണ് അവർക്ക് വേണ്ടതെന്ന് പറഞ്ഞ ഹസീന വിങ്ങിപ്പൊട്ടി. ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഈ വർഷം ഡിസംബറോടെ താൻ ധാക്കയിലേക്ക് മടങ്ങുമെന്ന് ഹസീന പറഞ്ഞു. തിരിച്ചെത്തുമ്പോൾ അവർ തന്നെ അറസ്റ്റ് ചെയ്തേക്കാം, അല്ലെങ്കിൽ കൊല്ലപ്പെട്ടേക്കാം. എങ്കിലും തനിക്ക് പോയേ തീരൂവെന്നായിരുന്നു ഹസീനയുടെ പ്രതികരണം.
എഐ അപ്ഗ്രഡേഷന്റെ ഭാഗമായി സംഭവിച്ച പിഴവ്; സോഷ്യല്മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണ നൽകി മെറ്റ
പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു; മുഖ്യമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനം