പാലായിലെ കുത്തക നിലനിർത്താൻ മാണി കുടുംബത്തിന് കഴിയുമോ ?

കെ. സുനിൽ കുമാർ
ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് ഒരേ സമയം ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന പ്രതീക്ഷകൾ തകിടം മറിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പാലായിൽ മാത്രമായി സെപ്റ്റംബർ 23-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒരു മണ്ഡലത്തിൽ മാത്രമായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിൽ ഗൂഢാലോചനയും ദുരൂഹതയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും ഒരേ പോലെ ആരോപിച്ചിരിക്കുന്നത്. എന്തായാലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള രാഷ്ട്രീയം ഇനി പാലായിലേക്കാണ് ഉറ്റുനോക്കുക.
കെ എം മാണിയുടെ അഭാവത്തിൽ കേരള കോൺഗ്രസിനും കെ. എം മാണിയുടെ കുടുംബത്തിനും പാലാ നിലനിർത്താൻ കഴിയുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം.
1965-ൽ മണ്ഡലം രൂപീകരിച്ചത് മുതൽ ഒരേ ഒരാൾ മാത്രമാണ് പാലായിൽ നിന്ന് ജയിച്ചിട്ടുള്ളത്. കരിങ്കോഴക്കൽ മാണി മാണി മാത്രം.  1964 ഒക്ടോബർ 9-ന് കേരള കോൺഗ്രസ് രൂപീകരിക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതൽ മുന്നണികളിൽ മാറ്റമുണ്ടായെങ്കിലും പാലായെ പ്രതിനിധീകരിച്ചത് കെ. എം മാണി തന്നെയായിരുന്നു. 1970-ൽ കോൺഗ്രസിലെ എം. എം ജേക്കബ്ബിനോട് മത്സരിച്ചപ്പോൾ മാത്രമാണ് മാണി പരാജയത്തോടടുത്തത്. എന്നാൽ അന്നും 364 വോട്ടുകൾ
അധികം നേടി മാണി തന്നെ വിജയിച്ചു.  മറ്റ് 12 തിരഞ്ഞെടുപ്പുകളിൽ മറ്റാരും കാര്യമായ എതിരാളികൾ പോലുമായില്ല. പാലായിൽ മാണി പിന്നിട്ട അര നൂറ്റാണ്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ഏത് തിരഞ്ഞെടുപ്പിലും പാലായിൽ മാണിക്ക് പകരം ആര് ജയിക്കുമെന്ന ചോദ്യം പോലും അപ്രസക്തമായിരുന്നു. കേരള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കുത്തക മണ്ഡലത്തിൽ മാണിയുടെ മരണശേഷം സ്വാഭാവികമായും അവിടെ തിരഞ്ഞെടുക്കപ്പെടേണ്ടത് കേരള കോൺഗ്രസ് സ്ഥാനാർത്ഥി തന്നെയാകണം. നമ്മുടെ കീഴ്‌വഴക്കമനുസരിച്ച് ഉണ്ടാകുമെന്ന് കരുതുന്ന സഹതാപ തരംഗത്തിൽ വിജയിക്കാൻ അദ്ദേഹത്തിന് പകരം കുടുംബത്തിൽ ഒരാൾ തന്നെയാകണം മത്സരിക്കേണ്ടത്. നിഷ ജോസ് കെ.   മാണി അഥവ ജോസ് കെ. മാണി എന്നതല്ലാതെ മറ്റൊരു പേര് പോലും ഉയരേണ്ടതില്ല. ജോസ് കെ. മാണി രാജ്സഭാംഗമായ നിലയ്ക്ക് നിഷ തന്നെയാകണം സ്ഥാനാർത്ഥിയാകേണ്ടതും എംഎൽഎ ആകേണ്ടതും.
എന്നാൽ ഈ കണക്കുകൂട്ടലുകൾ അത്ര എളുപ്പമല്ല എന്നതാണ് സ്ഥിതി. കെ. എം മാണിയുടെ മരണത്തിന് മുമ്പ് തന്നെ ജോസ് കെ. മാണിയും പി.ജെ ജോസഫും തമ്മിൽ തുടങ്ങിയ ഭിന്നതയാണ് കാര്യങ്ങൾ വഷളാക്കിയത്. മാണിയുടെ മരണാനന്തരം ലോക്സഭ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി ഭാര്യ നിഷയെ കോട്ടയത്ത്  സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചതോടെ പി. ജെ ജോസഫ് തന്നെ മത്സരസന്നദ്ധനായി രംഗത്തു വന്നതോടെ പാർട്ടി പിളർപ്പിലേക്കെത്തി. ഒടുവിൽ തോമസ് ചാഴിക്കാടനെ മത്സരിപ്പിച്ചതോടെയാണ് പ്രതിസന്ധി താത്കാലികമായി മറികടന്നത്. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ജോസ് കെ. മാണിയും പി.ജെ ജോസഫും തമ്മിലുള്ള നേതൃത്വ തർക്കം രൂക്ഷമായിരിക്കെയാണ് പാലാ ഉപതിരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുന്നത്. നിഷയെ മത്സരിപ്പിക്കുന്നതിനെതിരെയാണ് ജോസഫ് വീണ്ടും എതിർപ്പ് ഉയർത്തുന്നത്. കുടുംബവാഴ്ച്ച അംഗീകരിക്കാനാവില്ലെന്നാണ് ജോസഫിന്റെ നിലപാട്. ഒരു പേരും പാർട്ടിയുടെ പരിഗണനയിൽ ഇല്ലെന്നും സ്റ്റിയറിംഗ് കമ്മറ്റിയാണ് അത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. പൊതുസമ്മതനായ ഒരാൾ മത്സരിക്കണമെന്നാണ് ജോസഫിന്റെ നിർദേശം.  എന്നാൽ പാലായിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് കെ. എം മാണിയുടെ മകനും പാർട്ടി വൈസ് ചെയർമാനുമായ ജോസ് കെ മാണി തന്നെയാണ് എന്നതിൽ അദ്ദേഹത്തിനും അനുയായികൾക്കും തർക്കമില്ല. നിഷയെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് ശക്തമാകുമെന്ന് ഉറപ്പാണ്. ഇത് കേരള കോൺഗ്രസിന്റെ വിജയത്തിന് തടസ്സമുണ്ടാക്കും. ഇത് മുന്നിൽ കണ്ടാണ് ജോസഫിനെ അനുനയിപ്പിക്കാൻ പാലാ ബിഷപ്പിനെ ഇടപെടുവിക്കാൻ ജോസ് കെ. മാണി ശ്രമിക്കുന്നത്.
പാർട്ടിക്കുള്ളിലെ തർക്കത്തിന് പുറമെ മറ്റ് പല ഘടകങ്ങളും കേരള കോൺഗ്രസിന് തലവേദനയുണ്ടാക്കും. അര നൂറ്റാണ്ടിലേറെ കാലം മണ്ഡലം നിറഞ്ഞു നിന്ന മാണിയുടെ അഭാവം തന്നെയാണ് പ്രധാന വെല്ലുവിളി. അദ്ദേഹത്തിന്റെ സ്വാധീനം അദ്ദേഹമില്ലാത്ത പാർട്ടിക്കും കുടുംബത്തിനും നിലനിർത്താൻ കഴിയുമോ എന്നതാണ് പരീക്ഷണം. പാർട്ടിയിലെ തർക്കം രൂക്ഷമായാൽ അദ്ദേഹത്തിന്റെ മരണം സൃഷ്ടിക്കുമെന്ന് കരുതുന്ന സഹതാപതരംഗം പോലും ഇല്ലാതായേക്കാം. നിഷ മത്സരിച്ചാൽ ജോസഫ് വിഭാഗവും കോൺഗ്രസിലെ ഒരു വിഭാഗവും കാലുവാരാനുള്ള സാദ്ധ്യതയുണ്ട്. നിഷ മത്സരിക്കുന്നതിനോട് കോൺഗ്രസിന് കാര്യമായ താത്പര്യമില്ല. ഈ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മറ്റൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ ജോസ് കെ മാണിയും അനുയായികളും പാലം വലിച്ചാലും ഫലം യുഡിഎഫിന് എതിരാകും.
ഈ അനുകൂല ഘടകങ്ങൾ മുതലെടുത്ത് പാലായിലെ കേരള കോൺഗ്രസിന്റെ കുത്തക തകർക്കാനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുക. മാണിയോട് പല തവണ തോറ്റ കോൺഗ്രസ് എസിലെ മാണി സി. കാപ്പൻ തന്നെ വീണ്ടും മത്സരിക്കാനാണ് സാദ്ധ്യത. മാണിയുടെ കുത്തക സീറ്റായിരുന്നെങ്കിലും കഴിഞ്ഞ തവണ മാണി സി കാപ്പൻ പരാജയപ്പെട്ടത് 4703 വോട്ടുകൾക്ക് മാത്രമാണ്. മാണിയുടെ വ്യക്തിപരമായ അസാന്നിദ്ധ്യവും പാർട്ടിയിലെ തർക്കങ്ങളും മുതലാക്കാൻ കഴിഞ്ഞാൽ ഇത്തവണ വിജയിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലാണ് എൽഡിഎഫിനും മാണി സി കാപ്പനുമുള്ളത്.
എൻഡിഎയ്ക്കൊപ്പം കേരള കോൺഗ്രസിന്റെ എതിരാളികളായ പി. സി തോമസും പി. സി ജോർജുമുണ്ട്. പി. സി തോമസ് മത്സരിച്ചാൽ ജയിക്കുമെന്ന കണക്കുകൂട്ടൽ ഫലിക്കാനിടയില്ല. എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ എൻ ഹരി നേടിയ 24,821 വോട്ടും ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥി പി സി തോമസ് വോട്ട് 26,000 ലധികമായി ഉയർത്തിയതുമാണ് അവരുടെ കണക്കുകൂട്ടലിന്റെ ആധാരം. അതെ സമയം എൻഡിഎ ജയിച്ചില്ലെങ്കിലും പി. സി തോമസും പി. സി ജോർജും കൂടി ചേർന്നാൽ മാണി കേരള കോൺഗ്രസിന്റെ കുത്തക അട്ടിമറിക്കാൻ കഴിയുമോ എന്ന ചോദ്യമുണ്ട്. ജോസ് കെ. മാണിക്കും യുഡിഎഫിനും ഈ ഭയമുണ്ട്. നിഷ മത്സരിച്ചാൽ പി. ജെ ജോസഫ് കൂടി ഒത്തുചേർന്നാൽ കേരള കോൺഗ്രസിന്റെ അര നൂറ്റാണ്ട് കാലത്തെ കുത്തക അവസാനിച്ചേക്കാം. അവിടെ എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞാൽ അവശേഷിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ മാത്രമല്ല, അടുത്ത വർഷം നടക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പോലും അതിന്റെ ഗുണഫലം അവർക്കുണ്ടായേക്കാം. മാത്രമല്ല, പിണറായി വിജയൻ സർക്കാരിനെതിരായ എല്ലാ എതിർപ്പുകളെയും അപ്രസക്തമാക്കാനും എൽഡിഎഫിന് കഴിയും. ഇതെല്ലാം തിരിച്ചറിഞ്ഞ് പാലാ കൈവിടാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും ഒത്തുതീർപ്പുകളും യു ഡി എഫ് സ്വീകരിക്കും.
 പാലായിൽ തോറ്റാൽ കേരള കോൺഗ്രസിൽ കെ. എം മാണി കുടുംബത്തിന്റെ ആധിപത്യം അവസാനിക്കും.  അതിലുപരി 1964 മുതൽ കേരളത്തിന്റെ അധികാര രാഷ്ട്രീയത്തിലെ വലിയ സാന്നിദ്ധ്യമായ കേരള കോൺഗ്രസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. കർഷകരുടെയും കത്തോലിക്ക സഭയുടെയും ആശീർവാദത്തോടെയും പിന്തുണയോടെയും നിലനിൽക്കുന്ന പാർട്ടി തമ്മിലടിച്ച് അവസാനിക്കുമോ ചോദ്യത്തിന് ഈ ഉപതിരഞ്ഞെടുപ്പ് ഉത്തരം നൽകിയേക്കാം.