വട്ടിയൂർക്കാവിലെ സർജിക്കൽ സ്ട്രൈക്ക് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ, കിംഗ് മേക്കർ സുകുമാരൻ നായർ

ഏറെക്കുറെ വിജയം ഉറപ്പിച്ച നിലയിൽ വട്ടിയൂർക്കാവിൽ മേയർ ബ്രോ, വി.  കെ പ്രശാന്ത് മുന്നേറിയ സാഹചര്യത്തിലായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ സർജിക്കൽ സ്ട്രൈക്ക്. സുകുമാരൻ നായരുടെ പ്രസ്താവന വരുന്നതിന് മുമ്പ് വരെ തപ്പിത്തടയുന്ന അവസ്ഥയിലായിരുന്നു യു ഡി എഫ് ഇവിടെ. എന്നാൽ ഏതുവിധേനയും, വട്ടിയൂർക്കാവ് നായന്മാരുടെ മണ്ഡലമാണ് എന്നത് അരക്കിട്ടുറപ്പിക്കുന്നതിനാണ് അന്ത്യനിമിഷങ്ങളിൽ ഇത്തരമൊരു പൂഴിക്കടകനുമായി സുകുമാരൻ നായർ രംഗപ്രവേശം ചെയ്യുന്നത് . അതോടെ യു ഡി എഫ് സ്ഥാനാർത്ഥി മോഹൻകുമാറും കോൺഗ്രസ് നേതൃത്വവും സടകുടഞ്ഞെഴുന്നേറ്റ സ്ഥിതിയിലാണ്. വട്ടിയൂർക്കാവ് കൈവിട്ടു പോയാൽ കേരളത്തിൽ എൻ എസ് എസിനുള്ള സ്വാധീനം വട്ടപൂജ്യമാകുമെന്ന വിലയിരുത്തലിലാണ് അന്ത്യഘട്ടത്തിൽ കരയോഗങ്ങളെ രംഗത്തിറക്കി, സമദൂരവും ശരിദൂരവും മടിക്കുത്തിൽ തിരുകി നേരിട്ട് യു ഡി എഫിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.

സമീപകാലത്തെ തിരഞ്ഞെടുപ്പുകളിലൊന്നും എൻ എസ് എസ് ഇത്തരം ഒരു നിലപാടിലേക്ക് വന്നിരുന്നില്ല. പകരം സമദൂരവും ശരിദൂരവും പറഞ്ഞു മൂന്ന് മുന്നണികളെയും പെരുന്നയിൽ വന്ന് തൊഴാൻ നിർബന്ധിതമാക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചു പോന്നിരുന്നത്. അടുത്തകാലത്തായി കേരളത്തിലെ മൂന്ന് മുന്നണികളും വട്ടിയൂർകാവിനു വേണ്ടി കളത്തിലിറക്കിയിരുന്നത് നായർ പോരാളികളെയായിരുന്നു. എന്നാൽ ഇത്തവണ മറ്റൊരു മാർഗവും കണാതെ വന്നപ്പോൾ ചെറുപ്പക്കാരനും പുതുതലമുറ രാഷ്ട്രീയത്തിലെ തിളങ്ങുന്ന താരവുമായ മേയർ ബ്രോയെ തന്നെ സി പി ഐ എം രംഗത്തിറക്കി. തീരുമാനം തെറ്റിയില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് വരെ സുവ്യക്തമായിരുന്നു. കാരണം, വട്ടിയൂർക്കാവ് ഇത്തവണ എൽ ഡി എഫിന് എന്ന് ഏറെക്കുറെ ഉറപ്പിച്ച് അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. പക്ഷെ
വട്ടിയൂർക്കാവിൽ തോൽക്കുന്നത് കാലിനടിയിലെ മണ്ണ് ഊർന്നു പോകുന്നത് പോലെയാണെന്ന് മനസ്സിലാക്കാൻ പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തിന് കവടി നിരത്തേണ്ട ആവശ്യം വരുന്നില്ല. കാലങ്ങളായി ഇടതായാലും വലതായാലും നായർ തന്നെ വട്ടിയൂർകാവിനെ പ്രതിനിധാനം ചെയ്തിരുന്ന സ്ഥാനത്ത് ഇനി അത് ഒരു ഈഴവനാകുന്നത് സുകുമാരൻ നായർക്കും എൻ എസ് എസ് നേതൃത്വത്തിനും എളുപ്പം ദഹിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് ഇതുവരെ ഒളിച്ചും പാത്തും നടത്തിയിരുന്ന കളി ഇത്തവണ നേരിട്ടാക്കേണ്ടി വന്നത്.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഏതാണ്ട് 70,000 നായർ വോട്ടുകളുണ്ടെന്നാണ് കണക്ക്. എൻ എസ് എസിന്റെ തിട്ടൂരം വരുന്നതിന് മുമ്പ് വരെ ഇത് മൂന്നായി വിഭജിക്കപ്പെടുമെന്നായിരുന്നു നിഗമനം. ഇതിൽ കുറഞ്ഞ പങ്കാണ് എൽ ഡി എഫിന് കിട്ടുന്നതെങ്കിലും ഇതര മത, സമുദായ വോട്ടുകളുടെ ഏകീകരണത്തിൽ ജയിക്കാൻ കഴിയുന്ന സ്ഥിതി എൽ ഡി എഫിന് ഉണ്ടായിരുന്നു. എന്നാൽ എൻ എസ് എസ് നേരിട്ട് നായർ വോട്ടുകൾക്കായി ആഹ്വനം നൽകിയ സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മോഹൻകുമാറിന് 50,000 നായർ വോട്ട് വരെ ലഭിക്കുമെന്ന് യു ഡി എഫ് കണക്കു കൂട്ടുന്നു. അങ്ങനെ വന്നാൽ 10,000 വോട്ടിന്റെ വിജയം ഉണ്ടാകുമെന്നുമാണ് അവരുടെ കണക്ക്. ഇതോടെ ഗ്രഹിണി പിടിച്ച കുട്ടി ചക്കകൂട്ടാൻ കണ്ട സ്ഥിതിയിലായി യു ഡി എഫ്.

നായർ വോട്ടിൽ കണ്ണ് വെച്ച് നീങ്ങിയ ബി ജെ പിക്കാകട്ടെ ഇത് കനത്ത ആഘാതം തന്നെയാണ്. ഒ രാജഗോപാൽ എം എൽ എ മാത്രം എൻ എസ് എസ് നിലപാടിനെ വിമർശിച്ച് രംഗത്ത് വന്നപ്പോൾ മറ്റു ബി ജെ പി നേതാക്കളെല്ലാം ഈ നിലപാട് തങ്ങൾക്ക് അനുകൂലമാണെന്ന് വ്യാഖ്യാനിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. എൻ എസ് എസ് ഇത്തരത്തിൽ ഒരു പരസ്യ നിലപാട് സ്വീകരിച്ചത് വട്ടിയൂർക്കാവിൽ ബി ജെ പിയുടെ പ്രതീക്ഷ ഏറെക്കുറെ അസ്തമിപ്പിച്ച നിലയിലുമാണ്. അതുകൊണ്ട് വട്ടിയൂർക്കാവിൽ പോരാട്ടം എൽ ഡി എഫും ബി ജെ പിയും തമ്മിൽ നേർക്കു നേരെയായി. അതുകൊണ്ട് ഒരു ഫോട്ടോ ഫിനിഷിലേക്കാണ് ഈ മണ്ഡലം നീങ്ങുന്നത്.

വട്ടിയൂർക്കാവിലെ എൻ എസ് എസിന്റെ നീക്കം ഒരു മുഴം മുമ്പേയുള്ള ഒരു ഏറ് കൂടിയാണ്. അഞ്ചു ഉപതിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫ് മേൽകൈ നേടിയാൽ അത്, 2021-ലെ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മുൻതൂക്കം നൽകും. എൽ ഡി എഫിന് ശക്തമായ ഒരു സ്പ്രിംഗ് ബോർഡായി അത് മാറും. അങ്ങനെ വന്നാൽ നായരായ രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തിന്റെ കൂമ്പടഞ്ഞു പോകും. എങ്ങനയേയും യു ഡി എഫിന് കളമൊരുക്കി കൊടുത്ത്, ചെന്നിത്തലയെ മുഖ്യമന്ത്രിയുടെ കസേരയിൽ അവരോധിതനാക്കുക എന്ന ചാണക്യതന്ത്രമാണ് വട്ടിയൂർക്കാവ് വഴി പെരുന്നയും സുകുമാരൻ നായരും ലക്ഷ്യമിടുന്നത്. ആ തന്ത്രം പിഴക്കാതെ വിജയത്തിലെത്തുകയും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവുകയും ചെയ്താൽ സുകുമാരൻ നായർ തന്നെയാവും കിംഗ് മേക്കർ. പിന്നെ മുഖ്യമന്ത്രിയെ കളിപ്പിക്കുന്ന ജാലവിദ്യക്കാരനായി സുകുമാരൻ നായർ മാറുകയും ചെയ്യും. അതുകൊണ്ട് അടുത്തത് ഒരു നായർ മുഖ്യമന്ത്രി എന്നത് തന്നെയാണ് വട്ടിയൂർക്കാവ് തന്ത്രത്തിന്റെ ആത്യന്തിക ലക്‌ഷ്യം.