യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവർത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ്

യൂണിവേഴ്സിറ്റി കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. ആക്രമണത്തില്‍ പരിക്കേറ്റ ടിആർ രാകേഷ് എന്ന കെഎസ്‍യു പ്രവർത്തകന്‍റെ മൊഴിയില്‍ 13 എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് മറ്റൊരു കേസ് കൂടിയെടുത്തിട്ടുണ്ട്. ഇതില്‍ കണ്ടാലറിയാവുന്ന എസ്എഫ്ഐ- കെഎസ്‍യു പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.

എന്നാല്‍ പ്രതികളെ ഇതുവരേയും പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിലെ പ്രതിയായ മഹേഷ് മൂന്നാം ദിവസവും ഒളിവിലാണ്. ഇന്നലത്തെ ആക്രമങ്ങളിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിന് പരിക്കേറ്റതിൽ ഇന്ന് കെഎസ്‍യു പ്രതിഷേധദിനം ആചരിക്കുകയാണ്.

യൂണിവേഴ്‍സിറ്റി കോളജിൽ  ഇന്നലെ ഇരുസംഘടനകളുടെയും പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ചേരി തിരിഞ്ഞ് നേർക്കുനേർ ഏറ്റുമുട്ടിയ വിദ്യാർത്ഥികളുടെ സംഘർഷം പുറത്ത് എം ജി റോഡിലേക്കും നീണ്ടു. പരസ്പരമുള്ള കല്ലേറിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെയും മറ്റൊരു കെഎസ്‍യു പ്രവ‍ർത്തകന്‍റെയും തലയ്ക്ക് പരിക്കേറ്റു. തന്‍റെ കാലിൽ വലിയ തടിക്കഷ്ണം കൊണ്ട് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുവെന്ന് അഭിജിത്ത് ആരോപിച്ചു. പ്രവർത്തകർക്ക് പരിക്കേറ്റെന്ന് എസ്എഫ്ഐയും ആരോപിച്ചു.

എംജി റോഡിൽ ഇരുവിഭാഗത്ത് നിന്നും പരിക്കേറ്റ പ്രവർത്തകരെ നിരത്തിയിരുത്തി ഇരുവിഭാഗവും ഗതാഗതം തടസ്സപ്പെടുത്തി കുത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും  റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.