തിരുവനന്തപുരത്ത് ബി.ജെ.പിക്ക് തിരിച്ചടി; വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി പാര്‍ട്ടി വിട്ടു

ബിജെപിയില്‍ നിന്നും നേതാക്കളുടെ രാജി തുടരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദു ബിജെപിയില്‍ നിന്ന് രാജിവെച്ചു. വലിയവിള വാര്‍ഡിലെ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് രാജി. വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു പറഞ്ഞു.

നേരത്തെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായിരുന്ന പള്ളിത്താനം രാധാകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്കുള്ളില്‍ നടക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് രാധാകൃഷ്ണന്‍ രാജിവെച്ചത്. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ പൂര്‍ണമായി അവഗണിച്ചുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൂടിയാലോചനകള്‍ നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഇത്രയും കാലം പ്രവര്‍ത്തിച്ച ഒരാളെന്ന നിലക്ക് ഒരുവാക്ക് പോലും ചോദിക്കാതെ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ച രീതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ബിജെപി തിരുവനന്തപുരം ജില്ലാ മീഡിയാ കണ്‍വീനറായിരുന്ന വലിയശാല പ്രവീണും പാര്‍ട്ടി വിട്ടിരുന്നു. ഏറെക്കാലമായി ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രവീണ്‍ പിന്നീട് സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു.

പാലക്കാട് ആലത്തൂരിലും ബി.ജെ.പിയില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ രാജിവെച്ചിരുന്നു. ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പ്രകാശിനിയും ഒ.ബി.സി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്‍ വിഷ്ണു എന്നിവരാണ് പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്.

സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രാദേശിക നേതാക്കളുടെ രാജി തുടരുന്നത്. നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തഴയുന്നുവെന്ന ആരോപണവുമായി ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, ശ്രീശന്‍ തുടങ്ങിയ നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.