വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസ്; പ്രതി ബിജുലാല്‍ അറസ്റ്റില്‍

തിരുവനന്തപുരം വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് അറസ്റ്റിലായത്. തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബിജുലാല്‍ പറഞ്ഞു. തന്നെ ഉപയോഗിച്ച് മറ്റുള്ളവര്‍ തട്ടിപ്പ് നടത്തി. റമ്മി കളിക്കാറുണ്ട്. ആ തുകയാണ് കൈയിലുള്ളത്. ഒരു രൂപ പോലും ട്രഷറിയില്‍ നിന്ന് എടുത്തിട്ടില്ലെന്നും ബിജുലാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അഭിഭാഷകന്‍റെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്തത് നിയമപരമല്ലെന്ന് ബിജുലാലിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. യൂണിഫോം ഇടാതെ അകത്ത് കടന്നതിനാല്‍ പോലീസ് ആണെന്ന് തിരിച്ചറിഞ്ഞില്ല. പൊലീസാണ് പിടിച്ച് കൊണ്ട് പോയതെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

കേസെടുത്ത് നാല് ദിവസമായിട്ടും പ്രതിയെ പിടിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം ബിജുലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദീകരണം തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ഈ മാസം 13-ന് പരിഗണിക്കും.

കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ ജൂലൈ 31 വരെ നിരവധി പ്രാവശ്യം ബിജുലാൽ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്‍റെ എഫ്ഐആർ. മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‍വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27-നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്‍റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന്‍ ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍ പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.