കരിയും പുകയും ഒച്ചയും ഇരുമ്പു പാളങ്ങളുമില്ലാതെ ഓടാന്‍ ട്രാം; അനുമതി ലഭിച്ചാൽ ആറ് മാസത്തിനകം സർവീസ്‌

Advertisement

കൊച്ചിയില്‍  മലിനീകരണമില്ലാതെ പ്രകൃതി സൗഹൃദ ഗതാഗതത്തിനായി ഗതാഗത വകുപ്പ് തയ്യാറാക്കിയ ചെറു മെട്രോ റെയില്‍ പദ്ധതി സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇരുമ്പു പാളങ്ങളില്ലാതെ കരിയും പുകയും ഒച്ചയുമില്ലാത്ത രീതിയാലാണ് ട്രാമിന്റെ ഘടനാരൂപം. പൂര്‍ണമായും സെന്‍സര്‍ അധിഷ്ഠിത സാങ്കേതിക വിദ്യയിലുള്ള ട്രാം ‘വിര്‍ച്ച്വല്‍ ട്രാക്ക്’ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇരുമ്പുപാളങ്ങള്‍ക്കുപകരം റോഡിനടിയില്‍ സ്ഥാപിക്കുന്ന കേബിള്‍ വഴിയാണ് ട്രാമിലേക്ക് സന്ദേശങ്ങള്‍ ലഭിക്കുക. ഗതാഗതക്കുരുക്കില്ലാതെ, നിലവിലെ റോഡിന്റെ ഒരു ഭാഗത്ത് സ്ഥാപിക്കുന്ന കേബിളിന് മുകളിലൂടെയായിരിക്കും ട്രാം സര്‍വീസ്. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിനായതിനാല്‍ അന്തരീക്ഷ മലിനീകരണമുണ്ടാകില്ല. ഏത് വളവും തിരിയും. ട്രാമിന് മുകളില്‍ വൈദ്യുതി ലൈനുണ്ടാകില്ല. പകരം ബാറ്ററിയില്‍ ഓടും. വേഗനിയന്ത്രണം മാത്രമാകും ഡ്രൈവറുടെ ചുമതല.

രണ്ട് സ്റ്റേഷനുകള്‍ പിന്നിടുമ്പോള്‍ ബാറ്ററി ചാര്‍ജ് ചെയ്യാവുന്ന വിധം ഓരോ സ്ഥലത്തും ട്രാന്‍സ് ഷെല്‍ട്ടറുകളുണ്ടാകും. 15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബാറ്ററി ചാര്‍ജാകും. മറ്റ് വലിയ വാഹനങ്ങളിലേതു പോലുള്ള ബാറ്ററി ട്രാമിന് ആവശ്യമില്ല. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാവുന്ന ട്രാമിന്റെ പരമാവധി നീളം 66 മീറ്ററാണ്. എത്ര കോച്ചുകള്‍ വേണമെങ്കിലും കൂട്ടിച്ചേര്‍ക്കാം. മൂന്ന് കോച്ചാണെങ്കില്‍ 300 യാത്രക്കാരെവരെ ഉള്‍ക്കൊള്ളാനാകും.

ഗോശ്രീ പാലം മുതല്‍ മറൈന്‍ഡ്രൈവ് വഴി തോപ്പുംപടി വരെയാണ് ട്രാം സര്‍വീസ് ഉദ്ദേശിക്കുന്നത്. ഇതിന്റെ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയില്‍ കടന്നു പോകാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചാകും ട്രാം പാത. ഗോശ്രീ പാലം മുതല്‍ ഹൈക്കോടതി, മറൈന്‍ഡ്രൈവ്, പാര്‍ക്ക് അവന്യൂ, മഹാരാജാസ് കോളേജ്, രവിപുരം, ഷിപ്പ് യാര്‍ഡ്, പെരുമാനൂര്‍, നേവല്‍ ബേസ്, വില്ലിംഗ്ടണ്‍ വഴി തോപ്പുംപടിയിലെത്തുന്നതാണ് പാതയുടെ ആദ്യഘട്ടം. തോപ്പുംപടിയില്‍ നിന്നും ഫോര്‍ട്ട്കൊച്ചിയിലേക്കാണ് രണ്ടാംഘട്ടം നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ആറു മാസത്തിനകം ട്രാം സര്‍വീസ് തുടങ്ങാനാകുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ. 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ട്രാം കൂടി കൊച്ചിയിലെത്തുന്നതോടെ നഗരഗതാഗതം പുതിയ വഴിത്തിരിവിലാകും.