ട്രെയിനുകളുടെ വേഗം കൂടിയത് ടേബിളില്‍ മാത്രം

Advertisement

തിരുവനന്തപുരം: നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗം കൂട്ടിയെങ്കിലും ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ ഇത് പ്രാവര്‍ത്തികമാകണമെങ്കില്‍ ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരും. ജനശതാബ്ദിയും ചെന്നൈമെയിലുമൊഴികെ ഒരു ട്രെയിനും കൃത്യസമയം പാലിക്കുന്നില്ല. യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന ഏറനാട്,പരശുറാം,ശബരി,വേണാട്,ഇന്റര്‍സിറ്റി,ജയന്തി,ഐലന്റ് തുടങ്ങിയ ട്രെയിനുകളെല്ലാം രണ്ടുമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. കൊല്ലം,കായംകുളം സെക്ഷനില്‍ കഴിഞ്ഞ രണ്ടുമാസമായി പാസഞ്ചറുകളൊന്നും ശരിയായി സര്‍വീസ് നടത്തുന്നില്ല. പുനലൂര്‍-പാലക്കാട് റൂട്ടിലോടുന്ന പാലരുവി എക്‌സ്പ്രസിന്റെ സമയം താളം തെറ്റിയിട്ട് ആഴ്ചകളായി.
2016 ആഗസ്റ്റില്‍ അങ്കമാലിയില്‍ മംഗലാപുരം ട്രെയിന്‍ പാളം തെറ്റിയതിന് ശേഷം എല്ലാമാസവും ട്രാക്കില്‍ പണിനടത്തുന്നതിന്റെ പേരില്‍ ട്രെയിനുകള്‍ വൈകിപ്പിക്കുന്നത് പതിവായിരുന്നു. ഇതിനുപുറമെയാണ് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ രണ്ടുമാസത്തേക്ക് നിറുത്തിവെച്ചുകൊണ്ടുള്ള വിശദമായ ജോലികള്‍ തുടങ്ങിയത്.

പണി പലവിധം
തിരുവനന്തപുരം ഡിവിഷനില്‍ 140 കിലോമീറ്ററും പാലക്കാട് 104 കിലോമീറ്ററുമാണ് ട്രാക്ക് നന്നാക്കുന്നത്. ഇതിനായി മൊത്തം 340 കോടിരൂപയും റെയില്‍വേ ബോര്‍ഡ് അനുവദിച്ചിട്ടുണ്ട്. പാലക്കാട് ഡിവിഷനില്‍ രണ്ടാഴ്ചക്കുള്ളില്‍ 47 കിലോമീറ്റര്‍ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ തിരുവനന്തപുരം ഡിവിഷനില്‍ ഇത് പത്തുശതമാനം പോലുമായിട്ടില്ല. പെരിനാട് – കൊല്ലം മേഖലയിലാണ് ജോലി നടന്നുവരുന്നത്. കഴക്കൂട്ടം- തമ്പാനൂര്‍ മേഖലയിലും ഉടന്‍ ജോലികള്‍ തുടങ്ങും

പാസഞ്ചര്‍ റദ്ദാക്കാനുള്ള കാരണം
പാത ഉറപ്പിക്കാനുള്ള ബലാഷ്, പ്‌ളാസ്റ്റര്‍ മെഷീനുകള്‍ ഘടിപ്പിച്ച ട്രെയിന്‍ എന്‍ജിനുകള്‍ ഓടിക്കാന്‍ പാസഞ്ചറുകളുടെ ലോക്കോ പൈലറ്റുമാരെയാണ് ഉപയോഗിക്കുന്നത്. ഇതിനാലാണ് സ്ഥിരം യാത്രക്കാരെ പ്രതിസന്ധിയിലാക്കി പാസഞ്ചറുകള്‍ റദ്ദാക്കേണ്ടി വന്നത്.

ട്രാക്ക് തെറ്റി അധികൃതര്‍
പാലക്കാടിനെ അപേക്ഷിച്ച് തിരുവനന്തപുരം ഡിവിഷനില്‍ ക്രോസ് ട്രാക്കുകള്‍ കുറവായതിനാല്‍ ട്രെയിനുകള്‍ പിടിച്ചിടുകയോ,സര്‍വീസ് റദ്ദാക്കുകയോ ചെയ്തുകൊണ്ട് മാത്രമേ ജോലി നടത്താന്‍ കഴിയുയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. ജോലികള്‍ ഇഴയുന്നതിനും കാരണമിതാണത്രേ.
എന്നാല്‍ ലോക്കോ പൈലറ്റുമാരില്ലാത്തതും ജീവനക്കാരുടെ യൂണിയനുകളും റെയില്‍വേ അധികൃതരും തമ്മിലുള്ള യോജിപ്പില്ലായ്മയുമാണ് ട്രെയിനുകള്‍ വൈകുന്നതിന് കാരണമെന്നാണ് അറിയുന്നത്.
പണി നടക്കുന്ന മേഖലയിലൂടെ ട്രെയിനുകള്‍ കടത്തിവിടണമെങ്കില്‍ ക്രോസ് ട്രാക്കിലൂടെ കയറ്റിവിടേണ്ടിവരും. അവിടെ ലൈറ്റ് സിഗ്‌നലില്ല. മാനുവല്‍സിഗ്‌നല്‍ അനുസരിച്ചാണ് പോകേണ്ടത്. എന്നാല്‍ റിസ്‌ക് എടുക്കാന്‍ ജീവനക്കാര്‍ക്ക് മടിയാണ്. ഇതിന് പുറമെയാണ് ട്രെയിന്‍ ബ്‌ളോക്കിനുള്ള സമയക്രമം തയ്യാറാക്കുമ്പോള്‍ നല്‍കുന്ന മുന്‍ഗണന. നിലവില്‍ ചെന്നൈ മെയിലിന്റെ സര്‍വീസിന് അനുസരിച്ചാണ് ബ്‌ളോക്ക് സമയം നിശ്ചയിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തെ സ്ഥിര യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനുകളെല്ലാം വഴിയില്‍ കിടക്കുന്ന സ്ഥിതിയാണ്.