തെക്കേഗോപുര നട തള്ളിത്തുറന്ന് തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍; തൃശൂര്‍ പൂര വിളംബരമായി

തൃശൂര്‍ പൂരം വിളംബരം ചെയ്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇതോടെ പൂര ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ തെക്കേഗോപുര നട തള്ളിത്തുറന്നത്. വന്‍ ജനക്കൂട്ടമാണ് ഈ കാഴ്ച കാണാനായി കാത്തുനിന്നത്.

പൂര ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെയാണ് ആനയ്ക്ക് അനുമതി നല്‍കിയിരുന്നത്. രാവിലെ 9.30 മുതല്‍ 10.30 വരെ എഴുന്നള്ളിക്കാനായിരുന്നു അനുമതി. നാലു പാപ്പാന്മാരുടെ അകമ്പടിയോടെയും ക്ഷേത്രപരിസരത്തെ ചടങ്ങിനും മാത്രമേ ആനയെ എഴുന്നള്ളിക്കാന്‍ അനുമതിയുള്ളൂവെന്നായിരുന്നു കളക്ടറുടെ ഉത്തരവ്.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നു. ആനയെ എഴുന്നള്ളിപ്പിക്കുന്നതിന്റെ പത്ത് മീറ്റര്‍ ചുറ്റളവിലാണു ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്.