മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു 'കാൽത്താങ്ങ്'; ഇരുകൈയും ഇല്ലാത്ത യുവചിത്രകാരൻ നൽകിയത് റിയാലിറ്റി ഷോകളിലൂടെ നേടിയ തുക

ഇരുകൈയും ഇല്ലാത്ത യുവചിത്രകാരൻ, ആലത്തൂർ സ്വദേശിയായ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്ന വിശേഷം ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസിക്കുന്നുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയസ്പർശിയായ അനുഭവം ഉണ്ടായി. ഇരുകൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷി നിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി.

സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂർവം യാത്രയാക്കിയത്.

https://www.facebook.com/PinarayiVijayan/posts/2614495948642219