കോവിഡ് രണ്ടാം തരംഗത്തിനിടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം കരകയറുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്യത്തോട് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം, കൊവിഡ് ലോക്ഡൗണ്‍ എന്നീ വിഷയങ്ങളാകും പ്രധാനമന്ത്രി പരാമര്‍ശിക്കുകയെന്നതാണ് സൂചന. കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ നിരക്ക് ഉയരുന്നതും, രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. സാമ്പത്തിക രംഗത്തെ തകര്‍ച്ചയും രണ്ടാം  മോദി സർക്കാരിനെ തളര്‍ത്തുകയാണ്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വലിയ അമര്‍ഷമാണ് ആര്‍എസ്എസിനുള്ളത്, ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് ബിജെപി നേതാക്കളുടെ പ്രത്യേക യോഗം ഡൽഹിയില്‍ വിളിച്ചു ചേര്‍ത്തിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലടക്കം കേന്ദ്രം സ്വീകരിച്ച നിലപാടുകളെക്കുറിച്ച് നേരത്തെയും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി തന്നെ സര്‍ക്കാരിനെ എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്.

ലോക രാജ്യങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിഞ്ഞുവെന്നാണ് പൊതു അഭിപ്രായം, അത് കൊണ്ട് തന്നെ ജനവികാരം അനുകൂലമാക്കാന്‍ നടപടി വേണമെന്ന് ആര്‍എസ്എസ് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വാക്‌സീനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കുംഎന്നാണ് സൂചന. വിദേശ വാക്‌സിനുകളെ അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നയത്തില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. ആഗോളതലത്തില്‍ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച ഫൈസര്‍ വാക്‌സീന്‍ ജൂലൈയില്‍ ഇന്ത്യയില്‍ എത്തുമെന്നും കമ്പനിയുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് കടന്നുവെന്നുമുള്ള വാര്‍ത്തകളും ഇന്നു പുറത്തു വന്നിട്ടുണ്ട്.